13 ജൂൺ 2011

ദൈവം അല്ലാഹു അല്ലാതെ ആരാണ്?


ദൈവം അല്ലാഹു അല്ലാതെ ആരാണ്? 
മനുഷ്യാരംഭം മുതല്‍ അല്ലാഹു നിയോഗിച്ച പ്രവാചകന്മാര്‍ വഴി പഠിപ്പിക്കപ്പെട്ടതാണ് ഏകദൈവസിദ്ധാന്തം. ഓരോ പ്രവാചകനു ശേഷവും മനുഷ്യര്‍ സ്വേച്ഛയാല്‍ ബഹുദൈവത്വസങ്കല്‍പ്പങ്ങള്‍ മെനഞ്ഞുണ്ടാക്കുകയും പ്രപഞ്ചപ്രകൃതിക്കു നിശ്ചയിക്കപ്പെട്ട വഴിക്കു വിരുദ്ധമായി ജീവിച്ചു സാമൂഹികജീവിതം മലീമസമാക്കുകയും ചെയ്തപ്പോള്‍ അല്ലാഹു നിരന്തരം പ്രവാചകന്മാരെ അയച്ച് ഏകദൈവാശയം പുതുക്കിക്കൊണ്േടയിരുന്നു. ഖുര്‍ആന്‍ സവിസ്തരം ഈ ചരിത്രം വിവരിക്കുന്നുണ്ട്. പ്രവാചകനിയോഗ നടപടിക്രമം മുഹമ്മദ് നബി(സ) യിലൂടെ അവസാനിപ്പിച്ച അല്ലാഹു ആ പ്രബോധനദൌത്യം ഏല്‍പ്പിച്ചതു മുസ്ലിം സമൂഹത്തെയാണ്. വളച്ചുകെട്ടില്ലാതെ ഇതു നമുക്കു ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട് (35: 31-32).


ഏകദൈവാശയം മനുഷ്യമനസ്സിനെ ബോധ്യപ്പെടുത്തുന്നതിനു ചരിത്രത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും മനുഷ്യനില്‍ നിന്നും ധാരാളം തെളിവുകള്‍ അല്ലാഹു നിരത്തുന്നുണ്ട്. അവ നോക്കിപ്പഠിച്ചു ബോധ്യമായാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവമുണ്െടന്നു ധരിക്കാന്‍ ആര്‍ക്കും ഒരു പഴുതും നല്‍കാത്തവിധമാണ് അവയുടെ അവതരണം. ഗുരു ശിഷ്യനു പറഞ്ഞുകൊടുക്കുന്നതുപോലെ കുറേ കാര്യങ്ങള്‍ പറഞ്ഞിട്ട് അല്ലാഹുവോടൊപ്പം വേറെ ദൈവമോ എന്ന ചോദ്യം പലവുരു ആവര്‍ത്തിക്കുന്ന അതീവ ഹൃദയ സ്പര്‍ശിയായ ആ പ്രഭാഷണം സൂറത്ത് അന്നംലില്‍ ഉണ്ട്.


അധ്യായമധ്യത്തില്‍ പുതിയൊരു പ്രഭാഷണമായാണ് അതു പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചങ്ങളിലും മനുഷ്യമനസ്സിന്റെ അഗാധതലങ്ങളിലും തുടിച്ചുനില്‍ക്കുന്ന അനിഷേധ്യമായ ദൃശ്യാദൃശ്യ വിസ്മയങ്ങളുടെ മുന്നിലേക്ക് അനുവാചകഹൃദയങ്ങളെ ആനയിച്ചുകൊണ്ടു ജീവിതയാഥാര്‍ഥ്യത്തെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരണ നല്‍കുന്നതാണത്: "പറയുക: അല്ലാഹുവിനു സ്തുതി. അവന്‍ തിരഞ്ഞെടുത്ത ദാസന്മാര്‍ക്കു സമാധാനം. അല്ലാഹുവാണോ ഉത്തമന്‍, അതോ അവര്‍ പങ്കുചേര്‍ക്കുന്ന പരദൈവങ്ങളോ?
ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും ആകാശത്തുനിന്നു നിങ്ങള്‍ക്കു മഴ വര്‍ഷിച്ചുതരുന്നതും അതുവഴി പകിട്ടുള്ള തോട്ടങ്ങള്‍ വളര്‍ത്തുന്നതും ആരാണ്? അവിടെ മരം മുളപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ ദൈവമോ? എന്നാല്‍, അവര്‍ വഴിതെറ്റിപ്പോവുന്ന ഒരു ജനതയാണ്. ഭൂമിയെ വാസയോഗ്യമാക്കിയതും അതിലൂടെ അരുവികള്‍ ഒഴുക്കിയതും അതില്‍ പര്‍വതങ്ങള്‍ നാട്ടിയതും ഇരുസമുദ്രങ്ങള്‍ക്കിടയില്‍ മറ തീര്‍ത്തതും ആരാണ്? അല്ലാഹുവോടൊപ്പം വേറൊരു ദൈവമോ? എന്നാല്‍, അവരിലധികം പേരും വിവരമില്ലാത്തവരാണ്'' (വി.ഖു: 27: 59-61).


സത്യവിശ്വാസികള്‍ അവരുടെ സംസാരവും സംവാദവും സത്യപ്രബോധനവും ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും അവര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിയ അനുഗ്രഹദാതാവിനു സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ്. അങ്ങനെയാണു ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അതു സുചിപ്പിച്ചുകൊണ്ടാണ് പുതിയ പ്രഭാഷണം ആരംഭിക്കുന്നത്. ദൈവികസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതിനും ക്ഷമയോടെ അവ പ്രബോധനം ചെയ്യുന്നതിനുമുള്ള പ്രശംസയാണ് അവന്റെ തിരഞ്ഞെടുത്ത ദാസന്മാര്‍ക്കുള്ള സമാധാനാശംസകള്‍. ഹംദും സലാത്തും കൊണ്ട് ആരംഭിക്കുക എന്നാണ് നാം ഇതിനു സാധാരണ പറയാറുള്ളത്. അല്ലാഹു അല്ലാതെ മനുഷ്യന്‍ ജല്‍പ്പിച്ചുണ്ടാക്കി ആരാധിക്കുന്ന വിഗ്രഹങ്ങളോ മലക്കുകളോ ബിംബങ്ങളോ രൂപങ്ങളോ തുടങ്ങി ഏതുതരം സൃഷ്ടികളും അല്ലാഹുവുമായി യാതൊരു താരതമ്യവുമില്ല. ബുദ്ധിയുള്ള ആര്‍ക്കും അങ്ങനെ ചിന്തിക്കാന്‍പോലുമാവില്ല. അപ്പോള്‍ ഈ ചോദ്യം ഇവിടെ ഒരു പരിഹാസാക്ഷേപ ശൈലിയിലുള്ളതാണ്.


ആകാശഭൂമികള്‍, മൊത്തത്തില്‍ ഈ മഹാപ്രപഞ്ചം നമ്മുടെ മുന്നിലെ അനിഷേധ്യയാഥാര്‍ഥ്യമാണ്. ബിംബങ്ങള്‍ക്കോ മാലാഖമാര്‍ക്കോ പിശാചുകള്‍ക്കോ അവയെ സൂക്ഷിക്കാനാവില്ലെന്നതും തികഞ്ഞ യാഥാര്‍ഥ്യമാണ്. പ്രപഞ്ചം തനിയേ പൊട്ടിമുളച്ചതാണെന്നു പറയാന്‍ ഇന്ന് ആരും ധൈര്യപ്പെടില്ല. ബഹുദൈവ സങ്കല്‍പ്പക്കാരുടെ വാദങ്ങളുടെ മുനയൊടിക്കാനും വായടപ്പിക്കാനുമാണ് ഇത്തരം ഒരു ഉദ്ബോധനം. ചിരപരിചതത്വം കൊണ്ടു പുതുമ നഷ്ടപ്പെട്ടുപോയതാണെങ്കിലും മഴ ഭൂമിയിലെ ഒരു മഹാ ദൃഷ്ടാന്തമാണ്. മനുഷ്യന്റെയും മറ്റു കോടാനുകോടി ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും നിലനില്‍പ്പിന് ആധാരമായ മഴ നിശ്ചിത അളവിലും ക്രമത്തിലും നിശ്ചയിക്കപ്പെട്ട സ്ഥാനങ്ങളില്‍ അതതു സമയങ്ങളില്‍ പതിക്കുന്നതു തികച്ചും യാദൃച്ഛികമായി സംഭവിക്കുന്നതാണോ. മനുഷ്യഹൃദയങ്ങള്‍ക്ക് ആശ്വാസവും ആനന്ദവും നല്‍കിക്കൊണ്ട് മഴവെള്ളം കൊണ്ടു പകിട്ടുള്ള തോട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്നത് ആരാണെന്ന ഹൃദ്യമായ ചോദ്യത്തോടൊപ്പം മനുഷ്യന്റെ കഴിവുകേടിനെ വെളിവാക്കുന്ന പ്രസ്താവന അല്ലാഹുതന്നെ നടത്തുകയാണ്; അവിടെ മരം മുളപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുമായിരുന്നില്ല എന്നു മനുഷ്യരോടു പറഞ്ഞുകൊണ്ട്. ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചിട്ടും അല്ലാഹുവോടൊപ്പം മറ്റൊരു ദൈവമുണ്െടന്നു കരുതാന്‍ മനുഷ്യബുദ്ധിക്ക് എങ്ങനെയാണു സാധിക്കുന്നത്? അതീവ സൂക്ഷ്മമായ ആസൂത്രണപാടവത്തോടെ ഇതൊക്കെ മനുഷ്യനു സംവിധാനിച്ചുതന്ന അല്ലാഹുവാണോ, അതോ വികലമനസ്സുകള്‍ ജല്‍പ്പിക്കുന്ന പരദൈവങ്ങളോ ഉത്തമന്‍? അങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം തന്നെ ബുദ്ധിയുള്ളവരോടു വേണ്ടതില്ല. ഇനിയും പരദൈവത്തെ പരിഗണിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആ ജനത തീര്‍ച്ചയായും വഴിതെറ്റിപ്പോയിരിക്കുന്നു എന്നാണു സ്രഷ്ടാവിന്റെ വിധിതീര്‍പ്പ്.
കോടാനുകോടി പ്രശ്നങ്ങളുണ്ട് ഈ പ്രപഞ്ചത്തില്‍. അതില്‍ ഭൂമിയെ മനുഷ്യനു വാസയോഗ്യമായ രീതിയില്‍ സംവിധാനിച്ച നൈപുണിയെ നോക്കിപ്പഠിക്കാന്‍ പ്രേരിപ്പിക്കുകയാണു ഖുര്‍ആന്‍. ഭൂമിയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികള്‍, മനുഷ്യന് അതുകൊണ്ടു ലഭിക്കുന്ന അനുഗ്രഹങ്ങള്‍, അന്തരീക്ഷത്തില്‍ എങ്ങും തൊടാതെ കിടക്കുന്ന ഭൂമിയുടെ ബാലന്‍സ് നിലനിര്‍ത്താന്‍ നാട്ടപ്പെട്ട പര്‍വതങ്ങള്‍. രണ്ടുതരം ജലത്തിനിടയില്‍ മറതീര്‍ത്ത മഹാദ്ഭുതം. മനുഷ്യന്റെ നിരീക്ഷണത്തിനു ദൃഷ്ടാന്തങ്ങള്‍ നിരത്തുകയാണ് അല്ലാഹു.


ഭൂതലത്തിലെ ജലത്തെ ഒട്ടാകെ എടുത്താല്‍ അതു പൊതുവെ രണ്ടു നിലകളിലായി കാണപ്പെടുന്നു. ഒന്നു ശുദ്ധമായ കുടിവെള്ളവും മറ്റേതു ചവര്‍പ്പുള്ള ഉപ്പുവെള്ളവും. ഇവ തമ്മില്‍ കലര്‍ന്നുപോവാതെ രണ്ടിന്റെയും സ്വഭാവം നിലനിര്‍ത്തിക്കൊണ്ടു തന്നെ അവ നിലനില്‍ക്കുന്നു. കടലോരപ്രദേശത്തെ വീടുകളിലെ കിണറുകളില്‍ നിന്ന് ഉപ്പില്ലാത്ത ശുദ്ധജലം ലഭിക്കുന്നതു നമുക്കു സുപരിചിതമാണ്. ഇവിടെ സമുദ്രത്തിലെ ഉപ്പുവെള്ളവും കിണറ്റിലെ ശുദ്ധജലവും കലരാതിരിക്കുന്നതിനുള്ള മറ മണ്ണാണ്. മണ്ണിന്റെ മറയില്ലാതെ രണ്ടുതരം ജലവും കൂടിക്കലരാതെ ഒന്നിച്ച് ഒഴുകുന്നതിനു ഭൂമിയില്‍ ഉദാഹരണങ്ങളുണ്ട്. യൂഫ്രട്ടീസ്- ടൈഗ്രീസ് നദീമുഖമായി കരുതപ്പെടുന്ന ശാത്തിഉള്‍ അറബ് മേഖലയില്‍ രണ്ടു നദികളും സന്ധിച്ചശേഷം കടലിലെ ഉപ്പുവെള്ളത്തിലൂടെ ഏകദേശം നൂറു മൈല്‍ സമുദ്രജലവും നദീജലവും കൂടിച്ചേരാതെ ഒഴുകുന്നതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വടക്കേ അമേരിക്കയുടെ വടക്കുഭാഗത്തു നിന്ന് ഉദ്ഭവിച്ച് ന്യൂയോര്‍ലാന്റ്സില്‍ മെക്സിക്കോ ഉള്‍ക്കടലില്‍ പതിക്കുന്ന, കരകവിഞ്ഞൊഴുകുന്ന മിസിസിപ്പിക്കും മധ്യചൈനയില്‍ നിന്ന് ഉദ്ഭവിച്ചു കിഴക്കന്‍ ചൈനാ ഉള്‍ക്കടലില്‍ പതിക്കുന്ന യാങ്റ്റ്സി നദിക്കും ഇതേ പ്രകൃതം ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നദീജലവും സമുദ്രജലവും ഒന്നിച്ചുചേരുമ്പോള്‍ അവ കൂടിക്കലരാതെ ഏറെ ദൂരം ഒഴുകുന്നതിന്റെ ശരിയായ ശാസ്ത്രീയകാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. നദിയിലെ ജലത്തിന്റെ ഒഴുക്കിന്റെ ഊക്കുകൊണ്ട് അല്‍പ്പദൂരം കലരാതെ ഒഴുകാനാവുമെങ്കിലും അധികദൂരം പോവല്‍ അസാധ്യമാണ്. അതുപോലെ, ചവര്‍പ്പുള്ള ഉപ്പുവെള്ളമുള്ള ആഴക്കടലുകളില്‍ പലയിടത്തും രുചികരമായ കുടിവെള്ളം ലഭിക്കുന്ന കയങ്ങള്‍ ഉള്ളതായി റിപോര്‍ട്ടുകളുണ്ട്. ഇവ കൂടിക്കലരാതെ നില്‍ക്കുന്ന മഹാദ്ഭുതം അല്ലാഹുവിന്റെ സോദ്ദേശ്യസൃഷ്ടിപ്പാണ.് ഈ പ്രതിഭാസങ്ങളൊക്കെ നിരീക്ഷിച്ചു പഠിക്കാന്‍ മനുഷ്യബുദ്ധിക്ക് അല്ലാഹു കഴിവേകിയിട്ടുണ്ട്. ഇവയെയൊക്കെ ഏകശക്തിക്കു പകരം ബഹുശക്തികള്‍ നിയന്ത്രിച്ചാല്‍ ഭൂമിയിലെ മനുഷ്യജീവിതം മാത്രമല്ല പ്രപഞ്ചങ്ങളുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാവും എന്നു കണ്െടത്താന്‍ മനുഷ്യനാവുന്നില്ലേ? പിന്നെയും അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെ സങ്കല്‍പ്പിക്കുന്നതു തികച്ചും വിവരമില്ലായ്മ തന്നെയാണെന്നു ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
മനുഷ്യമനസ്സിനെ നേര്‍ക്കുനേര്‍ നിര്‍ത്തിക്കൊണ്ട് ഖുര്‍ആന്‍ ചോദ്യം തുടരുന്നു:


"കഷ്ടപ്പെടുന്നവന്റെ വിളികേള്‍ക്കുന്നതും അവന്റെ ദുരിതമകറ്റുന്നതും ആരാണ്? നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കിയതാരാണ്? അല്ലാഹുവോടൊപ്പം വേറൊരു ദൈവമോ? വളരെക്കുറച്ചേ നിങ്ങള്‍ ആലോചിക്കുന്നുള്ളൂ. കടലിന്റെയും കരയുടെയും ഇരുട്ടുകളില്‍ നിങ്ങള്‍ക്കു വഴികാട്ടുന്നതാരാണ്?
മഴയെന്ന കാരുണ്യത്തിന്റെ ശുഭവാര്‍ത്തയുമായി കാറ്റിനെ അയക്കുന്നതാരാണ്? അല്ലാഹുവോടൊപ്പം വേറൊരു ദൈവമോ? അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ ഉന്നതന്‍. സൃഷ്ടി ആരംഭിക്കുന്നതും ആവര്‍ത്തിക്കുന്നതും ആരാണ്? വിണ്ണില്‍ നിന്നും മണ്ണില്‍ നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നത് ആരാണ്? അല്ലാഹുവോടൊപ്പം വേറൊരു ദൈവമോ? സത്യമാണ് അവര്‍ പറയുന്നതെങ്കില്‍ അതിനു തെളിവു കൊണ്ടുവരാന്‍ ആവശ്യപ്പെടുക. നീ പറയുക: അല്ലാഹു അല്ലാത്ത ഒരാള്‍ക്കും ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല. എപ്പോഴാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയെന്നും നിശ്ചയമില്ല. വരാനിരിക്കുന്ന പരലോകജീവിതത്തെക്കുറിച്ചു വളരെക്കുറച്ചേ അവര്‍ മനസ്സിലാക്കുന്നുള്ളൂ. മാത്രമല്ല, അതിനെക്കുറിച്ച് അവര്‍ സംശയത്തിലുമാണ്. അല്ല, അക്കാര്യത്തില്‍ അവര്‍ അന്ധരാണ്'' (വി.ഖു: 27: 62-66).


അല്ലാഹു ഏറെ പ്രാധാന്യത്തോടെ മനുഷ്യനെ പഠിപ്പിക്കുന്ന പരലോകജീവിതത്തെക്കുറിച്ചു ഗൌരവമായി ചിന്തിച്ചു മനസ്സിലാക്കാതെ അതിനെ സംശയിച്ചും അവഗണിച്ചും കഴിയുന്നവര്‍ക്കു പിശാച് മന്ത്രിച്ചുകൊടുക്കുന്ന ദുര്‍ബോധനമാണു പരദൈവസങ്കല്‍പ്പം. മരണാന്തരജീവിതകാര്യം അവര്‍ അറിയാത്തതുകൊണ്ടല്ല. അതോര്‍മപ്പെടുത്തുമ്പോള്‍ തങ്ങള്‍ക്കും തങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും അത്തരം മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നെന്നും അതൊക്കെ പൂര്‍വികരുടെ പഴമ്പുരാണങ്ങള്‍ മാത്രമാണെന്നും നിഷേധികള്‍ പറയും എന്നു ഖുര്‍ആന്‍ തുടര്‍ന്നു പ്രസ്താവിക്കുന്നുണ്ട്. പരലോക ജീവിതാശയം അവഗണിച്ചു നിഷേധിച്ച പൂര്‍വികരായ പാപികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്നു നോക്കി പഠിപ്പിക്കാന്‍ ഖുര്‍ആന്‍ തുടര്‍ന്ന് ഉണര്‍ത്തുന്നു.


പ്രപഞ്ചസൃഷ്ടികര്‍ത്താവിനെക്കുറിച്ച് അന്നോ ഇന്നോ ഉള്ള ബഹുദൈവവിശ്വാസികള്‍ക്ക് അഭിപ്രായവ്യത്യാസമില്ല. ആകാശഭൂമികളെ സൃഷ്ടിച്ചതാരാണ്, മനുഷ്യരെ പടച്ചത് ആരാണ്, ആകാശത്തുനിന്നു മഴയിറക്കി മൃതഭൂമിയെ സജീവമാക്കിയതാരാണ്, ആകാശത്തുനിന്നും ഭൂമിയില്‍നിന്നും വിഭവങ്ങള്‍ നല്‍കുന്നതും മനുഷ്യന്റെ കേള്‍വിയും കാഴ്ചയും ഉടമപ്പെടുത്തുന്നതും ജീവനില്ലാത്തതില്‍ നിന്നു ജീവനുള്ളതിനെയും ജീവനുള്ളതില്‍ നിന്നു ജീവനില്ലാത്തതിനെയും പുറത്തുകൊണ്ടുവരുന്നതും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ് എന്നു ചോദിച്ചാല്‍ അക്കൂട്ടര്‍ പറയുന്നത് 'അല്ലാഹു' ആണെന്നാണ്. അക്കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുന്നു (43: 9, 87,10: 31). എന്നിട്ടും മനുഷ്യന്‍ എങ്ങനെയാണു വഴിതെറ്റിക്കപ്പെടുന്നത്; നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ എന്നൊക്കെ ഖുര്‍ആന്‍ ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്.
 സമകാലിക മനുഷ്യരുടെ പ്രശ്നവും ഇതുതന്നെയാണ്. സ്രഷ്ടാവിനെക്കുറിച്ചു വലിയ സംശയങ്ങളൊന്നുമില്ല. പക്ഷേ, ജീവിത ഇടപാടുകളില്‍ പരലോകജീവിതത്തിനു മുന്‍ഗണനയില്ല. ഭൌതികജീവിതത്തിനാണ് എപ്പോഴും പ്രാമുഖ്യം. അതിനാല്‍, അവരുടെ ചിന്തയിലും ശ്രദ്ധയിലും നിറഞ്ഞുനില്‍ക്കുന്നതു താല്‍ക്കാലിക ഐഹികജീവിത സുഖഭോഗങ്ങളുടെ കാര്യങ്ങളാണ്. അതുവഴി ഭൌതികത എന്ന പരദൈവത്തെ പൂജിക്കുന്നവരാണധികവും. ഐഹികജീവിത സുഖം അവര്‍ക്ക് ആനന്ദവും തൃപ്തിയും നല്‍കുമെന്ന് അത്തരക്കാര്‍ സമാധാനമടയുന്നു. എല്ലാ അധ്വാനപരിശ്രമങ്ങളും അതിനായി നീക്കിവയ്ക്കുന്നു. പക്ഷേ, ഐഹികജീവിതത്തിന്റെ ഊഴം കഴിയുമ്പോഴാണു നഷ്ടത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിയുന്നത്. അന്നത്തെ അറിവുകൊണ്ടു പ്രയോജനം ഒന്നുമില്ല. പിന്നെ വിലപിച്ചിട്ടു കാര്യവുമില്ല. പൊതുസമൂഹത്തില്‍ പരലോകജീവിതവിഷയം മുഖ്യ ചര്‍ച്ചയാവാത്തിടത്തോളം ഭൌതികതയുടെ അതിപ്രസരം എല്ലാ മേഖലകളിലും മനുഷ്യനെ ഭരിച്ചുകൊണ്േടയിരിക്കും. ഇടുങ്ങിയ ഭൌതികതയുടെ പിടിത്തത്തില്‍ നിന്നു പ്രവിശാലമായ പരലോകത്തില്‍ അല്ലാഹുവിന്റെ സവിധത്തിലേക്കു മനുഷ്യരെ നയിക്കാനാണ് പ്രവാചകന്മാര്‍ വന്നത്. അവരുടെ ദൌത്യം ഏറ്റെടുക്കേണ്ടവരാണ് ഇന്നത്തെ മുസ്ലിം സമൂഹം. അതിനുള്ള അര്‍ഹത സമുദായം ആദ്യം നേടിയെടുക്കേണ്ടതുണ്ട്.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial