06 ജൂൺ 2011

ഇറോം ശര്‍മിളയെ കാണാത്തവര്‍ ഹസാരെയും രാംദേവിനെയും മാത്രം കാണുന്നു

ഇറോം ശര്‍മിളയെ കാണാത്തവര്‍ ഹസാരെയും രാംദേവിനെയും മാത്രം കാണുന്നു: മഹാശ്വേതാ ദേവി 
ഷബ്ന സിയാദ്

കൊച്ചി: ഒരുദശാബ്ദക്കാലത്തിലധികമായി മണിപ്പൂരിലെ പട്ടാള കരിനിയമങ്ങള്‍ക്കെതിരേ നിരാഹാരം കിടന്ന ഇറോം ശര്‍മിളയ്ക്കു കിട്ടാത്ത പരിഗണന അന്നാ ഹസാരെയ്ക്കും ബാബാ രാംദേവിനും ലഭിക്കുന്നതെങ്ങനെയെന്ന് സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മഹാശ്വേതാ ദേവി. ഭരണകൂടത്തെ നേരിട്ടു ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ മാധ്യമങ്ങളും അവഗണിക്കുകയാണു പതിവ്. അതിന് ഉദാഹരണമാണ് ഇറോം ശര്‍മിള.
അന്നാ ഹസാരെയും രാംദേവും നിരാഹാരം ആരംഭിക്കാന്‍പോവുന്നുവെന്നതുപോലും വന്‍ വാര്‍ത്താപ്രാധാന്യമാണു നേടുന്നത്. എന്നാല്‍, ഇറോം ശര്‍മിള മണിപ്പൂരിലെ പ്രത്യേക സൈനികാധികാരത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് ഭരണകൂടത്തിനെതിരേ പോരാടിയിട്ട് മാധ്യമങ്ങള്‍പോലും അവരെ കണ്ടില്ലെന്നു നടിക്കുകയാണ്. അന്നാഹസാരെയുടെയും രാംദേവിന്റെയും സമരങ്ങള്‍ രാഷ്ട്രീയമോ അരാഷ്ട്രീയമോ എന്നതല്ല. അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഭരണകൂടത്തിന് എതിരല്ലെന്നും മഹാശ്വേതാ ദേവി തേജസിനോട് പറഞ്ഞു.
അടിസ്ഥാനവര്‍ഗത്തെ അവഗണിച്ചുള്ള ഒരു പുരോഗമനവും ലോകത്തെവിടെയും വിജയിച്ചിട്ടില്ല. അടിസ്ഥാനവര്‍ഗത്തെ മാറ്റിനിര്‍ത്തിയതിനുള്ള മറുപടിയാണ് പഞ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം. നീണ്ട 35 വര്‍ഷത്തോളം സി.പി.എമ്മിന്റെ കൈകളിലായിരുന്നിട്ടും പഞ്ചിമ ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ ഇന്നും ന്യൂനപക്ഷമായി തന്നെ തുടരുന്നു. അവിടെ ദലിതുകളേക്കാള്‍ മോശമാണ് മുസ്ലിം സമുദായത്തിന്റെ അവസ്ഥയെന്ന് സച്ചാര്‍ കമ്മിറ്റിയുടെ കണ്െടത്തലില്‍ പറയുന്നു. ഇതിനര്‍ഥം ദലിതുകളുടെ അവസ്ഥ ഭേദമാണെന്നല്ല. ന്യൂനപക്ഷങ്ങള്‍ ഒരുപോലെ പിന്നാക്കമാണവിടെ. പുതിയ ഭരണം പശ്ചിമ ബംഗാളിന് പ്രതീക്ഷ നല്‍കുന്നുണ്ട്. സി.പി.എം ഭരണത്തിന്റെ അവസാന നാളുകളില്‍ ബംഗാളില്‍ സാംസ്കാരികപ്രവര്‍ത്തകരെയും എഴുത്തുകാരെയുമെല്ലാം അവര്‍ക്കൊപ്പം അണിനിരത്താന്‍ ശ്രമം നടത്തി വിജയിച്ചു. എന്നാല്‍, തന്നെ അവരുടെ വരുതിയിലാക്കാന്‍ കഴിഞ്ഞില്ലെന്നും താന്‍ ഉറച്ച നിലപാടുകാരിയാണെന്നും അവര്‍ ആവര്‍ത്തിച്ചു.
സിംഗൂരും കേരളത്തിലെ മൂലമ്പിള്ളിയും ഒരുപോലെയുള്ള പ്രശ്നങ്ങളാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ നേട്ടമുണ്ടാക്കി. എന്നാല്‍, മൂലമ്പിള്ളി പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് അവരെ ഭരണത്തില്‍ നിന്ന് അകറ്റിയത്. കേരളീയര്‍ സാക്ഷരരാണ്. അവരെ ഒരു സര്‍ക്കാരിനും എളുപ്പത്തില്‍ വഞ്ചിക്കാനാവില്ല. മൂലമ്പിള്ളി പ്രശ്നത്തില്‍ വി എസ് സര്‍ക്കാരിന്റെ ഉദാസീനത ചൂണ്ടിക്കാട്ടി അച്യുതാനന്ദന് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം മൂലമ്പിള്ളി സന്ദര്‍ശിച്ചപ്പോള്‍ തന്നോടൊപ്പം അണിചേരാനും ക്ഷണിച്ചിരുന്നു. എന്നാല്‍, വി എസില്‍ നിന്നു മറുപടിയുണ്ടായില്ല. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ മാത്രമാണ് വി എസിനെ സമരമുഖങ്ങളില്‍ കാണാനാവുക. ഇതു ജനം തിരിച്ചറിയുന്നുണ്ട്. തിരഞ്ഞെടുപ്പുകളില്‍ വനിതാ പ്രാതിനിധ്യം തീരെ ഇല്ലാതാവുന്നു. ഇതിനു പരിഹാരം വനിതാ സംവരണ ബില്ല് മാത്രമാണ്. സ്ത്രീസാക്ഷരതകൊണ്ടുമാത്രം സമൂഹം പുരോഗമനത്തിലെത്തില്ല. മനുഷ്യര്‍ മുഴുവന്‍ സാക്ഷരരാവണം. എങ്കിലേ ലോകം ഉന്നതിയിലെത്തൂ

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial