06 ജൂൺ 2011

ജയിക്കാത്ത മുന്നണികള്‍ജയിക്കാത്ത മുന്നണികള്‍

എ. പി. കുഞ്ഞാമു
അഞ്ചു സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പു നടന്നത്. അഞ്ചും ദേശീയധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുകയും പ്രാദേശികവ്യക്തിത്വം സൂക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ ദേശീയതലത്തിലുള്ള കോണ്‍ഗ്രസ്, എതിര് ബി.ജെ.പി. എന്ന രാഷ്ട്രീയപ്പോരാട്ടത്തിനുള്ള അവസരം ഈ തിരഞ്ഞെടുപ്പുകള്‍ പ്രദാനം ചെയ്തിട്ടില്ല. കേരളത്തിലും ബംഗാളിലും ഇടതുമുന്നണിയുമായാണ് കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് കൂടി പങ്കാളികളായ സഖ്യവും പൊരുതിയത്. പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്സിലെ വിമത ഗ്രൂപ്പുമായിട്ടായിരുന്നു മല്‍സരം. അസമില്‍ പ്രാദേശിക രാഷ്ട്രീയവുമായി. തമിഴ്നാട്ടില്‍ രണ്ടു ദ്രാവിഡകക്ഷികള്‍ തമ്മിലുള്ള യുദ്ധത്തിനിടയില്‍ ഒരു ഭാഗത്തു കോണ്‍ഗ്രസ്സുമുണ്ടായിരുന്നു എന്നുമാത്രം. വലിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നല്ലാതെ, അഭിമാനാര്‍ഹമായ നേട്ടമൊന്നും കൈവരിക്കാന്‍ കോണ്‍ഗ്രസ്സിനായില്ല എന്നതാണു ദേശീയതലത്തില്‍ ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി സൃഷ്ടിച്ച തരംഗത്തില്‍ കോണ്‍ഗ്രസ്സിനും കിട്ടി കുറച്ചു സീറ്റുകള്‍. അതേസമയം, തമിഴ്നാട്ടില്‍ സഖ്യകക്ഷിയായ ഡി.എം.കെ. തകര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്സും അനുഭവിക്കേണ്ടിവന്നു അതിന്റെ ആഘാതങ്ങള്‍. പോണ്ടിച്ചേരിയിലും വിമതനേതാവിന്റെ വ്യക്തിപ്രഭാവത്തിനുമുമ്പില്‍ പാര്‍ട്ടി പകച്ചുനില്‍ക്കേണ്ടി വന്നു. അസമിലും കേരളത്തിലും മാത്രമാണു കോണ്‍ഗ്രസ്സിനു ഭരണത്തിലേറാന്‍ സാധിച്ചത്. അസമില്‍ വ്യക്തമായ മേല്‍ക്കൈ നേടിയെങ്കിലും കേരളത്തിലേത് ഒരു തട്ടിക്കൂട്ടു ജയമാണ്. ചുരുക്കത്തില്‍, കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന നിലയില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ പാര്‍ട്ടിക്ക് ആയില്ല. വ്യാപകമായ അഴിമതി, തെറ്റായ സാമ്പത്തികനയങ്ങള്‍ സൃഷ്ടിച്ച വിലക്കയറ്റം പോലെയുള്ള പ്രതിഭാസങ്ങള്‍, എല്ലാ ജനവിഭാഗങ്ങളെയും യോജിപ്പിച്ചു നിര്‍ത്തുന്നതിലുള്ള പരാജയം- ഇങ്ങനെ പല കാരണങ്ങളാലും നിറം കെട്ട പ്രതിച്ഛായയായിരുന്നു കോണ്‍ഗ്രസ്സിന്റേത്. അതു തീര്‍ച്ചയായും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.


ദേശീയതലത്തില്‍ പ്രധാന പ്രതിപക്ഷമായ ബി.ജെ.പിക്കും ഈ തിരഞ്ഞെടുപ്പില്‍ കാര്യമായ പങ്കൊന്നും വഹിക്കാനില്ലായിരുന്നു. ബി.ജെ.പിക്കു ശക്തിയുള്ള പ്രദേശങ്ങളിലല്ല തിരഞ്ഞെടുപ്പു നടന്നത്. അസമില്‍ നേടിയ അഞ്ചു സീറ്റാണ് പാര്‍ട്ടിക്കു കിട്ടിയ എടുത്തുപറയാവുന്ന ഒരേയൊരു നേട്ടം. എന്നാല്‍ കേരളത്തില്‍ താമര വിരിയിക്കാമെന്ന അമിത പ്രതീക്ഷ ബി.ജെ.പി. വച്ചുപുലര്‍ത്തിയിരുന്നു. അതിനു മികച്ച ആസൂത്രണത്തോടെ ശ്രമം നടത്തുകയും ചെയ്തിരുന്നു. എങ്ങനെയെങ്കിലും നേമത്തോ കാസര്‍കോട്ടോ ഒരു സീറ്റ് നേടാന്‍ കഴിഞ്ഞാല്‍ തുടര്‍ന്നുവരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ അട്ടിമറിക്കാന്‍ അതൊരു നിമിത്തമായേക്കും എന്നു പ്രതീക്ഷ വച്ചുപുലര്‍ത്തുകയുണ്ടായി പാര്‍ട്ടി. എന്നാല്‍, കേരളത്തിലെ സമ്മതിദായകര്‍ അത്തരം പ്രതീക്ഷകളെയെല്ലാം വിഫലമാക്കി. ആ നിലയ്ക്ക് ദേശീയകക്ഷിയായ ബി.ജെ.പിക്കും നിരാശാജനകമായ അനുഭവമാണു തിരഞ്ഞെടുപ്പ്. ദേശീയതലത്തില്‍ സ്വാധീനശക്തി പ്രകടിപ്പിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ രാഷ്ട്രീയധാരയാണ് ഇടതുപക്ഷം. പ്രധാനമായും മൂന്നോ നാലോ സംസ്ഥാനങ്ങളില്‍ ഒതുങ്ങുന്നുവെങ്കിലും ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ ഇടതുപക്ഷത്തിനു കഴിയാറുണ്ട്. സി.പി.ഐ, ഫോര്‍വേഡ് ബ്ളോക്ക്, ആര്‍.എസ്.പി. തുടങ്ങിയവയൊക്കെ അടങ്ങിയതാണെങ്കിലും, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ ജനപിന്തുണയുടെ ബലത്തിലാണ് ഇടതുപക്ഷം ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകത്വം നേടിയത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ അടിത്തറയിളകി. മുപ്പത്തിനാലുകൊല്ലത്തെ ഇടതുവാഴ്ചക്ക് അന്ത്യം കുറിച്ചുകൊണ്ടു ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. കേരളത്തിലും ഇടതുമുന്നണിക്ക് അധികാരം നഷ്ടപ്പെട്ടു. ഇതോടെ ഇന്ത്യയില്‍ അധികാരരാഷ്ട്രീയത്തില്‍ ഇടതുപക്ഷം ഏറക്കുറേ ഇല്ലാതായിരിക്കുകയാണെന്നു പറയാം. ആ നിലയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഇടതുപക്ഷചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. മിക്കവാറും മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന വലതുപക്ഷ സാമ്പത്തികമാറ്റങ്ങള്‍ക്കു ഗതിവേഗം വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ച കാരണമാവും. അതേപോലെ രാജ്യാന്തരതലത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളോടു വിധേയത്വം പുലര്‍ത്തുന്ന വിദേശനയങ്ങളോടുള്ള എതിര്‍പ്പുകളെയും അതു ദുര്‍ബലമാക്കും. ന്യൂനപക്ഷവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടന്നാക്രമണത്തില്‍ നിന്നു രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമായി നടത്തുന്നത് ഇടതുപക്ഷശക്തികളാണ്. ഇടതുപക്ഷം ഇല്ലാതാകുന്നതോടെ ഹിന്ദുത്വരാഷ്ട്രീയത്തിനു പ്രബലമായ ഒരു ശത്രുപക്ഷം ഇല്ലാതാവുകയാണു ചെയ്യുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോലെ, രാഷ്ട്രീയമായ പക്വതയില്ലാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടി മേല്‍ക്കൈ നേടുന്നതും മറ്റും ഒരിക്കലും നല്ല ലക്ഷണമല്ല. ന്യൂനപക്ഷങ്ങള്‍ അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ തകര്‍ച്ച ഭയാശങ്കകളോടെയാണു നോക്കിക്കാണേണ്ടത്. അതു വരുത്തിവച്ചതില്‍ കേരളത്തിലായാലും ബംഗാളിലായാലും ന്യൂനപക്ഷസമുദായത്തിനു വലിയ പങ്കുണ്െടങ്കിലും.
ഇടതുപക്ഷത്തിന്റെ തകര്‍ച്ച യഥാര്‍ഥത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ആഗ്രഹിക്കുന്നില്ല, വിശേഷിച്ചും മുസ്്ലിംകള്‍. എക്കാലത്തും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഭീഷണികളെ നേരിടാന്‍ മുസ്്്ലിം സമൂഹത്തെ പ്രാപ്തമാക്കുന്നതില്‍ ഇടതുപക്ഷം വലിയ പങ്കുവഹിച്ചിട്ടുണ്ട് (മുസ്്ലിം സാമുദായികത ഉന്നയിച്ച പാകിസ്താന്‍ വാദത്തെപ്പോലും പിന്തുണച്ചവരാണല്ലോ കമ്മ്യൂണിസ്റ്റുകള്‍). എന്നാല്‍, വിധിവൈപരീത്യമെന്നു പറയട്ടെ, ബംഗാളിലും കേരളത്തിലും ന്യൂനപക്ഷ രാഷ്ട്രീയമാണ് ഇടതുപക്ഷത്തെ ഈ തിരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ചത്. കേരളത്തില്‍ മുസ്്ലിം ലീഗായിരുന്നു ഈ തിരഞ്ഞെടുപ്പിലെ താരം. സി.പി.എമ്മിനെതിരേ മുസ്്്ലിം ലീഗ് സ്വന്തം സമുദായാംഗങ്ങള്‍ക്കിടയില്‍ ശക്തമായ ജനവികാരം വളര്‍ത്തിയെടുക്കുകയും അരയും തലയും മുറുക്കി പോരാടുകയും ചെയ്തു. അതിന്റെ ഫലമാണു പാര്‍ട്ടി നേടിയ ഇരുപതു സീറ്റ്. കെ.എം. മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സുകളിലെ ഇരു ഗ്രൂപ്പുകളും ലയിച്ച് ഒന്നായിത്തീര്‍ന്ന് ഇടതുപക്ഷ വിരുദ്ധ ചേരിയില്‍ ക്രിസ്തീയസമുദായത്തെ ഉറപ്പിച്ചു നിര്‍ത്തി. യു.ഡി.എഫിനുണ്ടായ വിജയം ഈ രണ്ടു പ്രബല സമുദായങ്ങളുടെയും പിന്തുണയുടെ മേല്‍ പണിതുയര്‍ത്തിയതാണ്.
അതേസമയം, ഈ സാമുദായികബലത്തിന് അനുസൃതമായ രീതിയില്‍ യു.ഡി.എഫിനു രാഷ്ട്രീയമായ ആന്തരിക ഉറപ്പുനല്‍കാന്‍ കോണ്‍ഗ്രസ്സിനു സാധിച്ചില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ്വഴക്കുകള്‍, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍, രാഹുല്‍ഗാന്ധിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ എന്നിങ്ങനെ ഗൌരവത്തോടു കൂടി തിരഞ്ഞെടുപ്പു കൈകാര്യം ചെയ്യുന്നതിനെ തടയുന്ന സമീപനങ്ങളായിരുന്നു കോണ്‍ഗ്രസ്സിന്റേത്. സാമുദായികശക്തികളുടെ രാഷ്ട്രീയദൌത്യങ്ങള്‍ക്കു സര്‍ഗാത്മകതയുടെ സാന്നിധ്യമുണ്ടാക്കി അതിനെ പോസിറ്റീവാക്കുകയാണു മുന്നണിയിലെ വലിയകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ്സിനു ചെയ്യാനുണ്ടായിരുന്നത്. അതിനുള്ള സമയമൊന്നും അവര്‍ക്കില്ലായിരുന്നു. അതിനാല്‍ സാമുദായികശക്തികള്‍ കൈയില്‍ വച്ചു കൊടുത്തതിന്റെ ഗുണഫലങ്ങള്‍ ആസ്വദിക്കുകമാത്രമാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്നത്. ശക്തമായ അടിത്തറയുള്ള ഇടതുപക്ഷത്തിന് അതിനാല്‍ നിതാന്തജാഗ്രത ആവശ്യമായി വരും. ഏതു നിമിഷവും കോണ്‍ഗ്രസ്സിന്റെയും അതുവഴി യു.ഡി.എഫിന്റെയും ദൌര്‍ബല്യങ്ങളില്‍ നിന്നു മുതലെടുക്കാം. സാമുദായികശക്തികളുടെ പിന്‍ബലം എന്നു പറഞ്ഞുവല്ലോ. അതു പലനിലകളില്‍ വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അതിനെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങിക്കൊടുക്കലായി വ്യാഖ്യാനിക്കുന്നു. എന്നാല്‍, ഇടതുപക്ഷവും അങ്ങനെയൊരു സമീപനത്തിലേക്കു രാഷ്ട്രീയസങ്കുചിതത്വത്താലെങ്കിലും നീങ്ങിയാല്‍ അപകടമായിരിക്കും. നേരത്തേതന്നെ ഈ തിരഞ്ഞെടുപ്പില്‍ അങ്ങനെയൊരു ധ്രൂവീകരണം  അടിയൊഴുക്കായെങ്കിലും നിലനിന്നുവോ എന്നു സംശയിക്കണം. ഇടതുമുന്നണിയുടെ നായകനായി അവതരിപ്പിക്കപ്പെട്ടതു വി.എസ്. അച്യുതാനന്ദനാണ്. അച്യുതാനന്ദന്‍ ഫാക്ടറാണു മുന്നണിക്കു സ്വീകാര്യതയുണ്ടാക്കിക്കൊടുത്തതും. മറുവശത്ത് ഉമ്മന്‍ ചാണ്ടിയായിരുന്നു യു.ഡി.എഫിന്റെ പ്രതിരൂപം. യു.ഡി.എഫ്. എല്ലാ വിധ ജാതിമത സാമുദായികശക്തികളുടെയും പ്രാതിനിധ്യവും എല്‍.ഡി.എഫ്. മതേതരത്വത്തിന്റെ പ്രാതിനിധ്യവും അവകാശപ്പെട്ടുകൊണ്ടാണു സമ്മതിദായകരെ അഭിമുഖീകരിച്ചത്. രണ്ടു കൂട്ടരും ഈ പ്രാതിനിധ്യം അവകാശപ്പെട്ടു എന്നതാണു വസ്തുത. നേരത്തേതന്നെ തങ്ങളോടൊപ്പമുണ്ടായിരുന്ന മുസ്്്ലിം സംഘടനകളെയെല്ലാം - അവ എത്ര തന്നെ ചെറുതായിരുന്നാലും - ഇടതുമുന്നണി കൈയൊഴിഞ്ഞിരുന്നു. ക്രിസ്തീയസഭകളെയും പാര്‍ട്ടിനേതാക്കള്‍ നിശിതമായ വിമര്‍ശനങ്ങളിലൂടെ ശത്രുപാളയത്തിലാക്കി. അന്തിമമായി പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഗ്രൂപ്പിനെ യു.ഡി.എഫ്. പാളയത്തിലെത്തിച്ചത് ഈ സഭാവിരോധമാണ്. ഫലത്തില്‍, മൃദുഹിന്ദുത്വത്തിന്റെ പരിവേഷം സി.പി.എമ്മിനും അതിന്റെ സ്വാഭാവിക പരിണതിയെന്നോണം ഇടതുമുന്നണിക്കും ചുറ്റും രൂപപ്പെട്ടു. തിരഞ്ഞെടുപ്പടുത്തപ്പോള്‍ ഇതു ദോഷം ചെയ്യുമെന്നു കണ്ട് അകന്നുപോയ ഐ.എന്‍.എല്ലിനെ കൂടെ കൊണ്ടുവരുകയും നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എന്ന മുസ്്്ലിം പാര്‍ട്ടി തട്ടിക്കൂട്ടുകയും ജമാഅത്തെ ഇസ്്ലാമിയുടെ പിന്തുണ സംഘടിപ്പിക്കുകയുമൊക്കെ ചെയ്തു. തങ്ങള്‍ മുസ്്്ലിം വിരുദ്ധരല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ സി.പി.എം. ശ്രമിച്ചുവെങ്കിലും പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായയുടെ മേല്‍ ഹിന്ദുത്വത്തിന്റെ കരിനിറം നിലനിര്‍ത്തുന്നതില്‍ ഒരതിരുവരെ മുസ്ലിം ലീഗിനു സാധിച്ചിട്ടുണ്ട്. ക്രിസ്തീയ സമുദായത്തിനും ഇതേ മനോഭാവം തന്നെയായിരുന്നു ഏറക്കുറേ. ഉമ്മന്‍ ചാണ്ടിയായിരിക്കും മുഖ്യമന്ത്രിസ്ഥാനാര്‍ഥി എന്നുകൂടി വന്നപ്പോള്‍ അതൊരു അടിയൊഴുക്കായി മാറി എന്നതാണു നേര്.
ഈ അടിയൊഴുക്ക് ഒരു രാഷ്ട്രീയ സുനാമിയായി മാറാതിരുന്നതിനു കാരണവും അടിയൊഴുക്കുണ്ടാക്കിയ കാരണങ്ങള്‍ തന്നെയാണ് എന്നതാണു വിചിത്രം. ഇപ്പുറത്ത് വി.എസ്. അച്യുതാനന്ദനായിരുന്നുവല്ലോ താരം. അച്യുതാനന്ദന്റെ പ്രതിച്ഛായയാണു വലിയൊരളവോളം സാമുദായികതയുടെ ശക്തിയെ വെല്ലുവിളിച്ച ഘടകം. പെണ്‍വാണിഭക്കാരെ വിലങ്ങു വയ്ക്കുമെന്നും മറ്റും അച്യുതാനന്ദന്‍ വാചാലനായപ്പോള്‍, അദ്ദേഹത്തിനു ചുറ്റും തികച്ചും അയഥാര്‍ഥമായ ഒരു പ്രതിച്ഛായ വളര്‍ന്നുവന്നു. ഇടത്തരക്കാരും വിദ്യാസമ്പന്നരും മതേതരവാദികളുമൊക്കെ 'സാമുദായികരാഷ്ട്രീയത്തിന്റെ ദുസ്സ്വാധീനങ്ങള്‍'ക്കെതിരില്‍ ഉണര്‍ന്നു കാണണം. അതുകൊണ്ടാണു പ്രതികൂലമായ എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളുമുണ്ടായിട്ടും ഇടതുമുന്നണി അമ്പേ തകരാതിരുന്നത്. എന്‍.എസ്.എസ്. അവകാശപ്പെട്ടതുപോലെയുള്ള സമദൂരമല്ല കേരളത്തിലെ സമുദായങ്ങള്‍ ഇരു മുന്നണിയോടും പുലര്‍ത്തിയത്. മുസ്്്ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ യു.ഡി.എഫിനോടും ഭൂരിപക്ഷ ഹിന്ദു സമുദായങ്ങള്‍ എല്‍.ഡി.എഫിനോടും അടുപ്പം കാണിച്ചു. സാമുദായികമായ അടിയൊഴുക്കു തിരഞ്ഞെടുപ്പിലുണ്ടായിരുന്നു എന്നതു നമ്മുടെ പ്രബുദ്ധതാബോധത്തിനു പരിക്കേല്‍പ്പിക്കുമായിരിക്കാം. എങ്കിലും, സൂക്ഷ്മവിശകലനത്തില്‍ പ്രസ്തുത അടിയൊഴുക്കുണ്ടായിരുന്നു എന്നു കരുതാന്‍ തന്നെയാണു ന്യായം. അതിനു ഫലവുമുണ്ടായി. കേരളത്തിലെ പതിവുരീതിക്കു വിരുദ്ധമായി ഏതാണ്ടു സാമുദായിക പ്രാതിനിധ്യമനുസരിച്ച് എം.എല്‍.എ. മാരുണ്ടായി- 36 മുസ്്്ലിംകളും 28 ക്രിസ്ത്യാനികളും 22 ഈഴവരും 14 പട്ടികജാതി- വര്‍ഗക്കാരും. സാമുദായിക പ്രാതിനിധ്യത്തില്‍ ഇങ്ങനെയൊരു സമതുലനം സാധാരണയായി ഉണ്ടാവാറില്ല.
ബംഗാളിലും ഇടതുമുന്നണിയെ ഹിന്ദുത്വത്തോടു ചേര്‍ത്തുനിര്‍ത്താനാണു ന്യൂനപക്ഷരാഷ്ട്രീയം ശ്രമിച്ചത്. കേരളത്തിലെപ്പോലെ ക്രിസ്തീയസമുദായം അവിടെ പ്രബലമല്ല. ന്യൂനപക്ഷമെന്നാല്‍ മുസ്്ലിംകള്‍ തന്നെ. ബംഗാളിലെ സി.പി.എം. നേതൃത്വത്തില്‍ 'ബാബു' മാര്‍ക്കാണു സ്വാധീനം. അവര്‍ വിദ്യാസമ്പന്നരും ഉയര്‍ന്ന സമുദായക്കാരും മധ്യവര്‍ഗക്കാരും അതിലും ഉയര്‍ന്നവരുമാണ്. അധ:സ്ഥിതരായ മുസ്്്ലിം ന്യൂനപക്ഷങ്ങളോടും മറ്റും ഐഡന്റിഫിക്കേഷന്‍ കുറഞ്ഞ ഇക്കൂട്ടര്‍ പ്രതിനിധാനം ചെയ്യുന്ന താല്‍പ്പര്യങ്ങള്‍ മുസ്്ലിം ന്യൂനപക്ഷത്തിന് അന്യമാണ്. ഈ അന്യതാബോധത്തെയാണു മമതാ ബാനര്‍ജി വിദഗ്ധമായി ചൂഷണം ചെയ്തത്. ഇടതുപക്ഷത്തിന്റെ മുദ്രാവാക്യങ്ങള്‍ തന്നെയാണ് അവര്‍ ഉയര്‍ത്തിയത്. ഇടതുപക്ഷം ഇടതുപക്ഷമാവുന്നില്ല എന്ന പരാതിയുമായാണ് അവര്‍ ജനങ്ങളെ നേരിട്ടത്. ഈ മുഖം ന്യൂനപക്ഷങ്ങളെയും അടിസ്ഥാനവര്‍ഗങ്ങളെയും സ്വാധീനിച്ചതു സ്വാഭാവികമാണ്. ഒരു തിരഞ്ഞെടുപ്പുതന്ത്രമെന്നതിനപ്പുറത്തേക്ക് ഈ മുദ്രാവാക്യങ്ങള്‍ വളരുമെങ്കില്‍ മാത്രമേ പശ്ചിമബംഗാളിലെ മുസ്്്ലിം ന്യൂനപക്ഷവും അടിസ്ഥാനവര്‍ഗങ്ങളും കൈക്കൊണ്ട നിലപാടു ന്യായീകരിക്കപ്പെടുകയുള്ളൂ.
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളും തികച്ചും പ്രാദേശികമായ രാഷ്ട്രീയത്തിനാണ് ഊന്നല്‍ നല്‍കിയത്. സാമുദായികരാഷ്ട്രീയത്തിനു തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിക്കുന്നത് ഈ സാഹചര്യത്തിലാണ്. മുസ്്്ലിം ലീഗും കേരളാ കോണ്‍ഗ്രസും തികച്ചും പ്രാദേശികമായ രാഷ്ട്രീയപരിപ്രേക്ഷ്യത്തിലൂടെയാണല്ലോ കാര്യങ്ങള്‍ വിലയിരുത്തിയത്. അതുകൊണ്ടാണു കോണ്‍ഗ്രസ് അവര്‍ക്ക് അഭികാമ്യമാവുന്നത്. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും മറ്റും പ്രശ്നങ്ങളെ വേറിട്ടുനിര്‍ത്തി കാണാന്‍ ശ്രമിച്ച എസ്.ഡി.പി.ഐ. പോലെയുള്ള കക്ഷികള്‍ക്കു കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു എന്നു പറഞ്ഞുകൂടാ. ഇപ്പോഴത്തെ മുന്നണി സംവിധാനങ്ങള്‍ തുടരുന്നേടത്തോളം അതിനൊക്കെ ഇനിയും കാലമെടുക്കും.
തിരഞ്ഞെടുപ്പില്‍ വിവിധ കക്ഷികള്‍ പുറപ്പെടുവിച്ച പ്രകടനപത്രികകളും തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഭരണകര്‍ത്താക്കള്‍ കൊടുക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്ത ആനുകൂല്യങ്ങളും വിലയിരുത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്- ജനങ്ങളെ പാട്ടിലാക്കുക എന്നതാണു രാഷ്ട്രീയപ്പാര്‍ട്ടികളുടെ ദൌത്യം. ജനങ്ങള്‍ക്കു വാരിക്കോരി ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും നല്‍കുക, യാതൊരാലോചനയുമില്ലാതെയും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണിക്കാതെയും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുക -ഇതാണു രീതി.
രണ്ടു രൂപയ്ക്ക് അരി നല്‍കുക, അതിനെ കടത്തിവെട്ടി ഒരു രൂപയ്ക്ക് അരി നല്‍കുക, ടി.വി. കൊടുക്കുക, അതിനെ മറികടക്കാന്‍ മിക്സിയും ഗ്രൈന്‍ഡറും വാഗ്ദാനം ചെയ്യുക- ഇങ്ങനെയൊരു മനോഭാവം രാഷ്ട്രീയവും ഭരണവും കൈക്കൊള്ളുന്നു. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഗതാഗതം എന്നിങ്ങനെ പണച്ചെലവുള്ള ഏര്‍പ്പാടുകളെല്ലാം സ്വകാര്യ -സ്വാശ്രയസംരംഭകര്‍ക്കു വിട്ടുകൊടുത്ത ശേഷം നികുതിപ്പണം മുഴുവനും ക്ഷേമപദ്ധതികള്‍ക്കു ചെലവാക്കാം എന്ന തലത്തിലേക്കു നമ്മുടെ ചിന്ത പോകുന്നു എന്നാണു തോന്നുന്നത്. ജനത്തിനെന്ത്; കിട്ടുന്നതു കൈനീട്ടി വാങ്ങുക തന്നെ.  

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial