ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!
അസമിന്റെ ഹൃദയത്തെ കീറിമുറിച്ച് ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഇരുകരയിലും വഴിയരികിലുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനു നിരാലംബരായ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു. പ്ളാസ്റിക് ചാക്കുകളും ഓലക്കീറുകളും കൊണ്ടുണ്ടാക്കിയ അവരുടെ ചെറുകുടിലുകളിലേക്കു മഴയും വെയിലും യഥേഷ്ടം കടന്നുവന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടു ജീവന്‍ നിലനിര്‍ത്തിയിരുന്ന ഈ പാവങ്ങള്‍ക്കു കേറിക്കിടക്കാനൊരു കൂര സ്വപ്നം മാത്രമായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നിസ്സംഗതയും കൂടിചേര്‍ന്നപ്പോള്‍ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട ബോഡോ വിഭാഗത്തിന്റെ ഹിംസാത്മകസമരത്തിലാണ് ആയിരക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു സ്വന്തം വീടും കൃഷിയിടവും കന്നുകാലികളെയും ഉപേക്ഷിച്ചു ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്നത്. അസം സംസ്ഥാനത്തില്‍ നിന്നു വേര്‍പ്പെടുത്തി ബോഡോ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സ...