28 ഓഗസ്റ്റ് 2011

ഇറോം ശര്‍മിളയോട് ആന്റണിക്ക് എന്ത് പറയാനുണ്ട്?


ഇറോം ശര്‍മിളയോട് ആന്റണിക്ക് എന്ത് പറയാനുണ്ട്?


ഇന്ത്യയുടെ പ്രതിരോധമന്ത്രി ഒരു മലയാളിയാണെന്ന് കേരളീയര്‍ അഭിമാനിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യേണ്ടത്, കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്, ലോകത്തിലൊരാളും ഇതുവരെ നടത്തിയിട്ടില്ലാത്തവിധം ധീരമായ നിരാഹാര സമരം നടത്തുന്ന ഇറോം ശര്‍മിളയെന്ന യുവതിയെ ഒന്നു സന്ദര്‍ശിക്കാനെങ്കിലും ആ മന്ത്രിയെ പ്രേരിപ്പിക്കുകയാണ്; കിരാതമായ സൈനിക നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

ഇതു പറയുന്നത് ഇറോം ശര്‍മിളയുടെ ഗാന്ധിയന്‍ സമരമുറയ്ക്ക് പിന്തുണ അഭ്യര്‍ഥിച്ച് രാജ്യവ്യാപകമായി ഏകാംഗനാടകം അവതരിപ്പിക്കുന്ന എസ്.വി. ഓജസ് എന്ന കലാകാരിയായ ആക്ടിവിസ്റ്റാണ്. അലോസരപ്പെടുത്തുന്ന ചില സത്യങ്ങള്‍ ഓജസ് നമ്മെ ഓര്‍മപ്പെടുത്തുന്നു. ബയോഡൈവേഴ്സിറ്റിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ, പൂനെയില്‍ നിന്നുള്ള ഇരുപത്താറുകാരിയായ ഈ കോളജ് അധ്യാപിക തന്റെ തൊഴില്‍ ഉപേക്ഷിച്ചാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇറോം ശര്‍മിളയുടെ സമരത്തിനു പിന്തുണ തേടി രാജ്യമാകെ പര്യടനം നടത്തുന്നത്.

ഓരോ വേദിയിലും 'ലേ മിഷാലെ' (പന്തമേന്തിയ പെണ്ണുങ്ങള്‍) എന്ന നാടകം അവതരിപ്പിച്ചു കഴിയുമ്പോഴും ആസ്വാദകരോട് ഇവര്‍ക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്: കുട്ടികളെ പെറ്റു വളര്‍ത്തുന്നതും സുന്ദരമായ താഴ്വരകളില്‍ കിളികളുമായി സല്ലപിക്കുന്നതും സ്വപ്നം കാണുന്ന ഒരു ഗ്രാമീണ പെണ്‍കൊടി കഴിഞ്ഞ പത്തു വര്‍ഷമായി നടത്തുന്ന നിരാഹാര മഹാസമരത്തോട് അനുഭാവം പ്രകടിപ്പിക്കാനാണ്; നീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കാനാണ്. മൂന്നാം തവണ കേരളത്തില്‍ തന്റെ നാടകവുമായി എത്തിയ എസ്.വി. ഓജസ് പ്രതിരോധ മന്ത്രിയായ എ.കെ. ആന്റണിയുടെ നാടായ ആലപ്പുഴയില്‍ 'ലേ മിഷാലെ'യുടെ അവതരണത്തിനു ശേഷം 'തേജസു'മായി സംസാരിക്കുകയായിരുന്നു.

അന്നാ ഹസാരെയും ഇറോം ശര്‍മിളയും 
ഇന്ന് നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് അന്നാ ഹസാരെയുടെ അഴിമതിക്കെതിരെയുള്ള നിരാഹാര സമരമാണ്. ദിവസങ്ങള്‍ പിന്നിടുന്ന നിരാഹാര സമരം മാധ്യമങ്ങള്‍ക്ക്  ഉല്‍സവമാകുമ്പോഴും പത്തു വര്‍ഷമായി  നിരാഹാരം അനുഷ്ഠിക്കുകയും അതിന്റെ പേരില്‍ തടവിലാക്കപ്പെടുകയും ചെയ്യുന്ന ഇറോം ശര്‍മിളയെന്ന കവയിത്രിക്കു നേരെ ഇവര്‍ മുഖം പൊത്തുകയാണ്. സൈന്യത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെയാണ് അവരുടെ സമരം- ഓജസ് ചൂണ്ടിക്കാട്ടി.

വെള്ളം വായില്‍ കൊള്ളുന്നതിലൂടെ തന്റെ നിരാഹാരത്തിന് ഭംഗം വരുമെന്നു കരുതി കഴിഞ്ഞ പത്തു വര്‍ഷമായി ഇറോം ശര്‍മിള പല്ല് പഞ്ഞി ഉപയോഗിച്ച് തുടച്ചെടുക്കുകയാണ്. ജീവിതത്തിന്റെ എറ്റവും സുന്ദരമായ കാലയളവില്‍ തന്റെ ജനതയ്ക്കായി ഗാന്ധിമാര്‍ഗത്തില്‍ സമരം നടത്തുന്ന അവരെ എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങള്‍ കാണുന്നില്ല? അന്നാ ഹസാരെക്കു പിന്നില്‍ ആയിരങ്ങള്‍ അണിനിരക്കുമ്പോള്‍ ഇറോം ശര്‍മിളക്കു പിന്നില്‍ അണിനിരക്കാന്‍ ഇവര്‍ മടിക്കുന്നു. ഇതിനു പിന്നില്‍ പുരുഷമേധാവിത്വത്തോടുള്ള ഇന്ത്യന്‍ ജനതയുടെ അടിമത്ത മനഃസ്ഥിതിയാണുള്ളതെന്ന് ഈ കലാകാരി ആരോപിക്കുന്നു. ഒരു സ്ത്രീ നടത്തുന്ന സമരത്തെ പിന്തുണക്കുന്നതില്‍ നിന്ന് ഇതു പൊതുസമൂഹത്തിലെ ആക്ടിവിസ്റുകളെ ബോധപൂര്‍വം പിന്നോട്ടുവലിക്കുന്നു.

രണ്ടാമതായി അന്നാ ഹസാരെയുടെ സമരം ഡല്‍ഹിയിലാണ് നടക്കുന്നത്. ഭരണകൂടങ്ങള്‍ നഗരകേന്ദ്രിതമായ സമരങ്ങള്‍ക്ക് മാത്രമേ ചെവികൊടുക്കുകയുള്ളൂ എന്ന നിലപാടിലാണ്. അല്ലെങ്കില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സഹോദരിമാരുടെ മുറവിളികള്‍ ആ ബധിരകര്‍ണങ്ങളില്‍ ഒരിക്കലെങ്കിലും പതിച്ചേനെ.
ശര്‍മിളയുടെ സമരത്തിനു മാധ്യമശ്രദ്ധ കിട്ടാത്തതിന് മൂന്നു കാരണങ്ങളാണുള്ളത്: ഒന്ന്: അവര്‍ ഒരു സ്ത്രീയാണ്. രണ്ട്: അവര്‍ മണിപ്പൂരിലാണ്, ഡല്‍ഹിയിലല്ല. മൂന്ന്: അവര്‍ സൈനിക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നു. ജനങ്ങള്‍ക്കറിയാം ഇത് നീതിക്കായുള്ള പോരാട്ടമാണെന്ന്. പക്ഷേ, അവര്‍ ഒന്നുമറിയാത്തതുപോലെ നടിക്കുകയാണ്. കാരണം, അവര്‍ അകാരണമായ ഭയത്തിന് അടിമകളായി മാറിക്കഴിഞ്ഞു.

മനോരമ പോലുള്ള യുവതികളെ പിച്ചിച്ചീന്താന്‍ സൈനിക കാട്ടാളന്മാര്‍ക്ക് അധികാരം നല്‍കുന്ന പട്ടാളനിയമത്തിനെതിരെയാണ് മണിപ്പൂരിലെ ധീരവനിതകള്‍ നഗ്നരായി പ്രതിഷേധ പ്രകടനം നടത്തിയത്.  ഇവിടെ നടക്കുന്ന സമരങ്ങള്‍ അവസാനിക്കാതിരിക്കേണ്ടത് അവിടത്തെ ബ്യൂറോക്രാറ്റുകളുടെ ഒരാവശ്യമാണ്. ആംഡ്ഫോഴ്സ് സ്പെഷ്യല്‍ പവര്‍ ആക്റ്റ് എന്ന കരിനിയമത്തിന്റെ മറവില്‍ ഇവിടേക്ക് ഒഴുകുന്ന കോടികളാണ് ഇവരുടെ മനസ്ഥിതിക്കു പിന്നില്‍. ജനാധിപത്യത്തിന്റെ പരാജയമാണ് ഇതിനു കാരണമെന്ന് ഓജസ് അഭിപ്രായപ്പെടുന്നു.

ജനാധിപത്യത്തിന്റെ ഇരട്ടമുഖം 
കശ്മീരിലും മണിപ്പൂരിലും അടക്കം സൈനിക നിയമങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തന്നെ നമ്മുടെ ഭരണാധികാരികള്‍ പറയുന്നു, നമ്മള്‍ ജനാധിപത്യ രാജ്യമാണെന്ന്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ ഇവര്‍ പറയുന്നത്? സൈനിക ഭരണം ഇല്ലാതാകണമെന്നത് ഇവിടങ്ങളിലെ ജനങ്ങളുടെ ഹിതമാണ്. അത് അവരുടെ അനുഭവങ്ങളില്‍ നിന്നുള്ള തിരിച്ചറിവാണ്. സൈന്യത്തെ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് മന്‍മോഹന്‍സിങും പ്രണബ് മുഖര്‍ജിയും എ.കെ. ആന്റണിയും പറയുന്നു. എന്നാല്‍, കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും കാര്യം വരുമ്പോള്‍ ഇവര്‍ മൌനം അവലംബിക്കുകയാണ്. ഇത് ചോദ്യം ചെയ്യപ്പെടേണ്ട കുറ്റകൃത്യമാണ്. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് രണ്ടു തരം നീതിയെന്നത് ജനാധിപത്യത്തിന്റെ ഇരട്ടമുഖമാണ് വ്യക്തമാക്കുന്നത്.
ആന്‍റണി ഇറോം ശര്‍മിളയെ സന്ദര്‍ശിക്കണം 
കേരളത്തില്‍ ഇത് മൂന്നാം തവണയാണ് താന്‍ വരുന്നതെന്ന് ഓജസ് വ്യക്തമാക്കി: ഇവിടത്തെ ജനങ്ങള്‍ ഞങ്ങളുടെ സമരത്തോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. പക്ഷേ, സാക്ഷരതയില്‍ 99 ശതമാനം മുന്നിട്ടുനില്‍ക്കുന്ന സംസ്കാരസമ്പന്നരായ കേരളീയര്‍ എന്തുകൊണ്ട് ഇറോം ശര്‍മിളയെ സന്ദര്‍ശിക്കുന്നില്ല എന്നതാണ് എന്നെ അലട്ടുന്ന ചോദ്യം. എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ ഏറെ പ്രതീക്ഷിച്ചു. പത്തു വര്‍ഷം പൂര്‍ത്തിയാകുന്ന ഇറോം ശര്‍മിളയുടെ സമരം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് ഏറെ ചെയ്യാനുണ്ട്. കേരളീയര്‍ യഥാര്‍ഥത്തില്‍ എ.കെ. ആന്റണിയോട് ഇറോം ശര്‍മിളയെ ചെന്നുകാണാന്‍ ആവശ്യപ്പെടണം. ഇതാണ് കേരളീയര്‍ക്ക് ഈ സമരത്തിനു നല്‍കാവുന്ന പിന്തുണ. പത്തു വര്‍ഷം മുമ്പുള്ള ഒരു നവംബറിലാണ് ഇറോം ശര്‍മിള നിരാഹാരസമരം ആരംഭിച്ചത്. ഇപ്പോള്‍ അവരുടെ ആരോഗ്യം അനുദിനം വഷളാവുകയാണ്. ഈ സമരം പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുംമുമ്പ് ഈ നവംബര്‍ മാസത്തില്‍ തന്നെ ഇതിന് ഒരു അവസാനമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. തീര്‍ച്ചയായും കേരളത്തിന് അതില്‍ മുഖ്യപങ്കു വഹിക്കാനുണ്ട്.

'ലേ മിഷാലെ' എന്ന നാടകവുമായി ഓജസ് യാത്രയിലാണ്. ഈ ആഗസ്ത് 16ന് എറണാകുളത്തു നിന്ന് ആരംഭിച്ച് 26ന് കോഴിക്കോട്ട് കേരളത്തിലെ പര്യടനം പൂര്‍ത്തീകരിച്ചപ്പോള്‍ 100 കേന്ദ്രങ്ങളില്‍ ഉപവാസം അനുഷ്ഠിച്ച് കേരളത്തിലെ സഹൃദയര്‍ നല്‍കിയ പിന്തുണയുമായി ഇനി ചെന്നൈയിലേക്ക്. കാല്‍പ്പനികമായി എഴുതിയുണ്ടാക്കപ്പെട്ട ഒരു സൃഷ്ടിയല്ല അവര്‍ വേദികളില്‍ അവതരിപ്പിക്കുന്നത്. മറിച്ച്, സ്വന്തം അമ്മമാരുടെയും സഹോദരിമാരുടെയും മാനത്തിന് വില പറയുന്ന, സഹോദരിമാരുടെ ജീവന് പുല്ലുവില കല്‍പ്പിക്കാത്ത സൈനികനിയമം നീക്കണമെന്ന് ആവശ്യപ്പെട്ട് പത്തു വര്‍ഷമായി നിരാഹാരം അനുഷ്ഠിക്കുന്ന ഇറോം ശര്‍മിള എന്ന, താഴ്വാരത്തിലെ ഒരുപാട് അമ്മമാരുടെ മകളുടെ പച്ചയായ ജീവിതമാണ്.    

2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial