06 ജൂൺ 2011

മദ്യകേരളം



മദ്യകേരളം 




വീണ്ടും ഒരിക്കല്‍ കൂടി അയാളെ തീവണ്ടിയില്‍ വച്ച് കണ്ടപ്പോള്‍ അയാള്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു. ഉണങ്ങിയ ചുണ്ടുകള്‍, വിളറിവെളുത്ത മുഖം, കണ്ണുകള്‍ കുഴിഞ്ഞ് കവിളുകള്‍ ഒട്ടി ആകെ കോലംകെട്ടിരിക്കുന്നു. കുടിച്ചു സ്വയം നശിച്ച് കുടുംബം തുലച്ച വ്യക്തി. പുനരധിവാസകേന്ദ്രത്തിലേക്കുള്ള പോക്കായിരുന്നു അയാളുടേത്. കൂടെ ഭാര്യയും മറ്റൊരാളുമുണ്ട്.
മാന്യനായിരുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍. ഒരു ഔദ്യോഗിക സന്ദര്‍ശനത്തിനിടെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആദ്യമായി മദ്യപിച്ചത്. പിന്നെയത് പതിവായി. ഒടുവില്‍ ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയും. ഇതിനിടെ നഷ്ടപ്പെട്ടത് ഏറെയാണ്. ലഹരി മൂത്ത് കാട്ടിക്കൂട്ടിയ അക്രമങ്ങളില്‍ വീട്ടിലെ വിലപിടിപ്പുള്ള പലതും നശിച്ചു. മൂത്ത മകളെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. രണ്ടാമത്തെ മകള്‍ക്കു വന്ന പല വിവാഹാലോചനകളും മുടങ്ങി. ഒടുവില്‍ പ്രിയപുത്രനും തന്റെ പാത പിന്തുടരാന്‍ തുടങ്ങിയെന്ന ഞെട്ടിക്കുന്ന വിവരവും അയാളറിഞ്ഞു. എന്നിട്ടും മാനസാന്തരമുണ്ടായില്ല. ലഹരിയില്ലാതെ ഒരു മണിക്കൂര്‍ പോലും ജീവിക്കാന്‍ കഴിയാതായി. സര്‍വീസില്‍ നിന്ന് മൂന്നു തവണ സസ്പെന്‍ഷന്‍ കിട്ടി. നാഡിഞരമ്പുകള്‍ തളര്‍ന്ന്, കൈകാലുകള്‍ ശോഷിച്ചു. പരസഹായം കൂടാതെ നടക്കാന്‍ പോലും കഴിയാതായിട്ടും മദ്യാസക്തി തീരെ കുറഞ്ഞില്ല. വിദഗ്ധ കൌണ്‍സലിങുകളും ഏറെ മരുന്നുകളും കൊണ്ട് ഫലം കാണാതായപ്പോള്‍ അകലെ ഒരു പുനരധിവാസകേന്ദ്രത്തിലെത്തിക്കാന്‍ കുടുംബക്കാര്‍ തീരുമാനിച്ചു. സ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങാന്‍ അയാള്‍ അനുഭവിച്ച കഷ്ടപ്പാടിന്റെ ചിത്രം മറക്കാനാവാതെ ഏറെക്കാലം മനസ്സില്‍ തങ്ങിനിന്നു.
കേരളീയ സമൂഹത്തിന്റെ മദ്യാസക്തി അസാധാരണ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതായാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ വരെ സൂചിപ്പിക്കുന്നത്. പുതുവര്‍ഷപ്പുലരിയുടെ തലേന്നാള്‍ ഒറ്റ ദിവസം കൊണ്ട് 32.5 കോടിയുടെ മദ്യം ഇവിടെ വിറ്റിരിക്കുന്നു. ഡിസംബര്‍ മാസത്തിലെ കണക്കെടുത്താല്‍ അത് 600 കോടിയോളം വരും. ബിവറേജസ് കോര്‍പറേഷന്റെ ഔദ്യോഗിക കണക്ക് മാത്രമാണിത്. സ്വകാര്യ ഹോട്ടലുകളിലും നാട്ടുവില്‍പനകേന്ദ്രങ്ങളിലും ഇത്രയോ ഇതിലധികമോ ഉണ്ടാകാം. ഓരോ വര്‍ഷവും 30 ശതമാനത്തോളം വര്‍ധന വില്‍പന കൂടിവരുന്നുണ്ട്. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ നല്ലൊരു ഭാഗം മദ്യവില്‍പനയില്‍ നിന്ന് നാം ഉണ്ടാക്കുന്നു. വിഷയത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് പലരും പറയുന്നുണ്െടങ്കിലും  അതൊന്നും ഏശുന്ന മട്ടു കാണുന്നില്ല. അപകടം വിലയ്ക്കു വാങ്ങുന്ന ഹതഭാഗ്യരായ വിഡ്ഢികളായി നാം ദിനേന മാറിക്കൊണ്ടിരിക്കുകയാണ്.


മദ്യോപയോഗം കര്‍ശനമായി നിരോധിച്ച മതമാണ് ഇസ്ലാം. എന്നിട്ടും മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പൊന്നാനിയും തിരൂരും മദ്യവില്‍പനയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. മതധാര്‍മികബോധത്തിലെ മൂല്യശോഷണം എത്രമാത്രം ആഴത്തിലുള്ളതാണെന്നറിയാന്‍ ഈ കണക്കുകള്‍ മാത്രം മതിയാകും. സമുദായത്തിലെ പണ്ഡിതന്മാരുടെയും നേതാക്കളുടെയും കണ്ണു തുറപ്പിക്കേണ്ട ഒരു മാരകപ്രശ്നമാണിത്. അര്‍ഹിക്കുന്ന ഗൌരവത്തില്‍ എടുത്തില്ലെങ്കില്‍ അപകടം അതീവ ഗുരുതരമായിരിക്കും.
മദ്യോപയോഗം നടത്തുന്നവരുടെ മനസ്സില്‍ നിന്നു ദൈവസ്മരണയും ഭക്തിയും ഒഴിഞ്ഞുപോകും. പിശാചിന്റെ മലിനവൃത്തികളെക്കുറിച്ചുള്ള ചിന്തയ്ക്കായിരിക്കും പിന്നെയവിടെ പ്രാമുഖ്യം. ഇത് മാറ്റമില്ലാത്ത ദൈവനിശ്ചയമാണ്. സത്യവിശ്വാസിയും ദൈവാനുസരണമുള്ളവനുമായ ഒരാള്‍ക്കും മദ്യസേവ നടത്താനാവില്ലെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. ഇഹലോകത്തും പരലോകത്തും ശിക്ഷാര്‍ഹമായ പാപമാണ് മദ്യസേവയും ഉല്‍പാദനവും വിതരണവും അതില്‍ നിന്നുള്ള ആദായം പറ്റലും അതുമായി ബന്ധപ്പെട്ട മറ്റെല്ലാ സംഗതികളും. അതിനാല്‍ സമ്പൂര്‍ണമായി മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഖുര്‍ആന്‍ പറഞ്ഞു:“"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും ബലിക്കല്ലില്‍ അറുക്കുന്നതും അമ്പുകൊണ്ട് ഭാഗ്യം തേടുന്നതും വൃത്തികെട്ട പൈശാചിക നടപടികളാണ്. അതൊക്കെയും വര്‍ജിക്കുവിന്‍-നിങ്ങളുടെ ജീവിതം സഫലമാവാന്‍. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങളില്‍ പകയും വിദ്വേഷവുമുളവാക്കാനും ദൈവവിചാരത്തില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് ചെകുത്താന്‍ ഉദ്ദേശിക്കുന്നത്''’(ഖു: 5: 90, 91).
ചെകുത്താന്‍ വിരിച്ച കെണിയില്‍പ്പെടാതെ രക്ഷപ്പെടാന്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ജാഗ്രതയോടെ പാലിച്ചുകൊണ്ട് അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ച് ജീവിക്കാനുള്ള ആഹ്വാനം തൊട്ടടുത്ത സൂക്തത്തിലൂടെ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. മദ്യവര്‍ജനത്തിനായി ഓരോ മനുഷ്യസ്നേഹിയും തന്നാലാവുന്നത് ചെയ്യല്‍ പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണ്.   

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial