06 ജൂൺ 2011

പ്രവാചകന്റെ തിരുശേഷിപ്പുകള്‍........!!


പ്രവാചകന്റെ തിരുശേഷിപ്പുകള്‍........!!
     റസൂല്‍ തിരുമേനി (സ)യുടെ മുടിയടക്കം സ്വഹാബികള്‍ ശേഖരിച്ചുവച്ചിരുന്ന ഭൌതിക തിരുശേഷിപ്പുകള്‍ക്കു പിന്നീടെന്തു സംഭവിച്ചു എന്നതു പഠനവിധേയമാക്കേണ്ടതുണ്ട്. ചരിത്രഗ്രന്ഥങ്ങള്‍ അതിനെക്കുറിച്ച് എന്തുപറയുന്നു, പതിനാലു നൂറ്റാണ്ടു പിന്നിട്ട ഈ കാലത്തും പ്രവാചകന്റെ തിരുശേഷിപ്പു കൈവശമുണ്െടന്നു നടിക്കുന്നവര്‍ക്കു മുന്‍കാല പണ്ഡിതര്‍ ഏതു സ്ഥാനമാണു നല്‍കിയത് എന്ന് അതിലൂടെ വ്യക്തമാകും. സഹാബത്തിന്റെ കൈവശമുണ്ടായിരുന്ന മുടികള്‍ ബഹുഭൂരിഭാഗവും അവരോടൊപ്പം തന്നെ ഖബറുകളിലേക്കു പോയതായാണു ചരിത്രം. വളരെ കുറച്ചു മാത്രം താബിഉകളുടെ കൈവശം എത്തിച്ചേര്‍ന്നെങ്കിലും അവരോടൊപ്പം അവയും മണ്‍മറഞ്ഞതായി കാണുന്നു. അവിടുത്തെ ചെരിപ്പ്, വടി, പാത്രം, വാള്‍, പടച്ചട്ട, മോതിരം (വീതിക്കപ്പെടാത്തതും ഖലീഫമാര്‍ ഉപയോഗിച്ചിരുന്നതുമായവ) എന്നിവയില്‍നിന്നും ചിലതു നഷ്ടപ്പെട്ടതായും മറ്റു ചിലതു താര്‍ത്താരികളാല്‍ കൊള്ളയടിക്കപ്പെട്ടതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.പ്രവാചകന്റെ ഭൌതികശേഷിപ്പുകള്‍ കൈവശം വച്ച ഓരോ സഹാബിയും തന്റെ മയ്യിത്തിനോടൊപ്പം അവ ഖബറടക്കം ചെയ്യാന്‍ വസിയ്യത്ത് ചെയ്യുന്നതിലെ പൊരുള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. തന്റെ ശരീരത്തോടു ചേര്‍ന്നിരിക്കുന്ന പ്രവാചകന്റെ ശരീരഭാഗങ്ങളുടെ തണലിലെങ്കിലും തന്നോട് റബ്ബ് കരുണ കാണിക്കട്ടെ എന്നായിരുന്നു ഓരോരുത്തരുടെയും ഉള്‍ത്തേട്ടം. ആ വഴിക്ക് അവരെ ചിന്തിപ്പിക്കാന്‍ പ്രവാചകരില്‍നിന്നുതന്നെയും മാതൃകകളുണ്ടായ സ്ഥിതിക്കു പ്രത്യേകിച്ചും. അവിടുത്തെ കൊമ്പുകുത്തിച്ചെടുക്കപ്പെട്ട രക്തം വയറ്റിലാക്കിയ അബ്ദുല്ലാഹിബ്്നു സുബൈര്‍(റ)നോട് പ്രവാചകന്‍ (സ) ഇപ്രകാരം പറഞ്ഞു: "ആരുടെ രക്തം എന്റെ രക്തത്തോടു കലര്‍ന്നുവോ, അവനെ നരകാഗ്്നി സ്പര്‍ശിക്കുകയില്ല.'' പ്രവാചകന്‍ (സ) സ്വന്തം മകള്‍ സൈനബ് (റ) വഫാത്തായപ്പോള്‍ അവരെ കുളിപ്പിക്കുന്ന സ്ത്രീകളുടെ കൈവശം അവിടുത്തെ ഉടുമുണ്ട് കൊടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു: "എന്റെ ഈ ഉടുമുണ്ടിനെ അവരുടെ കഫനോടൊപ്പം ചേര്‍ക്കുക.'' പ്രവാചകരില്‍നിന്നുതന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കെ പ്രവാചകന്റെ ഏതെങ്കിലുമൊരു ഭൌതികശേഷിപ്പ് കൈവശപ്പെടുത്താന്‍ മല്‍സരിച്ച സഹാബത്ത് അവരവര്‍ക്കു കിട്ടിയതില്‍ തീര്‍ത്തും സ്വാര്‍ഥന്മാരായിരുന്നു എന്നുവേണം കരുതാന്‍. അതങ്ങനെത്തന്നെ ആയിരുന്നുതാനും. അബൂ ത്വല്‍ഹയ്ക്കു മുടി ലഭിച്ച ഹജ്ജിന്റെ അവസരത്തില്‍ അതില്‍നിന്നും ഒന്നെങ്കിലും കൈവശപ്പെടുത്താന്‍ സഹാബത്ത് തിക്കുംതിരക്കുമുണ്ടാക്കുകയായിരുന്നു എന്ന് ഹദീസില്‍ കാണാം.
മുആവിയ (റ) കഅ്ബ് ഇബ്്നു സുഹൈറില്‍നിന്ന് പ്രവാചകന്‍ നല്‍കിയ പുതപ്പ് പതിനായിരം ദിര്‍ഹം കൊടുത്തുകൊണ്ട് ആവശ്യപ്പെട്ടപ്പോള്‍ കഅ്്ബ് പറഞ്ഞു: "റസൂലുല്ലാഹി (സ)യുടെ വസ്ത്രത്തെ മറ്റാര്‍ക്കും ഞാന്‍ കൈവിട്ടുകൊടുക്കുകയില്ല.''
അനസ് (റ) പറയുന്നു: "തിരുമേനി (സ)യുടെ മുടി വടിച്ചുകൊണ്ടിരിക്കെ തങ്ങള്‍ക്കുചുറ്റും തന്റെ അനുചരന്മാര്‍ വട്ടമിട്ടിരിക്കുന്നതായി ഞാന്‍ കണ്ടു. അങ്ങനെ മുടി വീതിച്ചുനല്‍കിയപ്പോള്‍ ചിലര്‍ക്ക് ഓരോന്നുവീതവും മറ്റു ചിലര്‍ക്ക് ഈരണ്ടുവീതവും ലഭിച്ചു''  (ഇമാം അഹ്മദ്, അല്‍ ബിദായ വന്നിഹായ, ഇബ്നു കസീര്‍ 7:618). ഇത്തരത്തില്‍ ശ്രമകരമായി നേടാന്‍ കഴിഞ്ഞ തിരുകേശങ്ങളെയും വസ്ത്രങ്ങളെയുമെല്ലാം അവര്‍ പില്‍ക്കാലക്കാര്‍ക്കു കൈമാറുന്നുവെങ്കില്‍ ആഖിറത്തിന്റെ കാര്യത്തില്‍ തന്നേക്കാള്‍ മറ്റുള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്ന സ്വഭാവം സഹാബത്തില്‍ ഉണ്ടാകേണ്ടതുണ്ട്.


നമസ്കാരത്തില്‍ ഏറ്റവും മുന്നിലെ സ്വഫ്ഫില്‍ ഇടം ലഭിച്ച ഒരു സഹാബി പിറകിലുള്ളയാള്‍ക്കു കൈമാറുന്നതുപോലെയാണിത്. സഹാബത്തില്‍നിന്ന് അത് ഊഹിക്കാവുന്നതല്ല. അല്‍പ്പമെങ്കിലും പില്‍ക്കാലക്കാര്‍ക്കു വിട്ടുകൊടുത്തെങ്കില്‍ അതു മുടിയുടെ വലിയൊരു ശേഖരം കൈവശം വച്ച അബൂത്വല്‍ഹയുടെ ഭാര്യ ഉമ്മുസുലൈം അഥവാ അനസി (റ)ന്റെ മാതാവിന്റെ വഴിയിലൂടെ മാത്രമാണ്. മുടിയുടെ ഏറ്റവും വലിയ ശേഖരം സൂക്ഷിച്ചിരുന്ന പ്രസിദ്ധനായ സഹാബി മുആവിയത്തുബ്്നു അബൂ സുഫ്യാന്‍ പോലും അതെല്ലാം തന്നെ തന്റെ മയ്യിത്തിനോടൊപ്പം മറമാടാന്‍ വസിയ്യത്ത് ചെയ്യുകയായിരുന്നു.


 മുആവിയ (റ) മരണാസന്നസമയത്തു തന്റെ ജീവിതപങ്കാളിയോടു താന്‍  ഏല്‍പ്പിച്ച സൂക്ഷിപ്പുമുതല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ പൂട്ടി സീല്‍ചെയ്യപ്പെട്ട ഒരു കുട്ടയുമായി വന്നു. അതിലെന്തോ വിലപിടിച്ച രത്്നങ്ങളായിരിക്കുമെന്നു തങ്ങള്‍ക്കു തോന്നിയെന്ന് അദ്ദേഹത്തിന്റെ മക്കളില്‍ ചിലര്‍ പറഞ്ഞു. ശേഷം മുആവിയ (റ) പറഞ്ഞു: "ഞാന്‍ ഇതു കരുതിവച്ചിരുന്നത് ഇതുപോലൊരു നാളിലേക്കു വേണ്ടിയായിരുന്നു.'' അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അവരതു തുറന്നുനോക്കിയപ്പോള്‍ മൂന്നു വസ്ത്രങ്ങള്‍ ഒരു മുണ്ടില്‍ പൊതിഞ്ഞിരിക്കുന്നു. അദ്ദേഹം പറഞ്ഞു: "ഇത് റസൂലുല്ലാഹി(സ) തങ്ങള്‍ ഹജ്ജത്തുല്‍ വിദാഅ് കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ എന്നെ ധരിപ്പിച്ച കുപ്പായവും മേല്‍ത്തട്ടവുമാണ്. പിന്നീടു കുറച്ചുനാള്‍വരെ ഞാന്‍ കാത്തിരുന്നു. ശേഷം തങ്ങളുടുത്ത ഈ ഉടുമുണ്ട് എന്നെ ധരിപ്പിച്ചാലും എന്നു ഞാന്‍ തങ്ങളോടുപറഞ്ഞു. "ഓ മുആവിയാ, ഞാന്‍ വീട്ടിലേക്കു പോയശേഷം കൊടുത്തയക്കാം'' അവിടുന്നരുളി. അപ്രകാരം നബി(സ) അതു കൊടുത്തയക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ നബി(സ) തങ്ങള്‍ മുടി കളയുന്നയാളെ വിളിച്ചുവരുത്തി മുടിവെട്ടുകയും താടി വൃത്തിയാക്കുകയും ചെയ്തു. ഈ മുടികള്‍ എനിക്കു ദാനമായി തന്നാലും പ്രവാചകരേ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ "നീ അതു എടുത്തുകൊള്‍ക'' എന്നു തിരുമേനി മറുപടി പറഞ്ഞു. ആ മുടികളത്രയും ഈ മേല്‍ത്തട്ടത്തിന്റെ അറ്റത്തു ചുരുട്ടിവയ്ക്കപ്പെട്ടിരിക്കുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ റസൂലി(സ)ന്റെ ഈ ഖമീസില്‍ നിങ്ങള്‍ എന്നെ കഫന്‍ പൊതിയണം. തങ്ങളുടെ മേല്‍ത്തട്ടത്തില്‍ നിങ്ങളെന്നെ  ചുരുട്ടണം. തങ്ങളുടെ ഉടുമുണ്ടുകൊണ്ടു നിങ്ങളെന്നെ മുണ്ടുടുപ്പിക്കണം. തിരുമേനിയുടെ  മുടികള്‍കൊണ്ട് എന്റെ കവിളുകളെയും ചുണ്ടിനെയും നിങ്ങള്‍ പഞ്ഞിപൊത്തണം. ബാക്കിവരുന്ന മുടികളെല്ലാംതന്നെ എന്റെ നെഞ്ചില്‍ വിതറുകയും വേണം. എന്നിട്ടു കരുണാനിധിയായ എന്റെ റബ്ബിന്റെ കാരുണ്യത്തിന്റെയും എന്റെയും ഇടയില്‍ നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുവിന്‍.''(അദ്ദൌലത്തുല്‍ അമവിയ്യ 1:488, അസ്സീറത്തുല്‍ ഹല്‍ബിയ്യ 3:109, അല്‍ ഇസാബ 3:400). 


കൂടാതെ ഇമാം ത്വബ്രിയുടെ താരീഖിലും അദ്ദൌലത്തുല്‍ അമവിയ്യ എന്ന കിതാബിലും ഇത്രകൂടി ചേര്‍ക്കപ്പെടുന്നു. "അതായത്, പ്രവാചകന്‍ (സ) ഒരിക്കല്‍ നഖം മുറിച്ചപ്പോള്‍ ആ നഖങ്ങളെല്ലാം ഞാന്‍ എടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിച്ചുവച്ചു.'' എന്നിട്ടു മുആവിയ (റ) പറഞ്ഞു: "ഞാന്‍ മരിച്ചാല്‍ ഈ നഖങ്ങള്‍ കഷണങ്ങളാക്കി പൊടിച്ച് ആ പൊടി എന്റെ കണ്ണിലും വായിലും വിതറണം. അതിന്റെ ബര്‍ക്കത്ത് കാരണം അല്ലാഹു തആല എന്നോടു കരുണചെയ്തേക്കാം.'' ഏറ്റവും കൂടുതല്‍ പ്രവാചകന്റെ  മുടി ശേഖരിച്ച ഒരു സഹാബി അതിലൊന്നുപോലും പില്‍ക്കാലക്കാര്‍ക്കു വിട്ടുനല്‍കാത്തതിന്റെ മനശ്ശാസ്ത്രം ഈ സംഭവത്തില്‍നിന്ന് ഗ്രഹിക്കാവുന്നതേയുള്ളൂ. ഇപ്രകാരം മുടിയോ വസ്ത്രമോ കൈവശമുണ്ടായിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രസ്താവിക്കപ്പെട്ടവര്‍ എല്ലാം തന്നെ അതുകൊണ്ടു സ്വയം ബര്‍ക്കത്ത് എടുക്കുന്നതില്‍ സ്വാര്‍ഥരായിരുന്നതായി കാണാം.


അബൂത്വല്‍ഹ(റ)യാണ് ഈ രംഗത്തു രണ്ടാമന്‍. ഹജ്ജ് കഴിഞ്ഞു മുടിയെടുക്കുന്ന സമയത്തു പ്രവാചകന്‍ (സ) തലമുടിയുടെ ഒരു ഭാഗത്തെ മുടിയൊന്നാകെ അബൂത്വല്‍ഹയെ ഏല്‍പ്പിച്ചു എന്നും ഉമ്മു സുലൈമിനെ ഏല്‍പ്പിച്ചു എന്നും വ്യത്യസ്ത രിവായത്തുകളുണ്ട്. അതല്ല അബൂത്വല്‍ഹയുടെ കൈവശം കിട്ടിയതു തന്റെ ഭാര്യ ഉമ്മു സുലൈമ(റ)യെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു എന്നും കാണാം. തദവസരം പ്രവാചകന്(സ) തന്നോടുള്ള പ്രിയമോര്‍ത്ത് അബൂത്വല്‍ഹ (റ)യുടെ നയനങ്ങള്‍ നിറഞ്ഞുപോയിരുന്നു. പ്രവാചകന്‍(സ) ഉഹ്്ദ് യുദ്ധത്തില്‍ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ട സന്ദിഗ്ധഘട്ടത്തില്‍ ശത്രുവില്‍നിന്നുള്ള അമ്പുകള്‍ക്കെല്ലാം സ്വയം പരിച തീര്‍ത്തു ശത്രുക്കളെ തുരത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച പുരുഷന്‍ അബൂത്വല്‍ഹയാണെങ്കില്‍ ഒരു കഠാരയുമായി ഉറച്ചു നിന്ന ഏക സ്ത്രീരത്്നം ഉമ്മുസുലൈമായിരുന്നു. അതിന്റെ പ്രത്യുപകാരമായി ദുന്‍യാവില്‍ തന്നെ പ്രവാചകന്‍(സ) സ്നേഹം പങ്കിടുകയായിരുന്നു. കൂടാതെ ഉമ്മു സുലൈം മുലകുടിബന്ധത്തിലുള്ള നബി(സ)യുടെ അമ്മായി കൂടിയായിരുന്നു.


ഉമ്മു സുലൈം തനിക്കു കിട്ടിയ മുടികളെല്ലാം പ്രധാനമായും സുഗന്ധവസ്തുവില്‍ പൊടിച്ചുചേര്‍ക്കുകയായിരുന്നു. സൂക്ഷിച്ചുവച്ചിരുന്ന കാലത്തു രോഗികള്‍ക്കു വെള്ളത്തില്‍ മുക്കി നല്‍കിയെങ്കിലും അവരുടെ കാലശേഷം അതത്രയും ശേഷിച്ചിരിപ്പുണ്െടങ്കില്‍ അവയുടെ കൈമാറ്റം രേഖപ്പെടുത്തേണ്ടതാണല്ലോ. കുറഞ്ഞ മുടി മാത്രമാണു സ്വന്തം മകനും പ്രവാചകന്റെ സേവകനുമായിരുന്ന അനസി(റ)നു ലഭിച്ചത്. അതേ കുടുംബത്തിലെ മൌലയായ (സ്വതന്ത്രനാക്കപ്പെട്ട അടിമ) സീരീനിന്റെ മകനും താബിഉകളില്‍ പ്രഗല്ഭ പണ്ഡിതനുമായ മുഹമ്മദ് ഇബ്നു സീരീന് (റ) പോലും ശക്തമായ ആവശ്യപ്പെടല്‍ കാരണം നല്‍കിയതാവട്ടെ, ഒരു മുടിയിഴ മാത്രം. അവര്‍ രണ്ടുപേരും തന്നെ അവരവരുടെ മയ്യിത്തിനോടൊപ്പം ഖബ്റിലേക്കു നീക്കാന്‍ നിര്‍ദേശിച്ചതായി ഹദീസുകളില്‍ കാണുന്നു. കൂടാതെ ഉമ്മു സുലൈം എടുത്തുവയ്ക്കാറുള്ള പ്രവാചകന്റെ വിയര്‍പ്പു തുള്ളികളില്‍നിന്നും ഇവര്‍ രണ്ടുപേരും ചോദിച്ചുവാങ്ങുകയും അവരുടെ മയ്യിത്തിനു സുഗന്ധമാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അനസ് ഇബ്നു മാലിക്കിനു മരണം ആസന്നമായപ്പോള്‍ തന്റെ ഹനൂത്ത്വിനായി(മയ്യിത്തിനെ കഫന്‍ പൊതിയുമ്പോള്‍ വയ്ക്കുന്ന സുഗന്ധത്തിന്റെ പ്രത്യേക പേര്) പ്രസ്തുത കുപ്പിയില്‍നിന്ന് എടുക്കണം എന്നു വസിയ്യത്തു ചെയ്യുകയും അപ്രകാരം തന്റെ ഹനൂത്തില്‍ അതു വയ്ക്കപ്പെടുകയും ചെയ്തു. അതായത്, നബി(സ) തങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഉമ്മു സുലൈം എടുത്തുവയ്ക്കാറുള്ള വിയര്‍പ്പും മുടിയുമായിരുന്നു പ്രസ്തുത കുപ്പിയില്‍ ഉണ്ടായിരുന്നത്(ബുഖാരി).


അബൂത്വല്‍ഹ (റ) പ്രവാചകന്റെ മുടി ഉമ്മു സുലൈമിന് കൊടുത്തു. അനസ് (റ) പറയുന്നു: "അങ്ങനെ ഉമ്മു സുലൈം ആ മുടി തന്റെ സുഗന്ധത്തില്‍ പൊടിച്ചു ചേര്‍ക്കുമായിരുന്നു''(മുസ്്നദ് അഹ്്മദ്).
സ്വാബിതുല്‍ ബന്നാനി പറയുന്നു: "അനസ് ഇബ്നു മാലിക് (റ) പറഞ്ഞു; 'ഇതു നബി(സ) യുടെ മുടിയില്‍നിന്നുള്ള ഒരു മുടിയാകുന്നു. അതുകൊണ്ട് ഇതെന്റെ നാവിന്റെ അടിയില്‍വയ്ക്കുക.' സ്വാബിത് പറയുന്നു: "അപ്രകാരം ഞാനാ മുടി അദ്ദേഹത്തിന്റെ നാക്കിനടിയില്‍ വച്ചു. അങ്ങനെ ആ മുടി തന്റെ നാവിന്റെ അടിയിലായ നിലയില്‍ അനസി (റ)നെ ഖബറടക്കം ചെയ്യപ്പെട്ടു.''
മുഹമ്മദ്ബ്നു സീരീന്‍ (റ) പറയുന്നു: "അനസ് ഇബ്നു മാലിക്കി (റ) ന്റെ കൈയില്‍  റസൂലിന്റ(സ) ഒരു വടിയുണ്ടായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ തന്റെ കുപ്പായത്തിന്റെയും പാര്‍ശ്വത്തിന്റെയും ഇടയിലായി അതിനെ മറമാടപ്പെട്ടു'' (അല്‍ ബിദായ വന്നിഹായ 6:6).
അയ്യൂബ് (റ) പറയുന്നു: "ഉമ്മു സുലൈം പറയുന്നതായി ഇബ്്നു സീരീന്‍ ഇപ്രകാരം പറഞ്ഞു: 'റസൂലുല്ലാഹി (സ) തങ്ങള്‍ എന്റെ വീട്ടില്‍ ഉച്ചയുറക്കം നടത്തുമായിരുന്നു. ഞാന്‍ ഒരു വിരിപ്പ് വിരിച്ചു കൊടുക്കുമായിരുന്നു. അതില്‍ തിരുമേനി ഉറങ്ങി വിയര്‍ക്കുമ്പോള്‍ ഞാന്‍ സുഗന്ധപാത്രം കൊണ്ടുവരുകയും തങ്ങളുടെ വിയര്‍പ്പുമായി സുഗന്ധത്തെ കലര്‍ത്തുകയും ചെയ്യുമായിരുന്നു.'' ഇബ്്നു സീരീന്‍ (റ) പറയുന്നു: "ഉമ്മു സുലൈമിനോടു പ്രസ്തുത സുഗന്ധത്തില്‍ നിന്നു ഞാന്‍ ദാനം നല്‍കാന്‍ ആവശ്യപ്പെട്ട പ്രകാരം അവരതില്‍നിന്ന് എനിക്കു നല്‍കി.'' അയ്യൂബ് (റ) പറയുന്നു: "മുഹമ്മദ്ബ്്നു സീരീനില്‍നിന്ന് ഞാന്‍ ദാനം ആവശ്യപ്പെട്ടപ്പോള്‍ അതില്‍നിന്ന് അദ്ദേഹം എനിക്കു നല്‍കി. അതിപ്പോഴും എന്റെ കൈവശമുണ്ട്.'' അയ്യൂബ് (റ) പറയുന്നു: "മുഹമ്മദ്ബ്്നു സീരീന്‍ മരിച്ചപ്പോള്‍ പ്രസ്തുത സുഗന്ധം അദ്ദേഹത്തിന്റെ ഹനൂത്ത് ആക്കപ്പെട്ടു.''(സൈറു അഅ്ലാമിന്നുബലാഗ് ഹാഫിസ് ദഹബി, ഉമ്മുസുലൈം എന്ന ഭാഗത്ത്) ഉമഷര്‍ ഇബ്്നു അബ്ദുല്‍ അസീസ് തന്റെ കൈവശമുണ്ടായിരുന്ന നബി (സ)യുടെ മുടിയും നഖങ്ങളും തന്നോടൊപ്പം മറമാടണമെന്നു വസിയ്യത്ത് ചെയ്തതായി ഇമാം നവവി പറയുന്നു. (തഹ്്ദീബു സ്വിഫാത് 3:24, അത്തബഖാത്ത് 5:406).


പ്രവാചകനോടു തന്റെ പുതപ്പ് ആവശ്യപ്പെട്ട സഹാബിയോടു മറ്റുള്ളവര്‍ അതൃപ്തി വെളിവാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞതും താന്‍ അതു തന്റെ കഫന്‍ തുണിയാക്കാന്‍വേണ്ടി ചോദിച്ചതാണെന്നായിരുന്നു (ബുഖാരി).
ഇത്തരം സംഭവങ്ങളുടെ ബാഹുല്യം കാരണം, 'മയ്യിത്തിനോടൊപ്പം സല്‍ശേഷിപ്പുകള്‍ മറമാടുന്ന പാഠം' എന്ന തലക്കെട്ടുകള്‍ വച്ചു കിതാബുകള്‍ രചിച്ച പല പണ്ഡിതരുമുണ്ട്.
ഫള്ലുബ്്നു റബീഇന്റെ മക്കളിലൊരാള്‍ അഹ്്മദുബ്്നു ഹംബലിന്(റ) ജയിലിലായിരിക്കെ മൂന്നു മുടിയിഴകള്‍ കൊടുത്തു. എന്നിട്ടു പറഞ്ഞു: "ഇവ നബി (സ)യുടെ മുടിയില്‍ പെട്ടവയാണ്.'' അങ്ങനെ അഹ്്മദ് ഇബ്്നു ഹംബല്‍ തന്റെ മരണസമയത്ത് രണ്ടു കണ്ണുകളിലായി ഓരോ മുടിവീതവും നാവില്‍ ഒരു മുടിയും വയ്ക്കാന്‍ വസിയ്യത്ത് ചെയ്യുകയുണ്ടായി.  (സ്വിഫതുസ്സ്വഫ്വത്, ഇബ്്നുല്‍ ജൌസി 2:357).


സഹ്്ല് ഇബ്്നു സഅദ് (റ) നബിതങ്ങള്‍ക്കും സഹാബത്തിനും വെള്ളം കൊടുത്ത കപ്പ് സൂക്ഷിച്ചുവയ്ക്കുകയും പില്‍ക്കാലത്തു സഹാബത്തിന് അതുകൊണ്ട് വെള്ളം കുടിക്കാന്‍ കൊടുക്കുകയും ചെയ്തിരുന്നു. ശേഷം ഉമര്‍ ഇബ്്നു അബ്ദുല്‍ അസീസ് അതാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു ദാനം നല്‍കിയതുവരെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു.(സഹീഹുല്‍ ബുഖാരി 56:37) എന്നിരിക്കെ പ്രവാചകന്റെ തിരുകേശങ്ങള്‍ വല്ലവരും കൈമാറിയിട്ടുണ്െടങ്കില്‍ അതെല്ലാം ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും ഇടം പിടിക്കേണ്ടതുണ്ട്.


ഇബ്്നുസീരീന്‍ (റ) ഉബൈദത്ത്്ബ്നു അംറിനോട് ഇപ്രകാരം പറഞ്ഞു: "അനസ്ബ്്നു മാലിക്കിന്റെ ഭാഗത്തുനിന്നു ലഭിച്ച പ്രവാചകന്റെ മുടിയില്‍പ്പെട്ട ഒന്ന് നമ്മുടെ പക്കലുണ്ട്.'' അപ്പോള്‍ ഉബൈദ പറഞ്ഞു: (ചില രിവായത്തില്‍ ഇബ്്നു സീരീന്‍ തന്നെ പറഞ്ഞു) "അതില്‍നിന്നൊരു മുടിയെങ്കിലും തന്റെ അടുക്കല്‍ ഉണ്ടാവുക എന്നതു ദുന്‍യാവും അതിലുള്ള സര്‍വതിനേക്കാളും എനിക്കേറ്റവും പ്രിയപ്പെട്ടതാണ് (ബുഖാരി).


നബി(സ) തങ്ങളില്‍നിന്നും 50 വര്‍ഷം പിന്നിട്ട ഒരു ഇമാം പോലും ഇപ്രകാരമാണു പറയുന്നതെങ്കില്‍ നമ്മുടെ ഈ  കാലത്ത് നാമെന്തായിരിക്കും പറയേണ്ടത്? സ്ഥിരപ്പെട്ട സനദോടുകൂടി തിരുമേനിയുടെ ഒരു മുടിയെങ്കിലും നാം കണ്െടത്തിയെങ്കില്‍! പക്ഷേ, അതു സ്ഥിരപ്പെടുത്തുന്നതിന്റെ പിന്നില്‍ മുള്‍ക്കൊമ്പില്‍നിന്നും ഇല പൊഴിക്കുന്ന (അസാധ്യമായ) പണിയുണ്ട്.


ഇമാം ദഹബി (റ) അബൂ ജാഫര്‍ തുര്‍മുദിയെ(റ) ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "നബി(സ) തങ്ങള്‍ തലമുടി വടിച്ചപ്പോള്‍ തന്റെ പരിശുദ്ധ മുടി സഹാബത്തിനെ ബഹുമാനിച്ചുകൊണ്ട് അവര്‍ക്കിടയില്‍ വീതിച്ചുനല്‍കിയ കാര്യം സ്ഥിരപ്പെട്ടു വന്നതാണ്. അതില്‍നിന്ന് ഒരു മുടിയെങ്കിലും ചുംബിക്കാന്‍ കഴിയാത്തതിലുള്ള എന്റെ നഷ്ടമേ, സങ്കടമേ'' (സൈറു അഅ്ലാമി അന്നുബലാഇ ലിദഹബി 13:546).
അറബിഭാഷയില്‍ ചരിത്രവിഷയത്തില്‍ മാത്രം 150ല്‍പ്പരം കിതാബുകള്‍ രചിച്ച ഇമാം ദഹബി വ്യത്യസ്ത വിഷയങ്ങളിലായി 200ല്‍പ്പരം ഗ്രന്ഥങ്ങള്‍ രചിച്ച അതുല്യ വ്യക്തിയാണ്. ഹിജ്റ ആറ്, ഏഴ് നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ചിരുന്ന ആ മഹാ ചരിത്രപണ്ഡിതനുപോലും കണ്െടത്താന്‍ കഴിയാത്ത ഒരു പുണ്യ മുടി 14 നൂറ്റാണ്ടിനിപ്പുറത്തുള്ളയാള്‍ക്കു കിട്ടിയെന്നുപറയുമ്പോള്‍ ആ മുടിയുടെ ഉറവിടം എങ്ങനെ ചോദ്യം ചെയ്യപ്പെടാതിരിക്കും? പ്രവാചകനു മേല്‍ കളവുപറയുന്നവന്റെ സ്ഥാനം നരകമാണെന്ന പ്രവാചകവചനമോര്‍ത്തെങ്കിലും പ്രസ്തുത വാദത്തില്‍നിന്നും പിന്മാറുകയായിരിക്കും അഭികാമ്യം. പ്രവാചകന്റെ തിരുശേഷിപ്പുകളില്‍നിന്ന് അവിടുന്ന് വീതിച്ചു നല്‍കപ്പെടാതെ വിട്ടുപോയ വടി, വാള്‍, പടച്ചട്ട, കപ്പ്, മോതിരം മുതലായവ പില്‍ക്കാലത്ത് ഖലീഫമാര്‍ ഉപയോഗിച്ചിരുന്നെങ്കിലും അവയില്‍ ചിലതു നഷ്ടപ്പെടുകയും (ഉദാ: ഉസ്്മാന്‍ (റ) ന്റെ കൈയില്‍ നിന്നു നഷ്ടപ്പെട്ട മോതിരം) മറ്റുള്ളവ മുആവിയയുടെ മയ്യിത്തിനൊപ്പം മറമാടപ്പെടുകയും താര്‍ത്താരികളാല്‍ ഹിജ്റ 656ല്‍ ബഗ്്ദാദിനെ എരിച്ചപ്പോള്‍ തീവയ്പില്‍ അകപ്പെടുകയോ ചെയ്തതായി ഇമാം സുയൂത്വി തന്റെ താരീഖുല്‍ ഖുലഫാഇല്‍ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുശേഷിപ്പുകള്‍ തുര്‍ക്കിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന വാദക്കാര്‍ക്കു മറുപടി നല്‍കിക്കൊണ്ട് പ്രസിദ്ധ ചരിത്രപണ്ഡിതന്‍ അഹ്്മദ് തൈമൂര്‍ പാഷ പറയുന്നത് പ്രവാചകന്റെ പാദങ്ങള്‍ പതിഞ്ഞ കല്ലുകള്‍ എന്നവകാശപ്പെടുന്ന വിവിധ രാജ്യങ്ങളിലുള്ള ഏഴു കല്ലുകളെ ഞാന്‍ കണ്െടത്തുകയുണ്ടായി. അവയില്‍ ഒന്നുപോലും മറ്റൊന്നുമായി രൂപത്തിലോ അളവിലോ വണ്ണത്തിലോ സദൃശമാകുന്നില്ല(അല്‍ ആസാറുന്നബവിയ്യ-അഹ്്മദ് തൈമൂര്‍ പാഷ).


ഒരിക്കല്‍ അബ്ബാസിയ ഭരണകര്‍ത്താക്കളില്‍പ്പെട്ട ഖലീഫത്തുല്‍ മഹ്്ദി അമീറായിരിക്കവേ ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ സദസ്സിലേക്ക് ഒരു പൊതിയുമായി വന്നു. ഒരു മുണ്ടില്‍ പൊതിഞ്ഞ നിലയില്‍ ഒരു ചെരിപ്പായിരുന്നു അതിലുണ്ടായിരുന്നത്. "അല്ലയോ അമീറുല്‍ മുഅ്്മിനീന്‍, ഇതു റസൂലുല്ലാഹി (സ)യുടെ ചെരിപ്പാണ്. നിങ്ങള്‍ക്കായി ഞാനിതു ദാനം ചെയ്യുകാണെന്ന്'' പറഞ്ഞു. ഖലീഫ അതു വേഗം വാങ്ങിവയ്ക്കുകയും അയാള്‍ക്കു പതിനായിരം ദിര്‍ഹം നല്‍കാന്‍ കല്‍പ്പിക്കുകയും ചെയ്തു. അയാള്‍ അപ്രത്യക്ഷനായ ഉടനെ സദസ്യരോടായി അമീര്‍ പറഞ്ഞു: പ്രവാചകന്‍ (സ) ആ ചെരിപ്പ് ധരിച്ചിട്ടില്ലെന്നു മാത്രമല്ല, കണ്ടിട്ടുപോലുമില്ല എന്ന സത്യം എനിക്കറിയാത്തതുകൊണ്ടാണു ഞാന്‍ അയാള്‍ക്കു കാശു കൊടുത്തു വാങ്ങിവച്ചതെന്നു നിങ്ങള്‍ വിചാരിക്കുന്നോ? തീര്‍ച്ചയായും ഞാന്‍ വിലയ്ക്കുവാങ്ങിയത് ആ ചെരിപ്പല്ല. മറിച്ച് അയാളുടെ നാക്കിനെയാണ്. ഞാന്‍ അയാളെ കളവാക്കുന്ന പക്ഷം അയാള്‍ ദുഷ്പ്രചാരം തിരിച്ചറിയാത്ത പാമരന്മാര്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തു മുന്നില്‍ക്കണ്ടു പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു''(താരീഖെ ബഗ്്ദാദ് 5:394). ഈ സംഭവത്തിലെ ചെരിപ്പുവാദിയോടു ഖലീഫ സനദ് ചോദിക്കാത്തതിലെ മനശ്ശാസ്ത്രമെന്തായിരിക്കും?
1. അത് ചോദിക്കുക വഴി സ്വയം വിഢ്ഡിയാകുന്നതില്‍നിന്നു മാന്യത സൂക്ഷിച്ചു.
2. പോത്തിനോടു വേദമോതിയിട്ടെന്തുകാര്യം? ചെരിപ്പുവാദിയുടെ പ്രശ്നം സനദിന്റേതല്ലല്ലോ, പണത്തിന്റേതാണ്.
പുതിയ പുതിയ പ്രശ്നങ്ങളുമായി വരുന്നവരെ പണം കൊടുത്തൊതുക്കുന്ന സമ്പ്രദായം പ്രസ്തുത ഖലീഫയില്‍ നിന്ന് ധാരളമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഒരിക്കല്‍ അബൂ ഹുറയ്റ(റ)യുടെ ഒരു ഹദീസില്‍ അധികമായി കൂട്ടിച്ചേര്‍ത്ത ഒരാള്‍ക്കും ആയിരം ദിര്‍ഹം കൊടുത്തുകൊണ്ട് അയാള്‍ സദസ്സില്‍നിന്ന് അപ്രത്യക്ഷനായപ്പോള്‍ ഇതേപോലെ പ്രതികരിച്ചതായി കാണാന്‍ സാധിക്കുന്നുണ്ട്.
3. വിശ്വാസികളെ ദൂരവ്യാപകമായ ഒരു ഭവിഷ്യത്തില്‍നിന്നു ഫലപ്രദമായി തടയുകഎന്ന ദീര്‍ഘ വീക്ഷണവുമായിരുന്നു ഈ സംഭവത്തിലൂടെ ഖലീഫ പ്രയോഗിച്ചത്.
ഹദീസ് ഗ്രന്ഥങ്ങളെ നിരൂപണം ചെയ്ത പ്രസിദ്ധ പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനി ഇപ്രകാരം പറയുന്നു: "പ്രവാചകന്റെ തിരുശേഷിപ്പുകളായ വസ്ത്രം, മുടി എന്നിവകളെല്ലാം തന്നെ ലഭ്യമല്ല എന്നു നമുക്കു തീര്‍ത്തറിയാം. അവയില്‍ ഒന്നുപോലും സ്ഥിരപ്പെടുത്താന്‍ ആര്‍ക്കും സാധ്യവുമല്ല.''


======================================================================
പ്രവാചക തിരുശേഷിപ്പുകളെ കുറിച്ചു എ നജീബ് മുസ്ലിയാരുടെ പ്രഭാഷണം 18 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial