30 ഓഗസ്റ്റ് 2011

മലയാളിസ്ത്രീ ??

പ്രസന്നവതിയായ ഒരു പെണ്‍കുട്ടി 

തീവ്രമായ ഓര്‍മകളൊന്നും കൊണ്ടുനടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാന്‍. ഒന്നുകൂടി ചിന്തിച്ചപ്പോള്‍ ബന്ധുക്കളുടെ ചില മരണങ്ങള്‍ ഓര്‍മയിലേക്കു വന്നെങ്കിലും അവയ്ക്കും ഒരു അനുഭവം പറയാവുന്ന തീവ്രതയൊന്നും തോന്നിയിട്ടില്ല. വീണ്ടും ഓര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം സൌമ്യയുടെ തീവണ്ടിയാത്രക്കിടയിലെ ദാരുണ മരണം ഏറെ നേരം എന്റെ ഉള്ളുലച്ചു. അതുപോലുള്ള അനേകം സംഭവങ്ങളുടെ അസ്വസ്ഥത തീര്‍ക്കുന്ന ഒരുകൂട്ടം ഓര്‍മകള്‍ എന്നിലേക്ക് ഇരച്ചെത്തി. ദിനേന ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന അനേകം സൌമ്യമാര്‍. പ്രതികൂല സാഹചര്യങ്ങളിലും ജീവിതത്തെ മുന്നോട്ടുതന്നെ നയിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന നിരവധി പെണ്‍കുട്ടികള്‍.
കേരളത്തിലെ വികസിക്കുന്ന സ്ത്രീ സ്വയംസഹായസംഘങ്ങളെക്കുറിച്ച് ഏഴു ജില്ലകള്‍ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിനിടയിലാണ് ഞാന്‍ ആ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അവള്‍ക്ക് അന്ന് 20-21 വയസ്സു കാണും. എപ്പോഴും പ്രസന്നമായ മുഖം. നല്ല ചുറുചുറുക്ക്. വാക്കിലും നോക്കിലും ഉറച്ച ആത്മവിശ്വാസം. അവളെ കണ്ടാല്‍ അവള്‍ക്ക് വല്ല പ്രശ്നവും ഉണ്െടന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.

പഠന-ഗവേഷണങ്ങള്‍ക്കിടയില്‍ എത്രയോ സ്ത്രീകളെ ഞങ്ങള്‍ കാണുകയും അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും ചെയ്തതാണ്. എന്തുകൊണ്േടാ ഈ കുട്ടിയെ ഓരോ തവണ കാണുമ്പോഴും വീണ്ടും വീണ്ടും കാണാന്‍ തോന്നി; അവളെക്കുറിച്ചു കൂടുതല്‍ അറിയാനും.

അമ്മയും അച്ഛനും ചേച്ചിയും അനിയനും ഉള്‍പ്പെട്ടതായിരുന്നു അവളുടെ കുടുംബം. ചേച്ചി ബി.എസ്സിയും ബി.എഡും കഴിഞ്ഞ് ജോലി അന്വേഷിക്കുന്നു. അനിയന്‍ സ്കൂളില്‍ പോകുന്നു. കള്ളുകുടിയനായ അച്ഛന്‍ കുടിച്ചു വന്നു വീട്ടില്‍ കയറിയാല്‍ രാത്രി മുഴുവന്‍ ഇടിയും ബഹളവും.

നമുക്ക് അവളെ സ്വപ്നയെന്നു വിളിക്കാം. സ്വപ്നയുടെ ഓര്‍മയില്‍ തന്തയെക്കൊണ്ട് ഉപദ്രവമല്ലാത്ത ഒന്നും പതിഞ്ഞിട്ടില്ല. ഏതെങ്കിലുമൊരു സന്ധ്യക്ക് പലഹാരമോ മിഠായിപ്പൊതിയോ ആയി അയാള്‍ കയറിവന്നതിന്റെ ഒരു മങ്ങിയ ചിത്രം പോലുമുണ്ടാവില്ല.

ഞാന്‍ ആദ്യമായി അവളെ കാണുമ്പോള്‍ അവള്‍ ജീവിതവുമായി ഒടുങ്ങാത്ത യുദ്ധത്തിലായിരുന്നു. ബി.എസ്സി കഴിഞ്ഞ സ്വപ്നയായിരുന്നു വീടിന്റെ നട്ടെല്ല്. വീട്ടില്‍ അവള്‍ അയല്‍പക്കങ്ങളിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കും. അതു കഴിഞ്ഞ് സൂപ്പര്‍മാര്‍ക്കറ്റില്‍ പാര്‍ട്ട്ടൈം ആയി കാഷ്യറുടെ ജോലി. ഒപ്പം വൈകീട്ട് മറ്റു ചില കടകളില്‍ കണക്കെഴുതിക്കൊടുക്കും. ഇപ്പറഞ്ഞ ജോലിക്കെല്ലാം പുറമെ അവള്‍ കുടുംബശ്രീയുടെ പ്രധാന പ്രവര്‍ത്തക കൂടിയായിരുന്നു. അവളുടെ ജില്ലയില്‍ കുടുംബശ്രീ മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പോയി കാണാന്‍ എന്നോട് പ്രത്യേകം നിര്‍ദേശിച്ച പെണ്‍കുട്ടിയായിരുന്നു സ്വപ്ന. സര്‍ക്കാര്‍ഭാഷ്യം കടമെടുത്താല്‍ പൂര്‍ണമായും ശാക്തീകരിക്കപ്പെട്ട ഒരു വനിത.

ഒരു 'സ്കൂട്ടി'യിലാണ് അവളുടെ ഓട്ടം. തള്ളക്കാക്ക കൂടുകെട്ടാന്‍ തത്രപ്പെടുന്നതുപോലെ അവള്‍ എല്ലായിടത്തും ഓടിയെത്തി ചെറിയ ചെറിയ വരുമാനങ്ങള്‍ സ്വരുക്കൂട്ടി തന്റെ കുടുംബത്തെ പട്ടിണിയില്‍ നിന്നു രക്ഷിച്ചുനിര്‍ത്തുന്നു. അനിയനു പഠിക്കാനുള്ള ചെലവു കണ്െടത്തുന്നു.
സ്കൂളില്‍ പഠിക്കുമ്പോഴേ അവധിദിനങ്ങളില്‍ കട്ട ചുമന്നും ശര്‍ക്കരക്കമ്പനിയില്‍ ജോലിക്കും പോയാണ് പഠിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും സ്വപ്ന പണം കണ്െടത്തിയത്. ആറാം ക്ളാസ് മുതലേ അധ്വാനിച്ച് അവള്‍ ജീവിതത്തോട് പൊരുതിക്കൊണ്ടിരുന്നു. എനിക്ക് എന്റെ മകളോടുള്ളതില്‍ നിന്ന് ഒട്ടും കുറയാത്ത വാല്‍സല്യമായിരുന്നു അവളോട്. നാലഞ്ചു വര്‍ഷം കഴിഞ്ഞാല്‍ എന്റെ മകള്‍ക്കും സ്വപ്നയുടെ പ്രായമാവും. അവളെക്കുറിച്ച് എന്റെ സ്വന്തം മകളെന്നപോലെ ഞാന്‍ അഭിമാനിച്ചു. ജീവിതത്തോട് എങ്ങനെയാണ് പൊരുതി ജയിക്കേണ്ടത് എന്നതിന്റെ ഉത്തമോദാഹരണമായി സ്വപ്നയെ ഉയര്‍ത്തിക്കാട്ടി.

"മാഡം പറയണം അവളോട്, ഇങ്ങനെ ഓടിനടക്കരുതെന്ന്. കല്യാണം കഴിയാത്ത പെണ്ണല്ലേ, നാട്ടിന്‍പുറമല്ലേ, ആള്‍ക്കാര്‍ക്ക് എന്താ പറയാന്‍ പാടില്ലാത്തത്?'' സ്വപ്നയുടെ അമ്മ വീട്ടില്‍ ചെല്ലുമ്പോഴെല്ലാം എന്നെ ഓര്‍മപ്പെടുത്തും.
"ചേച്ചീ, ഞാന്‍ വീട്ടില്‍ ഇരുന്നാല്‍ ഞങ്ങളുടെ കാര്യങ്ങള്‍ നടക്കുമോ?'' അവളുടെ മറുചോദ്യത്തിന് എനിക്കും ഉത്തരമുണ്ടാവില്ല.

ചേച്ചിക്കു ജോലി കിട്ടിയപ്പോള്‍ അവള്‍ ഏറെ സന്തോഷിച്ചു. "ഇനി കഷ്ടപ്പാടിനൊക്കെ ഒരറുതിയാവും''- അവള്‍ ഫോണ്‍ ചെയ്തപ്പോള്‍ എന്നോട് ഒരിക്കല്‍ പറഞ്ഞു. ഏറെ നീണ്ടുപോകുന്നതായിരുന്നു അവളുടെ ഫോണ്‍കോളുകള്‍. വീട്ടുവിശേഷം, ലോകകാര്യം, രാഷ്ട്രീയം എന്നു വേണ്ട പഞ്ചായത്തിലെ അടിപിടി മുതല്‍ വളരെ ചെറിയ വിശേഷങ്ങള്‍ വരെ അവള്‍ എന്നോട് പറയും.
ഒരിക്കല്‍ അവളുടെ സംസാരത്തില്‍ എന്തോ ഒരു അസ്വാഭാവികത, അവള്‍ വാതോരാതെ സംസാരിക്കുന്നുണ്െടങ്കിലും. അമ്മയുമായി അവള്‍ എന്തിനോ വഴക്കിട്ടിരിക്കാം എന്ന് എനിക്കു തോന്നി. "എന്തെങ്കിലും പ്രശ്നമുണ്െടങ്കില്‍ നീ എന്റെ വീട്ടിലേക്കു വാ. നിനക്ക് ഇവിടെ കഴിയാം. പ്രശ്നമൊക്കെ നമുക്ക് പരിഹരിക്കാം'' എന്നെല്ലാം ഞാന്‍ പറഞ്ഞുവെങ്കിലും അവള്‍ നിരസിച്ചു.
ഒരു ഓണക്കാലമായിരുന്നു അത്. സ്വപ്നക്ക് ഒരു ഡിപ്രഷന്‍ ഉണ്ടാവുമെന്ന് അവളെ അറിയുന്ന ആര്‍ക്കും വിശ്വസിക്കാനാവില്ല.

തിരുവോണത്തിനു രണ്ടു ദിവസം മുമ്പ് ഞാന്‍ ഡല്‍ഹിക്കു പോകാന്‍ ഒരുങ്ങിനില്‍ക്കവെയാണ് അവള്‍ എന്നെ അവസാനമായി വിളിച്ചത്. എനിക്കെന്തോ ഒരു പന്തികേട് തോന്നി. പിറ്റേന്ന് പോകേണ്ടതിനാല്‍ അതേക്കുറിച്ച് അധികം സംസാരിക്കാനും സാധിച്ചില്ല.
യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് സ്വപ്ന ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ്! അപ്രതീക്ഷിതമായി ഊക്കോടെ ആരോ കൈവീശി മുഖത്തടിച്ച പോലെ എനിക്കു തോന്നി.
വേഗം ഞാന്‍ അവളുടെ കൊച്ചുവീട്ടിലേക്ക് ഓടിച്ചെന്നു. ആ വീടിന്റെ ഓരോ മൂലയില്‍ നിന്നും എന്തോ ഒരു അനാഥത്വം എന്നെ വന്നു പൊതിഞ്ഞു. സ്വപ്ന അടിച്ചും തൂത്തും സദാ വൃത്തിയാക്കിവെക്കുന്ന മുറ്റവും വീട്ടിലെ ഉപകരണങ്ങളുമെല്ലാം പെട്ടെന്ന് അനാഥമായപോലെ.

തിരുവോണ ദിവസം സ്വപ്നയായിരുന്നുവത്രേ സദ്യ ഒരുക്കിയത്. തനിക്ക് ചോറു വാരിത്തരണമെന്ന് അവള്‍ അമ്മയോട് ഏറെ നേരം കെഞ്ചി. "നീ വലിയ കുട്ടിയല്ലേ?'' അമ്മ അവളെ ഓര്‍മപ്പെടുത്തി.
കുളിമുറിയില്‍ നിന്നു തീയാളുന്നതാണ് പിന്നെ അമ്മ കണ്ടത്. കുളിമുറിയില്‍ കയറി ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു അവള്‍.

മറ്റൊരാള്‍ക്ക് ഈ കഥ കേട്ടാല്‍ വെറും അതിഭാവുകത്വം നിറഞ്ഞ ഒരു കണ്ണീര്‍ക്കഥ മാത്രമായേ തോന്നൂ. മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പിന്നീട് ലഭിച്ച വിവരങ്ങളും ഈ തോന്നലിനെ ശക്തിപ്പെടുത്തുകയേയുള്ളൂ.
ബന്ധുവായ ഒരു പയ്യനുമായി സ്വപ്ന പ്രണയത്തിലായിരുന്നു. ചെറുപ്പത്തിലേ പറഞ്ഞുറപ്പിച്ചതായിരുന്നു അവരുടെ വിവാഹം. അവളേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞൊരു ഓട്ടോ ഡ്രൈവറായിരുന്നു അവന്‍. സ്വപ്നയുടെ ചേച്ചിക്കു ജോലിയായതോടെ അവന്‍ മറുകണ്ടം ചാടി. ചേച്ചിയുമായി അവന്റെ കല്യാണവും നിശ്ചയിച്ചു. ഇരുവീട്ടുകാരും കല്യാണം തീരുമാനിച്ച കഥയൊന്നും സ്വപ്ന അറിഞ്ഞിരുന്നില്ല. ഈ വിവരം എവിടെ നിന്നോ അറിഞ്ഞ ഘട്ടത്തിലാവാം അവള്‍ എന്നെ അവസാനമായി വിളിച്ചത്.

എനിക്കീ അനുഭവം ഒരുകാലത്തും മറക്കാനാവാത്ത ഞെട്ടലാണ് നല്‍കിയത്. അവളെപ്പോലെ ധീരയായ ഒരു പെണ്‍കുട്ടി ഒരു വിവാഹത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമോ? ഇടക്കെല്ലാം ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യമാണിത്.
സ്വന്തം സമുദായത്തില്‍ നിന്നൊരു വിവാഹം; അതും സ്ത്രീധനം നല്‍കാന്‍ പ്രാപ്തിയില്ലാത്ത ഒരു പെണ്‍കുട്ടിക്ക്. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ തികച്ചും അസാധ്യമാണത്. പിന്നെ അവള്‍ അന്യജാതിക്കാരനൊപ്പം ഒളിച്ചോടണം. അല്ലെങ്കില്‍ മറുനാട്ടിലേക്കു രക്ഷപ്പെടണം.
എങ്ങനെ പോയാലും അവിടെയും അവളെ കാത്തിരിക്കുക അതിജീവനത്തിനായുള്ള പോരാട്ടമാവും. സത്യത്തില്‍ മലയാളിസ്ത്രീ അകപ്പെട്ടിരിക്കുന്ന വല്ലാത്തൊരു ചുഴിയാണിത്. മൂന്നു വശവും വന്‍ ഗര്‍ത്തങ്ങള്‍ മാത്രം. നാലാമത്തെ ഭാഗമാണ് കേരളത്തിനു പുറത്തേക്കുള്ള രക്ഷപ്പെടല്‍. പുറത്തു കടന്നാലും സ്വപ്നയെപ്പോലുള്ള ഒരു പെണ്‍കുട്ടിക്ക് എന്താണ് അവിടെയുള്ളത്? ജീവിതത്തില്‍ അല്‍പ്പം കൂടി സ്വാതന്ത്യ്രം കിട്ടിയേക്കാം. എന്നാല്‍, ഇക്കാലത്തെ അസംഘടിത മേഖലയിലെ ഒരു സ്ത്രീതൊഴിലാളിയുടെ അരക്ഷിതാവസ്ഥ തീര്‍ച്ചയായും അവളെ കാത്തിരിക്കും. അതു സൃഷ്ടിക്കുന്ന പലതരം ചൂഷണങ്ങളോട് മല്ലിട്ട് വേണം പിന്നീട് ജീവിക്കാന്‍.

ഈ വിധിയില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് സ്വപ്ന കേരളത്തിലെ പൊതുരംഗത്ത് അഭയം തേടിയത്. സ്വയംസഹായ സംഘടനയുടെ സംഘാടക എന്ന നിലയില്‍ അവള്‍ ഒരു പൊതുജീവിതമാണ് കൊതിച്ചത്. എന്നാല്‍, അത് അവളുടെ വിവാഹസാധ്യതയെ ബാധിക്കുകയാണ് ഉണ്ടായത്.
സൌമ്യയുടെ മരണം മലയാളിസ്ത്രീയുടെ യാത്രാസ്വാതന്ത്യ്രമില്ലായ്മയാണ് വെളിപ്പെടുത്തിയതെങ്കില്‍, സ്വപ്നയുടെ മരണം ഓര്‍മിപ്പിക്കുന്നത് മലയാളിസ്ത്രീ നേരിടുന്ന ജീവിതനിഷേധത്തെക്കുറിച്ചാണ്.


കടപ്പാട്  ജെ ദേവിക 
തേജസ്‌ ദിനപത്രം 

1 അഭിപ്രായം:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial