07 ജൂൺ 2011

നീലക്കുയില്‍ സൃഷ്ടിച്ച പാട്ടുവിപ്ളവംനീലക്കുയില്‍ സൃഷ്ടിച്ച പാട്ടുവിപ്ലവം 
മലയാളിയുടെ അനേകായിരം പതിപ്പുകളുള്ള ആത്മകഥയാണു സിനിമാപ്പാട്ടുകള്‍. ഓരോ ശ്രോതാവും സ്വന്തം ഭാവങ്ങള്‍ക്കനുസരിച്ച് അവയില്‍ ജീവിതം എഴുതിച്ചേര്‍ത്തു. ഇത്രമേല്‍ ആവര്‍ത്തിക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്യുന്ന മറ്റു കലാരൂപങ്ങള്‍ സിനിമാഗാനങ്ങള്‍ പോലെ ഉണ്ടാവില്ല. മലയാളിയുടെ കേള്‍വിശീലങ്ങളെത്തന്നെ രൂപീകരിച്ചതില്‍ ചലച്ചിത്രഗാനങ്ങള്‍ക്കുള്ള പ്രാധാന്യം വളരെയേറെയാണ്.
മാപ്പിളപ്പാട്ടുകള്‍, പുള്ളുവന്‍പാട്ടുകള്‍, പാണന്‍പാട്ടുകള്‍ തുടങ്ങി ജാതി-സാമുദായിക സ്വഭാവങ്ങളുള്ള പാട്ടുകള്‍ കേട്ട് ശീലിച്ചിരുന്ന ഒരു ജനതയെ മലയാളിയുടെ പൊതുകേള്‍വികളിലേക്കു കൊണ്ടുവരുന്നത് നാടക-സിനിമാഗാനങ്ങളാണ്. ആധുനിക കേരളീയ നിര്‍മിതിയുടെ പശ്ചാത്തല ഗാനങ്ങളാണവ എന്നു നിസ്സംശയം പറയാം.
'എല്ലാരും ചൊല്ല്ണ് എല്ലാരും ചൊല്ല്ണ്
കല്ലാണീ നെഞ്ചിലെന്ന്'
എന്ന 'നീലക്കുയിലി'(1954)ലെ വരികളില്‍ ഏതാണ്ട് അരനൂറ്റാണ്ടിലധികമുള്ള പ്രണയത്തിന്റെ വ്യത്യസ്തമായ നെടുവീര്‍പ്പുകളുടെ ഭാരവും കടുപ്പവും നാം ഇന്നനുഭവിക്കുന്നുണ്ട്. നീലിയെന്ന പുലയിപ്പെണ്ണ് സ്വന്തം ആത്മഗതം വെളിപ്പെടുത്തിയ ഭാഷയാണു നാം കേട്ടത്. പാട്ടു കേട്ട മലയാളി പുലയിപ്പെണ്ണിനെ മറന്നു. നായര്‍ യുവാവിനെ മറന്നു. അവരത് എല്ലാ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിയെടുത്തു.
ഏതു കാമുകനും കാമുകിക്കും ഒളിച്ചിരിക്കാവുന്ന ഇടമായി സിനിമാഗാനങ്ങള്‍ മാറി. എത്ര കൌമാരക്കാരാണ് അക്കാലം ഈ വരികള്‍ കൈമാറിയിരിക്കുക! എല്ലാ സിനിമാഗാനങ്ങള്‍ക്കും കൈവരുന്ന ഒരു കൈവല്യമാണിത്. അതു സിനിമയിലുള്ളതാണെങ്കിലും സിനിമയെ കവിഞ്ഞുപോവുന്നു. 'ആകാശവാണി'യാണ് ഇത്തരമൊരു സാധ്യത ആദ്യം സൃഷ്ടിച്ചത്. ഏകാകിയായിരിക്കുന്നവരുടെ സംഭാഷണങ്ങളായും ദൂതുകളായും സാമീപ്യമായും കാറ്റിലൂടെ അത് ഒഴുകിവന്നു. മലയാളിക്കു പാട്ടെന്നാല്‍ സിനിമാപ്പാട്ടാണ്.
'പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ' എന്ന് അഭയദേവ് എഴുതിയപ്പോള്‍ മലയാളത്തില്‍ ജനപ്രിയ താരാട്ടുപാട്ടുണ്ടായി. പില്‍ക്കാലത്തെ കുട്ടികള്‍ ആ ജനപ്രിയഗാനത്തിലാണ് ഉറങ്ങിയത്. 'പാട്ടും പാടി ജയിക്കും' എന്ന പറച്ചിലില്‍ പാട്ട് നിത്യജീവിതം പോലെ ലളിതമായി. മമ്മൂട്ടി ഒരിക്കല്‍ പറഞ്ഞു, "ഞാന്‍ പാടാത്ത പാട്ടുകളില്ല. അതാരും കേട്ടിട്ടില്ല എന്നേയുള്ളൂ'' എന്ന്. ഒരു പാട്ടെങ്കിലും വയ്ക്കാതെ എന്ത് ആഘോഷമാണു മലയാളിക്കുള്ളത്?
'നീലക്കുയില്‍' ചലച്ചിത്രചരിത്രത്തിലെ ഒരു നാഴികക്കല്ലായിത്തീര്‍ന്നത് അതിലെ ഗാനസഞ്ചയം കൊണ്ടുകൂടിയാണ്. കെ. രാഘവന്റെ സംഗീതത്തിലും പി. ഭാസ്കരന്റെ രചനയിലും കേരളീയ നാട്ടുസംഗീതം പുനര്‍ജനിക്കുകയായിരുന്നു. വ്യത്യസ്ത തരം ഗാനങ്ങളുടെ ഒരു സമ്മേളനമായിരുന്നു 'നീലക്കുയിലി'ലേത്.
'കായലരികത്തു വലയെറിഞ്ഞപ്പോള്‍' എന്ന ഗാനത്തിലൂടെ മാപ്പിളപ്പാട്ടിന്റെ അനുഭവലോകവും 'ജിഞ്ചക്കംതാരോ' എന്ന ഗാനത്തിലൂടെ കര്‍ഷക സംഘബോധത്തിന്റെ സംഗീതവും 'ഉണരൂണരൂ ഉണ്ണിക്കണ്ണാ' എന്ന ഗാനത്തിലൂടെ ഹൈന്ദവ ഭക്തിലോകവും 'എങ്ങനെ നീ മറക്കും' എന്ന ഗാനത്തിലൂടെ പ്രണയത്തിന്റെ വിഷാദധാരയും മലയാളത്തിലേക്കു വന്നു. അക്കാലത്തു പൊതുസംസ്കാരമായി പരിണമിച്ചുകൊണ്ടിരുന്നതിനെയെല്ലാം സമന്വയിപ്പിക്കുന്ന ഗാനപ്രപഞ്ചമായിരുന്നു അത്. അതൊരു മലയാളി സ്വത്വത്തെ നെഞ്ചോടു ചേര്‍ത്തുവച്ചു.
ഇതിഹാസങ്ങളോ പുരാണങ്ങളോ ആയിരുന്നില്ല പി. ഭാസ്കരന്റെ പദകോശങ്ങളുടെ അടിത്തറ. (വയലാറില്‍ മുഴുവനും അതായിരുന്നുവെന്നോര്‍ക്കുക). അതു വാമൊഴിസാഹിത്യത്തിന്റെ തുടര്‍ച്ചയായിരുന്നു, വൈക്കം മുഹമ്മദ് ബഷീറിലെന്നപോലെ. പ്രണയത്തിന്റെ ലോലമായ ആവിഷ്കാരങ്ങളില്‍ പോലും പി. ഭാസ്കരന്‍ ഇതിഹാസ-പുരാണ ഭാവുകത്വത്തില്‍ നിന്ന് അകലം സൂക്ഷിച്ചു.
"നക്ഷത്രക്കണ്ണുള്ള മാണിക്യപ്പൈങ്കിളി
മേലോട്ടു നിന്നെ വിളിച്ചോരു കാലം
ഓരോ കിനാവിന്റെ മാമ്പൂവും തിന്ന്
ഓരോരോ മോഹത്തിന്‍ തേമ്പഴം തിന്ന്
ഓടിക്കളിച്ചതും പാടിപ്പറന്നതും
ഒന്നായ് കണ്ണീരില്‍ നീന്തിക്കുളിച്ചതും''
(എങ്ങനെ നീ മറക്കും...).
ഈ യഥാര്‍ഥ ജീവിത പാരമ്പര്യമാണു ഭാസ്കരന്‍ മലയാള ഗാനശാഖയ്ക്കു നല്‍കിയത്.
'നീലക്കുയിലി'ല്‍ തന്നെ പില്‍ക്കാലത്തു ഭാസ്കരന്‍ സൃഷ്ടിച്ച ഗാനപാരമ്പര്യത്തിന്റെ നാട്ടുവഴികളുടെ പൊന്‍വെളിച്ചമുണ്ട്. സാഹിത്യ പാരമ്പര്യത്തില്‍ നിന്നു പാട്ടുപാരമ്പര്യത്തിലേക്കുള്ള വ്യതിയാനമായിരുന്നു ഭാസ്കരന്‍ സ്ഥാപിച്ചെടുത്തത്. ഭാസ്കരന്റെ ഗാനങ്ങള്‍ ആസ്വദിക്കാന്‍ ഭാരതീയ പ്രൌഢപാരമ്പര്യത്തിന്റെ പിന്തുണ ആവശ്യമില്ല. അതിനു കേരളീയ ജീവിതത്തിന്റെ മണ്ണും വെള്ളവും മതി.
'അനുരാഗ കരിക്കിന്‍വെള്ള'വും 'നാലഞ്ചു തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണ'വും 'നാളികേരത്തിന്റെ നാടും' 'മഞ്ഞിന്റെ തട്ടമിട്ട ചന്ദ്രനും' 'കദളിവാഴക്കയ്യും' അവന്റെ നിത്യജീവിതം തന്നെ. അനുഭവങ്ങള്‍ക്കു സാഹിത്യ പാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായി മറ്റൊരു വ്യവഹാര മാതൃകയുണ്ട് എന്നദ്ദേഹം 'നീലക്കുയിലി'ലൂടെ കാണിച്ചുതന്നു. നിത്യജീവിത ഭാഷാപദങ്ങളുടെ സന്നിവേശങ്ങളിലൂടെയാണ് ഇത് അദ്ദേഹം സാധിച്ചെടുത്തത്.
ശബ്ദവൈവിധ്യങ്ങളുടെയും ആലാപന വൈവിധ്യങ്ങളുടെയും ബഹുസ്വരത കൂടിയായിരുന്നു 'നീലക്കുയിലി'ലെ ഗാനങ്ങളെ അനശ്വരമാക്കിയത്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ (എങ്ങനെ നീ മറക്കും) ശാന്തഗംഭീരതയും രാഘവന്‍ മാസ്റ്ററുടെ ഗ്രാമീണഭംഗിയും (കായലരികത്ത്) മെഹ്ബൂബിന്റെ (മാനെന്നും വിളിക്കില്ല) കാല്‍പ്പനിക ശൃംഗാരവും തുടങ്ങി ജാനമ്മ ഡേവിഡിന്റെയും പുഷ്പയുടെയും ശബ്ദങ്ങളില്‍ അവ സിനിമയുടെ ആന്തരിക ജീവിതത്തെ ബഹുസ്വരമാക്കി. ഗാനങ്ങളിലെ ഘടനയുടെ വൈവിധ്യവല്‍ക്കരണം ആലാപനങ്ങളിലൂടെ സാധ്യമാണെന്ന ബോധവും 'നീലക്കുയില്‍' സിനിമാഗാനശാഖയ്ക്കു സംഭാവന ചെയ്തു.
ഇങ്ങനെ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ആത്മകഥ യഥാര്‍ഥത്തില്‍ ആരംഭിക്കുന്നതു 'നീലക്കുയിലി'ല്‍ നിന്നാണെന്നു കാലം തെളിയിക്കുന്നു.
ഇനി ഒരിക്കല്‍ക്കൂടി ആ ഗാനങ്ങള്‍ ഒന്നു കേട്ടുനോക്കൂ.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial