28 ഓഗസ്റ്റ് 2011

നന്ദികേട്


നന്ദികേട് 

മദീനാപള്ളിയില്‍ പ്രവാചകനോടൊപ്പം നമസ്കരിച്ചിരുന്ന അനുയായികള്‍ നമസ്കാരം കഴിഞ്ഞാല്‍ അല്‍പ്പനേരം അവിടെത്തന്നെയിരുന്ന് ദൈവസ്മരണയും പ്രാര്‍ഥനകളും നടത്താറുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ മാത്രം നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ധൃതിയില്‍ പുറത്തുപോകുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തെ വിളിച്ച് പ്രവാചകന്‍ കാര്യമന്വേഷിച്ചു. "എനിക്കും ഭാര്യക്കും കൂടി നമസ്കരിക്കാനായി നല്ലൊരു വസ്ത്രം മാത്രമേയുള്ളൂ. ഞാന്‍ വീട്ടില്‍ എത്തി ഇത് അഴിച്ചുകൊടുത്തിട്ടു വേണം അവര്‍ക്ക് നമസ്കാരം നിര്‍വഹിക്കാന്‍'' എന്നായിരുന്നു അയാളുടെ വിശദീകരണം.


പ്രവാചകന്‍ അല്‍പ്പനേരം മൌനം പൂണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: "പ്രവാചകരേ, എനിക്കു കുറേ പണം നല്‍കി അനുഗ്രഹിക്കാന്‍ അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കണം.''
അന്‍സാരിയായ സഅ്ലബതുബ്നു ഹാതിബായിരുന്നു അത്. അദ്ദേഹത്തോട് പ്രവാചകന്‍ പറഞ്ഞു: "കുറച്ചു പണമുണ്ടായിട്ട് അതിന് അല്ലാഹുവോട് നന്ദി കാണിച്ച് ജീവിക്കുന്നതാണ്, കൂടുതല്‍ പണമുണ്ടായിട്ട് നന്ദി പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കുന്നതിനേക്കാള്‍ നല്ലത്.''


പക്ഷേ, സഅ്ലബ് വീണ്ടും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകനെപ്പോലെ കഴിഞ്ഞുകൂടിയാല്‍ പോരേ നിനക്ക്? എന്റെ ആത്മാവിന്റെ ഉടമയാണെ സത്യം, ഈ മലകളെല്ലാം സ്വര്‍ണവും വെള്ളിയുമായി എന്നോടൊപ്പം വരണമെന്ന് ഞാന്‍ ആശിച്ചാല്‍ അതങ്ങനെ ആവുമായിരുന്നു.''
സഅ്ലബ് വീണ്ടും പറഞ്ഞു: "സത്യവുമായി താങ്കളെ അയച്ചവനാണെ സത്യം. താങ്കള്‍ എനിക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും അങ്ങനെ ജീവിക്കാന്‍ ധനം നല്‍കുകയും ചെയ്താല്‍ ഓരോ അവകാശിക്കും അവന്റെ അവകാശം തീര്‍ച്ചയായും ഞാന്‍ നല്‍കും.''
പ്രവാചകന്‍ പ്രാര്‍ഥിച്ചു: "അല്ലാഹുവേ, സഅ്ലബിന് നീ കുറെ ധനം നല്‍കിയാലും.''
അങ്ങനെ സഅ്ലബക്ക് ഒരാടിനെ കിട്ടി. അത് പെറ്റുപെരുകാന്‍ തുടങ്ങി. അവയുടെ ശുശ്രൂഷയും മറ്റുമായി അയാള്‍ പള്ളിയില്‍ നമസ്കാരത്തിനു വരുന്നത് വൈകിത്തുടങ്ങി. അഞ്ചു നേരമെന്നത് മൂന്നും രണ്ടും ഒന്നുമായി കുറഞ്ഞു. പിന്നെ രണ്ടുമൂന്നു ദിവസത്തില്‍ ഒരിക്കലായി. സഅ്ലബിന്റെ ആട്ടിന്‍പറ്റങ്ങള്‍ക്ക് മദീനയുടെ ചുറ്റുമുള്ള ഗ്രാമങ്ങള്‍ ഏറെ ഇടുങ്ങിയതായി. അടുത്ത വിശാലമായ താഴ്വര തേടിപ്പോകാന്‍ അയാള്‍ നിര്‍ബന്ധിതനായി. അതോടെ വെള്ളിയാഴ്ച മാത്രം ജുമുഅക്ക് പള്ളിയില്‍ വന്നിരുന്ന പതിവും അയാള്‍ നിര്‍ത്തി.
കുറേ ആട്ടിന്‍കൂട്ടങ്ങള്‍, ഒരുപാട് പണം, ഏറെ തൊഴിലാളികളും പരിചാരകരും... സഅ്ലബ് വളര്‍ന്നുകൊണ്േടയിരുന്നു. നമസ്കാരവും മറ്റു പ്രാര്‍ഥനകളും അയാള്‍ ഒഴിവാക്കി. ശ്രദ്ധയും അധ്വാനവും മുഴുവന്‍ സമ്പത്തുവര്‍ധനവില്‍ കേന്ദ്രീകരിച്ചു.


കാലം കടന്നുപോയിക്കൊണ്ടിരുന്നു. പ്രവാചകന്‍ നിയോഗിച്ച സകാത്ത് ശേഖകര്‍ സഅ്ലബിന്റെ അടുത്തെത്തിയപ്പോള്‍ അയാള്‍ ചോദിച്ചു: "ചുങ്കം വാങ്ങുന്ന പണി ഇസ്ലാമിലും ഉണ്േടാ? ഞാനേതായാലും ചുങ്കം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.''


ഈ വിവരം അറിഞ്ഞ പ്രവാചകന്‍ "സഅ്ലബ് തുലയട്ടെ'' എന്നാണ് പ്രതികരിച്ചത്.
അക്കാര്യം അറിഞ്ഞ സഅ്ലബ സകാത്ത് വിഹിതവുമായി പ്രവാചകന്റെ അടുത്തെത്തിയെങ്കിലും അതു സ്വീകരിക്കുന്നതില്‍ നിന്ന് അല്ലാഹു തടഞ്ഞതിനാല്‍ നബി അതു സ്വീകരിച്ചില്ല. ശേഷം നബിയുടെ അടുത്ത അനുചരന്മാരായ അബൂബക്കറിനെയും ഉമറിനെയും സഅ്ലബ തന്റെ സകാത്ത് വിഹിതവുമായി സമീപിച്ചു. അവരും സ്വീകരിച്ചില്ല.
അപമാനിതനും ബഹിഷ്കൃതനുമായി സഅ്ലബ അങ്ങനെ മരണപ്പെട്ടു.
സഅ്ലബിനെയും അതുപോലെ പെരുമാറുന്ന ആളുകളെയും സംബന്ധിച്ച് അല്ലാഹു പറഞ്ഞു: "അല്ലാഹു അവന്റെ ഔദാര്യം ഞങ്ങളില്‍ വര്‍ഷിച്ചാല്‍ ഞങ്ങള്‍ ദാനധര്‍മങ്ങള്‍ നല്‍കുകയും സച്ചരിതരാവുകയും ചെയ്തുകൊള്ളാം എന്ന് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്ത ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അല്ലാഹു അവന്റെ ഔദാര്യത്താല്‍ അവരെ സമ്പന്നരാക്കിയപ്പോള്‍ അവര്‍ ലുബ്ധരാവുകയും തങ്ങളുടെ പ്രതിജ്ഞയെ തികച്ചും അവഗണിച്ച് പിന്മാറുകയും ചെയ്തു. ഫലമോ, അല്ലാഹുവിനോട് അവര്‍ ചെയ്ത പ്രതിജ്ഞാലംഘനം കാരണമായും അവര്‍ പറഞ്ഞുകൊണ്ടിരുന്ന വ്യാജം കാരണമായും അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ കാപട്യം കുടിയിരുത്തി. അവര്‍ അവന്റെയടുക്കല്‍ ഹാജരാകുന്ന ദിവസം വരെയും അതവരെ വിട്ടുപിരിയുകയില്ല'' (9:75-77).


അല്ലാഹുവോടുള്ള പ്രതിജ്ഞ എന്നത് പ്രഖ്യാപിക്കപ്പെടുകയോ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്ന ഒന്നല്ല. ഏതെങ്കിലും തരത്തിലുള്ള അനുഗ്രഹം അല്ലാഹുവില്‍ നിന്ന് സിദ്ധിച്ചിട്ടുള്ളവര്‍ക്കെല്ലാം ബാധകമാണ് മേല്‍സൂക്തം വിവരിക്കുന്ന കാര്യങ്ങള്‍. മനുഷ്യന് സ്വന്തമായി ഒന്നുമില്ല, അല്ലാഹു കനിഞ്ഞനുഗ്രഹിച്ചു നല്‍കിയതല്ലാതെ. ഈ യാഥാര്‍ഥ്യം തള്ളിക്കളയുന്നവന്‍ കപടനായിത്തീരുമെന്ന് അല്ലാഹു താക്കീതു നല്‍കുന്നു. സഅ്ലബ് ഒരു മോഡല്‍ മാത്രം. എന്നും എവിടെയും ഇത്തരം ആളുകളുണ്ടാവും. അങ്ങനെ ആയിപ്പോകാതിരിക്കാനാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്.

4 അഭിപ്രായങ്ങൾ:

  1. Good one....

    മരിച്ചു പോകുന്ന സധ്ജനങളുടെ കൂട്ടത്തില്‍ ഉള്‍പെടുത്തി നമ്മെ ഏവരെയും അള്ളാഹു സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറകട്ടെ..

    മറുപടിഇല്ലാതാക്കൂ
  2. ചെറുപ്പത്തില്‍ പഠിക്കുകയും ഒരു പാട് കേള്‍ക്കയും ചെയ്തിട്ടുണ്ടെങ്കിലും ഒന്ന് കൂടി ഒര്മാപ്പെടുതിയത്തിനു جزاك الله خير جزاء

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial