13 ജൂൺ 2011

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവിളികള്‍


ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നിലവിളികള്‍ 


എ. സഈദ്

ഒറ്റപ്പെടല്‍ ഭീഷണിയിലാണ് ലോകത്തെവിടെയും മുസ്ലിംകളിന്ന്. നുണകളും കുതന്ത്രങ്ങളും വഴി അവരെ പൊതുസമൂഹത്തിന്റെ ശത്രുക്കളായി അവതരിപ്പിക്കുന്നതില്‍ തല്‍പ്പരകക്ഷികള്‍ വിജയിച്ചുകഴിഞ്ഞു. ഭരണകൂടങ്ങളുടെ ഓരം ചേര്‍ന്നുനില്‍ക്കുന്ന ശക്തികള്‍ ഭീകരരെ ഉണ്ടാക്കുകയും അവരെ വേട്ടയാടുന്ന നാട്യത്തില്‍ മുസ്ലിംസമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കുകയുമാണല്ലോ ചെയ്യുന്നത്. കുത്തിനോവിച്ചും അപമാനിച്ചും പ്രതികരണശേഷി അളക്കാന്‍ പല വിഭാഗങ്ങള്‍ രംഗത്ത് സജീവം. തൊട്ടുപിറകെ, തീവ്രവാദമാഘോഷിക്കാന്‍ സര്‍വ സന്നാഹങ്ങളുമായി കാത്തുനില്‍ക്കുന്ന മാധ്യമങ്ങള്‍. ആടിനെ പട്ടിയാക്കാന്‍ ആയിരം നാവുകളാണ് ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത്.
അമേരിക്കയ്ക്കും ഇസ്രായേലിനും ഭീകരവിരുദ്ധയുദ്ധത്തിന് ഒന്നിലേറെ കാരണങ്ങളുണ്ട്. മതവിരോധം അതില്‍ മുഖ്യം. അധിനിവേശമോഹം മറ്റൊന്ന്. ആയുധക്കച്ചവടം തൊട്ടുപിറകില്‍. പുതിയ ലോകമെന്ന മുദ്രാവാക്യത്തിനുള്ളില്‍ ഇനിയും വെളിപ്പെടാത്ത മറ്റുലക്ഷ്യങ്ങളും ഉണ്ട്. യുദ്ധപ്രഭുക്കളുടെ നാവുകളില്‍ നിന്ന് കുരിശുയുദ്ധമെന്ന വാക്ക് ഇടയ്ക്കിടെ വീഴുന്നത് യാദൃച്ഛികമാവാനിടയില്ല. ഹിന്ദുത്വവാദികള്‍ പാകമാക്കിയ ഇന്ത്യയിലെ വര്‍ഗീയതയുടെ മണ്ണ് മുസ്ലിംവിരുദ്ധ അജണ്ട ഏറ്റുവാങ്ങിയിരിക്കുന്നു. ബുഷിനു നന്ദി. അഴിമതിയില്‍ മുങ്ങിയ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇപ്പോള്‍ പോരാട്ടത്തിന്റെ മുഖം. തിന്മയ്ക്കെതിരേയുള്ള പോരാട്ടം! ഭീകരവിരുദ്ധ യുദ്ധം!
പൊതുമുതല്‍ അപഹരണം, തട്ടിപ്പ്, തട്ടിക്കൊണ്ടുപോവല്‍, മനുഷ്യക്കടത്ത്, ബലാല്‍സംഗം തുടങ്ങി കൊലക്കുറ്റം വരെയുള്ള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ നാലില്‍ ഒരു ഭാഗം. സംസ്ഥാന നിയമസഭകളിലെ അവസ്ഥ അതിലും ഭീകരം. ഒരു ഘട്ടത്തില്‍ ചില സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം സീറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ടവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് എന്ന അവസ്ഥ നിലനിന്നു.
ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷനല്‍ 2009ല്‍ തയ്യാറാക്കിയ കറപ്ഷന്‍ പെര്‍സിപ്ഷന്‍ ഇന്‍ഡക്സില്‍ ഇന്ത്യ എണ്‍പത്തിനാലാം സ്ഥാനത്താണുള്ളത്. 138 ലോകരാഷ്ട്രങ്ങളെ അഴിമതി പ്രത്യക്ഷമായതിന്റെ കുറവനുസരിച്ച് ക്രമീകരിക്കുമ്പോള്‍ ഇന്ത്യക്ക് എണ്‍പത്തിനാലാം സ്ഥാനം. ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷനലിന്റെ പഠനമനുസരിച്ച് ഇന്ത്യയിലെ 50 ശതമാനമാളുകളും കാര്യസാധ്യത്തിന് സര്‍ക്കാര്‍ ഓഫിസുകളില്‍ കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരാണ്.
ഉദ്യോഗസ്ഥര്‍ പച്ചയായി പൊതുമുതല്‍ മോഷ്ടിക്കുന്നു. പാവപ്പെട്ടവര്‍ക്കു വിതരണത്തിനു നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ 80 ശതമാനവും പിന്‍വാതിലുകളിലൂടെ കടത്തപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരും നിയമപാലകരും റിയല്‍ എസ്റേറ്റ് കച്ചവടക്കാരുമടങ്ങിയ മാഫിയകള്‍ ഗ്രാമങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും അന്യായമായി ഭൂമി തട്ടിയെടുത്തു വില്‍പ്പന നടത്തുകയും ചെയ്യുന്നതായി കണ്െടത്തിയിരിക്കുന്നു.

സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാഫിയകളുടെ കൈകളില്‍ അമര്‍ന്നുകഴിഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും നിര്‍മാണവസ്തുവിതരണക്കാരും ഒരൊറ്റ കമ്പനി പോലെ ഒരുമിച്ചുനിന്നു പൊതുമുതല്‍ തട്ടിയെടുക്കുകയാണ്. ഗുണനിലവാര പരിശോധന പ്രഹസനമാവുമ്പോള്‍ റോഡുകളും പാലങ്ങളും അതിവേഗം തകര്‍ന്നുപോവുന്നതില്‍ അദ്ഭുതപ്പെടാനില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണത്തിലും രോഗികള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തിലും ഡോക്ടര്‍മാരുടെ പരിശോധന ലഭ്യമാക്കുന്നതിലും രോഗനിര്‍ണയോപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും അഴിമതി. സ്വകാര്യ ആശുപത്രിക്കാരുമായി ഉണ്ടാക്കുന്ന ധാരണയും പിന്‍വാതിലിലൂടെ മരുന്നുകടത്തുന്നതും പരസ്യമായ രഹസ്യം.
മോട്ടോര്‍വാഹന വകുപ്പ്, വനംവകുപ്പ്, ജുഡീഷ്യറി, ഇന്‍കംടാക്സ്, സെയില്‍സ് ടാക്സ്, പോലിസ് എന്നുവേണ്ട പ്രതിരോധ വകുപ്പു വരെ അഴിമതിബാധിതമാണ് നമ്മുടെ രാജ്യത്ത്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇതില്‍ ഒരുപോലെ പങ്കാളികളാവുന്നു. മതസ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ സംഘങ്ങള്‍ മുതലായവയുടെ പ്രവര്‍ത്തനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കായികമേഖലയില്‍ നടക്കുന്ന ധൂര്‍ത്തും അഴിമതിയും അഴിഞ്ഞാട്ടവും രാജ്യത്ത് ഞെട്ടലുണ്ടാക്കാതിരിക്കുന്നത് അതുമായി ജനത സമരസപ്പെട്ടുപോയതുകൊണ്ടുമാത്രം.
ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നിയമപാലനസംവിധാനവും ജുഡീഷ്യറിയും അഴിമതിയുടെ വലയത്തില്‍ പെട്ടത് പൌരന്മാര്‍ക്കിടയില്‍ അരക്ഷിതബോധം വളര്‍ത്തി.
ജനാധിപത്യത്തിന്റെ മഹത്ത്വമോ പ്രാധാന്യമോ സാധ്യതകളോ അറിയാത്ത ഒരു ജനതയുടെ കൈയില്‍ അത് ഏല്‍പ്പിച്ചാല്‍ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യ. സാധാരണക്കാരനു ജനാധിപത്യ അവബോധമുണ്ടാക്കാന്‍ ഒരൊറ്റ രാഷ്ട്രീയപ്പാര്‍ട്ടിയും ശ്രമം നടത്തിയിട്ടില്ല. മറിച്ച്, നക്കാപ്പിച്ചകളിലും വോട്ടുകച്ചവടത്തിലും അവരെ ഒതുക്കുകയാണ് ചെയ്തത്. പ്രാദേശികസ്വാധീനം മാത്രം വച്ചുപുലര്‍ത്തിയിരുന്ന പ്രമാണിവര്‍ഗം ജനങ്ങളുടെ മേല്‍ വിശാലതലത്തില്‍ അധികാരം ചെലുത്താന്‍ പ്രാപ്തരായി എന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നല്‍കിയ വലിയ സംഭാവന!
വര്‍ഗീയതയുടെയും ജാതീയതയുടെയും സ്വാധീനം മറ്റൊരു ഭാഗത്ത് രാജ്യത്തിന്റെ സാമൂഹികഘടനയെ അപകടപ്പെടുത്തുന്നു. വര്‍ഗീയകലാപങ്ങളെന്ന പേരില്‍ നടന്ന വംശഹത്യാശ്രമങ്ങളില്‍ മുസ്ലിംകള്‍ക്ക് നിയമവാഴ്ചയുടെ പരിരക്ഷ കിട്ടിയില്ല; നീതികിട്ടിയില്ല. നഷ്ടപരിഹാരം കിട്ടിയില്ല; കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടില്ല. സംരക്ഷണം നല്‍കേണ്ടവര്‍ മിക്കവാറും അക്രമികളുടെ ചേരിയിലായിരുന്നു. ഭീകരതയെ നേരിടാനെന്ന പേരില്‍ വന്ന കരിനിയമങ്ങള്‍ ഏതാണ്ട് പൂര്‍ണമായും പ്രയോഗിച്ചത് ഭീകരതയുടെ ഇരകളായ മുസ്്ലിംകള്‍ക്കെതിരേ.
ദലിതുകളുടെയും ആദിവാസികളുടെയും അനുഭവവും മറിച്ചല്ല. ജന്മം കൊണ്ട് സമൂഹത്തിന്റെ അടിത്തട്ടില്‍ അകപ്പെട്ടുപോയ മനുഷ്യജീവികള്‍. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും അവര്‍ക്കെതിരേ അലിഖിതനിയമങ്ങള്‍. പൊതുസ്ഥലങ്ങളില്‍ കാണാന്‍ പാടില്ല. വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ പാടില്ല. നല്ല വസ്ത്രം ധരിക്കരുത്. വിവാഹാഘോഷങ്ങള്‍ നടത്തരുത്. ജാതി മാറി വിവാഹം ചെയ്യരുത്. അമ്പലങ്ങളില്‍ പ്രവേശിക്കരുത്. ഉയര്‍ന്ന വിദ്യാഭ്യാസത്തിനു മുതിരരുത്. നിയമം ലംഘിച്ചവര്‍ക്ക് പരസ്യമായി കാടന്‍ ശിക്ഷ. പോലിസിന്റെ ഇടപെടല്‍ ഇല്ല. നിയമത്തിന്റെ പരിരക്ഷയില്ല.
സ്വാതന്ത്യ്രത്തിന്റെ അറുപത്തിനാലാം വാര്‍ഷികം ആഘോഷിച്ചുകഴിഞ്ഞ സമയത്ത് ഇന്ത്യയുടെ ആഭ്യന്തരചിത്രം എത്ര വികൃതം! സമത്വസുന്ദര ഭാരതമാണ് നമ്മുടെ ഭരണഘടനയില്‍ തെളിഞ്ഞുകാണുന്നത്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന നമ്മുടെ രാജ്യം അതിനുപുറമെ ഗാന്ധിസം, കമ്മ്യൂണിസം, ഗാന്ധിയന്‍ സോഷ്യലിസം, അഹിംസ, ഹിന്ദുത്വം, ദേശീയത, മാര്‍ക്സിസം, ലെനിനിസം എന്നിങ്ങനെ ആദര്‍ശപരിവേഷമുള്ള വാക്കുകള്‍ വേറെയും. ഏതെങ്കിലുമൊരു സൈദ്ധാന്തിക പിന്തുണയില്ലാത്ത പാര്‍ട്ടിയില്ല. 63 വര്‍ഷങ്ങള്‍, സിദ്ധാന്തങ്ങള്‍ പലതും മാറിമാറി പ്രയോഗിച്ചു, പൂര്‍ണമായോ ഭാഗികമായോ. ഫലം എന്തുണ്ടായി? അസമത്വം വര്‍ധിച്ചിരിക്കുന്നു. വര്‍ഗീയത ശക്തിപ്പെട്ടിരിക്കുന്നു. ജാതീയതയ്ക്ക് ഒരു ശമനവുമുണ്ടായില്ല. പൊതുമുതല്‍ കൈകാര്യത്തിനേല്‍പ്പിക്കപ്പെട്ടവര്‍ അതു കൊള്ളചെയ്യുന്നു. ക്രിമിനലുകളുടെ കൈകള്‍ സ്വതന്ത്രം. രാജ്യത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവും ജനമറിയാതെ മുതലാളിത്ത സാമ്രാജ്യത്വശക്തികളുടെ കൈകളിലേക്ക് നീങ്ങുന്നു. രാഷ്ട്രീയാചാര്യന്മാര്‍ ഇപ്പോള്‍ വലിയ വാഗ്ദാനങ്ങളൊന്നും ജനങ്ങള്‍ക്കു നല്‍കുന്നില്ല. രാഷ്ട്രീയസിദ്ധാന്തങ്ങള്‍ ഇപ്പോള്‍ ചെറിയൊരു ചര്‍ച്ചാവലയത്തില്‍ ഒതുങ്ങി. ജനങ്ങളുടെ ചിന്താമണ്ഡലത്തിലേക്കെറിയപ്പെടുന്നത് രണ്ടു കാര്യങ്ങള്‍ മാത്രം- വികസനം, ഭീകരവിരുദ്ധ യുദ്ധം. മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടും സമരസപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ഇന്ന് ഇന്ത്യക്കാരന്‍.
അര്‍ഹമായതു നിലനില്‍ക്കും എന്ന ഡാര്‍വിന്‍ സിദ്ധാന്തം ജൈവവസ്തുക്കളില്‍ ഒതുങ്ങാതെ സാമൂഹിക-രാഷ്ട്രീയ മേഖലകളിലേക്കു വ്യാപിക്കുമ്പോള്‍ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാടന്‍നിയമത്തിന് അംഗീകാരം ലഭിക്കുകയാണ്. സോഷ്യല്‍ ഡാര്‍വിനിസമെന്നു കേള്‍ക്കാന്‍ സുഖമുള്ള ഒരു പേരു കൂടിയുണ്ട് അതിന്. ശക്തിയുടെ രാഷ്ട്രീയത്തിനും ഒരു സിദ്ധാന്തമൊക്കെയുണ്ട്. ക്രിസ്തുവിന് നാനൂറുവര്‍ഷം മുമ്പ് ജീവിച്ച ഗ്രീക്ക് രാഷ്ട്രീയാചാര്യന്‍ ത്യൂസിഡൈഡിസി ചിന്തകളില്‍ നിന്ന് അത് ഇപ്രകാരം ഉരുത്തിരിഞ്ഞു:
"നമ്മളാണു പരിഷ്കാരത്തിന്റെ നേതാക്കള്‍. മനുഷ്യവംശത്തിനു മുന്നില്‍ നടക്കുന്നവര്‍ നമ്മളാണ്. മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം നാമുമായുള്ള കൂട്ടുകെട്ടും സമ്പര്‍ക്കവുമാണ്. നമ്മുടെ കീഴില്‍ വരുക എന്നത് ആശ്രിതത്വമല്ല, മറിച്ച്, സവിശേഷമായ ഒരു ആനുകൂല്യമാണ്. നാം കനിഞ്ഞുനല്‍കുന്ന സമ്പത്തിനു തുല്യമായി ഒന്നും തന്നെ ഇല്ല. നമ്മളിലേക്ക് ഒഴുകുന്ന പണവും വിഭവങ്ങളും ഉപയോഗിച്ചു നാം ഉന്നതന്മാരായിത്തന്നെ വിരാജിക്കും. നമുക്ക് ശുഭാപ്തിവിശ്വാസത്തോടെ പ്രവര്‍ത്തിക്കാം. എന്തുകൊണ്െടന്നാല്‍, നിരവധി പരിശ്രമങ്ങളിലൂടെയും ദുഃഖകരമായ അനുഭവങ്ങളിലൂടെയും ഒട്ടധികം യുദ്ധങ്ങളിലൂടെയും മനുഷ്യാധികാരശക്തിയുടെ രഹസ്യം നാം കണ്െടത്തിയിട്ടുണ്ട്. അതുതന്നെയാണ് സുഖത്തിന്റെ രഹസ്യം. പലര്‍ക്കും അത് ഊഹം മാത്രമാണ്. നാം മാത്രമാണ് അത് അറിയാനും അനുഭവിക്കാനും പഠിച്ചിട്ടുള്ളത്. അതിനു നാം സ്വാതന്ത്യ്രം എന്നു പേരുപറയുന്നു.''
അധികാരശേഷിയുടെ രുചി മനസ്സിലാക്കിയ വന്‍ശക്തികള്‍ അതു നിലനിര്‍ത്താന്‍ ഇപ്പോഴും ശ്രമിക്കുന്നു. പല പേരുകളില്‍. പല വേഷങ്ങളില്‍. അവരോടു ചേര്‍ന്നുനില്‍ക്കുന്നവര്‍ അതൊരു ആശ്രിതത്വമാണെന്നു മനസ്സിലാക്കുന്നില്ല. സാമ്രാജ്യത്വമോഹങ്ങളോടൊപ്പം മറ്റൊരു വികാരമായി മതവൈരം കൂടി വന്നുചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. അവര്‍ ലോകമെമ്പാടും നടത്തുന്ന ഉഴുതുമറിച്ചിലില്‍ പുറംതള്ളപ്പെടുന്നവരാണു മുസ്ലിംകള്‍. അവരുടെ രാഷ്ട്രീയാസ്തിത്വം ചോദ്യംചെയ്യപ്പെടുന്നു. സമ്പത്ത് കവര്‍ന്നെടുക്കുന്നു. ഇതിന്റെ അനുരണനം രാജ്യങ്ങള്‍ക്കകത്ത് പൌരന്മാര്‍ക്കിടയില്‍ പോലും ദൃശ്യമാവുകയാണ്. സാമ്രാജ്യത്വത്തിന്റെ കൈകള്‍ക്ക് അത്ര നീളമുണ്ട്. "ഒന്നുകില്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരാണ്.'' സാമ്രാജ്യത്വം ഈ നിലപാടു സ്വീകരിക്കുമ്പോള്‍ മറുഭാഗത്ത് ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കാന്‍ ശേഷിയുള്ള ഒരു കേന്ദ്രം ഇല്ല. മുസ്ലിംകള്‍ക്ക് അത് എന്തുകൊണ്ടു സാധിക്കുന്നില്ല എന്ന് ഗൌരവപൂര്‍വം ചിന്തിക്കേണ്ട സമയമായിരിക്കുന്നു. മുസ്ലിംഭാഗത്ത് ഒറ്റപ്പെട്ട പ്രതിരോധം നടക്കുന്നു എന്ന കാര്യം അവഗണിക്കുന്നില്ല. പക്ഷേ, മുഖ്യധാരയില്‍ ഇസ്ലാമിനെയും മുസ്്ലിം സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നവര്‍ കീഴടങ്ങലിന് താത്തികമാനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുന്നത്. വികസനമെന്ന വാക്ക് അവിടെയും രക്ഷയ്ക്കെത്തുന്നു.
അടിച്ചേല്‍പ്പിക്കപ്പെട്ട നേതൃത്വം മുസ്ലിംസമൂഹത്തിന് ദുര്‍ബലത മാത്രമേ സമ്മാനിക്കുന്നുള്ളൂ. രാഷ്ട്രങ്ങളുടെ തലപ്പത്തും സമുദായ നേതൃതലങ്ങളിലും മതസംഘടനകളിലും മഹല്ലുകളിലുമെല്ലാം കാണുന്നത് ഒരേ പ്രവണത തന്നെ.
രാജകുടുംബങ്ങളോ തങ്ങള്‍ കുടുംബങ്ങളോ പണ്ഡിതപരിവേഷത്തില്‍ നേതൃസ്ഥാനം കൈയാളുന്നവരോ തറവാട്ടുമഹിമയുടെ ഉടമകളോ അടിസ്ഥാനപരമായ വ്യത്യാസം നിലപാടുകളില്‍ കാണിക്കുന്നില്ല. സ്ഥാനമാനങ്ങളും അധികാരവും കീര്‍ത്തിയും ജീവിതസൌകര്യങ്ങളും നിലനിര്‍ത്തുകയെന്ന കാര്യപരിപാടിയിലൂന്നി ജീവിക്കുമ്പോള്‍ താനുള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ അഭിമാനകരമായ അതിജീവനം മുസ്ലിംനേതൃത്വത്തിന്റെ അജണ്ടയില്‍പ്പെടാതെ പോവുന്നു. ജനാധിപത്യപ്രക്രിയകള്‍ക്കും മര്യാദകള്‍ക്കും അല്‍പ്പവും വിലകല്‍പ്പിക്കാത്ത ഇത്തരം വ്യക്തികള്‍ പൊതുസമൂഹത്തില്‍ സ്വീകാര്യത വര്‍ധിപ്പിച്ചുവരുന്നത് സ്വന്തം കഴിവുകൊണ്ടല്ല, മുസ്ലിംസമൂഹത്തിന്റെ തലപ്പത്ത് ഇവരാണ് വേണ്ടത് എന്നു മറ്റാരോ തീരുമാനിച്ചതുകൊണ്ടുമാത്രമാണ്.
ഭരണകൂടങ്ങള്‍ അവരെ ബഹുമാനിക്കുന്നു. മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്നു. അടിസ്ഥാനപ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കാതെ അവകാശസംരക്ഷണത്തിനും ശാക്തീകരണത്തിനും പ്രവര്‍ത്തിക്കുന്നവരാരെങ്കിലുമുണ്െടങ്കില്‍ അവരെ തുരത്തിയോടിക്കാന്‍ മുന്നണി ചേരുന്നവര്‍ ആരെല്ലാമെന്നു നോക്കൂ. ഹിന്ദുത്വഫാഷിസ്റുകള്‍, കമ്മ്യൂണിസ്റുകള്‍, മാധ്യമങ്ങള്‍, കൂടെ മുസ്ലിം നേതൃത്വത്തിന്റെ പ്രതിനിധികളും. ഒരു കാര്യം വളരെ കൌതുകകരമായിരിക്കുന്നു. മുസ്ലിം സമുദായനേതൃത്വത്തിനും അതിനെ നശിപ്പിക്കാന്‍ പ്രതിജ്ഞയെടുത്ത് അതിനകത്തുതന്നെ ജീവിക്കുന്ന മൂന്നാംപത്തികള്‍ക്കും പലപ്പോഴും ഒരേ സ്വരം, ഒരേ വാക്കുകള്‍.
തിരുവനന്തപുരത്ത് ഈയിടെ ഒരു ഖുര്‍ആന്‍ സെമിനാറില്‍ പങ്കെടുത്തു. കേരളാ യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടുനടന്ന ഒരു പരിപാടി. വേദിയിലിരിക്കുന്നവര്‍ പരമ്പരാഗത പണ്ഡിതരല്ല. സദസ്സിലാണെങ്കില്‍ അത്തരമാളുകള്‍ ധാരാളവും. ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഒരു അതിഥി. സാമ്പ്രദായിക കണ്ണുകളില്‍ അനഭിമതനാണ് അദ്ദേഹം. പുരോഗമന ചിന്താഗതിക്കാരന്‍. പരമ്പരാഗത വിശ്വാസശൈലിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ആള്‍. ഭാര്യ അന്യമതക്കാരി. അദ്ദേഹം പറഞ്ഞു: "എന്റെ പ്രശ്നങ്ങള്‍ക്ക് ഞാന്‍ ഖുര്‍ആനില്‍ പരിഹാരം തേടാറുണ്ട്. എനിക്കത് കിട്ടാറുമുണ്ട്.'' സദസ്സില്‍ ഇരിക്കുന്ന പണ്ഡിതന്മാരെ ഉദ്ദേശിച്ചാണെന്നു തോന്നുന്നു. ഇടയ്ക്ക് അദ്ദേഹം പറഞ്ഞു: "എനിക്ക് ഈ ആളുകളുടെ സാമാന്യബുദ്ധിയില്‍ പോലും സംശയമുണ്ട്.''
ഈ പൊട്ടിത്തെറി വെറും വൈകാരികമാണെന്ന് എനിക്കു തോന്നിയില്ല. ഖുര്‍ആന്‍, ദൈവികപ്രത്യയശാസ്ത്രം ഇന്ന് ഇരിക്കുന്നത് അനുയോജ്യമായ ഇരിപ്പിടത്തിലല്ല എന്ന് മുമ്പേ തോന്നാന്‍ തുടങ്ങിയിരുന്നു. ഖുര്‍ആന്‍ ഏറ്റെടുക്കാന്‍ പ്രാപ്തനായിരുന്നുവെങ്കില്‍ മുസ്ലിംസമൂഹം ഈ രീതിയിലൊരു പതനത്തിലാവുമായിരുന്നില്ല. ലോകത്ത് നിഷേധത്തിനും അനീതിക്കുമെതിരേ എതിര്‍ ശബ്ദത്തിന്റെ ഉറവിടമാവേണ്ട മുസ്ലിംകള്‍ക്ക് കരയാന്‍ പോലും ഭയക്കുന്ന സ്ഥിതിവിശേഷമുണ്ടാവുമായിരുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും വിമോചനത്തിന്റെ കൈത്തിരി കത്തിക്കേണ്ടവര്‍ തങ്ങളെ തന്നെ ചില ചങ്ങലകള്‍ വരിഞ്ഞുമുറുക്കുന്നത് അറിയാതിരിക്കുമായിരുന്നില്ല.
തൊടുപുഴയിലെ കോളജധ്യാപകന്‍ അപമാനിച്ചത് മുസ്ലിംകളുടെ പ്രവാചകനെയാണെന്നു വിലയിരുത്തുന്നത് ശരിയാണോ? അതിലുപരി ദൈവത്തിനും ദൈവദൂതന്മാര്‍ക്കുമിടയില്‍ ഉണ്ടായി എന്നു സങ്കല്‍പ്പിക്കപ്പെടുന്ന ആശയവിനിമയത്തെയല്ലേ അദ്ദേഹം കളിയാക്കുന്നത്? ദൈവവും ദൈവദൂതനുമല്ല കഥാപാത്രങ്ങള്‍ എന്നുതന്നെ വിചാരിക്കുക. എന്നാല്‍ പോലും മാന്യമായ അന്തരീക്ഷത്തില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥിസമൂഹത്തിലേക്ക് ഇട്ടുകൊടുക്കാവുന്ന വാക്കുകളാണോ അദ്ദേഹം പ്രയോഗിച്ചത്? മലയാളത്തിന്റെ ചിഹ്നങ്ങള്‍ ഈ വാക്കുകള്‍ക്കു ചുറ്റുമാണോ ചാര്‍ത്തപ്പെടേണ്ടത്? അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും സഹകരിച്ച് വിഷയം ആളിക്കത്തിച്ചപ്പോള്‍ മലപ്പുറം ജില്ലയിലൊരിടത്ത് മുസ്ലിം രാഷ്ട്രീയ, സാമുദായിക, മത സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്നൊരു പ്രമേയം- അധ്യാപകനെ ആക്രമിച്ച സംഭവത്തിനു പിറകില്‍ പ്രവര്‍ത്തിച്ചുവെന്നു സംശയിക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഒറ്റപ്പെടുത്തണം. എന്നു തുടങ്ങിയതാണ് ഈ ഒറ്റപ്പെടുത്തല്‍? എന്‍.ഡി.എഫും തുടര്‍ന്ന്, പോപുലര്‍ ഫ്രണ്ടും പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ ഇതുപോലുള്ള പ്രസ്താവനകളും പ്രമേയങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. സമൂഹം അതിന് എന്തു വില കല്‍പ്പിക്കുന്നു എന്ന് ഈ നേതാക്കള്‍ പരിശോധിക്കാറുണ്േടാ എന്തോ? ഒറ്റപ്പെടാന്‍ വിധിക്കപ്പെട്ടവരില്‍ ജമാഅത്തെ ഇസ്ലാമിയും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. തുടര്‍ന്ന്, ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ പരിഭവങ്ങള്‍. ഒരുമിച്ചു യോഗം ചേര്‍ന്നതിന്റെ ഓര്‍മകള്‍. ഒരുമിച്ച് ചര്‍ച്ചകള്‍ നടത്തിയത്, സമുദായപ്രശ്നങ്ങള്‍ ഒരുമിച്ചു കൈകാര്യം ചെയ്തത്, രാഷ്ട്രീയ ഐക്യത്തിന് ആദ്യ ചുവടുകള്‍ വയ്ക്കാന്‍ ശ്രമിച്ചത്, കളിക്കാന്‍ പോയത്, പൂപറിക്കാന്‍ പോയത്.
ജമാഅത്തെ ഇസ്ലാമി കേരളരാഷ്ട്രീയത്തിലെ എടുക്കാത്ത നാണയമായി മാറിയത് കുഞ്ഞാലിക്കുട്ടിയുമായി രാഷ്ട്രീയചര്‍ച്ച നടത്തിയപ്പോഴല്ലേ? അതുവരെ സി.പി.എമ്മിന് അവര്‍ അനഭിമതരായിരുന്നില്ല; മതമൌലികവാദികളായിരുന്നില്ല; രാഷ്ട്രീയസൌഹൃദത്തിന് തടസ്സമുണ്ടായിരുന്നില്ല. മുസ്ലിംരാഷ്ട്രീയം ശക്തിപ്പെടാന്‍ പോവുന്നുവെന്ന സൂചന കിട്ടിയപ്പോള്‍ സി.പി.എമ്മിന് മൌലികവാദത്തോടു വെറുപ്പ്. തീവ്രവാദത്തെ ഭയം. അവസരവാദത്തിന് അല്‍പ്പവും ലജ്ജയില്ലാത്ത ഇങ്ങനെയൊരവസരം മുമ്പുണ്ടായിട്ടുണ്േടാ എന്നറിയില്ല. സി.പി.എമ്മിന് കയ്പു തുടങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ക്കും കയ്പ്. എന്നും ചര്‍ച്ചകള്‍. സ്ഥിരം ജമാഅത്ത് വിരോധികള്‍ രംഗത്ത് സജീവം. കയ്പില്ല എന്നുപറയാന്‍ മുസ്ലിം ലീഗ് കുഞ്ചന്‍നമ്പ്യാരൊന്നുമല്ലല്ലോ. അവര്‍ക്കും തുടങ്ങി കയ്പ്. ജമാഅത്തെ ഇസ്ലാമി വീണ്ടും വെപ്പാട്ടിപ്പുരയില്‍.
മുസ്ലിംരാഷ്ട്രീയ ശാക്തീകരണത്തിനു മാത്രമല്ല, അവരുടെ നിലനില്‍പ്പിനുതന്നെ എതിരായി ലോകം മുഴുവന്‍ വ്യാപിച്ചു പ്രവര്‍ത്തിക്കുകയാണ് ഇന്റലിജന്‍സ് ഫോഴ്സ്. അവര്‍ക്കു വിടുപണി ചെയ്യാന്‍ മടിയില്ല എന്നു സാമുദായികരാഷ്ട്രീയത്തിലെ യുവനേതാവ് വ്യക്തമാക്കുമ്പോള്‍ ഒഴുക്കിന്റെ ഗതിയറിയാന്‍ എളുപ്പമുണ്ട്. ലീഗ്-ജമാഅത്ത് ചര്‍ച്ചകള്‍ക്കെതിരേ ആദ്യം രംഗത്തുവന്നത് ഇയാളായിരുന്നു എന്ന് ഓര്‍ക്കുക. ആഭ്യന്തരകലഹങ്ങളിലെ ശക്തരായ പോരാളികളായി യുവാക്കള്‍ രംഗത്തുവരുന്നത് സമുദായത്തിന്റെ ദുര്‍ബലത പ്രകടമാക്കുന്നു. അതോടൊപ്പം സാംസ്കാരികത്തകര്‍ച്ചയും. ചേരികളും കോളനികളുമാണല്ലോ പലപ്പോഴും ശബ്ദമുഖരിതമാവാറുള്ളത്.
ഞങ്ങളോടൊപ്പം ചേരുക! അല്ലെങ്കില്‍ ശത്രുവാവുക എന്ന ശക്തിയുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ തരംതാണ നിലപാടെടുത്ത് ഉയര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്നത് അടിസ്ഥാനത്തകര്‍ച്ചകള്‍ക്കു കാരണമാവുന്നുവെന്നു തിരിച്ചറിയണം. മുസ്ലിംകള്‍ സ്വന്തം പ്രശ്നങ്ങളെക്കുറിച്ചു മാത്രമല്ല ചിന്തിക്കേണ്ടത്,         ലോകത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചാണ്. മനുഷ്യരുടെ ശത്രുക്കളില്‍ നിന്നു ലോകത്തെ വിമോചിപ്പിച്ച ചരിത്രമാണല്ലോ പ്രവാചകന്മാര്‍ക്കുള്ളത്. "നന്മ കല്‍പ്പിക്കുക, തിന്മ തടയുക'' എന്ന സാമൂഹികബാധ്യതയെ നന്മയുടെ വാഴ്ചയോളം ഉയര്‍ത്തേണ്ടവരാണല്ലോ മുസ്ലിംസമൂഹം. നാണംകെട്ട ഒഴിഞ്ഞുമാറലും സ്വയം നിന്ദയും വഴി തിന്മയുടെ കൈകള്‍ ബന്ധിക്കാനാവില്ല.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial