19 ജൂൺ 2011

ഖുര്‍ആന്‍ എന്ന അത്ഭുതം


ഖുര്‍ആന്‍ എന്ന അത്ഭുതം

'ലോകാത്ഭുതങ്ങള്‍' എന്ന് പേരിട്ടു വിളിക്കുന്ന ഏഴ് അത്ഭുതങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ആയിരക്കണക്കിന് മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന് ചോദിച്ചാല്‍, അത് പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗ്രന്ഥമാണെന്ന് നിസ്സംശയം പറയാം.


അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച് ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത് വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത് ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഇങ്ങനെയൊരു വിപ്ളവത്തിന് നേതൃത്വം കൊടുത്ത മുഹമ്മദ് നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ, ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളില്‍ ഒന്നാമന്‍ മുഹമ്മദ് നബി(സ) ആണെന്ന്, പ്രശസ്ത ചരിത്രപണ്ഡിതനായ മൈക്കള്‍. എച്ച്. ആര്‍ട്ട്, 1978 ല്‍ ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിച്ച തന്റെ ഗ്രന്ഥമായ 'ഠവല 100 അ ഞമിസശിഴവേല ാീശിെേളഹൌലിശേമഹ ുലൃീി ശി ഒശീൃ്യ' എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത്. ഇദ്ദേഹം ഒരു മുസ്ലീമല്ല. സത്യസന്ധമായി ചരിത്രം പഠിച്ച ഒരു പണ്ഡിതന്‍ മാത്രം.


ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശനമായി അവതരിച്ച ഈ ഗ്രന്ഥം, ഇന്ന് നൂറ്റിഇരുപത് കോടിയോളം വരുന്ന മുസ്ലീങ്ങള്‍ക്ക് വഴികാട്ടിയാണ്. ഖുര്‍ആനെപ്പറ്റി, നല്ല അഭിപ്രായങ്ങള്‍ പറയുന്നത് മുസ്ലീങ്ങള്‍ മാത്രമാണോ? അല്ല, പരിശുദ്ധ ഖുര്‍ആന്‍ ശരിയായി പഠിക്കാന്‍ ശ്രമിച്ച അമുസ്ലീങ്ങളെല്ലാം തന്നെ ഈ വിസ്മയത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയും അവരുടെ വിലയേറിയ അഭിപ്രായങ്ങളിലൂടെ ഈ ഗ്രന്ഥത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെപ്പോലെയുള്ള സാമൂഹ്യരംഗത്തെ പ്രമുഖര്‍, അണ്ണാദൂരൈപ്പോലുള്ള രാഷ്ട്രീയരംഗത്തെ പ്രമുഖര്‍, നെപ്പോളിയനെപ്പോലുള്ള പ്രമുഖ ഭരണാധികാരികള്‍, ഗിബ്ബണെപ്പോലെയുള്ള പ്രശസ്ത ചരിത്ര പണ്ഡിതന്മാര്‍, ജര്‍മന്‍ നാടകകൃത്തായ ഗോയ്ഥെയെപ്പോലെയുള്ള കലാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയ സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട, അമുസ്ലീങ്ങളായ എത്രയെത്ര പ്രശസ്തവ്യക്തികളാണ് ഖുര്‍ആന്‍ പഠിച്ച് സാക്ഷ്യപത്രങ്ങളെഴുതിയിട്ടുള്ളത്. പരിശുദ്ധ ഖുര്‍ആന്റെ സവിശേഷമായ ഘടനയും ആവിഷ്കാരചാരുതയും അതിനെ എന്നെന്നും അതുല്യവും അനുപമവുമാക്കുന്നുവെന്നും, ഖുര്‍ആനിലെ നിയമങ്ങള്‍ ബുദ്ധിക്കും പ്രകൃതിക്കും യോജിച്ചതാണെന്നും 'പോപ്പുലര്‍ എന്‍സൈക്ളോപീഡിയ' രേഖപ്പെടുത്തിയിരിക്കുന്നു.


'ഖുര്‍ആന്‍' എന്ന പദത്തിന് 'വായിക്കപ്പെടേണ്ടത്', 'വായിക്കപ്പെടുന്നത്', എന്നൊക്കെയാണര്‍ത്ഥം. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആന്‍ ആണെന്ന് 'എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക' പറയുന്നു.


പരിശുദ്ധ ഖുര്‍ആനെപ്പറ്റി മുസ്ലീങ്ങള്‍ക്കിടയില്‍ത്തന്നെ സംശയങ്ങളുണ്ട്. ഖുര്‍ആന്‍ എന്താണെന്നോ, എന്തിനാണെന്നോ നമുക്കറിയില്ല. എന്തുകൊണ്ടാണ്, ഖുര്‍ആന്‍ മനസ്സിലാക്കിയവര്‍ അത് ഒരു അത്ഭുതഗ്രന്ഥമാണെന്ന് പറയുന്നത്? അത് പൂര്‍ണ്ണമായും ദൈവിക വചനങ്ങളുള്‍ക്കൊള്ളുന്നു എന്നതു തന്നെ കാരണം.


'വായിക്കാനറിയാത്ത ഒരു വ്യക്തി വായിച്ചു പറഞ്ഞ ഒരു ദര്‍ശന വിസ്മയം' എന്ന് ഖുര്‍ആനെപ്പറ്റി പറയാം. കാരണം, മുഹമ്മദ് നബി(സ) യ്ക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. അറിവുള്ള വ്യക്തികളുമായി അദ്ദേഹത്തിന് ബന്ധങ്ങളില്ലായിരുന്നു. ജനനം മുതല്‍ തന്നെ ദുരിതവും ദുഃഖവും നിറഞ്ഞ, സ്വസ്ഥത കുറഞ്ഞ ഒരു ജീവിതമായിരുന്നു അനാഥനായ അദ്ദേഹത്തിന്റേത്. സാഹിത്യം, ചരിത്രം, നരവംശശാസ്ത്രം, മതദര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം പൂര്‍ണ നിരക്ഷരനായിരുന്നു. കച്ചവടക്കാര്യത്തില്‍ മുഴുകിക്കഴിഞ്ഞ അദ്ദേഹം, 'സത്യസന്ധന്‍' എന്ന് സര്‍വ്വരും (പിന്നീട്, അദ്ദേഹത്തിന്റെ ശത്രുക്കളായവരുള്‍പ്പെടെ) അംഗീകരിച്ച ഒരു വ്യക്തിയായിരുന്നു.


നാല്പ്പതാം വയസ്സില്‍ അദ്ദേഹത്തിന് അല്ലാഹു 'പ്രവാചകത്വം' നല്‍കി. തുടര്‍ന്ന്, നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങളിലായി, വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി, അദ്ദേഹത്തിലൂടെ അവതീര്‍ണമായ സൂക്തങ്ങളുടെ സമാഹാരമാണ് പരിശുദ്ധ ഖുര്‍ആന്‍. ജിബ്രീല്‍(അ) എന്ന മലക്ക് മുഖേന ദൈവത്തില്‍ നിന്നും കിട്ടുന്ന വെളിപാടുകള്‍ (വഹ്യ്) മുഹമ്മദ് നബി(സ) പറയുകയായിരുന്നു. നബി(സ) ആഗ്രഹിക്കുന്നതിനനുസരിച്ചായിരുന്നില്ല വെളിപാട് കിട്ടിയിരുന്നത്. പ്രത്യുത, ദൈവത്തിന്റെ ആഗ്രഹത്തിനനുസരിച്ചായിരുന്നു. സ്വയം ദൈവികഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്ന, കിടയറ്റസാന്മാര്‍ഗിക ക്രമം പ്രദാനം ചെയ്യുന്ന, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പ്രായോഗികമായ നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന, കളങ്കരഹിതവും സത്യസന്ധവുമായ ചരിത്രം പഠിപ്പിക്കുന്ന, സത്യസന്ധമായി പുലര്‍ന്നിട്ടുള്ള പ്രവചനങ്ങള്‍ നടത്തിയ, പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റി യഥാര്‍ത്ഥമായ പരാമര്‍ശങ്ങള്‍ നടത്തിയഒരു നിസ്തുല സാഹിത്യ സൃഷ്ടിയായ പരിശുദ്ധ ഖുര്‍ആനുമായി താദാത്മ്യം പ്രാപിക്കാന്‍ ലോകത്ത് നിലവിലുള്ള ഒരു ഗ്രന്ഥത്തിനും കഴിയില്ല. അശാസ്ത്രീയമായതോ, വൈരുദ്ധ്യം പുലര്‍ത്തുന്നതോ ആയ യാതൊരു പരാമര്‍ശങ്ങളും ഖുര്‍ആനിലില്ല.


മുഹമ്മദ് നബി(സ) യുടെ ചില നടപടികളെ വിമര്‍ശിക്കുന്നതും, അദ്ദേഹത്തിനെ ശക്തമായി താക്കീത് ചെയ്യുന്നതുമായ വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. മുഹമ്മദ് നബി(സ) കെട്ടിച്ചമക്കുന്ന രചനയല്ല ഖുര്‍ആന്‍ എന്നറിയിക്കാന്‍ അത് പറയുന്നു. 'അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ 'എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു' എന്നുപറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്?' (ഖുര്‍ആന്‍ 6: 93).


ഇങ്ങനെയൊക്കെയായിരുന്നിട്ടും, എഴുതാനും വായിക്കാനുമറിയാത്ത മുഹമ്മദ്നബി(സ) എഴുതിയുണ്ടാക്കിയതാണ് ഖുര്‍ആന്‍ എന്ന് അതില്‍ വിശ്വസിക്കാത്തവരും, സംശയമുള്ളവരും ഇന്നും പറയുന്നു. അവരെ നോക്കി ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു. 'നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍, അതിന്റേതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമേ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചു കൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍. നിങ്ങള്‍ക്ക് ചെയ്യാനായില്ലെങ്കില്‍ - നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല - മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കപ്പെട്ടതാകുന്നു അത്' (ഖുര്‍ആന്‍ 2:23, 24).


അറബി സാഹിത്യകാരന്‍മാരും, ജൂതന്‍മാരും, ഇസ്ലാമിന്റെ ശത്രുക്കളുമെല്ലാം അന്നുമുതല്‍ ഇന്നോളം കിണഞ്ഞു പരിശ്രമിച്ചിട്ടും, ഖുര്‍ആന്‍ നടത്തിയ ഈ വെല്ലുവിളിക്ക് ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.


ഖുര്‍ആന്‍ വിശദീകരിക്കുന്ന ചരിത്രസംഭവങ്ങള്‍ പരിശോധിക്കുക. അല്ലാഹുവിനെയും അവന്റെ പ്രവാചകരേയും വിശ്വസിക്കാത്തതിന്റെ പേരില്‍, വിശ്വസിച്ചവരൊഴികെയുള്ള നാട്ടുകാരെ മുഴുവനും ഘോരമായ ശിക്ഷകള്‍ കൊടുത്ത് അല്ലാഹു നശിപ്പിച്ച സംഭവങ്ങള്‍ ഖുര്‍ആനിലൂടനീളം കാണാം.


ഇറാഖ് പ്രദേശത്ത് താമസിച്ചിരുന്ന, നൂഹ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട, രൂക്ഷമായ വെള്ളപ്പൊക്കം കൊണ്ട് അല്ലാഹു നശിപ്പിച്ച നൂഹ് നബി(അ)യുടെ ജനത. ഒമാനിലെ, സലാലയ്ക്കടുത്ത് ജീവിച്ചിരുന്ന, ഹൂദ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ആദ് ജനത. മദീനയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള മദായ്ന്‍ സ്വാലിഹ് എന്ന പ്രദേശത്ത് ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന സ്വാലിഹ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ഥമൂദ് ജനത. ജോര്‍ദ്ദാനിലെ മദ്യനില്‍ താമസിച്ചിരുന്ന ശുഐബ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട മദ്യന്‍ ജനത. ബി. സി. 19-ാം നൂറ്റാണ്ടില്‍ (ഏകദേശം 3800 വര്‍ഷങ്ങള്‍ക്കു മുമ്പ്) ഇസ്രായേലിനും ജോര്‍ദ്ദാനും മദ്ധ്യേ ഇന്ന് ചാവുതടാകം സ്ഥിതിചെയ്യുന്ന പ്രദേശത്ത താമസിച്ചിരുന്ന ലൂഥ് നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട സൊദോം ജനത (ചാവുതടാകം രൂപപ്പെട്ടത് അല്ലാഹു ആ ജനങ്ങളെ ശിക്ഷിക്കാന്‍ രാസമഴ ഇറക്കിയതു മൂലമായിരുന്നു). ബി. സി. 13-ാം നൂറ്റാണ്ടില്‍, ഏകദേശം 3200 വര്‍ഷങ്ങള്‍ക്കു മുമ്പ്) ഈജിപ്തില്‍ താമസിച്ചിരുന്ന, മൂസാനബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ഫിര്‍ഔനും ജനതയും.


ഇങ്ങനെ, അല്ലാഹു ശിക്ഷിച്ച, വിവിധ നൂറ്റാണ്ടുകളില്‍ ജീവിച്ച ജനങ്ങളുടെ ജീവിത കഥകള്‍ ഖുര്‍ആനില്‍ പറയുന്നു. കൂടാതെ, 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാഖിലെ ബാബിലോണിയയില്‍ ജനിച്ച്, മക്കയില്‍ വന്ന് കഅ്ബാലയം പണിത്, ദൂരെ ഫലസ്തീനില്‍ പോയി ഇസ്ലാം മതപ്രബോധനം നടത്തിയ ഇബ്രാഹിം നബി(അ)യുടെ ചരിത്രം, ഈജിപ്തില്‍ ജീവിച്ചിരുന്ന യൂസഫ് നബി(അ)യുടെ ചരിത്രം, 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഈജിപ്തിലും, ജോര്‍ദ്ദാനിലും ഫലസ്തീനിലുമായി ജീവിച്ചിരുന്ന മൂസാനബി(അ)യുടെ ചരിത്രം, ജോര്‍ജിയായില്‍ ഇരുമ്പുമതില്‍ നിര്‍മ്മിച്ച ദുല്‍ഖര്‍നൈന്റെ ചരിത്രം.






ഇങ്ങനെ, വിവിധ നൂറ്റാണ്ടുകളിലായി, വിവിധ രാജ്യങ്ങളില്‍ സംഭവിച്ച ചരിത്രങ്ങള്‍ വെളിപ്പെടുത്തുവാന്‍, എ. ഡി. 571 ല്‍ ജനിച്ച് മക്കയിലും മദീനയിലുമായി ജീവിച്ച, നിരക്ഷരനായ മുഹമ്മദ് നബി(സ) യ്ക്ക് എങ്ങനെ കഴിഞ്ഞു? തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ നിന്ന് മുഹമ്മദ് നബി(സ) യ്ക്ക് അവതരിച്ചതാണ് പരിശുദ്ധ ഖുര്‍ആന്‍ എന്ന് അല്പമെങ്കിലും ബുദ്ധിയുള്ളവന് മനസ്സിലാക്കാം. മാത്രമല്ല, ഖുര്‍ആന്റെ അമാനുഷികതയ്ക്ക് ഒട്ടനവധി തെളിവുകള്‍ നമുക്ക് കണ്ടെത്താം. കേവലം, രണ്ടെണ്ണം മാത്രം നമുക്ക് പരിശോധിക്കാം.


നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ഇറാഖ് പ്രദേശത്ത് ജീവിച്ചിരുന്ന ഒരു ജനതയിലേക്ക്, നൂഹ് നബി(അ) യെ അല്ലാഹു പ്രവാചകനായി നിയോഗിച്ചു. അനേകം വര്‍ഷങ്ങള്‍ ഇസ്ലാം മത പ്രോബോധനം നടത്തിയിട്ടും, അപൂര്‍വ്വം ചിലരൊഴികെ നൂഹ് നബി(അ) യെ വിശ്വസിച്ചില്ല. തന്നെ ധിക്കരിച്ച ആ ജനതയ്ക്ക് ശിക്ഷയിറക്കാന്‍ അല്ലാഹു തീരുമാനിച്ചു. ഒരു കപ്പല്‍ നിര്‍മ്മിക്കാന്‍ അല്ലാഹു നൂഹ് നബി(അ) യോട് കല്‍പ്പിച്ചു. നൂഹ് നബി(അ) യെ പിന്‍പറ്റിയവരേയും, ഓരോ ജന്തുക്കളില്‍ നിന്നുമുള്ള ഇണകളേയും കൊണ്ട് ആ കപ്പലില്‍ കയറാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, ആജനങ്ങളെ നശിപ്പിക്കാന്‍ ദിവസങ്ങള്‍ നീണ്ടു നിന്ന ഒരു വെള്ളപ്പൊക്കം അല്ലാഹു സൃഷ്ടിച്ചു. ഈ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നതു ശ്രദ്ധിക്കൂ!


'പലകകള്‍ ആണിയടിച്ചുണ്ടാക്കിയ കപ്പലില്‍ നാമവനെ വഹിച്ചുകൊണ്ടുപോയി. നമ്മുടെ കണ്‍വെട്ടത്തിലായിരുന്നു അതിന്റെ സഞ്ചാരം. അവര്‍ തിരസ്കരിച്ചവമനു വേണ്ടിയുള്ള നമ്മുടെ പ്രതികാരം! തീര്‍ച്ചയായും ആ സംഭവം ഒരു അടയാളമാക്കി നാം നിലനിര്‍ത്തിയിട്ടുണ്ട്. ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? (ഖുര്‍ആന്‍ 54:1316).


ചിന്തിക്കുന്നവര്‍ക്കു വേണ്ടി ആ സംഭവം അടയാളമാക്കി നിലനിര്‍ത്തിയിട്ടുണ്ടെന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു. കിഴക്കന്‍ തുര്‍ക്കിയിലെ മഞ്ഞുമൂടിയ മലനിരകളില്‍നിന്ന് ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ ശാസ്ത്രം കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. കിട്ടിയ അവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണ്ണയിച്ചപ്പോള്‍, നൂഹ് നബി(അ) ജീവിച്ചിരുന്ന കാലത്തോളം അവക്ക് പഴക്കമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തി.


മറ്റൊരു സംഭവം ശ്രദ്ധിക്കുക. ബി. സി. 1301 മുതല്‍ 1235 വരെ ഈജിപ്തില്‍ ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ് രാംസെസ്സ് രണ്ടാമന്‍ എന്ന ഫിര്‍ഔന്‍. അതിക്രൂരമായ മര്‍ദ്ദന മുറകളിലൂടെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. ഏകദൈവമായ അല്ലാഹുവില്‍ വിശ്വസിക്കാനും, അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും ഉപദേശിക്കാനായി, പ്രവാചകനായ മൂസാനബി(അ) യെ, അല്ലാഹു ഫിര്‍ഔന്റെ അടുക്കലേക്കയച്ചു. ഫിര്‍ഔന്‍ വിശ്വസിച്ചില്ല. താനല്ലാതെ, തന്റെ ജനങ്ങള്‍ക്ക് വേറെ ഒരു രക്ഷിതാവില്ല എന്ന് അഹങ്കരിച്ച ഫിര്‍ഔന്‍ മൂസാനബി(അ)യേയും അനുയായികളേയും വധിക്കാനായി പരിവാരങ്ങളുമായി പുറപ്പെട്ടു. മൂസാനബി(അ) യ്ക്കും അനുയായികള്‍ക്കും രക്ഷപ്പെടാനായി ചെങ്കടല്‍ പിളര്‍ത്തി അതിനു നടുവിലൂടെ അല്ലാഹു വഴിയൊരുക്കി. അവര്‍ മറുകരയിലെത്തിയപ്പോള്‍, അവരെ പിന്തുടര്‍ന്നുവന്ന ഫിര്‍ഔനേയും പരിവാരങ്ങളേയും ശിക്ഷിക്കാന്‍, ചെങ്കടലിനെ അല്ലാഹു പൂര്‍വ്വസ്ഥിതിയിലാക്കി. താന്‍ മരിക്കാന്‍ പോകുന്നു എന്നറിഞ്ഞ ഫിര്‍ഔന്‍ അപ്പോള്‍ അല്ലാഹുവിനെ അംഗീകരിക്കുകയും, തന്നെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു. അപ്പോള്‍ ഫിര്‍ഔനോട് പറഞ്ഞവാചകങ്ങള്‍ അല്ലാഹു ഖുര്‍ആനിലൂടെ വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കൂ. 'ഇന്ന് നിന്റെ ശവം മാത്രമേ നാം രക്ഷപ്പെടുത്തൂ. പിന്നാലെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമാകണം. ജനങ്ങളധികവും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണല്ലോ'. (ഖുര്‍ആര്‍ 10:9192).


നമുക്കൊക്കെ ദൃഷ്ടാന്തമാകാന്‍ വേണ്ടി അല്ലാഹു കാത്തുസൂക്ഷിച്ച ഫിര്‍ഔന്റെജഡം 1898-ല്‍ ചെങ്കടലില്‍നിന്ന് കണ്ടെടുത്തു. 3116 വര്‍ഷങ്ങള്‍ കടലില്‍ കിടന്നിട്ടും ചീഞ്ഞുപോവുകയോ മത്സ്യം തിന്നുകയോ ചെയ്യാതിരുന്ന ഈ ജഡം ഇന്ന് ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും യാതൊരു കേടും കൂടാതെ അല്ലാഹു അതിനെ കാത്തുസൂക്ഷിക്കുന്നു. അല്ലാഹുവിന്റെ കഴിവും ഖുര്‍ആന്റെ അമാനുഷികതയും ബോധ്യപ്പെടാന്‍ ഇതില്‍പരം ഒരുദാഹരണം ആവശ്യമുണ്ടോ? ഫിര്‍ഔന്റെ ജഡവും, അല്ലാഹു നശിപ്പിച്ച നാടുകളുടെ അവശിഷ്ടങ്ങളും മറ്റും കാണിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന 'ഖുര്‍ആനിന്റെ ചരിത്രഭൂമികളിലൂടെ' എന്ന വീഡിയോ കാസറ്റും സി. ഡി. കളും ഇപ്പോള്‍ പലയിടങ്ങളിലും ലഭ്യമാണ്.


ഇങ്ങനെയുള്ള സത്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍, അല്പമെങ്കിലും ചിന്തിക്കാന്‍കഴിയുന്ന ഒരാള്‍ക്ക് താഴെപറയുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ബോധ്യപ്പെടും. 'ഈ ഖുര്‍ആന്‍ അല്ലാഹു അല്ലാതെ ഒരാള്‍ക്കും സൃഷ്ടിക്കാന്‍ കഴിയില്ല. ഇത് മുന്‍പുള്ളതിനെ ശരിവെക്കുകയും ദൈവികനിയമം വിശദീകരിക്കുകയും ചെയ്യുന്നു. ലോകരക്ഷിതാവില്‍ നിന്നുള്ളതാണ് ഇതെന്നതില്‍ ഒരു സംശയവും വേണ്ട'. (ഖുര്‍ആന്‍ 10:37)


യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയായിരിക്കേ, പരിശുദ്ധ ഖുര്‍ആന്‍ അംഗീകരിക്കാനും, അത് മനസ്സിലാക്കി അത് നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള ഒരു ജീവിതം നയിക്കാനും നമ്മള്‍ വൈകേണ്ടതുണ്ടോ? മരണാനന്തരം നമുക്ക് ഒരു ജീവിതമുണ്ടെന്ന് പറഞ്ഞാല്‍, അത് അവിശ്വസിക്കേതുണ്ടോ? അതോ, നരകത്തിലെത്തിപ്പെട്ടതിനു ശേഷം മാത്രം നമ്മള്‍ ചിന്തിച്ചാല്‍മതിയോ?


മുസ്ലീങ്ങള്‍ക്കു മാത്രമായല്ല, അന്ത്യനാളുവരെയുള്ള ലോകത്തിലെ സകല മനുഷ്യര്‍ക്കും വേണ്ടിയാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിക്കുകയും അവന് വായുവും, വെള്ളവും, വെളിച്ചവും, ഭക്ഷണവുമെല്ലാം നല്‍കിഅവനെ പരിപാലിക്കുകയും ചെയ്യുന്ന പടച്ചതമ്പുരാന്, മനുഷ്യന്‍ എങ്ങനെയാണ് ഭൂമിയില്‍ ജീവിക്കേണ്ടതെന്ന് അവനെ പഠിപ്പിച്ചുകൊടുക്കാനുള്ള ബാധ്യത കൂടിയുണ്ട്. സമൂഹജീവിയായ മനുഷ്യന്‍, അവനും കുടുംബത്തിനും സമൂഹത്തിനും, പുരോഗതിയും നന്മയും ഉണ്ടാകുന്ന രീതിയിലായിരിക്കണം ജീവിക്കേണ്ടത്. ഇതിനായി, ഓരോ മനുഷ്യനും ചില സാന്മാര്‍ഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇങ്ങനെ ഓരോ മനുഷ്യനും എങ്ങനെയാണ് ഒരു ജീവിതം നയിക്കേണ്ടതെന്നും, അവന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്നും, പരമമായ ലക്ഷ്യമെന്താണെന്നുംഅവനെ അറിയിക്കേണ്ട ചുമതലയുള്ള അവന്റെ സൃഷ്ടാവായ ദൈവം, മനുഷ്യരില്‍നിന്നു തന്നെ ചിലരെ തിരഞ്ഞെടുക്കുകയും, അവരെ പ്രവാചകന്‍മാരായി നിയോഗിക്കുകയും ചെയ്തു. അവര്‍ക്ക് വെളിപാടുകളും ഗ്രന്ഥങ്ങളും നല്‍കി. അങ്ങനെയുള്ള ഗ്രന്ഥങ്ങളില്‍ ചിലതാണ് ദാവൂദ് നബിനബി(സ)ക്ക് ലഭിച്ച സബൂര്‍, മൂസാനബിനബി(സ)ക്ക് ലഭിച്ച തൌറാത്ത്, ഈസാനബിനബി(സ)ക്ക് ലഭിച്ച ഇന്‍ജീല്‍ മുതലായവ. ഈ മുന്‍കഴിഞ്ഞ ഗ്രന്ഥങ്ങളെയെല്ലാം ശരിവെയ്ക്കുന്നതായിക്കൊണ്ടും, അതിലുള്ള ഉപദേശങ്ങളെല്ലാം ഉള്‍പ്പെട്ടതായിക്കൊണ്ടും, ലോകാവസാനം വരെയുള്ളമുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശകമായിക്കൊണ്ട്, അല്ലാഹു അവന്റെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ച ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. താന്‍ അവതരിപ്പിച്ച മറ്റു ഗ്രന്ഥങ്ങളെല്ലാം മനുഷ്യരുടെ കൈകടത്തല്‍ മൂലം വികൃതമാക്കപ്പെട്ടെന്നും, എന്നാല്‍ ഈ ഗ്രന്ഥത്തില്‍ ആരെയും കൈകടത്താന്‍ താന്‍ അനുവദിക്കില്ലെന്നും അന്ത്യനാളുവരേയ്ക്കും നിലനില്‍ക്കേണ്ട ഈ ഗ്രന്ഥത്തിന്റെ സംരക്ഷണം തന്റെ ബാധ്യതയാണെന്നും അല്ലാഹു പരിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നുണ്ട്.


അല്ലാഹു തന്നെ സംരക്ഷണ ബാധ്യത ഏറ്റെടുത്തതുകൊണ്ട്, അവതരിക്കപ്പെട്ട അതേ രൂപത്തില്‍ തന്നെ, വള്ളിപുള്ളി വ്യത്യാസമില്ലാതെ ഇന്നും നിലനില്‍ക്കുന്നുണ്ട് സര്‍വാതിശായിയായ ഈ ഗ്രന്ഥം. ഇന്ന്, ലോകത്തില്‍ നിലവിലുള്ളതില്‍ മാനുഷികവചനങ്ങള്‍ ഉള്‍പ്പെടാത്ത ഒരേയൊരു ഗ്രന്ഥം എന്ന വിശേഷണം അതുകൊണ്ട് ഖുര്‍ആന് ലഭിക്കുന്നു.


മനുഷ്യന്റെ വിജയമാണ് ഖുര്‍ആനിന്റെ പ്രമേയം. മനുഷ്യരോടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. അവന്റെ വിജയത്തിലേക്കാണ് അത് മനുഷ്യനെ ക്ഷണിക്കുന്നത്. പ്രകൃതിയിലെ വ്യത്യസ്തങ്ങളായ പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, പടച്ചതമ്പുരാന്റെ അസ്തിത്വത്തെക്കുറിച്ച് അത് മനുഷ്യരെ ബോധ്യപ്പെടുത്തുന്നു. ഇഹലോകജീവിതത്തിന്റെ നശ്വരതയെയും, ഇവിടുത്തെ സുഖഭോഗങ്ങള്‍ക്കു പിന്നില്‍ പാഞ്ഞ് ജീവിതം തുലക്കുന്നതിന്റെ അര്‍ത്ഥമില്ലായ്മയെയും കുറിച്ച് അത് അവനോട് സംസാരിക്കുന്നു. പരലോകത്ത് സ്വര്‍ഗ്ഗപ്രവേശനത്തിന് അര്‍ഹരാവുകയും, നരകയാതനകളില്‍ നിന്ന് രക്ഷപ്രാപിക്കുകയും ചെയ്യുന്ന അനുഗ്രഹീതരില്‍ ഉള്‍പ്പെടുവാന്‍ എന്തുമാര്‍ഗ്ഗം സ്വീകരിക്കണമെന്ന് അത് അവന് വ്യക്തമാക്കിക്കൊടുക്കുന്നു. ഭൌതീകജീവിതത്തിലെ സുഖ സൌകര്യങ്ങള്‍ക്കു വേണ്ടി നരകം വിലയ്ക്കെടുത്തവരുടെ ചരിത്രത്തിലേക്ക് അവന്റെ ശ്രദ്ധക്ഷണിക്കുന്നു. വിശുദ്ധമായ ജീവിതം നയിച്ച് സ്വര്‍ഗ്ഗപ്രവേശത്തിന് അനുമതി നല്‍കപ്പെട്ടവരെക്കുറിച്ച് അവന് പറഞ്ഞുകൊടുക്കുന്നു.


മനുഷ്യ ജീവിതത്തില്‍ പാലിക്കേണ്ട നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍, നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷകളും പ്രതിപാദിക്കുന്നുണ്ട്. മനുഷ്യര്‍ ചേര്‍ന്ന് എഴുതിയതല്ലാത്ത അല്ലാഹുവിന്റെ ഈ നിയമനിര്‍ദ്ദേശങ്ങളാണ്, ശരീഅത്ത് നിയമങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ഇസ്ലാമിക ഭരണഘടന നടപ്പാക്കിയരാജ്യങ്ങളിലെല്ലാം, മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ വളരെ കുറവാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഉദാഹരണത്തിന്, മോഷണത്തിന് കൈ വെട്ടുക എന്ന ശിക്ഷ നിലവിലുള്ള സൌദി അറേബ്യയില്‍, പരേതനായ അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത്, നീണ്ട 25 വര്‍ഷക്കാലത്തിനുള്ളില്‍ 16 മോഷണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്ന് പറയപ്പെടുന്നു. ഒരു വന്‍ മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട്, അത് തെളിയിക്കപ്പെട്ടാല്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം, ഒരു വന്‍ ജനാവലിയുടെ മുന്‍പില്‍ വെച്ചാണ് അവന്റെ കൈവെട്ടുന്നത്. പിന്നീട് അത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ആ ശിക്ഷ നേരില്‍ കാണുകയും അതിനെപ്പറ്റി അറിയുകയുംചെയ്യുന്ന ഏതെങ്കിലും ഒരു വ്യക്തി പിന്നീട് മോഷണത്തിന് ശ്രമിക്കുമോ?


നമ്മുടെ നാട്ടിലേക്ക് നോക്കൂ, നമ്മളെല്ലാം ഭരിക്കുന്ന മന്ത്രിമാര്‍ തന്നെ കോടികളുടെ അഴിമതി നടത്തുകയും കണ്ണില്‍ കണ്ടിടത്തെല്ലാം കൈയിട്ടു വാരുകയും ചെയ്ത് മോഷണത്തിന് നേതൃത്വം നല്‍കുന്നു. നമ്മുടെ രാജ്യത്ത് ഖുര്‍ആനിക ശിക്ഷാനിയമം നടപ്പിലാക്കിയാല്‍ നമ്മുടെ നാട് മുടിപ്പിക്കുന്ന 'അഴിമതി' എന്ന സമ്പ്രദായവും മറ്റ് 'ചെറിയ' കള്ളന്‍മാരുടെ മോഷണശ്രമങ്ങളും നടക്കുമോ? എന്നിട്ടും, ഖുര്‍ആനിക ശിക്ഷാനിയമങ്ങളെ ചിലര്‍ കുറ്റപ്പെടുത്തുന്നു. കാരണം, അത് നടപ്പാക്കിയാല്‍ തോന്നിയ പോലെ ജീവിക്കാന്‍ കഴിയില്ലല്ലോ? ചുരുക്കത്തില്‍, ദൈവിക വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് ഇഹപരവിജയം കരസ്ഥമാക്കുവാന്‍ മനുഷ്യരെ സജ്ജമാക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. എന്നാല്‍, പരിശുദ്ധഖുര്‍ആന്‍ പിന്‍പറ്റാന്‍ ബാധ്യസ്ഥരായ നമ്മള്‍ക്ക് എന്താണ് ഖുര്‍ആന്‍ എന്നറിയില്ല. എന്താണ് അതിലുള്ളത് എന്നറിയില്ല. അറിയാനും പഠിക്കാനും നമ്മള്‍ ശ്രമിക്കുന്നില്ല. പരിശുദ്ധ ഖുര്‍ആന്റെ മലയാള പരിഭാഷകളും വ്യാഖാനങ്ങളും നമ്മുടെ നാട്ടില്‍ധാരാളം ലഭ്യമാണ്. സ്വന്തമായി വാങ്ങുവാന്‍ കഴിവില്ലെങ്കില്‍ അത് എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് വായിക്കുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചതരത്തിലുള്ള ഒരു ജീവിതം നയിച്ചെങ്കില്‍ മാത്രമേ, നമുക്ക് പരലോകത്ത് വിജയം കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂ.


അല്ലാഹു ലൌഹുല്‍മഹ്ഫൂളില്‍ (സുരക്ഷിതഫലകം) വെച്ചിട്ടുള്ള, ആദരണീയമായ മഹദ് ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും, അത് കേള്‍ക്കുന്നതും അതിനെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വളരെ പുണ്യകരമായ അല്ലാഹുവില്‍ നിന്ന് കനത്ത പ്രതിഫലം ലഭിക്കുന്ന സല്‍ക്കര്‍മ്മങ്ങളാണ്.


സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത് നമ്മുടെ നന്മകള്‍ വര്‍ദ്ധിപ്പിക്കലാണല്ലോ നമ്മുടെ ജീവിതലക്ഷ്യം. ഈ ചെറിയ ജീവിതത്തില്‍, കഴിയാവുന്നത്ര നന്മകള്‍ ചെയ്താലേ, നമ്മുടെ നന്മയുടെ തട്ട് കനം തൂങ്ങുകയും, നമ്മള്‍ സ്വര്‍ഗ്ഗാവകാശികളാകുകയും ചെയ്യുകയുള്ളൂ. നമസ്കാരവും, നോമ്പും, സക്കാത്തുമെല്ലാം സല്‍ക്കര്‍മ്മങ്ങളാണെന്ന് നമുക്കറിയാമല്ലോ? കൂടാതെ, നമ്മള്‍ ഒരു സ്നേഹിതനെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നതു പോലും അവന്‍ ചെയ്യുന്ന ദാനമാണെന്നാണ് നബി(സ) പഠിപ്പിച്ചിരിക്കുന്നത്. ഇതുപോലെ പരിശുദ്ധ ഖുര്‍ആനിലെ ഓരോ അക്ഷരവും ഉച്ചരിക്കുന്നത് അനേകം നന്മകള്‍ക്ക് തുല്ല്യമാണ്. ഖുര്‍ആന്റെ ഓരോ അക്ഷരത്തിനും പത്ത് നന്മവീതം എഴുതപ്പെടുമെന്നാണ് നബി(സ) യുടെ അധ്യാപനം. ഖുര്‍ആനില്‍ ആകെ 3,23,760 അക്ഷരങ്ങളാണുള്ളത്.


ഖുര്‍ആന്‍ ഒരാവര്‍ത്തി വായിക്കുമ്പോള്‍ 32 ലക്ഷത്തില്‍പരം നന്മകള്‍നമുക്കുവേണ്ടി എഴുതപ്പെടുന്നു. റംസാന്‍ മാസത്തിലാകുമ്പോള്‍ ഇതിന്റെ എഴുപത് മുതല്‍ എഴുപതിനായിരം ഇരട്ടിവരെ പ്രതിഫലം കൂടുന്നു. ഖുര്‍ആന്‍ ഓതാന്‍ ബുദ്ധിമുട്ടുന്നവര്‍ പേടിക്കേണ്ടതില്ല. ഖുര്‍ആന്‍ തപ്പിത്തടഞ്ഞ്വായിക്കുന്നവര്‍ക്ക്, അത് ശരിയായി ഓതുന്നവരേക്കാള്‍ ഇരട്ടി പ്രതിഫലമുണ്ടെന്നാണ് നബി(സ) യുടെ വാക്കുകള്‍. ഒന്ന് അവന്‍ പാരായണം ചെയ്തതിന്റേയും, മറ്റൊന്ന് അവന്‍ പാരായണം ചെയ്യാന്‍ ശ്രമിച്ചതിന്റേയും. പ്രഭാതസമയത്തുള്ള (സുബ്ഹിയുടെ സമയത്ത്) ഖുര്‍ആന്‍ പാരായണമാണ്ഏറ്റവും ശ്രേഷ്ഠമായതെന്ന് ഖുര്‍ആനില്‍ തന്നെ പറയുന്നുണ്ട്. സല്‍ക്കര്‍മ്മങ്ങള്‍ സമ്പാദിച്ചുകൂട്ടാന്‍ പറ്റിയ വലിയൊരു ഇബാദത്താണ് ഖുര്‍ആന്‍ പാരായണം എന്നു മനസ്സിലായല്ലോ? പക്ഷേ, ഈ വമ്പിച്ച പ്രതിഫലം കിട്ടാന്‍, 'അല്ലാഹുവിന്റെ' പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ട്, അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം നമ്മള്‍ ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. മരിച്ചവര്‍ക്കോ മറ്റുള്ളവര്‍ക്കോ വേണ്ടിയാകരുത്. നമസ്കാരം നിലനിലനിര്‍ത്തുകയും സക്കാത്ത് നല്‍കുകയുംചെയ്ത്, ഒരു യഥാര്‍ത്ഥ മുസ്ലിമായി ജീവിക്കുന്നവന്റെ സല്‍ക്കര്‍മ്മങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. നമസ്കരിക്കാതെ, വെറുതെ ദിവസവും ഖുര്‍ആന്‍ ഓതിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നര്‍ത്ഥം.


ഖുര്‍ആന്‍ പാരായണത്തിന്, ഈ വമ്പിച്ച പ്രതിഫലം അല്ലാഹുവാഗ്ദാനം ചെയ്യുന്നത്, നമ്മള്‍ ഖുര്‍ആന്‍ പഠിച്ച് അതിനനുസരിച്ചുള്ള ഒരു ജീവിതം നയിക്കുന്നതിനുവേണ്ടിയാണ്. അല്ലാതെ, നമസ്കരിക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയുംചെയ്യുന്ന ഒരുവന്‍, ഖുര്‍ആനു വിരുദ്ധമായ ഒരു ജീവിതമാണ് നയിക്കുന്നതെങ്കില്‍, ഖുര്‍ആന്‍ കൊണ്ട് അവനെന്താണ് നേട്ടം? അറബിഭാഷയുടെ അര്‍ത്ഥം നന്നായി അറിയുന്നവര്‍ക്ക്, ഖുര്‍ആന്‍ പാരായണംചെയ്യുമ്പോള്‍ തന്നെ അതിന്റെ ഉള്ളടക്കം മനസ്സിലാകും. പക്ഷേ, പാരായണം ചെയ്തതുകൊണ്ട് മാത്രം മലയാളികളായ നമുക്ക് ഖുര്‍ആന്റെ ഉള്ളടക്കം മനസ്സിലാകുകയില്ല. ഖുര്‍ആന്‍ മനസ്സിലാക്കാനും പഠിക്കാനുമായി, നമ്മള്‍ നടത്തുന്ന ഓരോ ശ്രമവും മേല്‍പ്പറഞ്ഞതുപോലെ അല്ലാഹുവില്‍നിന്ന് കനത്ത പ്രതിഫലം ലഭിക്കുന്ന പ്രവര്‍ത്തിയാണ്. ആയതിനാല്‍ പരിശുദ്ധ ഖുര്‍ആന്റെ മലയാളപരിഭാഷകളും വ്യാഖ്യാനങ്ങളുമെല്ലാം വായിച്ച് മനസ്സിലാക്കി, ഖുര്‍ആനു യോജിച്ച ഒരു ജീവിതം നയിക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവയെല്ലാം നമ്മുടെ നാട്ടില്‍ ധാരാളം ലഭ്യമാണ്. ഒഴിവുസമയങ്ങളില്‍, വീട്ടില്‍ വെച്ചു തന്നെ ഇവ നമുക്ക് വായിക്കാവുന്നതാണല്ലോ.


പരിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
പരിശുദ്ധ ഖുര്‍ആന്‍ പരിപാഷ ഇവിടെ ക്ലിക്ക് ചെയ്യുക 

4 അഭിപ്രായങ്ങൾ:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial