07 ജൂൺ 2011

ദുഷ്പ്രചാരണത്തിന്റെ ഒളിയജണ്ട

ദുഷ്പ്രചാരണത്തിന്റെ ഒളിയജണ്ട


വര്‍ഷങ്ങള്‍ക്കു മുമ്പ്, കേരളത്തിലെ പ്രധാന കുത്തകപ്പത്രത്തില്‍ സ്ഥിരമായി ഒരു വാര്‍ത്ത വരാറുണ്ടായിരുന്നു. കേരളത്തിലെ തീവ്രവാദികള്‍ക്കുള്ള ആയുധവുമായി അജ്ഞാത കപ്പല്‍ നങ്കൂരമിട്ടു എന്നായിരുന്നു വാര്‍ത്ത. മിക്കവാറും സ്വാതന്ത്യ്രദിനം, റിപബ്ളിക് ദിനം പ്രമാണിച്ചാവും കപ്പലിന്റെ വരവ്. അതു മാത്രമല്ല, മലപ്പുറം ജില്ലയുടെ തീരപ്രദേശത്താവും കപ്പല്‍ നങ്കൂരമിടുക. പക്ഷേ, കപ്പല്‍ റിപോര്‍ട്ടര്‍മാരല്ലാതെ മറ്റാരും കാണാറില്ല. ചിലപ്പോള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കപ്പല്‍ സംബന്ധിച്ച കേരള പോലിസിന്റെ 'ഇന്റലിജന്‍സ് റിപോര്‍ട്ടും' ഉണ്ടാവും. പിന്നെ കപ്പല്‍ അപ്രത്യക്ഷമാവും.
ഇത്തരം വ്യാജവാര്‍ത്തകളുടെ പ്രധാന ഉന്നം ജനങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തുകയാണ്. ബാബരി മസ്ജിദിനെതിരായി ഹിന്ദുത്വര്‍ ആവിഷ്കരിച്ച പ്രസ്ഥാനത്തിനു വേണ്ടത്ര വേരോട്ടം ലഭിക്കാത്ത സംസ്ഥാനമാണു കേരളം. അതിനു കാരണം, കേരളത്തിലെ പ്രത്യേക സാമുദായിക സമതുലനവും പുരോഗമനപ്രസ്ഥാനങ്ങളുടെ സാന്നിധ്യവുമാണ്.
നിരന്തരമായ ദുഷ്പ്രചാരണത്തിലൂടെ ഹിന്ദുത്വപരിവാരം അവരുടെ ലക്ഷ്യത്തിലേക്കടുക്കുന്നുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ സംശയം ശക്തിപ്പെടുത്തുന്നതോടൊപ്പം മുസ്ലിംകളെ ഭയപ്പെടുത്തുന്നതിലും പ്രതിരോധത്തിലേക്കു തള്ളുന്നതിലും അവര്‍ വിജയിക്കുന്നുവെന്ന സംശയം അസ്ഥാനത്തല്ല. സംഘടനകള്‍, തങ്ങളുടെ പ്രതിയോഗികളാണു തീവ്രവാദികള്‍ എന്ന് ആക്ഷേപിക്കുന്നതിനു പിന്നില്‍ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഭയമാണ്. മുസ്ലിംലീഗിനു രാഷ്ട്രീയമായി തങ്ങളെ തുണയ്ക്കാത്തവരൊക്കെ തീവ്രവാദികളാണ്. ജമാഅത്തെ ഇസ്ലാമിക്ക് തങ്ങള്‍ തീവ്രവാദികളല്ല എന്ന് അംഗീകരിച്ചുകിട്ടിയാല്‍ മതി. മഅ്ദനിയെ അനുകൂലിക്കുന്നവര്‍ ചിലപ്പോള്‍ തീവ്രവാദികളും ചിലപ്പോള്‍ മിതവാദികളുമാവും.


യഥാര്‍ഥ തീവ്രവാദം നേരിടുന്നതില്‍ രാഷ്ട്രീയ-സാമുദായിക സംഘടനകള്‍ വിമുഖരാണ്. ഗാന്ധിവധത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ബാബരി ധ്വംസനം. പള്ളി തകര്‍ക്കുമ്പോള്‍ മുസ്ലിംലീഗ് കോണ്‍ഗ്രസ്സിന്റെ കൂടെ അധികാരത്തില്‍ മയങ്ങിക്കിടക്കുകയായിരുന്നു.
സാമ്രാജ്യത്വം ലോകത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന അജണ്ടയുടെ ഒരു രീതിയാണ് കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളിലും കണ്ടുവരുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ അജിത് സാഹി പറഞ്ഞതുപോലെ, വന്‍കിട കോര്‍പറേറ്റ് കമ്പനികളാണ് ഇന്ത്യയിലെ വന്‍കിട പത്രങ്ങളെയും ചാനലുകളെയും നയിക്കുന്നത്. അതിരുവിട്ട മാധ്യമനിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരും പത്രപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും അക്കാദമികരംഗത്തെ പ്രമുഖരുമുള്‍പ്പെടുന്ന അമ്പതോളം പേര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ജുഡീഷ്യറിയെ മറികടന്നു മുസ്ലിം പ്രതികളെ വിചാരണ ചെയ്തതിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ മുസ്ലിം വിരോധം പ്രകടിപ്പിക്കുകയായിരുന്നെന്നു പ്രസ്താവനയില്‍ അവര്‍ കുറ്റപ്പെടുത്തി.
കശ്മീരില്‍ മലയാളിയുവാക്കള്‍ വെടിയേറ്റുമരിച്ചു എന്നുള്ളതിനു കേരള പോലിസിന് അതിന്റെ യഥാര്‍ഥ തെളിവു കാണിച്ചുകൊടുക്കാന്‍ ബാധ്യതയുണ്ട്. അവരുടെ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടെവിടെ? അറസ്റ്റിലായ യുവാക്കള്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെപ്പറ്റി സൂക്ഷ്മമായ അന്വേഷണം നടത്തുന്നതില്‍ അന്വേഷണ ഏജന്‍സികളും ആ പണി ഏറ്റെടുക്കുന്ന പത്രപ്രവര്‍ത്തകരും ഉല്‍സാഹം കാണിക്കാത്തതെന്താണ്? തീവ്രവാദത്തെ എതിര്‍ത്തുതോല്‍പ്പിക്കുകയെന്നതിനേക്കാള്‍ ദുഷ്പ്രചാരണത്തിനുള്ള ഒരവസരമായി ഈ സംഭവങ്ങള്‍ പൊലിപ്പിച്ചുകാണിക്കുകയാണ്. അതൊരു രാഷ്ട്രീയ അജണ്ടയാണ്.
Previous Post
Next Post
Related Posts

2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial