31 ഓഗസ്റ്റ് 2011

നോമ്പുകാലത്തിനു ശേഷം




നോമ്പുകാലത്തിനു ശേഷം


സത്യവിശ്വാസികള്‍ക്ക് ആത്മനിയന്ത്രണവും നിശ്ചയദാര്‍ഢ്യവും സൂക്ഷ്മതാബോധവും ഉണ്ടാവാനും അല്ലാഹുവില്‍നിന്നു ലഭിച്ച സന്മാര്‍ഗത്തിനു നന്ദി കാണിക്കാനുമാണു നോമ്പ് നിര്‍ബന്ധമാക്കിയത്. വ്രതമെന്ന ജിഹാദിലൂടെ മനുഷ്യന്‍ ഏറ്റവും പ്രധാനമായി നേടിയെടുക്കുന്നത് ആത്മസംസ്കരണമാണ്. വ്രതത്തോടൊപ്പം, നമസ്കാരങ്ങളും ഖുര്‍ആന്‍ പരായണവും ദാനധര്‍മങ്ങളും തുടങ്ങി പുണ്യകരമായ പല പ്രവര്‍ത്തനങ്ങളും നടത്തി ഈ റമദാന്‍ അവസാനിച്ചപ്പോഴേക്കും സത്യവിശ്വാസികളില്‍ അധിക പേരും ഒരാത്മീയ ഔന്നത്യവും സംസ്കരണവും നേടിയെടുത്തിട്ടുണ്ടാവും. സമൂഹം ഒന്നടങ്കം നോമ്പ് അനുഷ്ഠിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ റമദാന്‍മാസമാകെ അനുഗ്രഹത്തിന്റെ ഒരു സാമൂഹിക അന്തരീക്ഷമാണ് ഒരുക്കപ്പെടുന്നത്. വ്രതമാസം കഴിയുകയും ജനം സാധാരണ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യുമ്പോള്‍ നോമ്പിലൂടെ നേടിയെടുത്ത വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതുണ്ട്. ആരാധനകള്‍ സ്വയം ലക്ഷ്യങ്ങളല്ല, ഉന്നതമായ ലക്ഷ്യം കൈവരിക്കാനുള്ള പരിശീലനങ്ങള്‍ മാത്രമാണ്. പരിശീലനം നേടിയ ശേഷം ആവശ്യമുള്ളിടത്തു പ്രയോജനപ്പെടുത്തിയില്ലങ്കില്‍ അതു നിഷ്ഫലമാണെന്നു പറയേണ്ടതില്ലല്ലോ. "നമസ്കാരം മുറപോലെ നിര്‍വഹിക്കുക, തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍നിന്നും നിഷിദ്ധകര്‍മത്തില്‍നിന്നും തടയും''(29:45) എന്നൊരു പ്രഖ്യാപനം ഖുര്‍ആനിലുണ്ട്. സ്ഥിരമായി നമസ്കരിക്കുകയും കൂടെ നീചവും നിഷിദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍ അത്തരക്കാരുടെ നമസ്കാരം യഥാര്‍ഥ നമസ്കാരമാവുന്നില്ല. സത്യവിശ്വാസം നിലവാരം പുലര്‍ത്തുന്നതാവുന്നില്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. 

തിന്മയ്ക്കെതിരേ നന്മയില്‍ ഉറച്ചുനിന്നു പോരാടി അല്ലാഹുവിനു സാക്ഷ്യം വഹിച്ചുകൊണ്ടു ജീവിതകാലം പൂര്‍ത്തിയാക്കി സ്വര്‍ഗത്തിലെത്തിച്ചേരാനാണു സത്യവിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഈ വഴിത്താരയില്‍ പിശാച് വലിച്ചിടുന്ന പ്രതിബന്ധങ്ങള്‍ ഏറെയുണ്ട്. ഭൌതികപ്രേമവും ആര്‍ഭാടപ്രിയവും സ്ഥാനമാന മോഹങ്ങളും അമിതോപഭോഗ തൃഷ്ണകളും തുടങ്ങി ആ പട്ടിക നീണ്ടതാണ്. അതിനെയൊക്കെ നിയന്ത്രിച്ചുനിര്‍ത്തി ലക്ഷ്യത്തിലേക്കു നീങ്ങാന്‍ ക്ഷമയും സഹനവും നിശ്ചയദാര്‍ഢ്യവും സമരവീര്യവും സൂക്ഷ്മതാബോധവുമൊക്കെ അത്യാവശ്യമാണ്. ഇസ്്ലാമിലെ ആരാധനകളെല്ലാം ഇവയൊക്കെ ഒതുക്കിത്തരുന്ന വിധമാണു സംവിധാനിക്കപ്പെട്ടത്. അല്ലാഹു നിശ്ചയിച്ച രീതിയില്‍ ആരാധനാകര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ജീവിത ലക്ഷ്യം പ്രാപിക്കുന്നതിനാവശ്യമായവ അവന്‍ സംവിധാനിച്ചുതരും എന്നു ചുരുക്കം. വ്രതം നിര്‍ബന്ധമാക്കപ്പെട്ടത്, റമദാന്‍ മാസത്തില്‍ മാത്രം ആത്മനിയന്ത്രണവും നിശ്ചയദാര്‍ഢ്യവും തഖ്വയുമൊക്കെനേടി സന്മാര്‍ഗത്തിനു നന്ദി കാണിക്കാന്‍വേണ്ടി മാത്രമല്ല, വര്‍ഷം മുഴുവന്‍ അവ നിലനിര്‍ത്താനുള്ള ഒരു മാസത്തെ പരിശീലനമായിട്ടാണ്. 
ആ നിലയ്ക്കു റമദാന്‍ പോയ്മറയുമ്പോള്‍ അതിന്റെ അനുഗ്രഹവും ചൈതന്യവും ഇല്ലാതാകുന്ന ജീവിതരീതി സത്യവിശ്വാസികള്‍ അനുവര്‍ത്തിക്കാന്‍ പാടില്ല. "മനുഷ്യന്‍ നന്മ ചെയ്യുമ്പോള്‍ അല്ലാഹു അവന്റെ തിന്മകള്‍ നീക്കിക്കളയുകയും (11:114) മായ്ച്ചു കളയുകയും (2:271, 8:29, 64:9) തിന്മയ്ക്കു പകരമായി നന്മ മാറ്റിക്കൊടുക്കുകയും (25:70) ചെയ്യുന്നതാണ്. അതുപോലെ, മനുഷ്യന്റെ തിന്മകള്‍ കര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയും എന്നത് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണ്. 

"സത്യവിശ്വാസികളേ, അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മങ്ങള്‍ നിഷ്ഫലമാക്കാതെ നോക്കുക. നിഷേധിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തടസ്സമുണ്ടാക്കുകയും പിന്നീട് അവിശ്വാസികളായി മരിച്ചുപോവുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു മാപ്പു നല്‍കുകയില്ല''(വി.ഖു: 47:33-34).

ഏകദൈവവിശ്വാസമുണ്െടങ്കില്‍ തെറ്റു ചെയ്താലും കുഴപ്പമില്ലെന്നും ബഹുദൈവവിശ്വാസിയാണെങ്കില്‍ ഒരു സല്‍ക്കര്‍മംകൊണ്ടും ഫലമില്ലെന്നും പ്രവാചകാനുചരന്മാര്‍ വിശ്വസിച്ചപ്പോഴാണ് ഈ സൂക്തം അവതരിച്ചതെന്ന് അഹ്മദ് ബിന്‍ നസ്വ്ര്‍ നിവേദനം ചെയ്യുന്നു. ഈ സൂക്തം അവതരിച്ചതോടെ സത്യവിശ്വാസികളുടെ ദൈനംദിന ജീവിത ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രതയുണ്ടായി. സല്‍ക്കര്‍മങ്ങളെ നിഷ്ഫലമാക്കുന്ന ഒന്നും സംഭവിക്കാതിരിക്കാന്‍ അവര്‍ പരമാവധി ശ്രദ്ധിച്ചു. ആദ്യകാല മുസ്്ലിംകള്‍ അങ്ങനെയാണു മാതൃക കാട്ടിയത്. 
മനുഷ്യന്‍ ഭൌതികാനന്ദത്തിനുവേണ്ടിയാണു തിന്മകള്‍ ചെയ്യുക. നശ്വരമായ ഐഹികജീവിതത്തില്‍ എത്ര ആനന്ദം ലഭിച്ചാലും അതു അസ്തമിച്ചു പോകും. അനന്തമായ ഒരു പരലോകജീവിതവും അവിടത്തെ സ്ഥിരമായ നന്മ-തിന്മകളെക്കുറിച്ചു  ദൃഢബോധ്യവുമുള്ള മനുഷ്യര്‍ ക്ഷണികമായ ഭൌതികസുഖങ്ങള്‍ക്കായി തെറ്റുകുറ്റങ്ങളിലേക്കും പാപങ്ങളിലേക്കും ചാഞ്ഞുപോകില്ല. അതിനാല്‍, മനുഷ്യമനസ്സില്‍ പരലോകജീവിതത്തെക്കുറിച്ചു ശക്തമായ അവബോധം സൃഷ്ടിക്കാന്‍ ഖുര്‍ആന്‍ അതിന്റെ ഏറെഭാഗവും നീക്കിവച്ചിട്ടുള്ളതായി കാണാം. പരലോകജീവിത വിജയത്തിനായി ദൈവികസരണിയിലൂടെ ചരിക്കാന്‍വേണ്ട ഊര്‍ജം സംഭരിക്കുന്നത് ആരാധനകള്‍ വഴിയാണ്. നിര്‍ബന്ധമായ ആരാധനകള്‍വഴിയേ മനുഷ്യന് അതിനുള്ള ശക്തി അല്ലാഹു നല്‍കുകയുള്ളൂ. നിര്‍ബന്ധകര്‍മങ്ങള്‍ക്കു പുറമെ ഐച്ഛികകര്‍മങ്ങളും അധിക കര്‍മങ്ങളും ആവശ്യമുള്ളവര്‍ക്ക് അനുഷ്ഠിക്കാന്‍ അല്ലാഹു അനുമതി നല്‍കിയിട്ടുണ്ട്. 

ഐച്ഛികകര്‍മങ്ങള്‍ കൂടുതല്‍ അനുഷ്ഠിക്കുക വഴി ഓരോരുത്തരും സ്വന്തം രക്ഷിതാവുമായി കൂടുതല്‍ കൂടുതല്‍ അടുക്കുന്നു. നമസ്കാരത്തില്‍ സുന്നത്ത് നമസ്കാരങ്ങളും സകാത്തില്‍ സദഖയും ഹദ്യയും ഹജ്ജില്‍ ഉംറയും ഒക്കെ അതില്‍പ്പെട്ടതാണ്. 
വ്രതമാസം കഴിഞ്ഞു പെരുന്നാളാഘോഷിച്ചു പെട്ടെന്നുതന്നെ വ്രതചൈതന്യത്തില്‍നിന്ന് അകന്നുപോവാതിരിക്കാന്‍ ശവ്വാല്‍ മാസത്തില്‍ ആറു നോമ്പ് സുന്നത്താക്കിയിരിക്കുന്നു. അത് എടുക്കാന്‍ പ്രോല്‍സാഹനം നല്‍കിക്കൊണ്ടു പ്രവാചകന്‍ പറഞ്ഞു: "വല്ലവനും റമദാനിലെ നോമ്പും തുടര്‍ന്നു ശവ്വാലില്‍ ആറും അനുഷ്ഠിച്ചാല്‍ അതു ഫലത്തില്‍ ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിനു തുല്യമായി''(മുസ്്ലിം). കൂടാതെ, വ്രതത്തിന്റെ പരിശീലനവും പ്രതിഫലവും ആവര്‍ത്തിക്കുന്നതിനു മറ്റുചില ഐച്ഛിക നോമ്പുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അറഫാദിനം, മുഹര്‍റം ഒമ്പത്, പത്ത്, അയ്യാമുല്‍ ബീള്, (എല്ലാ ചന്ദ്രമാസ തിയ്യതികളിലെയും പതിമൂന്ന്, പതിനാല്, പതിനഞ്ച്), എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും തുടങ്ങിയവയാണവ. ഒരാളുടെ മൊത്തം നോമ്പ് ഒരു വര്‍ഷത്തില്‍ അതിന്റെ പകുതിയായ ആറുമാസത്തില്‍ കൂടാന്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ട്. ദാവൂദ് നബിയുടെ നോമ്പ് അങ്ങനെയായിരുന്നു. 

വ്രതത്തിലൂടെ നേടിയെടുത്ത സംസ്കരണവും ആത്മചൈതന്യവും വ്രതാനന്തര നാളുകളില്‍ നിലനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമംതന്നെ വേണ്ടതുണ്ട്. അലംഭാവം പിശാചിന്റെ പ്രവേശനത്തിനു വഴിയൊരുക്കും. അതിനാല്‍, വ്രതനാളുകള്‍ കഴിഞ്ഞാലും നോറ്റുകഴിഞ്ഞ നോമ്പും നിര്‍വഹിച്ച നമസ്കാരവും മറ്റെല്ലാ സല്‍ക്കര്‍മങ്ങളും സ്വീകരിക്കേണമേ എന്നു നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരിക്കാന്‍ പ്രവാചകന്‍(സ) നമ്മെ ഉപദേശിച്ചിരിക്കുന്നു. സല്‍ക്കര്‍മത്തിനു പ്രേരണയും ശക്തിയും ലഭിക്കാനും അതു നന്നായി ചെയ്യാനും സ്വീകരിക്കപ്പെടാനും പ്രാര്‍ഥനയാണു സത്യവിശ്വാസിക്കായുധം.     

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial