06 ജൂൺ 2011

പ്രവാചകന്റെ ആകാശാരോഹണം


പ്രവാചകന്റെ ആകാശാരോഹണംസത്യവിശ്വാസികള്‍ പരസ്പരം കാണുമ്പോള്‍ “അസ്സലാമു അലൈക്കും”(അല്ലാഹുവില്‍ നിന്നുള്ള ശാന്തി നിങ്ങള്‍ക്കുണ്ടാവട്ടെ) എന്നു പറയാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. സത്യവിശ്വാസി അല്ലാഹുവിനെ കണ്ടാല്‍ എന്താണു പറയേണ്ടത്? പല സന്ദര്‍ഭങ്ങളില്‍ ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ട്. അപൂര്‍വം ചിലര്‍ മാത്രമാണ് ശരിയായ ഉത്തരം നല്‍കിയിട്ടുള്ളത്. സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിനെ നേരില്‍ ദര്‍ശിക്കാന്‍ കഴിയുമോ? ഭൌതികജീവിതത്തില്‍ കഴിയില്ലെന്നാണ് ഉത്തരം. ആ നേര്‍ക്കാഴ്ച പരലോക ജീവിതത്തിലേക്കു വേണ്ടി അല്ലാഹു മാറ്റിവച്ചിരിക്കുകയാണ്. എങ്കിലും സത്യവിശ്വാസികളുടെ പ്രതിനിധിയായി മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി (സ)ക്കു ഭൌതിക ജീവിതത്തില്‍ വച്ചുതന്നെ അതിന്നവസരം നല്‍കപ്പെടുകയുണ്ടായി. ആ കാഴ്ചയുടെ സന്ദര്‍ഭത്തില്‍ തിരുനബി(സ) അല്ലാഹുവിനോട് ആദ്യം പറഞ്ഞതിങ്ങനെയാണ്:
"അത്തഹിയ്യാത്തു അല്‍ മുബാറക്കാത്തുസ്സലവാത്തുത്തയ്യിബാത്തു ലില്ലാഹി''”(എല്ലാ തിരുമുല്‍ക്കാഴ്ചകളും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും സദ്കര്‍മങ്ങളും അല്ലാഹുവിനാകുന്നു).
ഈ സന്ദര്‍ഭത്തില്‍ അല്ലാഹു മറുപടി പറഞ്ഞു: "അസ്സലാമു അലൈക അയ്യുഹന്നബിയ്യു വ റഹ്്മത്തുല്ലാഹി വ ബറകാത്തുഹു''”(അല്ലാഹുവില്‍ നിന്നുള്ള ശാന്തിയും കരുണയും അനുഗ്രഹവും, അല്ലയോ പ്രവാചകരേ, താങ്കളുടെ മേലുണ്ടാവട്ടെ). അപ്പോള്‍ അവിടെ സന്നിഹിതരായിരുന്ന മാലാഖമാര്‍ പ്രാര്‍ഥിച്ചു:
"അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്വാലിഹീന്‍''”(അല്ലാഹുവില്‍ നിന്നുള്ള ശാന്തി ഞങ്ങള്‍ക്കും അല്ലാഹുവിന്റെ എല്ലാ സച്ചരിതരായ അടിമകള്‍ക്കും ഉണ്ടാവട്ടെ).
ഓരോ സത്യവിശ്വാസിയും ദിനേന അഞ്ചു നമസ്കാരങ്ങളിലായി ഒമ്പതു തവണ ഇതാവര്‍ത്തിച്ചു പറയുകയും അനുസ്മരിക്കുകയും ചെയ്യുന്നുണ്ട്. അംഗസ്നാനം ചെയ്തു നമ്രശിരസ്കനായി പ്രപഞ്ചനാഥന്റെ സന്നിധാനത്തില്‍ നിന്ന് ഋജുമാനസനും സര്‍വ സമര്‍പ്പിതനുമായി തന്റെ പ്രാര്‍ഥനകളും ആരാധനകളും ജീവിതവും മരണവും സര്‍വലോക പാലകനായ അല്ലാഹുവിനു മാത്രമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണല്ലോ സത്യവിശ്വാസി നമസ്കാരം ആരംഭിക്കുന്നത്. തുടര്‍ന്ന് സ്തുതിഗീതങ്ങളും പ്രതിജ്ഞയും പ്രാര്‍ഥനകളും സ്തോത്രാലാപനങ്ങളും നടത്തി സത്യവിശ്വാസിയുടെ മനസ്സും ആത്മാവും സമ്പൂര്‍ണമായി ദിവ്യസന്നിധാനത്തിലെത്തിച്ചേരുന്നു. ദിവ്യപ്രഭയില്‍ മുങ്ങിക്കുളിച്ചു സ്ഥലകാല പരിമിതികള്‍ക്കപ്പുറത്തെ വിതാനത്തിലെത്തിച്ചേരുന്ന ആ മനസ്സിലും ആത്മാവിലും 'അല്ലാഹു' എന്നതല്ലാത്ത മറ്റൊരു വിഷയവും അവശേഷിക്കില്ല. അകക്കണ്ണുകൊണ്ട് അല്ലാഹുവിനെ കാണുന്ന ആ അവസരത്തില്‍ നാവിലൊഴുകിയെത്തുന്ന മനോവികാരത്തിന്റെ ശബ്ദാവിഷ്കാരമാണ് അത്തഹിയ്യാത്ത്. അതാണു പ്രവാചകന്‍ പറഞ്ഞത്, 'നമസ്കാരം സത്യവിശ്വാസികളുടെ മിഅ്റാജാണ്; അത് സത്യവിശ്വാസികളുടെ അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയാണ്' എന്നൊക്കെ.
ഭൌതികലോകത്ത്, ശരീരത്തില്‍ ജീവിക്കുന്ന മനുഷ്യമനസ്സിനെ ആത്മാവിന്റെ തേരിലേറ്റി അദൃശ്യ ആത്മീയലോകത്തിലെ അത്യുന്നത സിംഹാസനവുമായി ബന്ധിപ്പിക്കുന്ന പ്രയാണമാണ് സത്യവിശ്വാസിയുടെ നമസ്കാരം. അതിരുകളില്ലാത്ത ആ അനന്തതയില്‍ ദിവ്യാത്മസ്പര്‍ശം തൊട്ടറിയുന്ന മനുഷ്യമനസ്സിന്റെ ഭാവം അനിര്‍വചനീയമായ ആനന്ദമായിരിക്കും. 'എന്റെ ആനന്ദമാണ് എന്റെ പ്രാര്‍ഥന' എന്ന വാക്യത്തിലൂടെ പ്രവാചകന്‍ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈമാന്‍ ഹൃദയത്തില്‍ ആഴത്തില്‍ പ്രവേശിക്കുംതോറും ഓരോ സത്യവിശ്വാസിക്കും ഇതു പലപ്പോഴും അനുഭവിച്ചറിയാനാവും.


പ്രവാചകന്റെ ജീവിതത്തില്‍ സംഭവിച്ച അത്യദ്ഭുതകരമായ രണ്ടു യാത്രകളാണ് ഇസ്്റാഉം മിഅ്റാജും. (നിശാപ്രയാണവും ആകാശാരോഹണവും). ഇസ്്റാഇനെ സംബന്ധിച്ചു സൂറത്ത് ഇസ്റാഇലും മിഅ്റാജിനെ സംബന്ധിച്ചു സൂറത്തുന്നജ്്മിലും പരാമര്‍ശങ്ങളുണ്ട്. കൂടാതെ ഉമര്‍ ബിന്‍ ഖത്താബ്, അലിയ്യുബിന്‍ അബീത്വാലിബ്, ഇബ്്നു മസ്ഊദ്, ഇബ്്നു അബ്ബാസ്, അബൂ സഈദുല്‍ ഖുദ്്രി, ഹുദൈഫത്ത് ബിന്‍ യമാന്‍, ആയിശ (റ), അനസ് ബിനു മാലിക്, മാലിക് ബിന്‍ സഅ്സഅ, അബൂ ദര്‍റുല്‍ ഗിഫ്ഫാരി, അബൂഹുറയ്റ തുടങ്ങിയ പ്രമുഖരില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്്ലിമും സ്വഹീഹായ വിവിധ തരത്തിലുള്ള നിവേദനങ്ങള്‍ ഈ വിഷയത്തില്‍ നടത്തിയിട്ടുണ്ട്. മൊത്തം നിവേദനങ്ങള്‍ ശേഖരിച്ച് ഇബ്്നു കഥീര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ സംഗ്രഹിച്ചിട്ടുണ്ട്. ഹിജ്്റയുടെ തൊട്ടുമുമ്പത്തെ വര്‍ഷം റജബ് 27നു രാത്രി നബി (സ)യെ ബുറാഖിന്റെ പുറത്തിരുത്തി ജിബ്്രീല്‍ മാലാഖ മസ്്ജിദുല്‍ അഖ്്സയിലേക്കു കൊണ്ടുപോയി. മസ്്ജിദില്‍ പ്രവേശിച്ച  പ്രവാചകന്‍ തഹിയ്യത്ത് നമസ്കരിച്ച ശേഷം മിഅ്റാജ് കൊണ്ടുവരപ്പെട്ടു. പല പടികളുള്ള കോണി പോലെയായിരുന്നു അത്. അതിലൂടെ ജിബ്്രീല്‍ തിരുനബിയെ ഉപരിലോകത്തേക്കു കൊണ്ടുപോയി. വിവിധ വാനമണ്ഡലങ്ങളില്‍ പല പ്രവാചകന്മാരുമായി തിരുനബി സംഭാഷണം നടത്തി. ഒടുവില്‍ അത്യുന്നതത്തില്‍ തന്റെ നാഥന്റെ സന്നിധാനത്തിലെത്തിയ പ്രവാചകന്‍ അല്ലാഹുവുമായി സംഭാഷണം നടത്തി. തനിക്കും അനുയായികള്‍ക്കുമുള്ള നിര്‍ബന്ധ നമസ്കാരത്തിന്റെ കല്‍പ്പന സ്വീകരിച്ചു. തിരിച്ചു ബൈത്തുല്‍ മുഖദ്ദിസിലേക്കു മടങ്ങുകയും ആ രാത്രി തന്നെ മക്കയിലെ മസ്്ജിദുല്‍ ഹറാമിലെത്തിച്ചേരുകയും ചെയ്തു.
ഈ യാത്രയില്‍ നബി (സ) 'സിദ്്റത്തുല്‍ മുന്‍തഹ'യിലെത്തുകയും സ്വര്‍ഗ-നരകങ്ങള്‍ ദര്‍ശിക്കുകയും ചെയ്തുവെന്നു വിവിധ ഹദീസുകള്‍ വ്യക്തമാക്കുന്നു. പുലര്‍ച്ചെ ഇക്കാര്യം ജനങ്ങള്‍ക്കു വിശദീകരിച്ചു കൊടുത്ത നബിക്ക് പലരുടെയും പരിഹാസം കേള്‍ക്കേണ്ടിവന്നു. പ്രവാചകത്വത്തെയും ദിവ്യബോധനത്തെയും അംഗീകരിക്കാതിരുന്ന ഖുറൈശികള്‍ നബിയുടെ മേല്‍ ആരോപിച്ചിരുന്ന 'മാരണക്കാരന്‍, ജ്യോല്‍സ്യന്‍, സമനില തെറ്റിയവന്‍' എന്നിത്യാദികള്‍ക്കു കൂടുതല്‍ തെളിവായി ഈ സംഭവത്തെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചപ്പോള്‍ സത്യവിശ്വാസം സ്വീകരിച്ച അപൂര്‍വം ചിലര്‍ പോലും സ്വന്തം വിശ്വാസത്തില്‍ ചഞ്ചലരായിപ്പോയതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഈ യാത്ര ഒരു സ്വപ്നദര്‍ശനമായിരുന്നോ? അതോ പ്രവാചകന്‍ ശാരീരികമായിത്തന്നെ പോയതാണോ? രണ്ട് അഭിപ്രായങ്ങളും അന്നുമുതലേ പണ്ഡിതന്‍മാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. രണ്ടു ഭാഗക്കാരും അവര്‍ക്ക് അനുയോജ്യമായ തെളിവുകള്‍ നിരത്തി ചര്‍ച്ച ചെയ്യുകയും തദ്ഫലമായി ധാരാളം പുസ്തകങ്ങള്‍ രചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഇന്നത്തെപ്പോലെ വികസിക്കാത്ത പതിനാലര നൂറ്റാണ്ടു മുമ്പ് ഇത്തരമൊരു കാര്യം പറയുമ്പോള്‍ അതു സ്വാഭാവികമാണല്ലോ. പക്ഷേ, അദൃശ്യ കാര്യങ്ങളിലും അല്ലാഹുവിന്റെ കഴിവിലും ഭൌതിക തെളിവുകള്‍ കൃത്യമായി ലഭിക്കാതെ തന്നെ വിശ്വസിക്കാനുള്ള വൈമുഖ്യമാണ് പ്രവാചകന്റെ അനുയാത്രകള്‍ ഒരു സ്വപ്നദര്‍ശനമായിരുന്നുവെന്ന അഭിപ്രായം ഉരുത്തിരിയാന്‍ കാരണമെന്ന് അതു സംബന്ധിച്ച് അന്നു നടന്ന ഒരു സംഭവത്തില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. മിഅ്റാജ് സംഭവം ഉണ്ടായപ്പോള്‍ അബൂബക്കര്‍ മസ്ജിദുല്‍ ഹറാമിലുണ്ടായിരുന്നില്ല. സംഭവം കേട്ട ചിലര്‍ അബൂബക്കറിന്റെ അടുക്കലേക്ക് ഓടി അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞു. "നബി (സ) അങ്ങനെ പറഞ്ഞിട്ടുണ്െടങ്കില്‍ അതു സത്യമാണ്. ആകാശത്തു നിന്നു ദിവ്യബോധനം വരുന്ന കാര്യത്തില്‍ താനദ്ദേഹത്തെ വിശ്വസിക്കുന്നുണ്ടല്ലോ. ഇതിനെക്കാള്‍ വിദൂരമായ വിഷയത്തിലും താന്‍ അദ്ദേഹത്തെ വിശ്വസിക്കും'' എന്നായിരുന്നു അബൂബക്കറിന്റെ മറുപടി. ഈ സംഭവത്തിനു ശേഷമാണ് അബൂബക്കറിന് സിദ്ദീഖ് (സത്യസന്ധന്‍) എന്ന അപരനാമം ലഭിച്ചത്.
ഇവിടെ അദൃശ്യത്തിലും എന്തും സംഭവിപ്പിക്കാനുള്ള അല്ലാഹുവിന്റെ കഴിവിലും ഉള്ള ദൃഢബോധ്യത്തിന്റെ സാന്നിധ്യത്തില്‍ യാത്രകള്‍ സ്വപ്നദര്‍ശനമോ ശാരീരികമോ എന്ന പ്രശ്നം തന്നെ ഉദിക്കില്ല. സ്വപ്നത്തില്‍ ഒരാള്‍ ഇതിനേക്കാള്‍ വലുതു കണ്ടാലും അതില്‍ ഒരദ്ഭുതവും ദൃഷ്ടാന്തവും ഒന്നുമില്ലല്ലോ. കൂടാതെ രാപ്രയാണം സംബന്ധിച്ച് അല്ലാഹു വിവരിക്കുന്ന വാക്കുകളില്‍ത്തന്നെ അതു ശരീരത്തോടു കൂടിയാണെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
"മസ്്ജിദുല്‍ ഹറാമില്‍ നിന്ന് അനുഗൃഹീതമായ മസ്്ജിദുല്‍ അഖ്്സയിലേക്കു ദൈവികദൃഷ്ടാന്തങ്ങള്‍ കാട്ടിക്കൊടുക്കാന്‍ വേണ്ടി തന്റെ ദാസനെ രാപ്രയാണം ചെയ്യിച്ചവന്‍ മഹാപരിശുദ്ധന്‍. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്'' (വി.ഖു 17:1).
മിഅ്റാജിന്റെ രാത്രിയില്‍ റസൂല്‍ (സ) സിദ്്റത്തുല്‍ മുന്‍തഹയില്‍ എത്തിയതായി ഹദീസുകളില്‍ പരാമര്‍ശമുണ്ട്. അതിര്‍ത്തിയിലെ ഇലന്തമരം എന്നാണ് അതിനര്‍ഥം. ഒരാളുടെ ഭൂമിയുടെ അതിരു നിശ്ചയിക്കാന്‍ ഇലന്തമരം വച്ചുപിടിപ്പിക്കാന്‍ അതിനപ്പുറം അയാള്‍ക്ക് അധികാരമില്ല. ഏഴാനാകാശത്തെ സിദ്റത്തുല്‍ മുന്‍തഹ എന്നാല്‍ മനുഷ്യനു പ്രാപിക്കാവുന്ന പരമോന്നത ലക്ഷ്യം എന്നാണ് വിവക്ഷ. 'ബലഗ സിദ്്റത്തുല്‍ മുന്‍തഹ' എന്ന അറബി പ്രയോഗത്തിന് പരമോന്നത ലക്ഷ്യം പ്രാപിച്ചു എന്നാണര്‍ഥം. ഇവിടെയാണ് മിഅ്റാജിന്റെ പാഠം വെളിവാകുന്നത്. മനുഷ്യസമൂഹം ഇവിടെ എത്ര വികസിച്ചാലും പുരോഗതി പ്രാപിച്ചാലും അതിനപ്പുറം പോകാനാവില്ലെന്നതാണു സന്ദേശം. മുഹമ്മദ് നബി (സ)ക്ക് അവതരിച്ചുകിട്ടിയ പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യരെ അങ്ങോട്ടേക്കാണ് കൂട്ടിക്കൊണ്ടു പോവുന്നത്. അതുവരെ വികസിച്ചുയരാം. ഖുര്‍ആന്റെ ആദ്യ പ്രബോധകനായ പ്രവാചകനെത്തന്നെ അവിടേക്കു കൊണ്ടുപോയി അല്ലാഹു കാട്ടിത്തന്ന ദൃഷ്ടാന്തമാണ് മിഅ്റാജ്. കാലം എത്ര കഴിഞ്ഞാലും ജീവിതമെത്ര പുരോഗമിച്ചാലും വിജ്ഞാനം അദ്ദേഹത്തിന് അവതരിച്ചുകിട്ടിയ ജ്ഞാനത്തിനുമപ്പുറം പോവാന്‍ ആര്‍ക്കുമാവില്ല. ഈ വസ്തുത ഒരു യാഥാര്‍ഥ്യമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭൌതിക ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചോ ദ്രവ്യോല്‍പ്പത്തിയെക്കുറിച്ചോ പ്രപഞ്ചാന്ത്യത്തെക്കുറിച്ചോ പരമമായ ഊര്‍ജ ഉറവിടത്തെക്കുറിച്ചോ അനുമാനങ്ങളും സങ്കല്‍പ്പങ്ങളുമല്ലാതെ കൃത്യമായിപ്പറയാന്‍ ഭൌതികശാസ്ത്രത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രപഞ്ചം ഒരനന്തതയാണോ? അതോ അതിനതിരുണ്േടാ? എന്നാണ് അതാരംഭിച്ചത്? എന്നെങ്കിലും അവസാനിക്കുമോ? ഗാലക്്സികള്‍ ആകാശത്തില്‍ നില്‍ക്കുന്നുവെന്നു പറഞ്ഞാല്‍ ആകാശം നിലനില്‍ക്കുന്ന ഇടത്തിന്റെ പേരെന്താണ്? ദ്രവ്യത്തിനു കാരണമാവുന്ന ഊര്‍ജത്തിന്റെ ഉറവിടം ഏതാണ്? ഉത്തരം കിട്ടാത്ത ഒരു നൂറായിരം അത്തരം ചോദ്യങ്ങളെ ഭൌതികശാസ്ത്രം ഇന്നു നേരിടുന്നുണ്ട്. പക്ഷേ, ഖുര്‍ആന്‍ ഇതിനെല്ലാം വ്യക്തമായ ഉത്തരം നല്‍കുന്നുണ്െടന്നതാണു യാഥാര്‍ഥ്യം. അനന്തോര്‍ജ ഉറവിടം, ഊര്‍ജപ്രസാരണം, ദ്രവോല്‍പ്പത്തി, പ്രപഞ്ചോല്‍പ്പത്തി, വികാസം, പ്രപഞ്ചാന്ത്യം, പുതിയ പ്രപഞ്ചങ്ങളുടെ സൃഷ്ടി തുടങ്ങിയവയെക്കുറിച്ചു ഖുര്‍ആന്‍ വ്യക്തമായ ചിത്രം നല്‍കുന്നു. ഖുര്‍ആന്റെ സമകാലിക വാഹകരില്‍ അധികം പേര്‍ക്കും ഇതേക്കുറിച്ച് ആഴത്തില്‍ അറിവില്ല. അറിയുന്നതു തന്നെ എല്ലാവര്‍ക്കും ലഭ്യമാവുന്ന തരത്തില്‍ പുറത്തു കൊണ്ടുവരാന്‍ കഴിയാത്തവിധം സമകാലിക മാധ്യമങ്ങള്‍ ഇസ്്ലാമേതരരുടെ തടവറയിലുമാണ്. ആഗോള രാഷ്ട്രീയാധികാരം ഖുര്‍ആന്റെ അനുയായികളുടെ കരങ്ങളിലായിരുന്നപ്പോഴാണല്ലോ ഇസ്്ലാമിക വിജ്ഞാനം ലോകത്തു പടര്‍ന്നുപന്തലിച്ചത്. പ്രതികൂലമാണ് കാലികലോകം എന്നു പറയേണ്ടതില്ലല്ലോ. ഈ സാഹചര്യം തീര്‍ച്ചയായും മാറും. ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്ന പ്രകൃതി ദൃഷ്ടാന്ത പരാമര്‍ശങ്ങളിലെ പഠനങ്ങളിലൂടെ ശാസ്ത്രം പുതിയ കണ്െടത്തലുകള്‍ നടത്തും. പുരോഗതി പ്രാപിക്കും. ഒടുവില്‍ ഖുര്‍ആന്റെ ശാസ്ത്രദര്‍ശനങ്ങളുടെ പ്രായോഗികത ഭൂവാസികള്‍ അനുഭവിച്ചറിയും. അങ്ങനെ ഖുര്‍ആനിക വിജ്ഞാനം ഭൂമിയിലാകെ പൂത്തുലയും. അല്ലാഹുവിന്റെ ഈ വാഗ്ദാനം പ്രവാചകന്‍ ഉറപ്പിച്ചു പറഞ്ഞു നമ്മെ പഠിപ്പിച്ചതാണ്. 

3 അഭിപ്രായങ്ങൾ:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial