10 ജൂൺ 2011

ബാബാ രാംദേവിന്റെ നീക്കങ്ങള്‍ തിരിച്ചറിയണം


ബാബാ രാംദേവിന്റെ നീക്കങ്ങള്‍ തിരിച്ചറിയണം


അഴിമതിവിരുദ്ധ സമരത്തിനു സംരക്ഷണം നല്‍കാനും ആവശ്യമാണെങ്കില്‍ തിരിച്ചടിക്കാനും വേണ്ടി പതിനൊന്നായിരം പേരടങ്ങുന്ന ഒരു സേന രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ബാബാ രാംദേവ്. ശസ്ത്രവും ശാസ്ത്രവുമുപയോഗിച്ചു തന്നെ സൈനികര്‍ക്കു പരിശീലനം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ അര്‍ഥം, ഭരണഘടനാബാഹ്യമായി ഒരു സായുധസേന രൂപീകരിച്ചു നിയമം കൈയിലെടുക്കുമെന്നാണ്. ഈ നീക്കം ദേശീയവിരുദ്ധമാണെന്നു കേന്ദ്രം പറയുന്നുണ്െടങ്കിലും രാംദേവിനെപ്പോലുള്ളവര്‍ ശത്രുക്കളെ തകര്‍ക്കാനുള്ള ഒരു സമാന്തരസംവിധാനം സൃഷ്ടിക്കുന്നത് എങ്ങനെ തടയാനാവുമെന്നു കാര്യമായി ആലോചിക്കേണ്ടതുണ്ട്. സിവില്‍സമൂഹത്തിന്റെ ആക്ടിവിസമായി അതിനെ തെറ്റിദ്ധരിക്കുന്നത് അപകടമായിരിക്കും.
നേരുപറഞ്ഞാല്‍ ബാബാ രാംദേവിനെപ്പോലെയുള്ള ഒരു വ്യാജഗുരുവിന്റെ സമരനാട്യങ്ങള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യവും പ്രശസ്തിയുമുണ്ടാക്കിക്കൊടുത്തത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. സന്ധിസംഭാഷണങ്ങള്‍ക്കു നാലു കേന്ദ്രമന്ത്രിമാരെയാണു പറഞ്ഞയച്ചത്. അടിമുടി അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനു മതിയായ ആത്മവിശ്വാസമില്ലാത്തതുമൂലമാണ് രാംദേവിന്റെ അഴിമതിവിരുദ്ധ സമരംപോലെയുള്ള നാടകങ്ങള്‍ക്കു മുമ്പില്‍ തലകുനിച്ചുകൊടുക്കുന്ന അവസ്ഥയുണ്ടായത്. എന്നാല്‍, വൈകിയാണെങ്കിലും ഇത്തരം സമരാഭാസങ്ങള്‍ക്കു പിന്നിലുള്ള യഥാര്‍ഥ കാരണങ്ങളെക്കുറിച്ചു ജനങ്ങള്‍ ബോധവാന്മാരാവുന്നു എന്നതു ശുഭകരമാണ്. അഴിമതി ഒരിക്കലും പൊറുപ്പിച്ചുകൂടാത്തതാണെങ്കിലും അതിനെതിരായുള്ള സമരങ്ങള്‍ക്കും ആര്‍ജവം വേണമല്ലോ.
ബാബാ രാംദേവ് മുന്‍കൈയെടുത്തു നടത്തുന്ന സമരങ്ങള്‍ക്കു പിന്നിലുള്ള ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സാന്നിധ്യം നമുക്കു കാണാതിരുന്നുകൂടാ. സമരത്തിനു പൂര്‍ണപിന്തുണയുമായി ആര്‍.എസ്.എസും വിശ്വഹിന്ദു പരിഷത്തും അര്‍ധമനസ്സോടെ ബി.ജെ.പിയും രംഗത്തുണ്ട്. സാധ്വി ഋതംബരയെപ്പോലെയുള്ള തീവ്ര ഹിന്ദുത്വവാദികള്‍ സമരപ്പന്തലില്‍ ആദരപൂര്‍വം സ്വീകരിക്കപ്പെടുകയുണ്ടായി. വിദേശബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ആദ്യമുന്നയിച്ചതുപോലും എല്‍ കെ അഡ്വാനിയാണ്. ബാബാ രാംദേവിലൂടെ സംഘപരിവാരം നടത്തുന്ന ഓപറേഷനായി ഈ സമരത്തെ ആരെങ്കിലും കണ്ടാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. അനുദിനം സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഹിന്ദുത്വരാഷ്ട്രീയം. ഈയിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രകടനം വളരെയധികം നിരാശാജനകമായിരുന്നു. ബാബരി മസ്ജിദ് എന്നൊക്കെപ്പറഞ്ഞ് എത്രകാലം നടക്കാം. അതിനാല്‍ ഹിന്ദുത്വരാഷ്ട്രീയത്തിനു ജീവന്‍ വീണ്െടടുത്തുകൊടുക്കാന്‍ കണ്െടടുത്ത വഴിയാണ് ബാബാ രാംദേവിന്റെ പ്രക്ഷോഭസമരങ്ങള്‍ എന്നു കരുതാനാണു ന്യായം. അതിനെ ആ നിലയ്ക്കുതന്നെ നാം കാണണം.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial