08 ജൂൺ 2011

രാഷ്ട്രീയത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട്?രാഷ്ട്രീയത്തെക്കുറിച്ചു പുതിയ കാഴ്ചപ്പാട്?


ഇ അബൂബക്കര്‍


സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഒരു ചരിത്രമുഹൂര്‍ത്തത്തിനു നാം സാക്ഷ്യംവഹിക്കുകയാണ്. എസ്.ഡി.പി.ഐയുടെ ആദ്യ ദേശീയ പ്രതിനിധിസമ്മേളനമാണ് ഇവിടെ നടക്കുന്നത്. 2009 ജൂണ്‍ 21നു ഡല്‍ഹിയിലെ കരോള്‍ബാഗ് ഹോട്ടല്‍ മന്ദാകിനിയില്‍ 29 പേര്‍ പങ്കെടുത്ത യോഗത്തില്‍വച്ചാണ് എസ്.ഡി.പി.ഐ ജന്മമെടുക്കുന്നത്.


പിന്നീട്, 2009 ഒക്ടോബറില്‍ ഡല്‍ഹിയില്‍, വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ നാം പാര്‍ട്ടി പ്രഖ്യാപിച്ചു. എസ്.ഡി.പി.ഐ എന്ന രാഷ്ട്രീയപ്രസ്ഥാനത്തെ രാജ്യത്തിനു സമര്‍പ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയെക്കൂടി ഇന്ത്യയിലെ രാഷ്ട്രീയപ്രസ്ഥാന വംശാവലിയിലേക്കു ചേര്‍ക്കുകയല്ല, ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു നാം; പോസിറ്റീവ് പൊളിറ്റിക്സ് എന്ന പുതിയ കാഴ്ചപ്പാട്. സ്വാതന്ത്യ്രാനന്തര ഇന്ത്യ എങ്ങനെയായിരുന്നു എന്ന വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ ഇന്ത്യ എങ്ങനെയായിരിക്കണമെന്ന കണ്െടത്തല്‍.


ഇന്ത്യക്കു സ്വാതന്ത്യ്രം നേടിയെടുക്കുന്നതില്‍ പ്രധാനമായും പങ്കുവഹിച്ച ജനവിഭാഗങ്ങള്‍ സ്വാതന്ത്യ്രത്തിനുശേഷം അധികാരത്തില്‍ നിന്നു ഗാന്ധിജിയോടൊപ്പം അകറ്റപ്പെടുന്നതാണു നാം കാണുന്നത്. മുസ്ലിംകളും പിന്നാക്കവിഭാഗങ്ങളും ദലിതുകളും അധികാരശ്രേണിയിലേക്ക് ഉയര്‍ത്തപ്പെട്ടില്ല. ഹിന്ദുക്കളിലെ പിന്നാക്കവിഭാഗങ്ങള്‍ കടുത്ത ജാതിവിവേചനങ്ങള്‍ക്കു നിരന്തരമായി ഇരയാക്കപ്പെട്ടു.


മുസ്ലിംകള്‍ ജാതിവിവേചനത്തിന് ഇരയായില്ലെങ്കിലും സാമുദായികവിവേചനത്തിന് ഇരയായി. മാത്രമല്ല, അവര്‍ ഈ രാജ്യത്തു ജീവിക്കാന്‍ കൊള്ളാത്തവരായി മുദ്രയടിക്കപ്പെട്ടു; നിരവധി വര്‍ഗീയകലാപങ്ങളിലൂടെ ജീവിതത്തില്‍നിന്നു പിഴുതെറിയപ്പെട്ടു; സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒരു നിലയ്ക്കും ഉദ്ഗതിപ്രാപിക്കാന്‍ വയ്യാത്ത സമുദായമായി പിച്ചിച്ചീന്തപ്പെട്ടു.


ഇതിനൊക്കെ കാരണമായി പറയപ്പെട്ടത് ഇന്ത്യ-പാക് വിഭജനമായിരുന്നു. ഈ വിഭജനവും വാസ്തവത്തില്‍ ഇന്ത്യന്‍ സവര്‍ണ ഭരണവര്‍ഗത്തിന്റെ ബുദ്ധിയില്‍ വിരിഞ്ഞ അജണ്ടയായിരുന്നു. ഇതൊരു വര്‍ഗീയ അജണ്ട എന്നതിനപ്പുറം സവര്‍ണ അജണ്ടയായിരുന്നു. അതുകൊണ്ടു പലപ്പോഴും വര്‍ഗീയം ഏത്, സവര്‍ണം ഏത് എന്നു തിരിച്ചറിയപ്പെട്ടില്ല; ആര്‍.എസ്.എസ് ഏത്, കോണ്‍ഗ്രസ് ഏത് എന്നു തിരിച്ചറിയാന്‍ പറ്റാത്തപോലെ.


അതോടൊപ്പം ഇരകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനുള്ള സാഹചര്യവും ഇല്ലാതാക്കിക്കൊണ്ടിരുന്നു. മുമ്പ് ദലിതുകളും മുസ്ലിംകളും യോജിച്ചുനീങ്ങുമെന്ന കാലഘട്ടം വന്നപ്പോഴാണ് ഇന്ത്യാവിഭജനം ഉണ്ടായത്. പിന്നീട് മണ്ഡല്‍ റിപോര്‍ട്ടിന്‍മേല്‍ 1980കളില്‍ വി പി സിങിന്റെ ആത്മാര്‍ഥമായ നടപടികള്‍മൂലം ഇരകളുടെ സഹകരണം ഉണ്ടാവുമെന്ന ഘട്ടം വന്നപ്പോള്‍ അയോധ്യയുടെ പേരില്‍ വീണ്ടുമൊരു വിഭജനം ഇന്ത്യന്‍ജനതയുടെ മനസ്സില്‍ സൃഷ്ടിക്കാന്‍ അവര്‍ക്കു സാധിച്ചു.


മുസ്ലിംകളുടെയും ദലിതുകളുടെയും പിന്നാക്കാവസ്ഥ പഠിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ല.
ഇതിനിടെ, 1980കളില്‍ ദലിതുകളും പിന്നാക്കക്കാരും അധികാരത്തിലേക്കു ക്രമേണ വരാന്‍ തുടങ്ങി. മുസ്ലിംകള്‍ അപ്പോഴും പടിക്കു പുറത്തുതന്നെ. മുസ്ലിം നേതൃത്വം ഒരിക്കലും അധികാരത്തില്‍ പങ്കാളിയാവുന്നതിനെക്കുറിച്ചു ചിന്തിച്ചില്ല. അധികാരികളില്‍ നിന്നു ലഭിക്കുന്നതിനെക്കുറിച്ചു മാത്രം അവര്‍ പരാതിപ്പെട്ടുകൊണ്ടിരുന്നു.


ഈയൊരു ഘട്ടത്തിലാണു മുസ്ലിം, ദലിത്, പിന്നാക്ക, പീഡിതവിഭാഗങ്ങളുടെ യോജിച്ച നീക്കത്തിന്റെ പുതിയൊരു ചിന്ത ഉദയംചെയ്യുന്നത്. ഈ ചിന്ത പക്ഷേ, ഒരിക്കലും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പുരോഗതിയെയും ഉന്നമനത്തെയും മാത്രം ലാക്കാക്കിയായിരുന്നില്ല. മറിച്ച്, രാജ്യത്തിന്റെയും മുഴുവന്‍ ജനങ്ങളുടെയും പുരോഗതി ലക്ഷ്യംവച്ചായിരുന്നു; അധികാരവും ഭരണവും ഏതെങ്കിലും ഒരു വിഭാഗത്തില്‍ പരിമിതപ്പെടുന്നതിനു പകരം എല്ലാവരും ഭരണാധികാരികളാവുക എന്ന ലക്ഷ്യത്തോടെയായിരുന്നു.


ഇതാണ് എസ്.ഡി.പി.ഐ എന്ന ചെറിയ പ്രായമുള്ള പ്രസ്ഥാനം ഇന്ത്യന്‍ ജനതയ്ക്കു നല്‍കിയത്. നമ്മുടെ പാര്‍ട്ടി ചെറുതാണെങ്കിലും നമ്മുടെ കര്‍ത്തവ്യം ഇവിടെ വലുതാണ്. ഈ രാജ്യത്തോളം വലുതാവേണ്ടവരാണു നാം. രാജ്യത്തെ അതിന്റെ അടിസ്ഥാനസിദ്ധാന്തങ്ങളിലേക്കു തിരിച്ചുകൊണ്ടുവരുക എന്നതാണു നമ്മുടെ പ്രധാന ബാധ്യത.


ഇന്ത്യയുടെ സ്വഭാവം നിര്‍ണയിക്കുന്നതു മതേതരത്വമാണ്. ഇതു നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. മറ്റൊന്ന് ജനാധിപത്യം. അടിസ്ഥാന-യഥാര്‍ഥ ജനാധിപത്യത്തില്‍ നിന്ന് ഇന്ന് ഇന്ത്യ അകന്നുപോയിരിക്കുന്നു. മൂന്നാമത്തേത്, ജനക്ഷേമത്തിനു മുന്‍ഗണന നല്‍കുന്ന ഒരു സാമ്പത്തികനീതിയാണ്. അതിന്നു കുത്തകകളുടെ കൈകളില്‍ അകപ്പെട്ടിരിക്കുന്നു. ഈ മൂന്ന് അടിസ്ഥാന സങ്കല്‍പ്പങ്ങളിലേക്കും നാം തിരികെ നടക്കണം; രാജ്യത്തെ മുഴുവന്‍ വ്യവസ്ഥിതിയെയും തിരികെ നടത്തണം.
ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയില്‍ നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളെ വിലയിരുത്തുകയും അവയും എസ്.ഡി.പി.ഐയും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം മനസ്സിലാക്കുകയും വേണം. മുഖ്യധാരാ ദേശീയപാര്‍ട്ടികള്‍ പ്രതിലോമചിന്തകളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളാണ്. അവ വര്‍ഗീയങ്ങളോ മുതലാളിത്തത്തിന്റെ വൈതാളികരോ ആണ്; ജനവിരുദ്ധരാണ്; കുടുംബ പാര്‍ട്ടികളാണ്; സവര്‍ണ നേതൃത്വമാണ്; അഴിമതിയില്‍ മുങ്ങിയവരാണ്. ഇതേ ഗുണങ്ങള്‍ തന്നെ തങ്ങളുടെ ഭൂമിശാസ്ത്രപരിധിയില്‍ ഉള്‍ക്കൊള്ളുന്നവയാണു പ്രാദേശിക പാര്‍ട്ടികള്‍. ദലിതന്റെയും പിന്നാക്കക്കാരന്റെയും പാര്‍ട്ടികളുടെ നേതൃത്വം സവര്‍ണരായിരിക്കില്ല എങ്കിലും സ്വഭാവവും രീതിയും സവര്‍ണമായിരിക്കും. മുസ്ലിം പാര്‍ട്ടികള്‍ അഴിമതിയിലും ഉള്‍പ്പാര്‍ട്ടിജനാധിപത്യത്തിലും ഒരേ നിലപാടു പുലര്‍ത്തുന്നവരാണ്. കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള പാര്‍ട്ടികളാണെല്ലാം. കേരളത്തിലെ മുസ്ലിംലീഗ്, അസമിലെ എ.യു.ഡി.എഫ്, ഹൈദരാബാദിലെ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ തുടങ്ങി എല്ലാം ഒരുപോലെ. മാത്രമല്ല, അവര്‍ മുസ്ലിംസമുദായത്തെ ഒരിക്കലും തങ്ങളുടെ നിയോജകമണ്ഡലമായി അംഗീകരിച്ചിട്ടില്ല. അവരുടെ നിയോജകമണ്ഡലം എപ്പോഴും സ്വന്തം താല്‍പ്പര്യങ്ങളോ കുടുംബതാല്‍പ്പര്യങ്ങളോ ആണ്.


എസ്.ഡി.പി.ഐ ഇന്ത്യന്‍ മുസ്ലിംകളെയും ദലിത് ആദിവാസികളെയും ഉള്‍ക്കൊള്ളാന്‍ ത ക്ക ആശയവിശാലതയുള്ള പാര്‍ട്ടിയാണ്. ഈ ആശയവിശാലതയില്‍ ഇന്ത്യന്‍ ജനത മുഴുവനും ഉള്‍ക്കൊള്ളുന്നു; അവരുടെ രാഷ്ട്രീയവും വിദ്യാഭ്യാസവും സാമ്പത്തികവ്യവസ്ഥയും പരിസ്ഥിതിയും എല്ലാം. നാം പുതിയൊരു ഭൂമിശാസ്ത്രത്തിന്റെ സംരചനയിലാണ്. നമ്മുടെ പുതിയ ഭൂമിശാസ്ത്രത്തിന് അതിരുകളുണ്ട്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖും പാഴ്സിയും ആദിവാസിയും ദലിതനും മുഴുവന്‍ ഇന്ത്യക്കാരനുമാണ് അതിന്റെ അതിരുകള്‍.
അതില്‍നിന്നാണു നാം പുതിയൊരു ചരിത്രം രചിക്കാന്‍ പോവുന്നത്. സംശയമില്ല; ഇതൊരു ചരിത്രദൌത്യം തന്നെയാണ്.
ഈ ചരിത്രരചനയ്ക്കായുള്ള സജ്ജീകരണം നമുക്കുണ്േടായെന്നു പരിശോധിക്കണം. 21 സംസ്ഥാനങ്ങളില്‍ എസ്.ഡി.പി.ഐക്ക് പ്രവര്‍ത്തകരുണ്ട്; 11 സംസ്ഥാനങ്ങളില്‍ സംസ്ഥാന കമ്മിറ്റികളും. പക്ഷേ, നമുക്കു വേഗം പോരാ.


രാഷ്ട്രീയത്തില്‍ വേഗമാണു പ്രധാനം. തീര്‍ച്ചയായും പരിമിതികളുണ്ട്. നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാഷ്ട്രീയത്തിന്റെ പുതിയ കാഴ്ചപ്പാട് അവതരിപ്പിച്ചു രംഗത്തുവന്ന പ്രസ്ഥാനമാണ്. മറ്റു പാര്‍ട്ടികളില്‍നിന്നു പിളര്‍ന്നുമാറി അമീബ പിളരുംപോലെ വളര്‍ന്ന പ്രസ്ഥാനമല്ല. 120 കോടി ജനങ്ങളിലെ ഒന്നാമത്തെയാളില്‍ നിന്നു തുടങ്ങിയ പ്രസ്ഥാനം. നമുക്കു മുന്‍ഗാമികളില്ല; മാതൃകയുമില്ല. പുതിയ ഭൂമി, പുതിയ ആകാശം, പുതിയ ഭൂമികയും.
ക്ളീന്‍ സ്ളേറ്റില്‍ നാം അക്ഷരമാല എഴുതിത്തുടങ്ങുകയാണ്. നേരത്തേയുള്ള ഏടുകള്‍ കീറിയെടുത്തതല്ല. എന്നാല്‍, പീഡിതജനവിഭാഗത്തിന്റെ കുതിപ്പിന്റെ ആയിരം കുതിരശക്തി നമ്മുടെ ഉള്ളടക്കമാണെന്നു നാമറിയണം.
ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി ഓര്‍മിപ്പിച്ച് അവസാനിപ്പിക്കാം. നമുക്ക് എതിര്‍പ്പുകളും ധാരാളമാണ്. മതേതരവാദികളും വര്‍ഗീയവാദികളും നമ്മെ എതിര്‍ക്കുന്നു. ദലിത് ഭരണകൂടവും മുസ്ലിം രാഷ്ട്രീയ-മതശക്തികളും നമ്മെ എതിര്‍ക്കുന്നു. ബി.ജെ.പിയും കമ്മ്യൂണിസ്റുകളും നമുക്കെതിരേ നീങ്ങുന്നു. കേരളത്തില്‍ ചെറിയൊരു സംഭവം നടന്നപ്പോള്‍ അതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ നൂറിലധികം ഓഫിസുകള്‍ റെയ്ഡ് നടത്തി. നേതാക്കന്മാരെ ഭീഷണിപ്പെടുത്തി കമ്മ്യൂണിസ്റ് ഗവണ്‍മെന്റ്. നമ്മുടെ നിരവധി സഹോദരന്മാര്‍ വര്‍ഗീയവാദികളായ ആര്‍.എസ്.എസുകാരാല്‍ വേട്ടയാടപ്പെട്ടു. എന്നാല്‍, വര്‍ഗീയവാദികളായ ആര്‍.എസ്.എസുകാരന്റെ ദംഷ്ട്രകളില്‍ ഒതുങ്ങുന്നതോ കമ്മ്യൂണിസ്റുകള്‍ നെയ്ത വലകളില്‍ കുരുങ്ങുന്നതോ ആയിരുന്നില്ല, മുന്നേറ്റത്തെ ബീജത്തില്‍ തന്നെ ആവാഹിച്ച ഈ പാര്‍ട്ടി.


സുഹൃത്തുക്കളേ, എന്തുകൊണ്ടാണ് ഈ എതിര്‍പ്പ്? ഇവിടെയുള്ള മുഴുവന്‍ പാര്‍ട്ടികളും ചെറുതും വലുതും ഇടതും വലതുമെല്ലാം ഒരേ നക്ഷത്രത്തില്‍ ജനിച്ച പാര്‍ട്ടികളാണ്. എന്നാല്‍, എസ്.ഡി.പി.ഐ വേറിട്ടുനില്‍ക്കുന്ന ഒരു നക്ഷത്രം തന്നെയാണ്. മുഖ്യധാരയില്‍ നിന്നു മാറിനിന്നു രാജാവിന്റെ നഗ്നത ചൂണ്ടിക്കാണിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയിലെ ധീരതയാണ് ഈ പാര്‍ട്ടി; 'അതിലേയല്ല, ഇതിലേ' എന്നു പറയുന്നവരുടെ ധീരത. ഇവര്‍ക്ക് എന്നും ചരിത്രത്തിന്റെ ഏതു ഘട്ടത്തിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ചരിത്രം അവരുടേതായിരുന്നു.
ഒരു ജനതയുടെ പുരാതനമായ അടിമത്തത്തിനടിയില്‍ നിന്നു വേദനിക്കുന്നവരുടെ ഒരു ക്ഷുഭിതസംഘം രാഷ്ട്രീയം ചെയ്യുന്ന ഒരു പ്രസ്ഥാനമായി ജനിച്ചുയരുമെന്നു വിശ്വസിക്കാന്‍ മടിക്കുന്നവരുടെ എതിര്‍പ്പ് പക്ഷേ, നമുക്ക് അവഗണിക്കാം. എന്നാല്‍, ഓര്‍മയിലിരിക്കട്ടെ, ഈ അവഗണനയ്ക്കു വലിയ വിലകൊടുക്കേണ്ടിവരും. അതിനും നാം തയ്യാറാണ്.
എസ്.ഡി.പി.ഐ ഒരു പാര്‍ട്ടിയല്ല; ലക്ഷ്യമാണ്. നാം അറിയുന്ന, നമ്മെ അറിയുന്ന ഭൂമിയില്‍, ജനങ്ങളുടെ വേദനയില്‍ നിന്നു പിറവിയെടുത്ത അവരുടെ മനസ്സാക്ഷിയാണ് എസ്.ഡി.പി.ഐ.
അതിനു മാത്രമേ ജനങ്ങളെ യഥാര്‍ഥത്തില്‍ പ്രതിനിധാനം ചെയ്യാന്‍ കഴിയുകയുള്ളൂ. ഞാന്‍ പറഞ്ഞല്ലോ; നാം നമ്മുടെ രാജ്യത്തിനു പുതിയൊരു ഭൂമിശാസ്ത്രം രചിക്കുകയാണ്. അതില്‍ നിന്ന് ഒരു ചരിത്രവും. അതില്‍ നാം വിജയിക്കുക തന്നെ ചെയ്യും. ഭാവിക്കുവേണ്ടിയുള്ള വര്‍ത്തമാനകാലത്തിന്റെ സമര്‍പ്പണമാണിത്.
നിങ്ങള്‍ക്കു നന്ദി- ദൈവത്തിനു സ്തുതി. ജയ്ഹിന്ദ്


(എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷനായ ലേഖകന്‍, ബാംഗ്ളൂരില്‍ ചേര്‍ന്ന ദേശീയ പ്രതിനിധിസമ്മേളനത്തില്‍ ചെയ്ത പ്രസംഗം.)


ഈ പോസ്റ്റ്‌ താങ്കള്‍ക്കു  ഇഷ്ടമായങ്കില്‍ താഴെ കാണുന്ന  ലൈക്‌ (Like) ക്ലിക്ക് ചെയ്യൂ..

2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial