07 ജൂൺ 2011

ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്





ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്







ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് 1943 ജൂണില്‍ ബോംബെയിലായിരുന്നു നടന്നത്. നിയമവിധേയമായ ശേഷമുള്ള പാര്‍ട്ടിയുടെ രാജ്യത്തെ പ്രഗല്‍ഭ നേതാക്കളുടെ ഒത്തുചേരല്‍ കൂടിയായിരുന്നു ആ സമ്മേളനം. 1941 വരെ ബ്രിട്ടീഷ് ഭരണകൂടം പാര്‍ട്ടിയെ നിയമവിരുദ്ധ സംഘടനയായാണു കണ്ടിരുന്നത്. ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരിനെയും ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ അപ്രമാദിത്വത്തെയും അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നായിരുന്നു വൈസ്രോയി ഇര്‍വിന്‍ പ്രഭു രാജ്ഞിക്കു റിപോര്‍ട്ട് ചെയ്തിരുന്നത്.
നിരോധനക്കാലത്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍- പ്രത്യേകിച്ചും പാര്‍ട്ടിക്കു വേരോട്ടമുണ്ടായിരുന്ന മലബാറില്‍ കൊടിയ മര്‍ദ്ദനങ്ങളാണു പാര്‍ട്ടിസഖാക്കള്‍ അനുഭവിച്ചത്. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ബോംബെയില്‍ ചേര്‍ന്നപ്പോള്‍ പി.സി. ജോഷിയായിരുന്നു ജനറല്‍ സെക്രട്ടറി. 1929ലെ സുപ്രസിദ്ധമായ മീററ്റ് ഗൂഢാലോചന കേസിലെ 36 പ്രതികളില്‍ ഒരാളായിരുന്നു സഖാവ് ജോഷി. ബ്രിട്ടീഷ് ചക്രവര്‍ത്തിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഇന്ത്യയിലെ പ്രമുഖ കമ്മ്യൂണിസ്റ് നേതാക്കളെയെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ കല്‍ത്തുറുങ്കിലടച്ച് അതിക്രൂരമായി പീഡിപ്പിച്ചത്. രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച ആ കേസില്‍ പ്രതികള്‍ക്കു വേണ്ടി വാദിക്കാനായി നെഹ്റുവും ജിന്നയും അന്നു കോടതിയില്‍ എത്തിയിരുന്നു.


ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി ജനുവരിയില്‍ ഒരു പരസ്യ സമ്മേളനം കോഴിക്കോട് ടൌണ്‍ഹാളില്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ആദ്യത്തെ പരസ്യ സമ്മേളനം. ദീര്‍ഘമായ ഒളിവുജീവിതത്തിനും അതീവരഹസ്യമായ പാര്‍ട്ടിപ്രവര്‍ത്തനത്തിനും ഒടുവിലായിരുന്നു അന്ന് ആ വേദിയില്‍ വച്ചു പല പ്രമുഖ നേതാക്കളും പരസ്പരം ഒട്ടും ഭീതിയില്ലാതെ കണ്ടുമുട്ടിയതും സംസാരിച്ചതും. ആ സമ്മേളനത്തില്‍ പങ്കെടുത്ത കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികളില്‍ ഒരാളും സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളുമായിരുന്നു ഞാന്‍.
പി.സി. ജോഷി, പി. സുന്ദരയ്യ, ഇ.എം.എസ്, പി. കൃഷ്ണപിള്ള തുടങ്ങിയ പാര്‍ട്ടിയുടെ നേതാക്കളെല്ലാം അന്നു സമ്മേളനത്തിനായി എത്തിച്ചേര്‍ന്നിരുന്നു. തിരുവിതാംകൂറില്‍ നിന്നു പ്രതിനിധിയായി വി.എസ്. അച്യുതാനന്ദനും പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഞാന്‍ വി.എസിനെ കാണുന്നത്. കോഴിക്കോട്ടെ സമ്മേളനമാണ് ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കേണ്ട പ്രതിനിധികളെ നിശ്ചയിച്ചത്.
ഇ.എം.എസ്, പി. കൃഷ്ണപിള്ള, സി. ഉണ്ണിരാജ, പി. നാരായണന്‍നായര്‍, കെ.സി. ജോര്‍ജ്, എ.കെ. തമ്പി, പി.കെ. ബാലന്‍, കുഞ്ഞനന്തന്‍ (ഞാന്‍), പി. യശോദ (കാന്തലോട്ടിന്റെ ഭാര്യ) തുടങ്ങിയ 12 പ്രതിനിധികളെയാണു കേരളത്തില്‍ നിന്നു പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാനായി തിരഞ്ഞെടുത്തത്.
ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ 126 പ്രതിനിധികള്‍ പങ്കെടുത്തു. അതില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തി ഞാന്‍ മാത്രമാണ്. പാര്‍ട്ടിയുടെ സമുന്നത നേതാക്കന്മാരായ എസ്.എ. ഡാങ്കെ, മുസഫര്‍ അഹമ്മദ്, ജി. അധികാരി, ബി.ടി. രണദിവെ, ബങ്കിം മുഖര്‍ജി, ഭവാനി സെന്‍, മണിപ്പൂര്‍ രാജാവ് ഐരാവത്സിങ്, സെഡ്.എ. അഹ്മദ് (പിന്നീട് നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി), ഡോ. അഷ്റഫ്, പഞ്ചാബിലെ ഗദര്‍ പാര്‍ട്ടി സ്ഥാപകനായിരുന്ന സ്വാഹന്‍സിങ് ബാക്ക്ന, ബര്‍മയിലെ കമ്മ്യൂണിസ്റ് പാര്‍ട്ടി സ്ഥാപകനായിരുന്ന ഗോഷാല്‍ (ഇദ്ദേഹത്തെ 1946ലെ വിപ്ളവത്തില്‍ പിന്നീട് ബ്രിട്ടീഷ് പട്ടാളം വെടിവച്ചുകൊന്നു) തുടങ്ങിയ നേതാക്കളായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്‍നിരയില്‍.
പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇ.എം.എസ് നേരത്തെ ബോംബെക്ക് പോയിരുന്നു. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു ഞങ്ങള്‍ ബോംബേക്കു പുറപ്പെട്ടത്. വൈകുന്നേരം മദിരാശിക്കുള്ള തീവണ്ടിയില്‍ ഞങ്ങള്‍ കോഴിക്കോട്ടു നിന്നു പുറപ്പെട്ടു. ഒരു ബോഗി ബുക്കു ചെയ്തായിരുന്നു ഞങ്ങളുടെ യാത്ര. എല്ലാവരും ആര്‍ക്കോണത്ത് ഇറങ്ങി. അവിടെ നിന്നു തമിഴ്നാട്-ആന്ധ്രാ പ്രതിനിധികളുമായി ചേര്‍ന്നു മുന്‍കൂട്ടി ബുക്കു ചെയ്ത നാലു ബോഗികളിലായി ഞങ്ങള്‍ ബോംബെയില്‍ എത്തി.




ആദ്യമായാണു കേരളത്തിനു പുറത്തേക്കു പോവുന്നത്. കേരളം വിട്ടതോടെ തീവണ്ടിയുടെ ജാലകത്തിനപ്പുറത്തു വെളിമ്പ്രദേശങ്ങള്‍ മാത്രമായി കാഴ്ച. ഇടയ്ക്കു ദൂരെ കുറേ കൂരകള്‍ കാണാം. വീണ്ടും മണിക്കൂറുകള്‍ നീണ്ട വിജനമായ സമതലങ്ങളിലൂടെയുള്ള തീവണ്ടിയുടെ കിതച്ചുള്ള ഓട്ടം.
ആര്‍ക്കോണത്തു നിന്നു വണ്ടി മാറിക്കയറുന്നതിനു മുമ്പായിരുന്നു ഞങ്ങള്‍ റെയില്‍വേ സ്റേഷന്‍ പരിസരത്തെ പുസ്തകക്കടയില്‍ നിന്ന് ഒരു ഇംഗ്ളീഷ് പുസ്തകം വാങ്ങിയത്. കമ്മ്യൂണിസ്റ് ഇന്റര്‍നാഷനലിന്റെ ഒരു രഹസ്യപ്രവര്‍ത്തകനായിരുന്നു ആ പുസ്തകത്തിന്റെ ഗ്രന്ഥകാരന്‍. ബ്രിട്ടീഷുകാരനായ ഇയാളെ കമ്മ്യൂണിസ്റ് ഇന്റര്‍നാഷനലും ബ്രിട്ടീഷ് കമ്മ്യൂണിസ്റ് പാര്‍ട്ടിയും പുറത്താക്കിയ ശേഷമായിരുന്നു 'ഔട്ട് ഓഫ് ദി ഡസ്ക്' എന്ന കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്ന ആ ഗ്രന്ഥം രചിച്ചത്. കമ്മ്യൂണിസ്റ് ഇന്റര്‍നാഷനലിനെക്കുറിച്ചുള്ള ധാരാളം കാര്യങ്ങള്‍ അറിയാന്‍ ആ പുസ്തകം എനിക്കു വളരെ സഹായകമായിട്ടുണ്ട്. പുസ്തകം വാങ്ങാന്‍ അന്നു കൃഷ്ണപിള്ളയായിരുന്നു പണം നല്‍കിയത്. പത്തോ പന്ത്രണ്േടാ രൂപയായിരുന്നു വില. ഉണ്ണിരാജയും ഞാനുമായിരുന്നു പുസ്തകം വാങ്ങിയത്. ഉണ്ണിരാജ പുസ്തകത്തിന്റെ ആമുഖം വായിച്ചു തിരിച്ചുതന്നു. പിന്നീട് ഒന്നര ദിവസം ദീര്‍ഘിച്ച യാത്രയ്ക്കിടയില്‍ ഞാന്‍ വലിയ താല്‍പ്പര്യത്തോടെയാണ് ആ പുസ്തകം വായിച്ചുതീര്‍ത്തത്.
സമ്മേളനം നടന്ന പത്തു ദിവസവും ഒരു സത്രത്തിലായിരുന്നു ഞങ്ങള്‍ താമസിച്ചത്. നിലത്തു വിരിച്ച പുല്‍പ്പായയില്‍ ഉറക്കം. കോണ്‍ഗ്രസ്സിലെ പ്രായം കൂടിയ പ്രതിനിധി ബങ്കിം മുഖര്‍ജിയും പ്രായം കുറഞ്ഞ പ്രതിനിധി ഞാനുമായിരുന്നു. ഇ.എം.എസ് കാര്‍ഷിക റിപോര്‍ട്ടും പി.സി. ജോഷി ജനകീയ യുദ്ധനയവും അവതരിപ്പിച്ചപ്പോള്‍ ബാലസംഘം റിപോര്‍ട്ട് അവതരിപ്പിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. കുട്ടിയായ എന്നെ നേതാക്കള്‍ ഏറെ കൌതുകത്തോടും വാല്‍സല്യത്തോടെയുമാണു കണ്ടിരുന്നത്. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളായിരുന്നു ആ സമ്മേളനത്തിലെ ഓരോ ദിനങ്ങളും. ഇംഗ്ളീഷില്‍ എഴുതി വായിക്കാനായിരുന്നു ഞാന്‍ നിശ്ചയിച്ചത്. മലയാളത്തില്‍ പ്രസംഗിച്ചാലേ ആശയങ്ങള്‍ക്കു പൂര്‍ണത കൈവരൂ എന്ന് ഉപദേശിച്ചത് സഖാവ് കൃഷ്ണപിള്ളയായിരുന്നു. ഞാന്‍ അവതരിപ്പിച്ച ബാലസംഘം റിപോര്‍ട്ട് പിന്നീട് ഉണ്ണിരാജ പരിഭാഷപ്പെടുത്തുകയായിരുന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഞാന്‍ മാത്രം ബാക്കിയായി. എന്നെ അന്ന് വാല്‍സല്യത്തോടെ തലോടിയ, എന്നോട് ഏറെ സ്നേഹത്തോടെ ഇടപെട്ട ആരും ഇന്നീ ഭൂമുഖത്തില്ല. വല്ലാത്തൊരു സത്യമാണത്. എല്ലാവരും കടന്നുപോയി. ഇപ്പോഴും അവരെല്ലാം എന്റെ ഓര്‍മയില്‍ മാത്രമായി ജീവസ്സുറ്റ ചിത്രങ്ങളായി നില്‍ക്കുന്നു. എന്നോടുകൂടി ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അവശേഷിക്കുന്ന ഏക ദൃക്സാക്ഷി ഇല്ലാതാവും. ഈ ആദ്യ പഥികരുടെ കാല്‍പ്പാടുകളാണ് ഞാന്‍ ഇപ്പോഴും പിന്തുടരുന്നത്.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial