06 ജൂൺ 2011

IPL ഓളങ്ങളില്‍ നഷ്ടപ്പെടുന്ന നന്മകള്‍

IPL ഓളങ്ങളില്‍ നഷ്ടപ്പെടുന്ന നന്മകള്‍

ഐ.പി.എല്‍. കളികള്‍ കുടുംബത്തോടൊപ്പം ഇരുന്നു കാണാന്‍ കഴിയില്ല. ടി.വി. റിമോട്ട് ഏതു സമയവും കൈയില്‍ കരുതണം. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ആഭാസങ്ങള്‍ കാണികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.

 ഫോറുകളും സിക്സുകളും ഔട്ടുകളും ആഘോഷിക്കാന്‍ ഇന്ത്യന്‍ പ്രഭുക്കള്‍ ഒരുക്കിയത് ഇറക്കുമതി നഗ്നത. അതു കളിക്കളത്തിലെ കാര്യം. കളിക്കളത്തിനു പുറത്ത് അതിലും വലിയ പേക്കൂത്തുകള്‍ ആണെന്നാണു കേള്‍വി. സായാഹ്നസല്‍ക്കാരങ്ങള്‍, മദ്യം, സംഗീതം, നൃത്തം. രാവേറെ ചെല്ലുന്നതുവരെ ആഘോഷങ്ങള്‍. കളിയില്‍ തോറ്റവരും എല്ലാം മറന്ന് ആഘോഷങ്ങളില്‍ സജീവം. 

മൈതാനത്തിലെ പ്രദര്‍ശനത്തിന് എതിരേ  ശിവസേന ഉയര്‍ത്തിയ ഭീഷണിയല്ലാതെ കായികലോകത്തെ വഴിതിരിച്ചുവിടുന്ന ഈ സംസ്കാരച്യുതിക്കെതിരേ ഇന്ത്യയില്‍ ഒരെതിര്‍പ്പും ഉയര്‍ന്നു കേട്ടിട്ടില്ല.ഇതിനിടയില്‍ ഒരു പ്രശ്നം. ദക്ഷിണാഫ്രിക്കക്കാരി ഒരു ഉല്ലാസപ്പറവ ചില അപ്രിയസത്യങ്ങള്‍ ബ്ളോഗില്‍ കുറിച്ചിരിക്കുന്നു. കളിക്കാരും സംഘാടകരും കാണിക്കുന്ന പെരുമാറ്റവൈകല്യങ്ങള്‍, ശൃംഗാരം, ആഭാസം, അശ്ളീലവാക്ക്, നോട്ടം, ക്ഷണം. യാഥാസ്ഥിതികയായ ഒരു പെണ്‍കുട്ടി ഇത്തരമൊരു ജോലിക്കു സ്വാഭാവികമായും ഇറങ്ങിത്തിരിക്കുകയില്ല. 

പ്രതീക്ഷിച്ചതിലുമധികം അനുഭവിക്കേണ്ടി വന്നപ്പോള്‍ മാന്യമായി പ്രതികരിച്ചതാവാം. ഇന്ത്യയിലെ യജമാനന്മാര്‍ക്ക് അത് ഇഷ്ടമായില്ല. ജോലിയവസാനിപ്പിച്ചു
കക്ഷിയെ തിരിച്ചയച്ചു. ഇനിയും കൂടുതല്‍ വെളിപ്പെടുത്താനുണ്ട് എന്നാണ് ഇരയുടെ പ്രതികരണം. പെരുമാറ്റത്തിനു വ്യക്തമായ അതിര്‍വരമ്പുകള്‍ നിര്‍ണയിച്ചിട്ടില്ലാത്ത ഒരു ചുറ്റുപാടില്‍ സംഭവിച്ചിരിക്കാവുന്ന ഈ പാളിച്ചകള്‍ ഇവിടെ അത്ര വലിയ ഇളക്കമൊന്നും ഉണ്ടാക്കാനിടയില്ല.നിശാക്ളബ്ബുകളില്‍ ഒതുങ്ങുന്ന പ്രശ്നമല്ല ഇത്. അതിവേഗ മാറ്റങ്ങള്‍ക്കു വിധേയമാവുകയാണ് ഇന്ത്യയിലെ പൊതുസംസ്കാരം. ആംഗലേയ രീതികളോടു പ്രിയം കൂടി വരുന്നു. പരമ്പരാഗത സംസ്കാരത്തിന്റെ അടയാളങ്ങള്‍ മാധ്യമങ്ങളിലും പരസ്യങ്ങളിലും അപ്രത്യക്ഷമാവുകയാണ്. 

മൂല്യങ്ങള്‍ വഴിമാറിയ സാഹചര്യത്തില്‍, വേഷവും ശരീരവടിവുമാണു വ്യക്തിത്വം നിര്‍ണയിക്കുന്നത് എന്ന തോന്നല്‍ വേരൂന്നി. ശരീരം കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവരുടെ വഴി. പുരുഷന്മാര്‍ക്ക് അവരുടെ വഴി. ജീവിതശൈലിയില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതായി. സ്ത്രീപുരുഷബന്ധങ്ങളില്‍ അകല്‍ച്ച സൂക്ഷിക്കണമെന്നു പറയുന്നതു തന്നെ തെറ്റായിപ്പോവുമോ എന്നു ഭയപ്പെടേണ്ട സ്ഥിതിവിശേഷം. മദ്യം ഒരു സാധാരണ പാനീയം പോലെ ജനകീയമാവുന്ന രംഗങ്ങള്‍.

 പൊതുസംസ്കാരത്തിന്റെ ഒഴുക്കിനെ തടയാന്‍സംവിധാനമില്ല. ത്രസിപ്പിക്കുന്ന വേഷമണിഞ്ഞ പെണ്‍കുട്ടികളുടെ എണ്ണം തെരുവില്‍ കൂടി വരുന്നു. തന്നിലേക്കു ക്ഷണിക്കുന്ന ശരീരഭാഷയുമായി പുറത്തിറങ്ങുന്ന പെണ്‍കുട്ടിയുടെ സന്ദേശമെത്തുന്നത് അവള്‍ ഉദ്ദേശിച്ചവര്‍ക്കു മാത്രമാവണമെന്നില്ലല്ലോ. ഇതിനിടയില്‍ മാന്യതയും ഔചിത്യബോധവും കാണിക്കാന്‍യുവാക്കള്‍ക്കു പ്രത്യേക പരിശീലനം നല്‍കേണ്ടി വരും.തനിക്ക് അരോചകമായി തോന്നിയ ചില അനുഭവങ്ങള്‍ ഗബ്രിയേല പാസ്ക്വാലോട്ടോയുടെ കുറിപ്പില്‍ കാണുന്നു. ചിലരുടെ നോട്ടം. ആദ്യം മുഖത്ത്.
പിന്നീട് മാറത്ത്. ശേഷം അരക്കെട്ടില്‍. വീണ്ടും മാറത്ത്. മുഖഭാവത്തില്‍ മാറ്റം. തുറിച്ച നോട്ടം. വളിച്ച ചിരി. വിറയ്ക്കുന്ന വാക്കുകള്‍. കെട്ടിപ്പിടിച്ചുമ്മ വയ്ക്കാന്‍ വ്യഗ്രത കാട്ടി മുന്നോട്ടാഞ്ഞു വരുന്ന രൂപങ്ങള്‍.

 ലോകപ്രശസ്തര്‍ തന്റെ മുന്നില്‍ ചെറുതായ രംഗങ്ങള്‍ കുറഞ്ഞ വാക്കുകളില്‍ കുറിച്ചുവച്ചിരിക്കുന്നു പെണ്‍കുട്ടി. മാന്യത സൂക്ഷിച്ചവരെ ആ രീതിയില്‍ത്തന്നെ ഗബ്രിയേല ഓര്‍ക്കുന്നു. ക്ളബ്ബുകളില്‍ വരാന്‍ താല്‍പ്പര്യപ്പെടാതെ കുടുംബത്തോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കുന്ന സചിന്‍ ടെന്‍ഡുല്‍ക്കര്‍. വന്നാല്‍ത്തന്നെ ഒഴിഞ്ഞൊരു മൂലയില്‍ സ്ഥലം പിടിക്കുന്ന മഹീന്ദര്‍സിങ് ധോണി. 

സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ട് ഒഴുക്കിനൊപ്പം സഞ്ചരിക്കുന്നതു വ്യക്തിത്വ തകര്‍ച്ചയായി അനുഭവപ്പെടുകയാണ് ഇവിടെ. എഴുതിവച്ചില്ലെങ്കിലും പൊതുമാന്യതയുടെ മാനദണ്ഡങ്ങള്‍ മനസ്സുകളില്‍ കുടിയിരിക്കുന്നുണ്ട്. മതങ്ങളുടെ അനുശാസനങ്ങള്‍ അതിന് അടിവരയിടുന്നു എന്നു മാത്രം. വിപരീത സാഹചര്യത്തില്‍ പോലും ഗബ്രിയേല മര്യാദ പ്രതീക്ഷിക്കുന്നത് അതുകൊണ്ടാവാം. സാമാന്യമര്യാദയുടെ തേട്ടത്തിനൊപ്പം നിന്നതു ചിലര്‍ക്കെങ്കിലും മാന്യത കാത്തുസൂക്ഷിക്കുന്നതിനു സഹായകമാവുകയും ചെയ്തു.വ്യക്തിത്വം ശരീരപ്രധാനമാവുന്നതു സംസ്കാരത്തെ പിറകോട്ടു നയിക്കുകയാണു ചെയ്യുക. തൊലിവെളുപ്പും കൈക്കരുത്തും കാര്യങ്ങള്‍ തീരുമാനിക്കുന്നതു മനുഷ്യത്വത്തിനു പറ്റിയതല്ല. അമ്മയോ ഭാര്യയോ സഹോദരിയോ ആയി തിരിച്ചറിയുന്നിടത്തു സ്ത്രീക്കു മാന്യതയുണ്ട്. 

അവിടെ അവള്‍ക്കു സ്വാതന്ത്യ്രമെടുക്കാന്‍ കഴിയും. അതല്ലാത്ത സാഹചര്യങ്ങളില്‍ സൂക്ഷ്മത കാണിക്കണം. അഭിമുഖീകരിക്കുന്ന വ്യക്തികള്‍ക്കും സാഹചര്യത്തിനും അനുസരിച്ച് സൂക്ഷ്മതയുടെ സ്വഭാവത്തിനും തോതിനും മാറ്റം വരുന്നു. ആദ്യം നിയന്ത്രിക്കേണ്ടതു സാഹചര്യങ്ങളെ. ഒഴിവാക്കാവുന്നത് ഒഴിവാക്കുക. പിന്നീടു നോക്കേണ്ടത് സ്വന്തം രൂപം. ശരീരം മുഴച്ചു കാണുന്ന വേഷത്തെക്കാള്‍നല്ലതു തന്റെ വ്യക്തിത്വം പ്രകടമാക്കുന്ന വേഷമാണ്. പെരുമാറ്റരീതിയാണ് അടുത്തത്. ഇടപെടുന്ന വ്യക്തിക്കനുസരിച്ചു നിശ്ചിത അളവില്‍ അകല്‍ച്ച സൂക്ഷിക്കാന്‍ കഴിയണം. അപരിചിതത്വം കാണിക്കേണ്ടിടത്ത് അങ്ങനെ. ഗൌരവത്തിനു ഗൌരവം. സൌഹൃദത്തിനു സൌഹൃദം. 

വാല്‍സല്യത്തിനു വാല്‍സല്യം. കാരുണ്യത്തിനു കാരുണ്യം. വിദ്യാര്‍ഥിനി അധ്യാപകന്റെ മുന്നില്‍ നാണം കുണുങ്ങുകയല്ല വേണ്ടത്. ശിഷ്യയുടെ നിഷ്കളങ്കത മുഖത്തും പെരുമാറ്റത്തിലും കാണണം. രോഗി ഡോക്ടറുടെ മുന്നില്‍ ലജ്ജ കാണിച്ചു താനൊരു സ്ത്രീയാണ് എന്നതിലേക്കു ശ്രദ്ധ ക്ഷണിക്കാതിരിക്കുക. കാര്യമാത്രപ്രസക്തമായ ഭാവങ്ങള്‍മാത്രം  പെരുമാറ്റത്തിനിടയില്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന വേഷപെരുമാറ്റ നിര്‍ദേശങ്ങള്‍ ഈ രീതിയില്‍ വിലയിരുത്താന്‍ കഴിയും.അച്ചടക്കം വ്യക്തിത്വത്തെ ഉയര്‍ത്തിയതു ഗബ്രിയേലയുടെ  കുറിപ്പില്‍ കാണാന്‍ കഴിഞ്ഞു. നിയന്ത്രണങ്ങള്‍ വ്യക്തികളെ ചെറുതാക്കുന്നില്ല. മറിച്ചു വലുതാക്കുന്നു.

 കേവല ആസ്വാദനത്തിനുപരി ജീവിതത്തില്‍ ഗൌരവമേറിയ ചുമതലകള്‍ നിര്‍വഹിക്കാനുണ്ട് പുരുഷന് എന്ന ബോധം വിടാതിരുന്നാല്‍ ആ വ്യക്തിക്കു തിളക്കമേറും.ഒരു നോട്ടത്തില്‍ എന്തെല്ലാം സന്ദേശങ്ങള്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുന്നു മനുഷ്യന്? സൌഹൃദം, കാരുണ്യം, ബഹുമാനം, സ്നേഹം, പ്രേമം, കാമം, ദേഷ്യം, ദീനത, അഹങ്കാരം, പുച്ഛം, പരിഹാസം, ഭയം, ശൌര്യം എന്നിങ്ങനെ ഏറെ വാക്കുകള്‍ക്കു പകരം നില്‍ക്കാന്‍ ഒരു നോട്ടത്തിനു കഴിയും. സ്ത്രീക്കു പുരുഷനെ വിലയിരുത്താന്‍ അയാളുടെ ഒരു നോട്ടം മതി. തിന്മയുടെ അന്തിമഫലമായ നരകത്തില്‍നിന്നു കണ്ണുകളെ രക്ഷിക്കാന്‍ പ്രവാചകന്‍ പറഞ്ഞത് അതുകൊണ്ടാവാം.ദുഷ്ടകഥാപാത്രങ്ങളെ അംഗബലവും അധികാരവുമുപയോഗിച്ചു സംരക്ഷിക്കുന്നത് അജ്ഞാനകാല സ്വഭാവമായി ചരിത്രം പരിചയപ്പെടുത്തുന്നു. വര്‍ഗീയത എന്നു പ്രവാചകന്‍ വിശേഷിപ്പിച്ചത് ഇതിനെയാണ്. 

മറ്റുള്ളവരുടെ മുന്നില്‍ ഏതൊരു സമൂഹത്തിന്റെയും പ്രതിച്ഛായ രൂപപ്പെടുത്തുന്നതില്‍ ഇത്തരം പ്രവണതകള്‍ അതിന്റേതായ പങ്കു നിര്‍വഹിക്കുകയും ചെയ്യും. ഉന്നതസ്ഥാനങ്ങളില്‍ ഇരുന്നു തറ നിലവാരത്തില്‍ പെരുമാറിയവരെ സമുദായം തോളിലേറ്റി സംരക്ഷിക്കുമ്പോള്‍ ഒരൊറ്റ വ്യക്തിയുടെ നിലവാരത്തിലേക്കു മുഴുവനാളുകളും താഴ്ന്നു പോവുകയാണു ചെയ്യുന്നത്. ഇസ്ലാം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നു വിലപിക്കുന്നവര്‍തന്നെ ഇത്തരം നിലപാടു സ്വീകരിക്കുന്നു എന്നത് അദ്ഭുതമായിരിക്കുന്നു. കളവു ചെയ്തതു തന്റെ മകള്‍ ഫാത്തിമ തന്നെയാണെങ്കിലും അവളുടെ കൈ ഞാന്‍ വെട്ടുമെന്നു പറയുമ്പോള്‍ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന സന്ദേശം നല്‍കുന്നതോടൊപ്പം സമൂഹത്തിന്റെ ധാര്‍മിക ഭദ്രത ഉറപ്പു വരുത്തുകകൂടി ചെയ്യുന്നുണ്ട് പ്രവാചകന്‍. പുതിയ പ്രവണതകള്‍ കാരണം മുസ്ലിം സമൂഹത്തിന്റെ ധാര്‍മികത പൊതുനിലവാരത്തിലും താഴോട്ടു പോയിരിക്കുന്നു.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial