പ്രതീക്ഷയോടെ വീണ്ടുമൊരു മഴക്കാലമെത്തുന്നു.....!!!

വീണ്ടുമൊരു മഴക്കാലമെത്തുന്നു. വിണ്ടലത്തിന്റെ അഭിജാത തല്‍പ്പത്തില്‍നിന്ന് ആയിരം വെള്ളക്കമ്പികള്‍ കുളിരും പ്രതീക്ഷയുമായി ഭൂമീദളങ്ങളിലെ ഊഷരതയിലേക്ക് ഇറങ്ങിപ്പെയ്യുന്നു. ഭൂമിയുടെ നാഭിയില്‍ നിന്ന് മണ്ണിന്റെ സ്വപ്നസമൃദ്ധിയായി ആകാശത്തേക്ക് ഉയര്‍ന്നുപാറുന്ന ജലനാരുപടലങ്ങള്‍ ദൈവത്തിന്റെ കരുണാക്കയങ്ങളില്‍ കുളിച്ചു വീണ്ടും സാഗരം തേടി തിരിച്ചെത്തുന്നു. സ്വന്തം മാതൃത്വത്തെ നഷ്ടപ്പെട്ട കുഞ്ഞിന്റെ തീവ്രവും ഏകാഗ്രനിഷ്ഠവുമായ യാത്രാവ്യഗ്രത. സുഖദഭാവനയുടെ എത്രയെത്ര മാണിക്യശീലുകളാണു കവികളും കഥാകൃത്തുക്കളും നമുക്കു മഴനാരുകളില്‍ കൊരുത്തുതന്നത്. മൃതിയുടെ സങ്കടങ്ങളില്‍ നിന്നു ജനിയുടെ ദീപ്തസ്വപ്നങ്ങളിലേക്കു വിണ്ടലം കീറിയെത്തുന്ന മഴയുടെ ജീവാമൃതധാര എന്തെന്തു പ്രതീക്ഷകളാണു മണ്ണിലും മനസ്സിലും ഉല്‍പ്പാദിപ്പിക്കുന്നത്! മഴകണ്ടിരിക്കാന്‍ തന്നെ എന്തുന്മേഷമാണ്! ഓരോ പെയ്ത്തിലും നവരസാനുഭൂതികളും പ്രത്യക്ഷമാണ്. കൊടുങ്കാറ്റിന്റെ അകമ്പടിയില്‍ അലറിപ്പെയ്യുന്ന പേമാരിയും ചിണുങ്ങിവീഴുന്ന രാത്രിമഴയും വെയില്‍കത്തുന്ന തൊടിയില്‍ പറന്നിറങ്ങുന്ന ചാറ്റല്‍മഴയും നമ്മിലുണ്ടാക്കുന്ന ഭാവരസലയങ്ങള്‍ യഥാര്‍ഥത്തില്‍ ഭിന്നങ്ങളാണ്. വെയിലും ന...