13 സെപ്റ്റംബർ 2011

ബാവാക്കാന്‍റെ ഐസ്



ബാവാക്കാന്‍റെ ഐസ് 


രിക്കല്‍ക്കൂടി ആ പഴയ വഴികളിലൂടെ നടക്കുമ്പോള്‍ പണ്ടത്തെ ഐസ് വില്‍പ്പനക്കാരനും പഞ്ഞിമിഠായിക്കാരനും മണിയടികളുമായി അവിടെയൊക്കെയുണ്ടോയെന്ന് വെറുതെ നോക്കി. എവിടെ! ലേബര്‍ ഇന്ത്യയും സ്കൂള്‍ മാസ്ററും തോരണങ്ങള്‍ പോലെ തൂക്കിയിട്ട കൊച്ചു കൊച്ചു കടകള്‍, ഒരു കൂള്‍ബാര്‍, ഐസ്ക്രീം കഴിച്ച് ചിരിച്ചു വര്‍ത്തമാനം പറയുന്ന കൌമാരക്കാര്‍- എന്റെ ഗ്രാമം എത്രയെളുപ്പമാണ് അതിന്റെ ജീര്‍ണവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് പുതിയ നിറങ്ങളെ വാരിയണിഞ്ഞത്! ഇടതുഭാഗത്തുള്ള മണ്‍ചുവരുള്ള കൊച്ചു മിഠായിക്കടയും സ്കൂള്‍വഴിയിലെ മറ്റൊരു പെട്ടിക്കടയുമല്ലാതെ അന്നീ കവലയില്‍ മറ്റൊരു പീടികയുണ്ടായിരുന്നില്ല. എന്നിട്ടുമുണ്ടായിരുന്നില്ല ഇത്ര തിരക്ക്. 10 പൈസയ്ക്ക് ഐസും 5 പൈസയ്ക്കു ചെറിയ മിഠായിയും കിട്ടിയിരുന്നു അന്ന്. നാണയങ്ങളുടെ കിലുക്കിച്ചിരിയായിരുന്നു കൂടുതല്‍. നിശ്ശബ്ദരും ഗൌരവക്കാരുമായ നോട്ടുകള്‍ ആരുടെ പോക്കറ്റിലും അത്ര സുലഭമായിരുന്നില്ല. നാണയങ്ങള്‍ തന്നെ എത്ര അപൂര്‍വമായിരുന്നു വന്നുചേര്‍ന്നിരുന്നത്.


ഇന്നത്തെപ്പോലെ പെരുന്നാള്‍ പൈസയോ ജന്മദിനസമ്മാനമോ ഒന്നുമില്ലാതിരുന്ന വല്ലാതെ ഉണങ്ങിപ്പോയ കാലം. പണം ഓരോ നാടിനെയും എത്ര വേഗമാണ് അതിന്റെ ദീനവാര്‍ധക്യത്തില്‍ നിന്നു യൌവനത്തിന്റെ മനോഹാരിതയിലേക്കു കൂട്ടിക്കൊണ്ടുവരുന്നത്. നിറങ്ങളുടെ ഉല്‍സവം പോലെ തോന്നിക്കുന്ന കടകളുടെ നെയിംബോര്‍ഡുകള്‍, അന്തരീക്ഷത്തിലിരുന്ന് ചിരിക്കുന്ന സ്വപ്നസുന്ദരികളുള്ള കൂറ്റന്‍ പരസ്യബോര്‍ഡുകള്‍... ഹൊ!
മദ്റസയിലേക്ക് അരി കൊണ്ടുപോവാന്‍ വരുന്ന അസന്‍കാക്ക വരാന്തയിലിരുന്ന് കഞ്ഞി കുടിക്കുമ്പോള്‍ കണ്ണില്‍ ആര്‍ത്തി തുള്ളിത്തെറിക്കും. ആ കഞ്ഞി ലോകത്തിലെ ഏറ്റവും മുന്തിയ ഭക്ഷണമെന്നോണമാണ് ആസ്വദിച്ചുള്ള കുടി. കൂടെയുള്ള ചേമ്പുകൂട്ടാന്‍ കഞ്ഞിയിലേക്കിട്ട് ചുട്ട പപ്പടം ടപ്പ് ടപ്പ് പൊട്ടിച്ചു തിന്നുമ്പോള്‍ ചൂടിന്റെ പരവേശം തീര്‍ക്കാന്‍ തോളിലെ മുണ്ട് വീശിക്കൊണ്ടു പറയും: "പൊരിച്ച പപ്പടാണേല് ഹൌ എന്താവും രസം. പൊരിച്ച പപ്പടും ചൂടുള്ള ചോറും -അയ്ന്റെ രസം ഈ ദുനിയാവില് വേറെന്തിനാള്ളത്?''


ആ തലമുറ വിശപ്പറിഞ്ഞിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി മാലില്‍ തലച്ചുമടായി അനവധി ദൂരം തേങ്ങയും മറ്റു ഭാരങ്ങളും കടത്തിയിരുന്നു അവര്‍. വൈകുന്നേരം വരെ ഉണങ്ങിയ മണ്ണുമായി തൂമ്പയാല്‍ കലഹിച്ചിരുന്നു. വിഷം തീണ്ടാത്ത കൃഷിയാല്‍ പാടത്തെ ചേറില്‍ കുളിച്ചിരുന്നു. എന്നിട്ടും രണ്ടറ്റവും കൂട്ടിമുട്ടാതെ ജീവിതവഴികള്‍ അനന്തമായ ദുര്‍ഘടങ്ങളെ അവരുടെ കാളവണ്ടികള്‍ക്കായി കാത്തുവച്ചു.
രാത്രി മദ്റസ വിട്ടുപോവുമ്പോള്‍ ടോര്‍ച്ചുകള്‍ അപൂര്‍വമായിരുന്നു. അധികവും ഓലച്ചൂട്ടുകളായിരിക്കും. കെട്ടാല്‍, കത്തണമെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും വീശണം. ഒരു ചെങ്കനല്‍ 'റ' ഉലഞ്ഞുലഞ്ഞ് പെട്ടെന്നു തീയായി പരിണമിക്കും. ഓടക്കുഴലില്‍ മണ്ണെണ്ണ നിറച്ച് തിരിയിട്ടു കത്തിക്കുന്ന സുറുംകുറ്റികളുമുണ്ടായിരുന്നു. വിശാലമായ സ്കൂള്‍ ഗ്രൌണ്ടിന്റെ മൂലകളില്‍ നിന്നൊക്കെ പേടിപ്പിക്കുന്ന പലപല ശബ്ദങ്ങളും ഉയരും. ഹൃദയം മിടിക്കുന്ന സ്വരം കേട്ടുകൊണ്ട് ചുണ്ടുകള്‍ എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് എങ്ങനെയൊക്കെയോ ആ ദൂരം താണ്ടിക്കടക്കും. പോരാത്തതിനു തമ്മില്‍ തമ്മില്‍ പേടിപ്പിക്കുന്ന സ്വന്തം നിഴലുകളും.


എന്നാല്‍, പകല്‍ അങ്ങനെയൊന്നുമല്ല. ഗ്രൌണ്ട് സന്ധ്യ വരെ പന്തുകളിക്കാര്‍ കൈയടക്കും. ഓരത്തുള്ള പള്ള്യാളികളിലൂടെ ആളുകള്‍ കളികളിലേക്ക് ഏറുകണ്ണിട്ട് വഴിനടക്കും. രാത്രിമദ്റസിനായി വൈകീട്ടു പോവുമ്പോഴാവും പലര്‍ക്കും പുതഞ്ഞുകിടക്കുന്ന മണല്‍മണ്ണില്‍ നിന്നു പത്തും ഇരുപത്തഞ്ചും അമ്പതും പൈസയൊക്കെ കിട്ടുക. കിട്ടുന്നവര്‍ക്കൊക്കെ പെരുത്താഹ്ളാദം. മിഠായി വാങ്ങാമല്ലോ. എന്നും ശ്രദ്ധിച്ച് നോക്കിനടക്കും. ഒരു 10 പൈസ എനിക്കു വേണ്ടിയും മണ്ണിന്റെ വിചിത്രവിരലുകള്‍ നീട്ടിത്തരും. ക്ളേശങ്ങളുടെ ഉരുളന്‍കല്ലുകള്‍ കൂട്ടിയിട്ട വീട്ടില്‍ നിന്ന് ഒരിക്കലും മിഠായി വാങ്ങാന്‍ പണം കിട്ടില്ല. ശകാരവും തല്ലുമല്ലാതെ. ഒരു ദിവസം പോലും മണ്ണ് കനിഞ്ഞില്ല.


അങ്ങനെ ദിനങ്ങള്‍ വേച്ചും ഇടറിയും ചിലപ്പോള്‍ ഉറക്കെച്ചിരിച്ചും ചിണുങ്ങിക്കരഞ്ഞും കടന്നുപോകവെ ഒരു 25പൈസ കൈയില്‍ വന്നു ചേര്‍ന്നു. 20 പൈസ! 25,000 രൂപ വലിയൊരാള്‍ക്ക് കിട്ടിയതിന്റെ ആഹ്ളാദമാവണം അന്നനുഭവിച്ചത്. ഉച്ചയ്ക്കു ചോറ് പോലും നേരത്തേ കഴിക്കാതെ സ്കൂളിലേക്കോടി. അല്ലെങ്കിലും ഓടിയാലേ ബെല്ലടിക്കും മുമ്പെത്തൂ. അത്ര ദൂരമുണ്ട്. സ്കൂളിലേക്കുള്ള മണ്ണ് പറത്തുന്ന റോഡിലെത്തിയപ്പോള്‍ കിതച്ച് കിതച്ച് ശ്വാസത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന എന്റെ മുമ്പില്‍ ഒരു സൈക്കിള്‍  തലയില്‍ അല്പം മുടിയുള്ള ഉള്ള മുടി മുഴുവന്‍ നച്ഛതുമാണ് അങ്ങനെയുള്ള ഒരു കാക്ക നമ്മുടെ ഐസ് കച്ചവടക്കാരന്‍ ബാവയ്ക്ക .ഏത് നാട്ടുകാരന്‍ ആണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല . എങ്കിലും എന്നും മുടങ്ങാതെ സ്കൂള്‍ പരിസരത്തു ഉണ്ടാകാറുള്ള ബാവാക്കയുടെ സൈക്കിള്‍ ഹോണ്‍ അടിച്ചു. പോ...പോ..പോ..- തീവണ്ടി വരുന്നത് പോലെ  അയാളുടെ സൈക്കിള്‍ ശബ്ദിച്ചുകൊണ്ടിരുന്നു.


"ഐസുണ്ടോ?''- ഒരു ജന്മത്തിന്റെ ആര്‍ത്തി മുഴുവനും എന്റെ ചോദ്യത്തിലുണ്ടായിരിക്കണം.
"ഉണ്ട്"
"എത്രയാ?''
"25പൈസയ്ക്ക് ദാ ഒന്ന്,
"ഇതാ.''
ആറ്റുനോറ്റു കിട്ടിയ 25 പൈസ അയാളുടെ കൈവെള്ളയിലേക്കിടുമ്പോള്‍ വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടപോലെ തോന്നി.  ജന്മം മുഴുവന്‍ കൊതിച്ച എല്ലാ മാധുര്യങ്ങള്‍ക്കുമായി നാവു പതുക്കെ ചലിച്ചു. പക്ഷേ,... അഞ്ചു മിനുറ്റ് കൊണ്ട് അതിന്റെ മധുരമത്രയും നാവില്‍ അലിഞ്ഞുതീര്‍ന്നു. കണ്ണുകള്‍ നിറഞ്ഞു. ചീകാതെ പാറിപ്പറന്ന അനുസരണംകെട്ട മുടി മുഖത്തേക്കു പാറി വീണു.
നിരാശയുടെ കൊടുമുടിയില്‍ കയറിയിരിക്കുമ്പോള്‍ അറുബോറന്‍ ഹിസ്ററി ക്ളാസ് ഒരു കോമാളിനാടകം പോലെ മുന്നില്‍ ചലിച്ചു...
ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ ഐസ് കച്ചവടക്കാരന്‍  ബാവക്കയെ. ആളുഇന്ന് ജീവനോടെയുണ്ടോ ഇല്ലയോ ഒന്നും അറിയില്ല എന്നാലും ഞാന്‍ പ്രാര്‍ഥിക്കുന്നു. ആ ബാവാക്കയെ സോര്‍ഗ്ഗത്തിലും കാണണെ........
ഇപ്പോഴാത്തെ കുട്ടികള്‍ അത് പോലെയല്ലല്ലോ.  ഓരോ കാലവും അതിനു യോജിച്ച കുട്ടികളെയാണ് പ്രസവിക്കുന്നത്. കുമിളകളെപ്പോലെ നിമിഷഭംഗിയേകി പൊട്ടിപ്പോവുന്ന വെറും ബന്ധങ്ങള്‍. ച്യൂയിംഗം പോലെ ചണ്ടിയാക്കി തുപ്പിക്കളയുന്ന വെറും ബന്ധങ്ങള്‍.... ജീവിതമാധുര്യത്താല്‍ മടുത്തുപോയവര്‍. കയ്പിന്റെ കാഠിന്യം അശേഷം ബാധിക്കാത്തവര്‍...
എല്ലാം ഓര്‍ത്തിരിക്കുമ്പോള്‍ ആകാശം മേഘങ്ങളാല്‍ മൂടപ്പെട്ടിരുന്നു. നല്ല ഒരു മഴയുടെ ലക്ഷണമുണ്ട് ഞാന്‍ പോയത് ബൈക്കിലുമാണ്   "പോട്ടെ, മഴ വരുന്നു.''


ഒരു ദീര്‍ഘശ്വാസത്തിന്റെ ചൂടിലേക്കു ഞാനെന്നെ ഒളിപ്പിച്ചു. മഴ വരുമ്പോഴേക്ക് ഞാന്‍ അവിടെ നിന്നും മുങ്ങി  ബാവാക്കാന്‍റെ ഐസ്  പോലെ ഒരുമാത്ര അലിയുന്ന മധുരം പോലും ചിലര്‍ക്ക് ജീവിതം കൊടുക്കില്ല. ഊറുന്ന കയ്പ്, വായ് നിറയുന്ന അതിന്റെ ചവര്‍പ്പ്... അതു മാത്രം എന്നും...


വ്യസനത്തിന്റെ കാര്‍മേഘങ്ങള്‍ തലച്ചുമടായി തൊടുംമുമ്പെ വീണ്ടും കുട്ടിക്കാലത്തേക്ക് നടന്നു. തുമ്പിയെയും പൂമ്പാറ്റയെയും പച്ചിലകളെയും ഒന്നു നോക്കുകപോലും ചെയ്യാതെ ഇപ്പോഴാത്തെ കുട്ടികള്‍  കംപ്യൂട്ടര്‍ ഗെയിമിനെക്കുറിച്ച് പറയാനാണ് ഏറെ ഉത്സാഹം....

11 അഭിപ്രായങ്ങൾ:

  1. കൊതിപ്പിക്കല്ലേ ചങ്ങായീ...ചൂട്ട് വീശിയും കെട്ടു പന്ത് തട്ടിക്കളിച്ചും മാവിനെയും പട്ടിയെയും കല്ലെറിഞ്ഞും മറ്റും ചെലവഴിച്ച ബാല്യകാലം ഓര്‍ത്തുപോകുന്നു. അത്തരം ഒരു രസകരമായ ഭൂതകാലത്തിന്‍റെ മധുര സ്മരണകള്‍ ആര്‍ക്കാണ് ഒരു വലിയ നിധിയായി തോന്നാത്തത്. ..സംഗതി രസായി...

    മറുപടിഇല്ലാതാക്കൂ
  2. ഈ തിരക്കിനിടയിലും ഒരു നിമിഷം പഴയ കുട്ടികാലം ഓര്‍മ വന്നു.

    മറുപടിഇല്ലാതാക്കൂ
  3. കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളാല്‍ നിറഞ്ഞിരിക്കുന്ന "ബൂലോകത്തില്‍" ഈ എഴുത്ത് വേറിട്ട്‌ നില്‍ക്കുന്നു.
    അഭിനന്ദനം .എത്ര നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  4. ഓര്‍മയിലേക്ക് കൈപിടിച്ച് കൊണ്ടുപോയ പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  5. ശെരിക്കും ആ പഴയ കുട്ടികാലത്ത് കൂട്ടി കൊണ്ട് പോയി!!!ഗ്രഹാതുരതം തുളുമ്പുന്ന വരികള്‍...... ഒരിക്കലും വായനയുടെ അന്ഭൂതി കളയുന്നില്ല എല്ലാവര്ക്കു വായിച്ചു അനുഭവിക്കാം കാരണം സ്കൂള്‍ ദിനങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മിക്കാന്‍ ഇഷ്ട്ടപെടാത്തത് ആരാണ....നന്ദി പഴയ കാല ഒര്മാകളിലെയ്ക്ക് കൂട്ടികൊണ്ടു പോയതിനു.....

    മറുപടിഇല്ലാതാക്കൂ
  6. സ്കൂള്‍ ദിനങ്ങള്‍ ഒന്നുകൂടി ഒര്മിപ്പിച്ചതിനു നന്ദി.....ഗ്രെഹാതുരത്തം തുളുമ്പുന്ന വരികള്‍ ആര്‍ക്കും വായിചിരിക്കാന്‍ കഴിയുന്നഒരു ലേഖനം കാരണം സ്കൂള്‍ ദിനങ്ങള്‍ ഇഷ്ട്ടപെടാത്തവരും ഒരിക്കല്‍ കൂടി ആ ദിനങ്ങള്‍ ഓര്‍മിക്കാന്‍ ഇഷ്ട്ടപെടാത്തവരും ആയി ആരും കാണില്ല...ആശംസകള്‍..... നന്ദി

    മറുപടിഇല്ലാതാക്കൂ
  7. വളരെ ടച്ചിംഗ് ആണ് വരികള്‍... മനോഹരവും! ഒരു ഓര്‍മ പുതുക്കലിന് താങ്ക്സ് >

    മറുപടിഇല്ലാതാക്കൂ
  8. മജീക്കാ ഒരു സത്യം പറയട്ടെ....വിരലിലെണ്ണാവുന്നത്രയെ ഞാന്‍ ഇന്നേ വരെ ബ്ലോഗുകളില്‍ നിന്ന് വായിച്ചിട്ടുള്ളൂ... പലതും അവസാനം വരെ എന്നെ പിടിച്ചിരുത്താറെ ഇല്ല .അപ്പോഴും ഇത് മുഴുവന്‍ ഞാന്‍ വായിച്ചു. ഒരക്ഷരം പോലും ഒഴിവാക്കി അടുത്തതിലേക്കു കണ്ണുകള്‍ കൊണ്ടുപോകാന്‍ എനിക്ക് കഴിഞ്ഞില്ല. <<<<< ഒരു ചെങ്കനല്‍ 'റ' ഉലഞ്ഞുലഞ്ഞ് പെട്ടെന്നു തീയായി പരിണമിക്കും. ഓടക്കുഴലില്‍ മണ്ണെണ്ണ നിറച്ച് തിരിയിട്ടു കത്തിക്കുന്ന സുറുംകുറ്റികളുമുണ്ടായിരുന്നു. >>>>> ശരിക്കും ഒരനുഭവസാക്ഷ്യം... അഭിനന്ദനങ്ങള്‍......,....ഗ്രൌണ്ട് എന്നതിന് പകരം മൈതാനം എന്നുപയോഗിച്ചാല്‍ നന്ന് എന്ന് തോന്നി....അല്ലേല്‍ മൈതാനി...

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial