13 ജൂലൈ 2011

ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല


ഇസ്ലാം മതത്തില്‍ നിര്‍ബന്ധമില്ല  


എണ്‍പതുകളുടെ മധ്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ശരീഅത്ത് വിവാദം നടക്കുകയുണ്ടായി. ആ ഇസ്ലാമിക ശരീഅത്ത്വിരുദ്ധ പ്രചാരണത്തിനു തിരികൊളുത്തിയത് അന്നത്തെ കമ്മ്യൂണിസ്റ് ആചാര്യനായിരുന്നു. കൂട്ടുസഖാക്കളും കുട്ടിസഖാക്കളും ചേര്‍ന്ന് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശങ്ങളെ താറടിച്ചും തെറിപറഞ്ഞും നാട്ടിലാകെ യോഗങ്ങളും സെമിനാറുകളും പോസ്ററുകളും ലഘുലേഖകളും പത്രപ്രസ്താവനകളും കൊണ്ട് പ്രചണ്ഡമായ പ്രചാരണം നടത്തി. വ്യക്തമായി നിര്‍ണയിക്കപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയുണ്ടായിരുന്നു അതിനുപിന്നില്‍. എങ്കിലും രാഷ്ട്രീയക്കളി കാര്യമായപ്പോള്‍ രംഗം ആകെ കുഴഞ്ഞുമറിഞ്ഞു.

 മുസ്ലിംസമുദായം ഉണര്‍ന്ന് അവാന്തരവിഭാഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒത്തുചേര്‍ന്നു ശരീഅത്ത് വിരുദ്ധരുടെ കുടിലതന്ത്രങ്ങള്‍ക്കു മറുപടി നല്‍കി. എതിര്‍പ്രചാരണങ്ങളും യോഗങ്ങളും രംഗം കൈയടക്കി. കാര്യം പന്തിയല്ലെന്നുകണ്ട കമ്മ്യൂണിസ്റ് ആചാര്യന്‍ തനിക്ക് ഇസ്ലാമിക ശരീഅത്തിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു പ്രസ്താവനയിറക്കി തടിയെടുത്തു. ന്യൂനപക്ഷ സമുദായത്തെ പ്രകോപിപ്പിച്ചു ഭൂരിപക്ഷ സമുദായത്തെ പ്രലോഭിപ്പിക്കാന്‍ ലക്ഷ്യംവച്ചു നടത്തിയ ആ വിവാദത്തിലൂടെ ചില്ലറ ഭൌതികനേട്ടങ്ങള്‍ കൊയ്തെടുക്കാന്‍ തല്‍പ്പരകക്ഷികള്‍ക്കു സാധിച്ചുവെന്നത് അവര്‍ അന്നു വലിയ നേട്ടമായിത്തന്നെ കരുതി. 

സാഹചര്യം മാറിയപ്പോള്‍ ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കലാണ് ലാഭമെന്നു കണ്െടത്തിയ കമ്മ്യൂണിസ്റ് ആചാര്യന്‍ സദ്ദാംഹുസയ്നെ പിന്തുണച്ചും ശക്തമായ സാമ്രാജ്യത്വ ഫാഷിസ്റ് വിരുദ്ധ നിലപാടു കൈക്കൊണ്ടും രംഗത്തെത്തി. മുസ്ലിം സമുദായം ഇവര്‍ക്കു ശക്തമായ പിന്തുണ നല്‍കി. ആ സാഹചര്യത്തില്‍ ഇസ്ലാമിക ശരീഅത്ത്വിരുദ്ധ പ്രചാരണം അപ്രസക്തമായിരുന്നതിനാല്‍ ശരീഅത്തിനെതിരേ കടന്നാക്രമണം ഉണ്ടായില്ല. ഒരു പടികൂടി കടന്ന് സേട്ടു സാഹിബിനെയും മഅ്ദനിയെയും ഗാന്ധിജിയോട് ചേര്‍ത്തുകൊണ്ട് ഫണ്ടമെന്റലിസം അത്ര വലിയ കുഴപ്പമുള്ളതല്ലെന്നു പറയാനും തയ്യാറായി. ഇവയിലൊക്കെ ഉണ്ടായിരുന്ന ഒളിയജണ്ട രാഷ്ട്രീയാധികാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല. കാലം മാറി, സാഹചര്യങ്ങളില്‍ വ്യത്യാസം വന്നു. ന്യൂനപക്ഷസമുദായം പല വാഗ്ദാനലംഘനങ്ങളും അനുഭവിച്ചു വഞ്ചനകള്‍ തിരിച്ചറിഞ്ഞു. വ്യത്യസ്ത തലങ്ങളിലാണെങ്കിലും മുസ്ലിംസമുദായം മറ്റു പിന്നാക്കക്കാരെയും അധസ്ഥിതരെയുമൊക്കെ കൂട്ടി സ്വയം ശാക്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനു പല ഭാഗത്തുനിന്നും ആശാവഹമായ പിന്തുണയുണ്ടായി. ഇതോടൊപ്പം തന്നെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ സമുദായം ശ്രദ്ധേയമായ ചില നേട്ടങ്ങള്‍ കൈവരിക്കാനും തുടങ്ങി. മുമ്പത്തെപ്പോലെ പ്രലോഭന-പ്രീണന വാഗ്ദാനങ്ങള്‍ നല്‍കി സമുദായത്തെ കൂടെ നിര്‍ത്താന്‍ കഴിയില്ലെന്ന തിരിച്ചറിവു കമ്മ്യൂണിസ്റ് പാര്‍ട്ടിക്കാരെ അസ്വസ്ഥരാക്കാന്‍ തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രാജ്യത്തു പലേടത്തും പാര്‍ട്ടിക്ക് ഏറ്റ കനത്ത ആഘാതം കൂടിയായപ്പോള്‍ അസ്വസ്ഥതകള്‍ തികഞ്ഞ അങ്കലാപ്പായിമാറി. ഇനിയും പിടിച്ചുനില്‍ക്കണമെങ്കില്‍ ഭൂരിപക്ഷ സമുദായത്തിന്റെ വര്‍ധിച്ച പിന്തുണ കൂടിയേ തീരൂ എന്നു പാര്‍ട്ടി നടത്തിപ്പുകാര്‍ക്കു ബോധ്യമായി. അതിനുള്ള അടവുകളാണു കഴിഞ്ഞ കുറേ നാളുകളായി അവര്‍ പയറ്റിവരുന്നത്. ഏറ്റവും ഒടുവിലായി കമ്മ്യൂണിസ്റ് കാരണവന്മാരിലൊരാള്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് അടിസ്ഥാനരഹിതമായ ഒരാരോപണം ഉന്നയിച്ചിരിക്കുന്നു. 20 വര്‍ഷം കൊണ്ട് കേരളത്തെ ഒരു മുസ്ലിം നാടാക്കാന്‍ ഇവിടെ ശ്രമം നടക്കുന്നു. അതിനു പണം നല്‍കി ആളുകളെ മതംമാറ്റി മുസ്ലിം പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു മുസ്ലിം ജനിക്കാന്‍ വഴിയൊരുക്കുന്നു. ലൌ ജിഹാദ് സംഘടിപ്പിച്ചു ചിലരെ മതം മാറ്റുന്നു. അങ്ങനെ പോവുന്നു ആരോപണങ്ങള്‍. ഇസ്ലാം, മുസ്ലിം എന്നീ അറബിപദങ്ങളുടെ അര്‍ഥം പോലും മനസ്സിലാക്കാതെയുള്ള ജല്‍പ്പനങ്ങളാണ് നടത്തപ്പെട്ടത്. 
പ്രപഞ്ചത്തിന്റെയും മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനും ഏകനായ ദൈവം മാത്രമാണ്. അവന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ഓരോന്നിന്റെയും ജീവിതം സമര്‍പ്പിക്കപ്പെടുന്ന വ്യവസ്ഥയെയാണ് ഇസ്ലാം (സമര്‍പ്പണം) എന്നു പറയുന്നത്. സമര്‍പ്പിച്ച ഓരോന്നും മുസ്ലിം ആണ്. മനുഷ്യന്‍ ഒഴികെ മറ്റെല്ലാം നിര്‍ബന്ധിതമായി അങ്ങനെ സമര്‍പ്പിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. മനുഷ്യമനസ്സിന് അങ്ങനെ സമര്‍പ്പിക്കാനോ സമര്‍പ്പിക്കാതെ സ്വേച്ഛയെ പിന്തുടരാനോ സ്വാതന്ത്യ്രം നല്‍കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ സ്വന്തം ഇഷ്ടപ്രകാരം സമര്‍പ്പിക്കുമ്പോഴാണ് അവന്‍ മുസ്ലിം ആകുന്നത്. അക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്: 
"അവര്‍ അല്ലാഹുവിന്റേതല്ലാത്ത ജീവിതവ്യവസ്ഥയാണോ കാംക്ഷിക്കുന്നത്? ഭുവനവാനങ്ങളിലുള്ളതൊക്കെയും ബോധപൂര്‍വമായും അല്ലാതെയും അവനു മാത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാം അവനിലേക്കു മടങ്ങുന്നതാണ്. ...ദൈവസമര്‍പ്പിതമല്ലാത്ത ഏതു ജീവിതവ്യവസ്ഥ ആരു കൈക്കൊണ്ടാലും അതു സ്വീകരിക്കപ്പെടുന്നതല്ല. അവന്‍ പരലോകത്ത് നഷ്ടം പിണഞ്ഞവരില്‍പ്പെട്ടവനാണ്'' (വി.ഖു. 3: 83-85). 
ഈ സന്ദേശമാണ് സ്രഷ്ടാവായ ദൈവം മനുഷ്യാരംഭം മുതല്‍ പ്രവാചകന്മാര്‍ വഴി മനുഷ്യനെ പഠിപ്പിച്ചത്. 

ഇതിന്റെ ഏറ്റവും ഒടുവിലത്തെ സമ്പൂര്‍ണ പതിപ്പാണ് ഖുര്‍ആന്‍. അതു മുഹമ്മദ് നബി (സ) വഴി മാനവതയ്ക്ക് ആകമാനം സ്രഷ്ടാവ് നല്‍കിയതാണ്. 
"അല്ലയോ മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ ഒരു സന്ദേശവാഹകന്‍ വന്നിരിക്കുന്നു. അതിനാല്‍, നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ ഭുവനവാനങ്ങളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണെന്നു നിങ്ങള്‍ ഓര്‍ത്തിരിക്കുക. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്'' (വി.ഖു. 4: 170). 
"പറയുക! മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാണ്. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ, അവന്റെ (ദൂതന്‍). അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍. നിങ്ങള്‍ക്കു നേര്‍മാര്‍ഗം പ്രാപിക്കാം'' (വി.ഖു. 7: 158). 

"പറയുക! ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സത്യം നിങ്ങള്‍ക്കു വന്നെത്തിയിരിക്കുന്നു. അതിനാല്‍, ആര് നേര്‍വഴി സ്വീകരിക്കുന്നുവോ, അവന്‍ തന്റെ ഗുണത്തിനുവേണ്ടിത്തന്നെയാണ് നേര്‍വഴി സ്വീകരിച്ചത്. വല്ലവനും വഴിപിഴച്ചുപോയാല്‍ അതിന്റെ ദോഷവും അവനു തന്നെയാണ്. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടവനല്ല'' (വി.ഖു. 10: 108). 
മനുഷ്യന്റെ ഇഹപരലോക ജീവിതവിജയത്തിനായി ഭൌതികലോകത്തു നേര്‍മാര്‍ഗത്തില്‍ സഞ്ചരിച്ചു സദ്കര്‍മം ചെയ്യാന്‍ ആവശ്യമായതെല്ലാം ഖുര്‍ആനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ സത്യം ജനങ്ങളോടു പറഞ്ഞശേഷം ഇഷ്ടമുള്ളവനു വിശ്വസിക്കാനും ഇഷ്ടമുള്ളവനു നിഷേധിക്കാനും അല്ലാഹു സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ട്. നിഷേധിക്കുന്ന അക്രമികള്‍ക്ക് മുഖത്തെ കരിച്ചുവേവിച്ചുകളയുന്ന, ഉരുക്കിയ ലോഹം പോലുള്ള ദുഷിച്ച പാനീയം കുടിവെള്ളമായി നല്‍കപ്പെടുന്ന കത്തിയാളുന്ന നരകമായിരിക്കും ഒടുവിലത്തെ അഭയസങ്കേതം എന്ന താക്കീതും നല്‍കപ്പെട്ടിട്ടുണ്ട് (18: 29). "അല്ലാഹുവിലേക്കു വിളിക്കുകയും സദ്കര്‍മമാചരിക്കുകയും ഞാന്‍ മുസ്ലിമാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് ഭൂമിയില്‍ ഉച്ചരിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ വാക്യം എന്ന് അല്ലാഹു നിശ്ചയിച്ചിരിക്കുന്നു'' (41: 33). "പരിശുദ്ധ മനസ്സോടെ അല്ലാഹുവിലേക്കു മടങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കാണ് സദാ സന്മാര്‍ഗദര്‍ശനം നല്‍കപ്പെടുക. അവരുടെ മനസ്സില്‍ സത്യവിശ്വാസം പ്രിയങ്കരമായും അലങ്കാരമായും തോന്നിപ്പിക്കുന്നതും നിഷേധവും അധര്‍മവും അനുസരണക്കേടും വെറുപ്പുള്ളതാക്കിത്തീര്‍ക്കുന്നതും അല്ലാഹു തന്നെയാണ്'' (49: 7). 

രക്ഷിതാവില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട ഈ സന്ദേശം ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാന്‍ ദൈവദൂതനും സത്യവിശ്വാസികളും കടപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യാത്തപക്ഷം അവര്‍ ദൌത്യം നിറവേറ്റിയിട്ടില്ലെന്നാണ് അല്ലാഹു വിധിക്കുന്നത്. ജനങ്ങളില്‍ നിന്നു സത്യപ്രബോധകരെ കാക്കുന്ന കാര്യം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുകയാണ് (5: 67). "പക്ഷേ, ഈ ജീവിതവ്യവസ്ഥ സ്വീകരിക്കണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്നു വേര്‍തിരിച്ചു കാണിക്കപ്പെട്ടിരിക്കുന്നു. ആരെങ്കിലും പരിധിവിട്ട ദുശ്ശക്തികളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്താല്‍ ഉറപ്പേറിയ പാശത്തെയാണ് അവന്‍ മുറുകെ പിടിച്ചിരിക്കുന്നത്. അതു പൊട്ടിപ്പോവുന്നതല്ല. അല്ലാഹു എല്ലാം കാണുന്നവനും അറിയുന്നവനുമാണ്. സത്യവിശ്വാസികളുടെ കൈകാര്യകര്‍ത്താവ് അല്ലാഹുവാണ്. അവന്‍ അവരെ അന്ധകാരങ്ങളില്‍ നിന്നു വെളിച്ചത്തിലേക്കു നയിക്കുന്നു. സത്യനിഷേധികളുടെ കൈകാര്യകര്‍ത്താക്കള്‍ അതിരുവിട്ട ദുശ്ശക്തികളാണ്. അവര്‍ അവരെ വെളിച്ചത്തില്‍ നിന്ന് അന്ധകാരങ്ങളിലേക്കു നയിക്കുന്നു. അത്തരക്കാര്‍ നരകാവകാശികളാണ്. അതിലെ നിത്യനിവാസികള്‍'' എന്നും ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട് (2: 256-257).

പ്രവാചകനും സത്യവിശ്വാസികള്‍ക്കും സന്ദേശമെത്തിക്കുകയും ഓര്‍മപ്പെടുത്തുകയും ചെയ്യുക എന്ന കര്‍ത്തവ്യമേയുള്ളൂ. ജനങ്ങളില്‍ ശക്തിയുപയോഗിച്ച് ഇത് അടിച്ചേല്‍പ്പിക്കുകയോ ആരും സ്വീകരിച്ചില്ലെങ്കില്‍ വ്യസനിച്ച് ആത്മനാശം വരുത്തുകയോ ചെയ്യേണ്ടതില്ലെന്നു ഖുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തുന്നുണ്ട്. "അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരെ മുഴുവന്‍ വിശ്വാസികളാക്കാന്‍ അവനു കഴിയുമായിരുന്നു എന്ന യാഥാര്‍ഥ്യം സത്യവിശ്വാസികള്‍ക്കറിയില്ലേ, ആ അവസ്ഥയില്‍ ജനങ്ങള്‍ സത്യവിശ്വാസികളാവാന്‍ പ്രവാചകന്‍ നിര്‍ബന്ധം പിടിക്കുകയോ?'' എന്നൊരു ചോദ്യവും ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. (10: 99). ഏതെങ്കിലും മനുഷ്യരുടെ താല്‍പ്പര്യങ്ങളും ജല്‍പ്പനങ്ങളും അനുസരിച്ചല്ല ഈ പ്രപഞ്ചവും മനുഷ്യജീവിതവും മുന്നോട്ടുനീങ്ങുന്നത്. സര്‍വജ്ഞനും യുക്തിമാനുമായ സര്‍വശക്തന്റെ കല്‍പ്പനകളനുസരിച്ചാണ് അവയെല്ലാം പ്രവര്‍ത്തനനിരതമാവുന്നത്. സത്യവിശ്വാസികളുടെയും നിഷേധികളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ത തലങ്ങളിലാണ് നീങ്ങുന്നതെങ്കിലും അതെല്ലാം ഏകനായ സ്രഷ്ടാവിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. അതിനാല്‍, സത്യനിഷേധികളും ബഹുദൈവവിശ്വാസികളും വെറുത്താലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്ന സാന്ത്വനം ഖുര്‍ആന്‍ (9: 31-32, 61:8-9) ആവര്‍ത്തിച്ചു നല്‍കുന്നുണ്ട്. 

കാര്യങ്ങളുടെ നിജസ്ഥിതി ഇങ്ങനെയാണ്. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഭാവി സുനിശ്ചിതമായി നിര്‍ണയിക്കപ്പെട്ടതുമാണ്. ഇതൊന്നും ആരെയും സമ്മര്‍ദ്ദത്തിലാക്കി വിശ്വസിപ്പിക്കേണ്ടതല്ല. ഇത്തരം വിശ്വാസത്തിന്റെ വക്താക്കള്‍ക്കു പണം കൊടുത്തും ലൌ ജിഹാദ് നടത്തിയും പ്രലോഭിപ്പിച്ചും മതത്തില്‍ ആളെ കൂട്ടേണ്ട ആവശ്യവുമില്ല. ഭൂരിപക്ഷം ഉണ്െടങ്കിലും ഇല്ലെങ്കിലും അല്ലാഹു അനുവദിച്ചതു ലഭിക്കും എന്നത് ദൃഢവിശ്വാസിയുടെ അടിപതറാത്ത ബോധമാണ്. 

തങ്ങള്‍ക്കു ലഭ്യമാവുന്ന സമാധാനവും ജീവിതവിജയവും മറ്റുള്ളവര്‍ക്കും ലഭിക്കണമെന്നതു സത്യവിശ്വാസ ബോധത്തില്‍ ഉദ്ഭൂതമാക്കപ്പെട്ട കരുണയുടെ തേട്ടമാണ്. അതുകൊണ്ടാണ് ഈ സന്ദേശമെത്തിക്കാന്‍ ഓരോ സത്യവിശ്വാസിയും വെമ്പല്‍ ക്കൊള്ളുന്നത്. അത് അവന്റെ ദൈവാരാധനയുടെ അവിഭാജ്യഘടകമായി അല്ലാഹു കല്‍പ്പിച്ച് അരുളിയതാണ്. ഇവിടെ ഭൌതികാധികാരം ലക്ഷ്യംവച്ചുള്ള ഗൂഢലക്ഷ്യമോ ഒളിയജണ്ടയോ ഒന്നുമില്ല. ഇക്കാര്യം വളച്ചുകെട്ടില്ലാതെ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ എന്നും എവിടെയുമുള്ള സത്യവിശ്വാസികള്‍ ബാധ്യസ്ഥരാണ്.




4 അഭിപ്രായങ്ങൾ:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial