05 ജൂൺ 2012

പ്രതീക്ഷയോടെ വീണ്ടുമൊരു മഴക്കാലമെത്തുന്നു.....!!!വീണ്ടുമൊരു മഴക്കാലമെത്തുന്നു. വിണ്ടലത്തിന്റെ അഭിജാത തല്‍പ്പത്തില്‍നിന്ന് ആയിരം വെള്ളക്കമ്പികള്‍ കുളിരും പ്രതീക്ഷയുമായി ഭൂമീദളങ്ങളിലെ ഊഷരതയിലേക്ക് ഇറങ്ങിപ്പെയ്യുന്നു. ഭൂമിയുടെ നാഭിയില്‍ നിന്ന് മണ്ണിന്റെ സ്വപ്നസമൃദ്ധിയായി ആകാശത്തേക്ക് ഉയര്‍ന്നുപാറുന്ന ജലനാരുപടലങ്ങള്‍ ദൈവത്തിന്റെ കരുണാക്കയങ്ങളില്‍ കുളിച്ചു വീണ്ടും സാഗരം തേടി തിരിച്ചെത്തുന്നു. സ്വന്തം മാതൃത്വത്തെ നഷ്ടപ്പെട്ട കുഞ്ഞിന്റെ തീവ്രവും ഏകാഗ്രനിഷ്ഠവുമായ യാത്രാവ്യഗ്രത. സുഖദഭാവനയുടെ എത്രയെത്ര മാണിക്യശീലുകളാണു കവികളും കഥാകൃത്തുക്കളും നമുക്കു മഴനാരുകളില്‍ കൊരുത്തുതന്നത്.


മൃതിയുടെ സങ്കടങ്ങളില്‍ നിന്നു ജനിയുടെ ദീപ്തസ്വപ്നങ്ങളിലേക്കു വിണ്ടലം കീറിയെത്തുന്ന മഴയുടെ ജീവാമൃതധാര എന്തെന്തു പ്രതീക്ഷകളാണു മണ്ണിലും മനസ്സിലും ഉല്‍പ്പാദിപ്പിക്കുന്നത്! മഴകണ്ടിരിക്കാന്‍ തന്നെ എന്തുന്മേഷമാണ്! ഓരോ പെയ്ത്തിലും നവരസാനുഭൂതികളും പ്രത്യക്ഷമാണ്. കൊടുങ്കാറ്റിന്റെ അകമ്പടിയില്‍ അലറിപ്പെയ്യുന്ന പേമാരിയും ചിണുങ്ങിവീഴുന്ന രാത്രിമഴയും വെയില്‍കത്തുന്ന തൊടിയില്‍ പറന്നിറങ്ങുന്ന ചാറ്റല്‍മഴയും നമ്മിലുണ്ടാക്കുന്ന ഭാവരസലയങ്ങള്‍ യഥാര്‍ഥത്തില്‍ ഭിന്നങ്ങളാണ്.


വെയിലും നിലാവും നാം അനുഭവിക്കുന്നത് ആ പ്രതിഭാസങ്ങള്‍ക്കകത്തുനിന്നുകൊണ്ടാണ്. എന്നാല്‍ മഴ ആസ്വദിക്കുന്നതും അനുഭവിക്കുന്നതും മഴയില്‍നിന്നു ദൂരെമാറി സുരക്ഷിതമായ മറ്റൊരിടത്തുനിന്നാണ്. ഇതു സത്യത്തില്‍ നമ്മെ മഴയില്‍നിന്നകറ്റുന്നു. എന്നാല്‍, മറ്റുള്ളവര്‍ അങ്ങനെയല്ല. അപൂര്‍വമായിപ്പോലുമെത്തുന്ന മഴ സമൂഹമായി അവര്‍ ആസ്വദിച്ചനുഭവിക്കുന്നു. നിലാവ് ആസ്വദിക്കുന്നത് നിലാവില്‍ മുങ്ങുമ്പോഴാണ്. മഴ പെയ്യുമ്പോള്‍ അവര്‍ കൂടെ പെയ്യുന്നു. അവര്‍ മഴ കാത്തിരിക്കുന്നവരാണ്. നമുക്കു പക്ഷേ, മഴ ഋതുക്കളുടെ സ്വയമാവര്‍ത്തിക്കുന്ന താളരാശികളാണ്.


വിശ്വാസികള്‍ക്കു മഴ ഐശ്വര്യവും പ്രതീക്ഷയും മാത്രമല്ല, സ്രഷ്ടാവിന്റെ മഹത്തരമായ അനുഗ്രഹം കൂടിയാണ്. ഭൂമിയില്‍ ജീവന്റെ ആദ്യാങ്കുരം തുടിച്ചത് ജലപിണ്ഡത്തിലായിരുന്നെന്നു വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസിയെയും വിശുദ്ധകര്‍മങ്ങളെയും പെയ്തിറങ്ങുന്ന മഴയോടും അതു ഭൂമിക്കു നെയ്തുനല്‍കുന്ന ഹരിതാഭയോടും വൃക്ഷ-ഫല സമൃദ്ധിയോടും അല്ലാഹു താരതമ്യംചെയ്തിട്ടുണ്ട്. വിശ്വാസബോധ്യത്തിനു ഭൌതിക പ്രതിഫലമായി ഭൂമിയില്‍ പ്രവാചകന്‍ മുന്നോട്ടുവയ്ക്കുന്നത് ഉറന്നെത്തുന്ന മഴവര്‍ഷം തന്നെയാണ്. അതുകൊണ്ടുതന്നെ വിശ്വാസിക്കു മഴ കേവലമൊരു ഋതുചക്രപരിണാമമല്ല; അവന്‍ അറിയേണ്ടതും പിന്നെ പറയേണ്ടതുമായ അനുഗ്രഹമാണ്. വിശ്വാസിയുടെ നന്ദിപ്രകാശം പക്ഷേ, കേവലം വാചികമായി സമാപിക്കേണ്ടതല്ല. അതു കര്‍മങ്ങളിലൂടെ തിടംവച്ചു വളരേണ്ടതാണ്. എങ്ങനെയാണു വിശ്വാസി ദൈവത്തിന്റെ അപാരകാരുണ്യത്തെ പുരസ്കരിക്കേണ്ടത്?


കാലത്തെ പഴിക്കാതെ അതിന്റെ സര്‍വസാധ്യതയെയും തീര്‍ത്തും സര്‍ഗാത്മകമായി നാം പ്രയോജനപ്പെടുത്തുക. പെയ്തിറങ്ങുന്ന ജീവജലത്തെ പരമാവധി ഭൂമിയുടെ സൂക്ഷ്മ വിദരത്തിലേക്ക് ആവാഹിക്കാന്‍ പറ്റിയ സാഹചര്യം സൃഷ്ടിക്കണം. എങ്കിലേ വന്നെത്തുമെന്നുറപ്പുള്ള ഉഷ്ണകാലത്തെ അതിജീവിക്കാന്‍ മണ്ണിനും മനുഷ്യനും പരസഹസ്രം ജീവിവര്‍ഗത്തിനും പ്രാപ്തിവരൂ. അതിനു സൌകര്യമാകുന്ന രീതിയില്‍ നമ്മുടെ ഭൂപ്രതല പരിസ്ഥിതിയെ വിന്യസിക്കേണ്ടതുണ്ട്.


അവരവരുടെ ഭൂസംരക്ഷണം അവരവര്‍ നിര്‍വഹിച്ചാല്‍ അതുമതി. ഓരോരുത്തര്‍ക്കും സംരക്ഷിക്കാന്‍ മാത്രം ഭൂസ്ഥിതിയേ ഭൂരിപക്ഷം മലയാളികള്‍ക്കും ഇന്നുള്ളൂ. വിത്തും കൈക്കോട്ടുമായി വിശ്വാസബോധ്യത്തിന്റെ കരുത്തോടെ ചേറ്റുകണ്ടങ്ങളിലേക്ക് ഇറങ്ങാന്‍ നിയോഗം കൊണ്ടുതന്നെ നമുക്കു ബാധ്യതയുണ്ട്. ഭൂമിയില്‍ നാം ദൈവത്തിന്റെ ഉത്തരാധികാരികളാണ്.
മണ്ണറിഞ്ഞു വേണം വിത്തെറിയാന്‍, എങ്കിലേ, ആയിരം ശതശാഖികളില്‍ ആഗ്രഹവര്‍ഷത്തിന്റെ സദ്ഫലങ്ങള്‍ കൊരുക്കൂ. വിശ്വാസിക്കു കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടാന്‍ പറ്റിയ സന്ദര്‍ഭമാണിത്. വിപണി കണ്െടത്താന്‍ അമ്പതു വര്‍ഷമെടുക്കേണ്ട തേക്കുമരവും മുപ്പതുവര്‍ഷമെടുക്കേണ്ട ആഞ്ഞിലിയും തൊട്ടു മൂന്നുമാസം കൊണ്ടു വിളവു കൊയ്യുന്ന പച്ചക്കറിയും വരെ നിര്‍ബന്ധമായും നാം ഇടപഴകേണ്ട കാര്‍ഷിക പൊതുമണ്ഡലമാണ്.


ഇസ്്ലാം ജീവിതത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന അല്ലാഹുവിന്റെ പ്രമാണമാണ്. അതാകട്ടെ, അവിഭാജ്യമായ ഏകകവും. അതുകൊണ്ടു ജീവിതത്തില്‍ വിശുദ്ധലക്ഷ്യത്തോടെ അനുഷ്ഠിക്കുന്ന ഏതു കര്‍മങ്ങളും ദൈവത്തിന്റെ രാജരഥ്യയിലൂടെയുള്ള തീര്‍ഥാടനമാണ്. വിശ്വാസത്തിനുവേണ്ടി ജീവിക്കുന്നതു ജിഹാദാണ്. വിശ്വാസത്തെ പക്ഷേ, അനുഷ്ഠാനത്തിന്റെ കേവലതയില്‍ നിന്നു ഭൌതിക കര്‍മപെരുമയിലേക്കു കൂടി പരാവര്‍ത്തനം ചെയ്യുന്നവനാണു വിശ്വാസി. തീര്‍ച്ചയായും മഴക്കാലത്ത് അനുഷ്ഠിക്കേണ്ട കാര്‍ഷികായോധന ജോലികള്‍ ആരാധനാകര്‍മങ്ങളുടെ അതേ ജാഗ്രതയോടെയും സമയനിഷ്ഠയോടെയും ഓരോ വിശ്വാസിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരു മാവ്, ഒരാഞ്ഞിലി, ഇത്തിരി പച്ചക്കറി, അല്‍പ്പം ഔഷധച്ചെടി- ഇതായിരിക്കട്ടെ ഈ വര്‍ഷത്തെ നമ്മുടെ മഴക്കാലം.
ഈ പോസ്റ്റ്‌ ഇഷ്ടമായങ്കില്‍ ഒരു ലൈക്‌ ചെയ്യാന്‍ മറക്കാരുത്.താഴെ നിങ്ങളുടെ അഭിപ്രായവും.

5 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial