20 ഓഗസ്റ്റ് 2011

ഒരു മുംബൈ കുറ്റാന്വേഷണത്തിന്റെ കദനകഥ


ഒരു മുംബൈ കുറ്റാന്വേഷണത്തിന്റെ കദനകഥ


മുംബൈയില്‍ ജൂലൈയില്‍ നടന്ന സ്ഫോടനങ്ങളുടെ അന്വേഷണവും വഴിമുട്ടി എന്നുപറയാം. വല്ലപ്പോഴും മുസ്ലിംപേരുള്ള ഒരാളെ നീപ്പാളില്‍വച്ചും ബംഗ്ളാദേശ് അതിര്‍ത്തിയില്‍വച്ചും ഇക്കാരണത്തിന് അറസ്റ് ചെയ്തെന്ന വാര്‍ത്ത വരുന്നുവെന്നല്ലാതെ ഇക്കാര്യത്തില്‍ വിശേഷാല്‍ വല്ലതും സംഭവിക്കുമെന്നു കരുതാന്‍വയ്യ. കാരണം വ്യക്തമാണ്, പഴകിപ്പുളിച്ചുപോയ ഉപമതന്നെ- ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ എന്ന ന്യായം. അതിനുപറ്റിയ വിധത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കഥകള്‍ മെനഞ്ഞുവച്ചിട്ടുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പേരില്‍ അമേരിക്കക്കാരന്‍ റിപ്ളി മുമ്പിറക്കിയ പുസ്തകപരമ്പരകളില്‍ കാണുന്നപോലുള്ള ഒരു സ്വത്വമാണ് ഇന്ത്യന്‍ മുജാഹിദീന്‍. സിമി എന്ന പേരിലെ ഐ.എം. എന്ന ഇംഗ്ളീഷക്ഷരമുപയോഗിച്ച് ഒരു ഭീകരസംഘം രൂപംകൊണ്ടു എന്നുപറയുന്നവര്‍ പ്രവീണ്‍ സ്വാമിക്കു പഠിക്കുന്നവരാണ്. അല്ലെങ്കില്‍, ബഹു. പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ അധ്യക്ഷതയില്‍ തകൃതിയായി പ്രതിരോധഗവേഷണം നടത്തുന്ന ഡല്‍ഹിയിലെ ഐ.ഡി.എസ്.എയിലെ ചാരുകസേരാ ഗവേഷകര്‍ പഴയ പള്‍പ്പ് ഡിറ്റക്ടീവ് ഫിക്ഷന്‍ വായിച്ച് എഴുതിവിടുന്ന പ്രബന്ധങ്ങള്‍ കുത്തിയിരുന്നു പഠിക്കുന്നവര്‍. ഏതായാലും, കറുത്ത മുറിയിലെ ഇരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തിരയുകയും പിന്നെ അതിനെ പിടിച്ചു എന്നു വിളിച്ചുകൂവുകയും ചെയ്യുന്നവരാണ് ഉണ്െടന്നോ ഇല്ലെന്നോ പറയാന്‍ പറ്റാത്ത ഈ ഹാരിപോര്‍ട്ടര്‍ ദുര്‍ഭൂതത്തിന്റെ പിന്നാലെക്കൂടി നമ്മുടെ നികുതിപ്പണം പുകച്ചുകളയുന്നത്.          പക്ഷേ, നമ്മുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്കതുകൊണ്ടു കാര്യമുണ്ട്. ആരുമായും ഇന്ത്യന്‍ മുജാഹിദീനെ ബന്ധപ്പെടുത്താം. എന്തു കഥയും പറയാം. അത്തരം നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുതന്നെ അവ പത്രത്തില്‍ വരുന്നതു വായിച്ചു വിശ്വസിച്ച് അതുസംബന്ധിച്ചു കൂടുതല്‍ അന്വേഷണത്തിനുത്തരവിടാം.


ഗുജറാത്ത് വംശഹത്യക്കുശേഷം അതിനു ധനസഹായം ചെയ്ത പെരുവയറന്മാരായ ഗുജറാത്തി വ്യാപാരി വ്യവസായികളെ പാഠംപഠിപ്പിക്കാന്‍ നടത്തിയതെന്നു പോലിസ് പറയുന്ന സ്ഫോടനങ്ങളെക്കുറിച്ച അന്വേഷണത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ത്തന്നെ പഴയകാല മോഹന്‍ലാല്‍ -ശ്രീനിവാസന്‍ ചിത്രത്തിലെ കുറ്റാന്വേഷണംപോലെ വയറുനിറയെ ചിരിക്കാനുള്ള വക കിട്ടും. ചെയ്തു കുളമാക്കുക എന്നതാണു പോലിസിന്റെ പ്രധാന ജോലിയെന്നു നമ്മില്‍ തെറ്റിദ്ധാരണയുണ്ടാക്കും വിധം വിചിത്രമായ വഴികളിലൂടെയാണു സമര്‍ഥമായ കുറ്റാന്വേഷണത്തിനു കേളികേട്ട മുംബൈ  പോലിസ് സഞ്ചരിച്ചത്. 2002 ഡിസംബര്‍ തൊട്ട് 2003 ആഗസ്ത്വരെ നഗരത്തില്‍ ആറു സ്ഫോടനങ്ങളുണ്ടായി. പ്രതികാരസിദ്ധാന്തത്തിന് അടിവരയിടുംവിധം ഗുജറാത്തികള്‍ ധാരാളമെത്തുന്ന സ്ഥലങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍. ഗട്കോപര്‍, മലുന്ദ്, വിലേ പാര്‍ലെ, ജാവേരി ബസാര്‍ എന്നിങ്ങനെ. വിശദീകരണം സ്ഫോടനങ്ങളെപ്പോലെ വേഗത്തിലായിരുന്നു. പാകിസ്താനി സലഫീ സംഘടനയായ ലശ്കറും പിന്നെ സിമിയുമായിരുന്നു കുറ്റവാളികള്‍. നിരോധിക്കപ്പെട്ട സംഘടനയായതിനാല്‍ അത്തരം വിധ്വംസകപ്രവര്‍ത്തനം തങ്ങളുടെ അജണ്ടയല്ല എന്നുപറയാന്‍ സിമിക്കാളില്ലായിരുന്നു. പറയുന്നതുവരെ കുറ്റമാവുമ്പോള്‍ ഒരു ജനാധിപത്യവ്യവസ്ഥയില്‍ എങ്ങനെ പറയാന്‍?

കുറ്റവാളികളെ കണ്ടുപിടിക്കാന്‍ അരയും തലയും മുറുക്കിയാണു മഹാരാഷ്ട്ര പോലിസ് രംഗത്തിറങ്ങിയത്. അധോലോകനായകന്മാരെ വെടിവച്ചിട്ടും കാശുവാങ്ങി പല വന്‍തോക്കുകളെ കടല്‍ കടത്തിവിട്ടും ടി.വി. ചാനലുകളിലും പത്രങ്ങളിലും സൂപ്പര്‍മാന്‍ പദവിനേടിയ ഏറ്റുമുട്ടല്‍ വിദഗ്ധന്മാരെയാണു പോലിസ് പടനയിക്കാനിറക്കിയത്. ബോളിവുഡ് ശൈലിയില്‍ ബഹുനിലക്കെട്ടിടത്തിന്റെ ജനാലകളിലൂടെ ഒരു പിടിവള്ളി പോലുമില്ലാതെ ജീവന്‍ പണയംവച്ചകത്തുകടന്നു വമ്പന്‍ ക്രിമിനലുകളെ കുമുകുമാ വെടിവച്ചിടുന്ന വീരന്മാരുടെ പ്രധാന തന്ത്രം ഒരുവനെ പിടികിട്ടിയാല്‍ അവന്റെമേല്‍ നൂറായിരം കേസ് ചുമത്തുകയെന്നതാണ്. മുംബൈ പോലിസിന്റെ ട്രേഡ് മാര്‍ക്കാണിത്.

2002 ഡിസംബറില്‍ ഗട്കോപര്‍ ബസ് സ്ഫോടനമണ് ഏറ്റുമുട്ടല്‍ വിദഗ്ധന്മാര്‍ ആദ്യം കൈകാര്യം ചെയ്തത്. ഒരു മാസത്തിനുള്ളില്‍ സ്ഫോടനത്തെക്കുറിച്ചു സംശയം തോന്നുന്ന വിധത്തില്‍ ടെലിഫോണില്‍ സംസാരിച്ച രണ്ടു'ഭീകരരെ' പോലിസ് പിടികൂടി . മുംബൈയില്‍ ഇന്റേണായ ഔറംഗബാദില്‍ നിന്നുള്ള ഡോ. മതീന്‍, പിന്നെയൊരു മുസമ്മില്‍. അവരെ രണ്ടുപേരെയും പോലിസ് പിടികൂടി 'ശാസ്ത്രീയമായി' ചോദ്യംചെയ്തു. തുടര്‍ന്നു നഗരത്തില്‍ ഒരു ടെലിഫോണ്‍ ബൂത്ത് നടത്തുകയായിരുന്ന ഇംറാന്‍ റഹ്മാന്‍ ഖാനും അറസ്റ്റിലായി. വളരെ മിടുക്കനായിരുന്നു  ഈ ഖാന്‍. സ്ഫോടനത്തിന്റെ എല്ലാ ഏര്‍പ്പാടുകളും ചെയ്തു സംഭവം നടക്കുന്നതിനു മൂന്നുമാസം മുമ്പ് അയാള്‍ ദുബായില്‍ ജോലികിട്ടി അങ്ങോട്ടു പോയിരുന്നു.

മൊത്തം ഒമ്പതുപേരായിരുന്നു പ്രതികള്‍. പോലിസ് 1100 പേരുള്ള കുറ്റപത്രം തയ്യാറാക്കി. അതില്‍ 191 സാക്ഷികള്‍. ഒമ്പതില്‍ രണ്ടുപേര്‍ ഡോ. മതീന്‍ തന്റെ ജെ.ജെ. ഹോസ്പിറ്റല്‍ മുറിയില്‍വച്ചു ബോംബുണ്ടാക്കുന്നതു കണ്ടുവെന്നു ദൈവത്തെ പിടിച്ചു സത്യം ചെയ്തിരുന്നു. കുറ്റപത്രത്തില്‍ ഇവര്‍ക്കൊക്കെ ലശ്കറുമായി മാത്രമല്ല അല്‍ഖാഇദ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘങ്ങളുമായും ബന്ധമുള്ളതായി സൂചിപ്പിച്ചിരുന്നു. 
പക്ഷേ, തീവ്രവാദികള്‍ക്കുണ്േടാ വലിയ ബുദ്ധിയും വിവേകവും സമയബോധവും! 2003 മാര്‍ച്ചില്‍ മലുന്ദില്‍നിന്നു പുറപ്പെട്ട ഒരു തീവണ്ടിയില്‍ സ്ഫോടനമുണ്ടായി, അതിനുത്തരവാദികളായി പോലിസ് വേറെ 13പേരെ പിടിച്ചു. അതിന്റെ തലവന്‍ മുന്‍ സിമിക്കാരനായ സാഖിബ് നാചാന്‍. ഗട്കോപറില്‍നടന്ന ബോംബ് സ്ഫോടനം നടത്തിയത് ഇവരാണെന്നായിരുന്നു പോലിസിന്റെ പുതിയ നിലപാട്.  അപ്പോള്‍ ഡോ. മതീനും അയാള്‍ ബോംബുണ്ടാക്കുന്നതു കണ്ടു എന്നു പറഞ്ഞവരടക്കം ബാക്കി എട്ടുപേരും? കോടതിയില്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ചൂളിയത് പബ്ളിക് പ്രോസിക്യൂട്ടര്‍ റോഹിനി സാലിയനാണ്. സാഖിബ് നാചാനും സംഘത്തിനും ഗട്കോപര്‍ സ്ഫോടനവുമായി യാതൊരു ബന്ധവുമില്ലെന്നു സാലിയനു സമ്മതിക്കേണ്ടിവന്നു.

പോലിസിന്റെ മിടുക്കിന്റെ തെളിവുകള്‍ വേറെയുമുണ്ടായിരുന്നു. കുറ്റസമ്മതം നടത്തിയ മൂന്നുപേരുടെ കുറ്റസമ്മതവും വള്ളിപുള്ളി വ്യത്യാസമില്ലാതെ ഒരുപോലെയായിരുന്നു. പ്രതികളില്‍ പെട്ട ഖ്വാജാ യുനുസ് എന്ന എന്‍ജിനീയറെ പോലിസ് വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ചു വെടിവച്ചുകൊന്നതുമാത്രം അവസാനിക്കാത്ത ദു:ഖമായി. സചിന്‍ വാസ് എന്ന ക്രൂരനായ പോലിസുദ്യോഗസ്ഥനായിരുന്നു അതിനു പിന്നില്‍. മുംബൈ മധ്യവര്‍ഗത്തിന്റെ ഹീറോ ആയിരുന്നു വാസ്.

പോലിസ്സ്റ്റോറി കോടതിയില്‍ മണല്‍പ്പുറ്റുപോലെ പൊളിഞ്ഞുവീണു. 2004 ഡിസംബറില്‍ ഡോ. മതീനെയും മറ്റു പ്രതികളെയും പോലിസ് വെറുതെവിട്ടു. 
പക്ഷേ, കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന ജോലി പോലിസ് അവസാനിപ്പിച്ചില്ല. സാഖിബ് നാചാനെയും കൂട്ടരെയും മറ്റു രണ്ടുമൂന്നു ചെറുകിട ബോംബ്സ്ഫോടന കേസുകളിലും പോലിസ് പ്രതികളാക്കി.  10 വര്‍ഷക്കാലം പോട്ടപ്രകാരം ജയിലില്‍ കിടന്ന നാചാനെ വീണ്ടും ജയിലിലിടാന്‍ പോലിസൊരുക്കിയ കെണിയായിരുന്നു അത്. മുംബൈയിലെ ഗുല്‍ഗാവില്‍ മൂന്നു ലശ്കര്‍ ഭീകരരെ മലുന്ദ് സ്ഫോടനം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ വെടിവച്ചു കൊന്നിരുന്നു. അതിലൊരുവന്‍, കാര്യമായി ഡയറി സൂക്ഷിക്കുന്നവന്‍. സ്ഫോടനങ്ങളുടെ സൂത്രധാരനായി അവന്‍ നാചാന്റെ പേര് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു! നാചാന്റെ ഗ്രാമമായ പട്ഗയില്‍ അയാള്‍ വന്‍തോതിലുള്ള പരിശീലനക്ളാസുകള്‍ നടത്തുന്നതായും പോലിസിനു വിവരംകിട്ടി. അതിനാല്‍, നാചാനെ പിടികൂടാന്‍ പട്ഗയിലെത്തിയതു വന്‍പോലിസ് സംഘമാണ്. സംഘത്തില്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്മാരായ പ്രദീപ് ശര്‍മയും സചിന്‍ വാസുമുണ്ടായിരുന്നു.

അന്നു നാചാന്‍ കൊല്ലപ്പെടാതിരുന്നതു നാട്ടുകാര്‍ ഇടപെട്ടതുകൊണ്ടാണ്. അവര്‍ സംഘം ചേര്‍ന്നു പോലിസിനെ തടഞ്ഞു. പിന്നീടു രണ്ടുമൂന്നാഴ്ചകള്‍ക്കു ശേഷം നാചാന്‍ കോടതിയില്‍ കീഴടങ്ങി. മൂന്നു ലശ്കറുകളെ കൊലപ്പെടുത്തിയതിന്റെ ആവേശം അതിനകം നഗരത്തില്‍ കെട്ടടങ്ങിയിരുന്നു. 
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്നുപേരിലൊരാള്‍ നേരത്തേ പോലിസ് കസ്റഡിയില്‍ ഉണ്ടായിരുന്നുവെന്നു തെളിഞ്ഞു. ബുദ്ധിമാന്ദ്യമുള്ള ഒരു ഭീകരന്‍പോലും തന്റെ കൂട്ടാളികളുടെ പേരും വിലാസവും അവന്റെ ടെലിഫോണ്‍ നമ്പറും ഡയറിയിലെഴുതിവയ്ക്കുമോ എന്ന അസുഖകരമായ ചോദ്യം പ്രതിഭാഗം വക്കീല്‍ ഉന്നയിച്ചു. 
ലശ്കറിന്റെ വീട്ടില്‍നിന്നു കണ്െടടുത്ത എ.കെ. 47 സര്‍ക്കാര്‍ വകയാണെന്നും വ്യക്തമായി. ചില നീക്കങ്ങള്‍ നടത്തിയതുകൊണ്ടു നാചാന്‍ എട്ടുവര്‍ഷത്തിനു ശേഷം ജാമ്യത്തിലിറങ്ങി. മൊത്തം 18 വര്‍ഷത്തെ ജയില്‍വാസം . 
2006ലെ തീവണ്ടിസ്ഫോടനങ്ങളോടെയാണു മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) മാധ്യമപിന്തുണയോടെ രംഗത്തുവരുന്നത്. പോലിസ് ഒരാഴ്ചയ്ക്കകം രണ്ടുപേരെ പിടികൂടി- നവിമുംബൈയില്‍നിന്നുള്ള മുംതസ് ചൌധരി, അറബി അധ്യാപകന്‍ ബിഹാറില്‍ നിന്നുള്ള കമാല്‍ അന്‍സാരി. 
പോലിസിന്റെ വിവരണമനുസരിച്ച്, ഇന്തോ-നീപ്പാള്‍ അതിര്‍ത്തിയിലൂടെ ഭീകരരെ കൊണ്ടുവരുന്ന മിടുക്കനായിരുന്നു അന്‍സാരി. അന്‍സാരി നല്‍കിയ മൊഴിയനുസരിച്ചു ഫൈസല്‍ ശെയ്ഖ് എന്നയാള്‍ പിടിയിലായി- പശ്ചിമേഷ്യയില്‍ ലശ്കറിന് ആളെ റിക്രൂട്ട് ചെയ്യുന്ന വസ്ത്രവ്യാപാരി. മൊത്തം 11 പേരാണ് ഇതില്‍ അഴിക്കു പിന്നിലായത്. ഒരു നോവല്‍ പോലെ ഉദ്വേഗജനകമായിരുന്നു 10,000 പുറങ്ങളുള്ള കുറ്റപത്രം: "ഗോവണ്ടിയില്‍ വച്ചായിരുന്നു ബോംബുകള്‍ കൂട്ടിച്ചേര്‍ത്തത്. എട്ടു തീവണ്ടികളില്‍ ബോംബുവച്ചു. രണ്ടുപേര്‍ ചേര്‍ന്നതായിരുന്നു സംഘങ്ങള്‍. ഒരാള്‍ പാകിസ്താനി, മറ്റൊരാള്‍ ഇന്ത്യക്കാരന്‍.''
കോടതിയിലെത്തിയപ്പോള്‍ പല കുറ്റസമ്മതമൊഴികളും തല്ലി സമ്പാദിച്ചതാണെന്നു തെളിഞ്ഞു. ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് 2008ന്റെ അവസാനത്തിലാണ്. മുംബൈ ക്രൈംബ്രാഞ്ച് രാജ്യത്തിന്റെ പലഭാഗത്തു സ്ഫോടനങ്ങള്‍ നടത്തിയ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്നാരോപിച്ചു പലരെയും അറസ്റ് ചെയ്യാന്‍ തുടങ്ങി. 
അതിലൊരുവന്‍ സാദിഖ് ശെയ്ഖ് അഹ്്മദാബാദ്, ജയ്പൂര്‍, ഡല്‍ഹി, ഹൈദരാബാദ്, ഗോരഖ്പൂര്‍, വാരാണസി എന്നിവിടങ്ങളില്‍ മാത്രമല്ല, 2006 ലെ മുംബൈ  തീവണ്ടിസ്ഫോടനങ്ങളും തന്റെ വകയാണെന്നു മൊഴി നല്‍കി! അപ്പോള്‍ തീവണ്ടിസ്ഫോടനങ്ങളെക്കുറിച്ചു രണ്ട് ആഖ്യാനങ്ങളായി, രണ്ട് ആസൂത്രകരായി. രോഹിനി സാലിയനു പിടിച്ചുനില്‍ക്കാന്‍  പറ്റാത്തതായിരുന്നു പരസ്പരവിരുദ്ധമായ ഈ രണ്ടു കഥകള്‍. അവര്‍ രാജിവച്ചു. അവര്‍ പറഞ്ഞ കാരണം, മുംബൈ എ.ടി.എസും ക്രൈംബ്രാഞ്ചും തമ്മിലുള്ള കുടിപ്പകയാണ്.

ഈ കുടിപ്പകയും പോലിസില്‍ പൊതുവിലുള്ള ന്യൂനപക്ഷവിരോധവുമാണു രാജ്യത്തു ഹിന്ദുത്വര്‍ നടത്തിയ പല സ്ഫോടനങ്ങളുടെയും പിന്നില്‍ ഹിന്ദുത്വ സംഘങ്ങളാണെന്നംഗീകരിക്കാന്‍ പോലിസിനു തടസ്സമായത്. എന്നാല്‍, അതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നവര്‍ മുസ്്ലിം യുവാക്കള്‍തന്നെ. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന പേരില്‍ 60 ലധികം ചെറുപ്പക്കാര്‍ പലയിടത്തുമായി ജയിലില്‍ കിടക്കുന്നു. 2008ല്‍ മുംബൈ പോലിസ് അറസ്റ്റ് ചെയ്ത 21 യുവാക്കള്‍ എന്തു ചെയ്യുന്നുവെന്നന്വേഷിക്കുമ്പോഴാണു നിയമവാഴ്ചയുടെ ക്രൂരതകള്‍ പുറത്തുചാടുക. 
അതില്‍ 13 പേരെ ഗുജറാത്ത് പോലിസ് കസ്റ്റഡിയിലെടുത്തു സബര്‍മതി ജയിലിലേക്കു കൊണ്ടുപോയി. അഹ്്മദാബാദ് സ്ഫോടനങ്ങളെപ്പറ്റി ചോദ്യം ചെയ്തു തിരിച്ചുതരണം എന്ന വ്യവസ്ഥയിലായിരുന്നു മുംബൈ പ്രത്യേക കോടതി അവരെ വിട്ടുകൊടുത്തിരുന്നത്. ഗുജറാത്തിലെത്തിയപ്പോള്‍ ഗുജറാത്ത് ഭരണകൂടം അഹ്്മദാബാദ് സ്ഫോടനക്കേസ് വിചാരണ തീരാതെ പ്രതികളെ വിട്ടുകൊടുക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. 
അതായത്, മുംബൈയിലുള്ള എട്ടുപേര്‍ അതുവരെ കാത്തിരിക്കണം. കര്‍ണാടകയിലും ആഗ്രയിലുമുള്ള പോലിസ് മറ്റു കേസുകള്‍ ചുമത്തി തങ്ങളുടെ സംസ്ഥാനത്തെ ജയിലുകളുടെ  അവസ്ഥ പ്രതികളെ ധരിപ്പിക്കാന്‍ തയ്യാറായാല്‍ ജയിലില്‍ കിടക്കുന്നവര്‍ മൂത്തുനരച്ചു പടുവൃദ്ധരായി പുറത്തുവന്നാല്‍ ഭാഗ്യം. 
ജൂലൈയില്‍ നടന്ന സ്ഫോടനങ്ങളുടെ പേരില്‍ ജീവിതം ഇനി ജയിലിലേക്കു മാറ്റേണ്ടിവരുന്ന  എത്ര നിരപരാധികളുണ്െടന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

മുംബൈയില്‍ ജൂലൈയില്‍ നടന്ന സ്ഫോടനങ്ങളുടെ ചില ചിത്രങ്ങള്‍ 







3 അഭിപ്രായങ്ങൾ:

  1. എന്താ ബായീ ശരിക്കും പാരഗ്രാഫ്‌ തിരിച്ച് എഴുതാത്തത്...? ബ്ലോഗിങ്ങിനെ ഗൌരവായി എടുക്കൂ....താങ്കള്‍ക്ക് നല്ലൊരു ഭാവി ഞാന്‍ പ്രതീക്ഷിക്കുന്നു...നേരുന്നു..അന്‍സാര്‍ അലി...

    മറുപടിഇല്ലാതാക്കൂ
  2. അന്‍സാര്‍ ഭായ്‌ താങ്കളുടെ നിര്‍ദേശങ്ങള്‍ക്ക് വളരെ അതികം നന്ദി.
    തീര്‍ച്ചയായിട്ടും അത് ഗൌരവത്തില്‍ എടുക്കാം.

    മറുപടിഇല്ലാതാക്കൂ
  3. നമ്മെ എല്ലാം അള്ളാഹു അനുഗ്രഹികട്ടെ .......... അമീന്‍

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial