13 ജൂൺ 2011

മക്കാവിജയം: മാപ്പും നടപടിയും



മക്കാവിജയം: മാപ്പും നടപടിയും 


അബൂസുഫ്യാന്‍, സുഹൈല്‍ ഇബ്നു അംറ് തുടങ്ങി ശത്രുനേതാക്കളും കൊടിയ ദ്രോഹികളുമായിരുന്ന എല്ലാ മക്കക്കാര്‍ക്കും പ്രവാചകന്‍ മക്കാവിജയനാളില്‍ നിരുപാധികം മാപ്പുകൊടുത്തുവെന്നാണ് പൊതുവേ പ്രചരിപ്പിക്കപ്പെടുന്നത്. അസഹ്യമായ ശത്രുത കാരണം എട്ടു വര്‍ഷംമുമ്പു തനിക്ക് ഉപേക്ഷിക്കേണ്ടിവന്ന ജന്മനാട്ടിലേക്കു വിജയശ്രീലാളിതനായി തിരിച്ചുവരാന്‍ കഴിഞ്ഞതിലും യുദ്ധം ഇല്ലാതെ തന്നെ ജന്മഭൂമി കീഴടങ്ങിയതിലും പ്രവാചകനും അനുയായികളും അതീവ സന്തുഷ്ടരായിരുന്നു. ഏതു മുന്നേറ്റങ്ങളുടെ കാര്യത്തിലും വിശ്വാസികള്‍ ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്: സത്യവും അസത്യവും തമ്മില്‍ നടക്കുന്ന സമരത്തില്‍ പോരാട്ടം, സമാധാനം, വിജയപരാജയങ്ങള്‍ തുടങ്ങിയ ഘട്ടങ്ങള്‍ വിശ്വാസികള്‍ സ്വയം തീരുമാനിക്കുന്നതല്ല, അല്ലാഹുവാണ് അവ തീരുമാനിക്കുന്നത്.


ഖുര്‍ആന്‍ ഈ തത്ത്വത്തിന് അടിവരയിടുന്നുണ്ട് (8: 17). ഹിജ്റ എട്ടാം വര്‍ഷം നടന്ന മക്കാവിജയമുന്നേറ്റത്തില്‍ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്താതെ തന്നെ മുസ്ലിംകള്‍ വന്‍വിജയം നേടിയതു പ്രവാചകന്റെയോ വിശ്വാസികളുടെയോ സ്വന്തം നിലയ്ക്കുള്ള തീരുമാനമായിരുന്നില്ല. അല്ലാഹുവിന്റെ തീരുമാനമായിരുന്നു (വി. ഖു. 48: 24). പ്രവാചകനോടു കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന സുഹൈല്‍ ഇബ്നു അംറ് അടക്കമുള്ള ശത്രുനേതാക്കള്‍ക്കെതിരേ അന്നു നടപടിയുണ്ടാവുമെന്നു കരുതിയ ചില അനുചരന്മാര്‍ ആവേശപൂര്‍വം പോരാട്ടവീര്യം കാണിച്ചപ്പോള്‍ പ്രവാചകന്‍ അവരെ തിരുത്തി. ബദ്റില്‍ പോരാട്ടം അനിവാര്യമാണെന്നു കാര്യകാരണസഹിതം വ്യക്തമാക്കിയ (വി. ഖു: 8: 4-8) അല്ലാഹു തന്നെയാണ് മക്കാവിജയനാളില്‍ പോരാട്ടം ആവശ്യമില്ല എന്നു തീരുമാനിക്കുന്നത്.


മക്ക കീഴടക്കാന്‍ വേണ്ടി വന്‍സന്നാഹത്തോടെ പ്രവാചകനും കൂട്ടരും പുറപ്പെടുന്നതിനു രണ്ടുവര്‍ഷംമുമ്പ് വിഭവദാരിദ്യ്രത്തിനും ഒരുക്കമില്ലായ്മയ്ക്കും മധ്യേ, സത്യത്തില്‍ ഉറച്ചുനിന്ന് അസത്യത്തിനെതിരേ മരണംവരെ പോരാടാന്‍ തയ്യാറാണെന്നു മരച്ചുവട്ടില്‍ വച്ചു പ്രവാചകന്‍ വിശ്വാസികളുടെ പ്രതിജ്ഞ വാങ്ങി സന്നദ്ധത ഉറപ്പുവരുത്തിയിട്ടുണ്ട്. അല്ലാഹു ഏറെ ഇഷ്ടപ്പെട്ട (വി. ഖു: 48: 18) ആ മരണപ്രതിജ്ഞയുടെ ഫലമായാണു ഹുദൈബിയാസന്ധി പോലും ഉണ്ടാവുന്നത്. വിശ്വാസികളുടെ സന്നദ്ധതയില്‍ സംപ്രീതനായ അല്ലാഹു, ശത്രുവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി മക്കയിലെ വിജയവും അതിനപ്പുറം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുനീണ്ട അനന്തമായ വിജയസാധ്യതയും അവര്‍ക്കുമുമ്പില്‍ തുറന്നിട്ടു. പിന്നീടങ്ങോട്ടുനടന്ന ഇസ്ലാമിന്റെ ജൈത്രയാത്രയ്ക്കു ചരിത്രം സാക്ഷി.
ഇക്കാര്യങ്ങളെല്ലാം 'ഫത്ഹ്' എന്ന അധ്യായത്തില്‍ പ്രതിപാദിക്കുന്നുണ്ട്.


ഇനി, മക്കാവിജയദിനത്തിലെ ചില യാഥാര്‍ഥ്യങ്ങള്‍ പരിശോധിക്കാം. പ്രവാചകന്റെ നേതൃത്വത്തിലുള്ള മുസ്ലിംസൈന്യത്തിന്റെ വന്‍സന്നാഹം കണ്ട അബൂസുഫിയാന്‍ ഹറമിന്റെ പരിസരത്തു പ്രവാചകന്‍ എത്തുന്നതിനുമുമ്പുതന്നെ ഇസ്ലാം സ്വീകരിച്ചിരുന്നു. മക്കയില്‍ പ്രവാചകന്‍ പ്രവേശിക്കുന്നതിനുമുമ്പ്, പ്രവാചകന്റെ പിതൃവ്യന്‍ അബ്ബാസ് (റ) അബൂസുഫ്യാനെ പ്രവാചകന്റെ സന്നിധിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നുനടന്ന സംഭാഷണത്തിലെ ഒരു ഭാഗം ഇങ്ങനെ: പ്രവാചകന്‍: "നാശം! അബൂ സുഫ്യാന്‍, ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് അംഗീകരിക്കാന്‍ താങ്കള്‍ക്കു സമയമായില്ലേ?''
അബൂസുഫ്യാന്‍: "താങ്കള്‍ മാന്യനും ഉദാരനും ഉത്തമനുമാണ്. പക്ഷേ, ഇക്കാര്യത്തില്‍ എനിക്കു ചില സംശയങ്ങള്‍ ഇനിയുമുണ്ട്.'' അപ്പോള്‍ അബ്ബാസ് (റ) ഇടയ്ക്കുകയറി പറഞ്ഞു: "അബൂസുഫ്യാന്‍, അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കൂ, ശിരസ്സ് ഛേദിക്കപ്പെടും മുമ്പ്.'' അതോടെ അദ്ദേഹം മുസ്ലിമായി (സ്വഫിയ്യ് റഹ്മാന്‍ മുബാറക്പുരി, മുഹമ്മദ് (സ) ജീവചരിത്രസംഗ്രഹം). പിന്നീടാണ്, അബൂസുഫ്യാന്റെ വീട്ടില്‍ അഭയം പ്രാപിച്ചവര്‍ സുരക്ഷിതരാണെന്ന പ്രവാചകന്റെ പ്രഖ്യാപനമുണ്ടാവുന്നത്.


 ഇസ്ലാം സ്വീകരിച്ചശേഷം അബൂസുഫ്യാന്‍ ഖുറൈശികളുടെയടുക്കല്‍ വന്നു തന്റെ മാറ്റത്തെക്കുറിച്ചു പറയുകയും അതേ പാത പിന്തുടരാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഖുറൈശികളില്‍ നിരാശരായ ചിലര്‍ അബൂസുഫ്യാനെ ചീത്തവിളിച്ചു. മറ്റുചിലര്‍ യാഥാര്‍ഥ്യബോധം ഉള്‍ക്കൊള്ളുകയും അവരുടെ പ്രേരണയാല്‍ ഖുറൈശികള്‍ പ്രവാചകനു കീഴടങ്ങാന്‍ തീരുമാനിച്ചു ഹറമില്‍ ഒത്തുകൂടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹറമില്‍ പ്രവേശിച്ചു കഅ്ബയെ പ്രദക്ഷിണം ചെയ്ത്, അല്ലാഹുവിന്റെ ഭവനത്തെ വികൃതമാക്കിയ വിഗ്രഹങ്ങള്‍ തട്ടിനീക്കിയ ശേഷം പ്രവാചകന്‍ അവിടെ കൂടിയ ഖുറൈശികളോടു ചോദിക്കുന്നത്: "നിങ്ങളെ ഞാന്‍ എന്തു ചെയ്യുമെന്നാണു കരുതുന്നത്?'' അപ്പോള്‍ ഖുറൈശികള്‍ക്കുവേണ്ടി സുഹൈല്‍ ഇബ്നു അംറ് ആണു സംസാരിച്ചത്: "മാന്യസഹോദരനും മാന്യന്റെ പുത്രനുമായ അങ്ങയില്‍നിന്നു നന്മ മാത്രമാണു പ്രതീക്ഷിക്കുന്നത്.'' കേവലം രണ്ടുവര്‍ഷത്തിനപ്പുറം ഹുദൈബിയാസന്ധി സമയത്തു നിഷേധികള്‍ക്കുവേണ്ടി വീറോടെ വാദിച്ച അതേ സുഹൈല്‍ ആണിതു പറയുന്നത്. അപ്പോഴാണു പ്രവാചകന്‍, "ഇന്നു നിങ്ങള്‍ക്കുമേല്‍ നടപടിയില്ല, നിങ്ങളെല്ലാം പൊയ്ക്കോളൂ, നിങ്ങള്‍ സ്വതന്ത്രരാണ്'' എന്നു പൊതുമാപ്പു പ്രഖ്യാപിക്കുന്നത്. ശത്രുക്കള്‍ സമാധാനത്തിനു തയ്യാറായാല്‍ നിങ്ങളും സമാധാനമുണ്ടാക്കി കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക എന്ന ഖുര്‍ആനികനിര്‍ദേശത്തിന്റെ (8: 61) പ്രായോഗികരൂപം പ്രവാചകന്‍ തന്നെയല്ലേ കാണിച്ചുതരുക? അത്രയും കാലം പ്രവാചകനെതിരേ ഉപയോഗിച്ചിരുന്ന തന്റെ വാഗ്വൈഭവം അന്നു സുഹൈല്‍ പ്രയോഗിച്ചതു കീഴടങ്ങല്‍ പ്രഖ്യാപിക്കാനായിരുന്നുവെന്നതു ശ്രദ്ധിക്കുക. ഇസ്ലാം സ്വീകരിച്ച സുഹൈല്‍ പിന്നീടുനടന്ന എല്ലാ സമരങ്ങളിലും സജീവമായി. അദ്ദേഹം സാഹോദര്യത്തിനും അര്‍പ്പണത്തിനും ഉദാഹരിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ യര്‍മുക്ക് യുദ്ധത്തില്‍ വച്ചു രക്തസാക്ഷിയായതു ചരിത്രത്തിന്റെ ബാക്കിപത്രം.


മക്കാവിജയം സംബന്ധിച്ചു ചരിത്രത്തിന്റെ വിശദാംശങ്ങളില്‍ ഇങ്ങനെ കാണാം: മുമ്പ്, തന്നെ ദ്രോഹിച്ച മക്കക്കാര്‍ക്കു പ്രവാചകന്‍ അന്നു പൊതുമാപ്പു കൊടുത്തപ്പോഴും ഇസ്ലാമിനും പ്രവാചകനുമെതിരേ വലിയ ദ്രോഹം ചെയ്ത ചിലരെ മാറ്റിനിര്‍ത്തി ശിക്ഷാനടപടി എടുത്തിട്ടുണ്ട്. നടപടിക്കായി മാറ്റിനിര്‍ത്തിയ ചിലരെ വധശിക്ഷയ്ക്കു വിധിച്ചു- അവര്‍ എത്രപേരുണ്ടായിരുന്നുവെന്നതില്‍ വിവിധ ചരിത്രകാരന്മാരും മുഹദ്ദിസുകളും വ്യത്യസ്ത അഭിപ്രായക്കാരാണ്. കഅ്ബയുടെ ഖില്ലയില്‍ പിടിച്ചുതൂങ്ങി നില്‍ക്കുന്നതു കണ്ടാല്‍ പോലും അവരെ വിട്ടേക്കരുതെന്നു പ്രവാചകന്‍ (സ) കല്‍പ്പന കൊടുത്തു.
രക്തച്ചൊരിച്ചില്‍ നിഷിദ്ധമായ ഹറമില്‍ വച്ചുതന്നെ അവരില്‍ ചിലരുടെ ശിക്ഷ നടപ്പായി. ഏറ്റുമുട്ടല്‍ നിഷിദ്ധമായ മസ്ജിദുല്‍ ഹറമില്‍ വച്ചു ശത്രുവിനെ നേരിടേണ്ടിവന്നാല്‍ അങ്ങനെ ചെയ്യാന്‍ അല്ലാഹു മുമ്പേ അനുവാദം കൊടുത്തിരുന്നു (വി. ഖു: 2: 191).


ഇബ്നുഖത്തല്‍ എന്നയാളും അയാളുടെ രണ്ടു പരിചാരികമാരും (ഫര്‍താന, ഖുര്‍തീബ എന്നാണവരുടെ പേരുകള്‍) അവരില്‍പ്പെട്ടവരാണ്. ഇബ്നുഖത്തല്‍ പ്രവാചകനെ അധിക്ഷേപിച്ചു രചിക്കുന്ന പാട്ടുകള്‍ രണ്ടു പെണ്ണുങ്ങളും പാടിനടന്നു. അയാളും ഫര്‍താന എന്ന പരിചാരികയും ഹറമിന്റെ പരിസരത്തുവച്ചു വധിക്കപ്പെട്ടു. കഅ്ബയുടെ ഖില്ലയില്‍ പിടിച്ചുതൂങ്ങിനിന്നതുകൊണ്ട് ഇബ്നുഖത്തല്‍ രക്ഷപ്പെട്ടില്ല. ഖുര്‍തീബ ഇസ്ലാം സ്വീകരിച്ചതു കാരണം അവരെ വിട്ടയച്ചു. പ്രവാചകനെ നിന്ദിച്ചുള്ള കവിതകള്‍ രചിച്ചിരുന്ന ഹുവൈരിസാണ് അന്നു വധിക്കപ്പെട്ട മറ്റൊരാള്‍. പ്രവാചകപുത്രി സൈനബ് മക്കയില്‍ നിന്നു മദീനയിലേക്കു പലായനം ചെയ്യുമ്പോള്‍ അവരെ ആക്രമിക്കുന്നതിനു നേതൃത്വം കൊടുത്തത് ഇയാളായിരുന്നു. മിഖിയസ്ബ്നു സുബബ, ഹാരിസ്ബ്നു ത്വലാത്വല്‍ എന്നീ പ്രവാചകനിന്ദകരും അന്നു വധിക്കപ്പെട്ടു. നടപടിക്കു വിധിക്കപ്പെട്ട ഹുബൈറ മുഖ്സൂമി എന്ന ആക്ഷേപകവി ഓടിരക്ഷപ്പെട്ടതായും ചരിത്രത്തിലുണ്ട് (ഉദാ: അല്‍ബിദായ വന്നിഹായ).


വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന അബ്ദുല്ല ഇബ്നു അബീസര്‍ഹാ അദ്ഭുതകരമായാണു രക്ഷപ്പെട്ടത്. തന്റെ സ്നേഹിതന്‍ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ സുരക്ഷിതവലയത്തില്‍ പ്രവാചകസന്നിധിയിലെത്തി അദ്ദേഹം മാപ്പപേക്ഷിച്ച് അനുസരണപ്രതിജ്ഞയ്ക്കു കൈനീട്ടി. മൂന്നുപ്രാവശ്യം അയാളെ അവഗണിച്ച പ്രവാചകന്‍ നാലാമത്തെ തവണ അനുസരണപ്രതിജ്ഞ കൊടുത്തു. ശേഷം, അവിടെ കൂടിയവരോടായി ഇങ്ങനെ ചോദിച്ചുവത്രേ: "നിങ്ങളിലാര്‍ക്കും വിവേകമില്ലേ? ഞാന്‍ ഇയാള്‍ക്കു കൈകൊടുക്കാന്‍ വിസമ്മതിച്ചതു മൂന്നുതവണ കണ്ടിട്ടും നിങ്ങളിലാരും എന്തേ അയാളെ വധിച്ചില്ല?'' "താങ്കളുടെ മനസ്സിലുള്ളത് ഞങ്ങള്‍ക്കു മനസ്സിലായിരുന്നില്ല, കണ്ണുകൊണ്െടങ്കിലും ഒരു സൂചന തന്നുകൂടായിരുന്നോ'' എന്ന് അനുചരരില്‍ ആരോ ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി, "അങ്ങനെ ചെയ്യല്‍ പ്രവാചകനു യോജിച്ചതല്ലാത്തതുകൊണ്ടാണ്'' എന്നായിരുന്നു. അബൂദാവൂദ് നിവേദനം ചെയ്ത ഹദീസില്‍ പ്രസിദ്ധ സഹാബി സഅദ്ബിന്‍ അബീവഖാസ്          ഈ സംഭവം വിശദീകരിക്കുന്നുണ്ട്.


മക്കാവിജയനാളില്‍ ശിക്ഷാനടപടിക്കു വിധേയരായ എല്ലാവരും പ്രവാചകനിന്ദകരായിരുന്നുവെന്നതു ശ്രദ്ധേയമാണ്. അവരില്‍ ചിലര്‍ ഇസ്ലാം സ്വീകരിച്ചതുകാരണം പ്രവാചകന്‍ മാപ്പുനല്‍കുകയാണുണ്ടായത്. പിന്നീടു പ്രവാചകന്റെ കവിയായിമാറിയ കഅബ്ബിനു സുഹൈര്‍ അവരില്‍പ്പെടും. ആനുഷംഗികമായി ഒന്നുരണ്ടു സംഭവങ്ങള്‍ കുറിക്കട്ടേ, 'അന്നത്തെ കോടതി കഅബ് ബിന്‍ സുഹൈറിനെ വധശിക്ഷയ്ക്കു വിധിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിനു മാപ്പുകൊടുത്തു' എന്നായിരുന്നു ഈയിടെ ഒരു ചര്‍ച്ചയില്‍ നമ്മുടെ ചാനല്‍ ഡോക്ടര്‍ തട്ടിവിട്ടത്. ഇതു കേട്ടാല്‍ തോന്നും, ഏതോ കോടതി ശിക്ഷ വിധിച്ചതിന്റെ ദയാഹരജി പ്രവാചകന്റെ സന്നിധിയിലെത്തിയതാണെന്ന്. കഅബ് ബിന്‍ സുഹൈറിനെ പ്രവാചകന്‍ വധശിക്ഷയ്ക്കു വിധിച്ചശേഷം പിന്നീട് ഒരിക്കല്‍ അദ്ദേഹം മറ്റുള്ളവര്‍ തിരിച്ചറിയാത്തവിധം പ്രവാചകസന്നിധിയില്‍ വന്നു സ്തുതിഗീതങ്ങളിലൂടെ മാപ്പുതേടി സത്യസാക്ഷ്യം പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകന്‍ മാപ്പാക്കുകയും അദ്ദേഹത്തെ ആദരിച്ചു തന്റെ ശരീരത്തിലെ ഉത്തരീയം കഅബിനെ അണിയിക്കുകയും ചെയ്തത്. ആ സ്തുതിഗീതങ്ങള്‍ 'ഖസ്വീദതുല്‍ ബുര്‍ദ' എന്നപേരില്‍ ക്ളാസിക്കല്‍ അറബിസാഹിത്യത്തില്‍ തിളങ്ങിനില്‍ക്കുന്നു. കഅബ് ബിന്‍ അശ്റഫും കഅബ് ബിന്‍ സുഹൈറും ഒരാളാണെന്നു പ്രബോധനത്തിനായി സ്വയം ഉഴിഞ്ഞുവച്ച ഒരാള്‍ വീറോടെ വാദിക്കുന്നതു കേട്ടപ്പോള്‍ വിവരത്തിന്റെ ആഴം വ്യക്തമായി. സാറ എന്ന കവയത്രി, പ്രവാചകന്റെ പിതൃവ്യനായ ഹംസയുടെ ഘാതകന്‍ വഹ്ശി, ഹംസയുടെ കരള്‍ ഉഹ്ദ് യുദ്ധദിവസം ചവച്ചുതുപ്പിയ ഹിന്ദ് ബിന്‍ത് ഉത്ബ എന്നിവരും അന്നു ശിക്ഷാനടപടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അവരെല്ലാം ഇസ്ലാം സ്വീകരിച്ചിരുന്നു. ചുരുക്കത്തില്‍, സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയോ ശത്രുത അവസാനിപ്പിച്ചു പൂര്‍ണമായി കീഴടങ്ങുകയോ ചെയ്തവര്‍ക്കു മാത്രമേ മക്കാവിജയനാളില്‍ പ്രവാചകന്‍ മാപ്പുകൊടുത്തിട്ടുള്ളൂ എന്നതാണു സത്യം.


മക്കാവിജയദിനത്തിലെ ഈ യാഥാര്‍ഥ്യങ്ങള്‍ പുതിയ സാഹചര്യത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിലോമപ്രചാരത്തിനു കാലവും സ്ഥലവും മാത്രമല്ല, പ്രവാചകന്‍ പോലും മാറിയിട്ടുണ്ട്. ഇപ്പോള്‍ ചിലര്‍ കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നതു യൂസുഫ്നബിയെ ആണ്. ചെറുപ്പത്തില്‍ തന്നോടു ക്രൂരത കാണിച്ച കൂടപ്പിറപ്പുകള്‍ക്ക്, പിന്നീടു ഭരണാധികാരിയായി മാറിയ യൂസുഫ് മാപ്പു നല്‍കിയില്ലേ എന്നാണ് അതുമായി യാതൊരു സാമ്യവുമില്ലാത്ത പ്രവാചകനിന്ദയെ നിസ്സാരവല്‍ക്കരിക്കാനായി ഉന്നയിക്കുന്ന ചോദ്യം. കുറച്ചുമുമ്പ് കൊണ്ടുപിടിച്ചു പ്രചരിപ്പിച്ചിരുന്ന മക്കാ കാലഘട്ടവാദം ഏല്‍ക്കാതായപ്പോള്‍ മൂവായിരം വര്‍ഷങ്ങള്‍ക്കപ്പുറം ഈജിപ്തിലെ മൂസ (അ)യുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ മുസ്ലിംസാഹചര്യത്തിന്റെ കുറ്റികെട്ടാന്‍ ശ്രമിച്ചപോലെ മറ്റൊരു പ്രചാരവേല.


വിഷമൂട്ടിയ ജൂതസ്ത്രീ
പ്രവാചകനെ വിഷമൂട്ടി കൊല്ലാന്‍ ശ്രമിച്ച സൈനബ് (ജൂതനേതാവ് സലാമുബ്നു മിശ്കിന്റെ ഭാര്യ) ഖൈബര്‍യുദ്ധത്തില്‍ വധിക്കപ്പെട്ട തന്റെ ബന്ധുക്കള്‍ക്കുവേണ്ടി, അന്നത്തെ ജൂതനേതാക്കളുടെ അറിവോടെ പ്രതികാരം ചെയ്തതായിരുന്നുവെന്നു ചില പ്രവാചകചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഖൈബര്‍ യുദ്ധത്തിന്റെ ഉടനെ മദീനയിലേക്കു പ്രവാചകനും കൂട്ടരും മടങ്ങുന്നതിനു മുമ്പാണീ സംഭവം നടക്കുന്നത്. തികച്ചും സൌഹൃദഭാവത്തോടെ പ്രവാചകന്‍ ഇഷ്ടപ്പെട്ട ആടുമാംസം പാചകം ചെയ്യും മുമ്പ് അതില്‍ സൈനബ് ഘോരവിഷം ചേര്‍ത്തിരുന്നു. അവള്‍ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് അല്ലാഹു പ്രവാചകനെ അറിയിച്ച്, രക്ഷപ്പെടുത്തി. പിടിക്കപ്പെട്ടപ്പോള്‍ താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകന്‍ ആണോ എന്നു പരീക്ഷിക്കാന്‍ ചെയ്തതാണെന്ന അവളുടെ ന്യായവാദം മുഖവിലയ്ക്കെടുത്തു പ്രവാചകന്‍ അവളെ വെറുതെവിട്ടു. പക്ഷേ, അവള്‍ നല്‍കിയ ഭക്ഷണത്തില്‍ നിന്നു വിഷം തീണ്ടിയ ബിശ്റു ബിന്‍ ബറാഅ എന്ന അനുചരന്‍ മാസങ്ങള്‍ക്കുശേഷം അതുകാരണം മരിച്ചപ്പോള്‍, ആ സ്ത്രീയെ പ്രവാചകന്‍ വധശിക്ഷയ്ക്കു വിധിച്ചുവെന്നാണ് ചരിത്രകാരന്മാരുടെ പ്രബലമായ അഭിപ്രായം (സ്വഫിയ്യ് റഹ്മാന്‍ മുബാറക്പുരി, മുഹമ്മദ് (സ) ജീവചരിത്രസംഗ്രഹം). ഈ സംഭവം പകുതിമാത്രം ഉദ്ധരിച്ച്, കൊലക്കുറ്റത്തിനു പ്രവാചകന്‍ നീതി നടപ്പാക്കിയ അവസാനഭാഗം വിഴുങ്ങിക്കളയുന്നു.

പ്രവാചകന്റെ ജീവിതത്തില്‍ ഇതേ കാലത്ത്, ഇതേ സ്ഥലത്തു വച്ചുനടന്ന മറ്റൊരു സുപ്രധാന സംഭവം അനുസ്മരിക്കുന്നത് ഉചിതമാവും. പ്രവാചകപത്നി സഫിയ്യ ബിന്‍ത് ഹുയയ്യുമായുള്ള വിവാഹം നടക്കുന്നത് ഖൈബറില്‍വച്ചാണ്. ജൂതവംശക്കാരിയായിരുന്ന സഫിയ്യയെ പ്രവാചകന്‍ വിവാഹം ചെയ്യുമെന്നവര്‍ മുമ്പ് സ്വപ്നം കണ്ടിരുന്നുവെന്നും ആ സ്വപ്നം കാരണം അവര്‍ സ്വകുടുംബത്തില്‍ ആക്ഷേപിക്കപ്പെട്ടിരുന്നുവെന്നും ചരിത്രകാരന്മാര്‍ വിവരിക്കുന്നുണ്ട്. വിവാഹരാത്രിയില്‍ പ്രവാചകന്‍ നവവധുവുമൊത്ത് തങ്ങിയ വീടിനു മുന്നില്‍ പിറ്റേന്നു രാവിലെ പ്രമുഖ സഹാബി അബൂ അയ്യൂബുല്‍ അന്‍സാരിയെ പ്രവാചകന്‍ കാണാനിടയായി. നവവധുവിന്റെ ജൂതപശ്ചാത്തലം കാരണം തനിക്ക് പ്രവാചകന്റെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടായെന്നും അതിനാല്‍, രാത്രി മുഴുവന്‍ പുറത്തു കാവലിരിക്കുകയായിരുന്നുവെന്നും അബൂ അയ്യൂബ് വിശദീകരിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തിനു പരലോക പ്രതിഫലത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു (അല്‍ബിദായ വന്നിഹായ). പ്രവാചകന്റെ വധുവിന്റെ കാര്യത്തില്‍പ്പോലും അവരുടെ ജൂതപശ്ചാത്തലം കാരണം സഹാബികള്‍ സുരക്ഷാമുന്‍കരുതലുകളെടുത്ത പരിസരത്തിലാണ് പ്രവാചകനെ ഒരു ജൂതപ്പെണ്ണ് നിത്യേന ചവര്‍ എറിയുമായിരുന്നുവെന്ന കെട്ടുകഥ പ്രചരിക്കപ്പെടുന്നത്.

1 അഭിപ്രായം:

  1. ലേഖകന് അഭിനന്ദനങ്ങള്‍.
    വസ്തുതാപരമായ ഒരു തെറ്റ് ചൂണ്ടിക്കാണിക്കാനായിട്ടാണ് ഇത് എഴുതുന്നത്. ബുർദ എന്ന പേരിലറിയപ്പെടുന്ന നബികീർത്തനകാവ്യം കഅ്ബിബ്നുസുഹൈർ പാടിയ കവിതയല്ല. ബാനത്തുസുആദ എന്ന അതിൻറെ തുടക്കനാമത്തിലാണ് അതറിയപ്പെടുന്നത്. ബുർദ പിൽക്കാലത്ത് ഇമാം ബൂസിരീ രചിച്ചതാണ്.

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial