ബാവാക്കാന്‍റെ ഐസ്

ബാവാക്കാന്‍റെ ഐസ് ഒ രിക്കല്‍ക്കൂടി ആ പഴയ വഴികളിലൂടെ നടക്കുമ്പോള്‍ പണ്ടത്തെ ഐസ് വില്‍പ്പനക്കാരനും പഞ്ഞിമിഠായിക്കാരനും മണിയടികളുമായി അവിടെയൊക്കെയുണ്ടോയെന്ന് വെറുതെ നോക്കി. എവിടെ! ലേബര്‍ ഇന്ത്യയും സ്കൂള്‍ മാസ്ററും തോരണങ്ങള്‍ പോലെ തൂക്കിയിട്ട കൊച്ചു കൊച്ചു കടകള്‍, ഒരു കൂള്‍ബാര്‍, ഐസ്ക്രീം കഴിച്ച് ചിരിച്ചു വര്‍ത്തമാനം പറയുന്ന കൌമാരക്കാര്‍- എന്റെ ഗ്രാമം എത്രയെളുപ്പമാണ് അതിന്റെ ജീര്‍ണവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് പുതിയ നിറങ്ങളെ വാരിയണിഞ്ഞത്! ഇടതുഭാഗത്തുള്ള മണ്‍ചുവരുള്ള കൊച്ചു മിഠായിക്കടയും സ്കൂള്‍വഴിയിലെ മറ്റൊരു പെട്ടിക്കടയുമല്ലാതെ അന്നീ കവലയില്‍ മറ്റൊരു പീടികയുണ്ടായിരുന്നില്ല. എന്നിട്ടുമുണ്ടായിരുന്നില്ല ഇത്ര തിരക്ക്. 10 പൈസയ്ക്ക് ഐസും 5 പൈസയ്ക്കു ചെറിയ മിഠായിയും കിട്ടിയിരുന്നു അന്ന്. നാണയങ്ങളുടെ കിലുക്കിച്ചിരിയായിരുന്നു കൂടുതല്‍. നിശ്ശബ്ദരും ഗൌരവക്കാരുമായ നോട്ടുകള്‍ ആരുടെ പോക്കറ്റിലും അത്ര സുലഭമായിരുന്നില്ല. നാണയങ്ങള്‍ തന്നെ എത്ര അപൂര്‍വമായിരുന്നു വന്നുചേര്‍ന്നിരുന്നത്. ഇന്നത്തെപ്പോലെ പെരുന്നാള്‍ പൈസയോ ജന്മദിനസമ്മാനമോ ഒന്നുമില്ലാതിരുന്ന വല്ലാതെ ഉണങ്ങിപ്പോയ കാലം. പണം ഓരോ നാടിനെയും എത...