28 ഓഗസ്റ്റ് 2011

ലൈലത്തുല്‍ ഖാദറിന്‍റെ പുണ്യം തേടി സലാത്ത് നഗര്‍


ലൈലത്തുല്‍ ഖാദറിന്‍റെ പുണ്യം തേടി സലാത്ത് നഗര്‍


വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ചേര്‍ന്നുവന്ന ധന്യതയില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനായി സംഗമിച്ച വിശ്വാസി ലക്ഷങ്ങള്‍ക്ക് സാഫല്യത്തിന്റെ നിറവ്. ഭീകരതക്കും മദ്യവിപത്തിനുമെതിരെ പ്രതിജ്ഞയെടുത്ത് രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ കൂട്ടായ്മസമാപിച്ചു.

ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവിന്റെ തേട്ടവുമായി സ്വലാത്ത് നഗറും പരിസരവും നിറഞ്ഞു നിന്ന വിശ്വാസ സാഗരം ഉറങ്ങാതിരുന്നു.  അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിനായി ആകാശത്തേക്കുയര്‍ന്ന കരങ്ങളും  തിരുനബിപ്രകീര്‍ത്തനത്തിന്റെ അടങ്ങാത്ത അലകളുമായിരുന്നു മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ  അടയാളങ്ങള്‍. വിശുദ്ധമാസത്തിന്റെ സഹനസന്ദേശത്തിനു മാതൃകകളായി മലപ്പുറത്തിനും വള്ളുവമ്പ്രത്തിനുമിടയിലുള്ള പരന്നൊഴുകിയ വിശ്വാസികള്‍  പുലര്‍ച്ചെ മൂന്നുമണിയോടെ,  അനുഭൂതി നിറഞ്ഞ മനസ്സുകളോടെ തിരിച്ചു പോയി. 

വെള്ളിയാഴ്ച രാവിലെ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് പാഠത്തോടെയാണ് സംഗമത്തിലെ പരിപാടികള്‍ തുടങ്ങിയത്. റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച കൂടിയായതിനാല്‍ ജുമുഅ നിസ്കാരത്തിനു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞു. സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദൂരെദിക്കുകളില്‍ നിന്നുമെത്തിയവര്‍ വ്യാഴാഴ്ച തൊട്ടേ സ്വലാത്ത് നഗറില്‍ എത്തിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് ബദ്ര്‍ മൌലിദ് പാരായണം നടന്നു. അസര്‍ നിസ്കാര ശേഷം ബുര്‍ദ കാവ്യാലപനമായിരുന്നു. 

പുണ്യമാസത്തിന്റെ ധന്യത ഓരോ വിശ്വാസിക്കും അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ലഭിക്കാന്‍ പാകത്തിലായിരുന്നു ക്രമീകരണങ്ങള്‍. സാധാരണക്കാര്‍ വളരെ അപൂര്‍വ്വമായി മാത്രം നിര്‍വ്വഹക്കുന്ന അവ്വാബീന്‍, തസ്ബീഹ് നിസ്കാരങ്ങളും വിര്‍ദുല്ലത്വീഫ് പോലുള്ള ദിക്റുകളുമുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ഒരുമയുടെ മാതൃകകളായി  ഒന്നിച്ചു നോമ്പുതുറന്നു. വിവിധ ഗ്രൌണ്ടുകളിലായി ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇഫ്താറിന് സൌകര്യമുണ്ടായിരുന്നത്.

വിശ്വാസികളുടെ ഈ അപൂര്‍വ്വ വിരുന്നില്‍ ഒന്നിക്കാന്‍ ജില്ലാ കലക്ടര്‍ എം. സി മോഹന്‍ദാസ, ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍  തുടങ്ങിയവരും മത-സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളുമുണ്ടായിരുന്നു. മഗ്രിബ്, ഇശാഅ്, തറാവീഹ്, വിത്റ് നിസ്കാരങ്ങള്‍ക്ക് സ്വലാത്ത് നഗറിലും പരിസരങ്ങളിലും നിരന്നു നിന്ന വിശ്വാസികളുടെ സ്വഫ്ഫുകളും വിശുദ്ധ ഖുര്‍ആന്‍ വീചികളുടെ മാസ്മരികതയും ഈ നഗരിയുടെ അപൂര്‍വ്വാനുഭവമായി.  

ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വാഗതസംഘം കണ്‍വീനറുമായ പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദിന്റെ സ്വാഗത ഭാഷണത്തോടെ  9.30 മണിക്ക് മുഖ്യവേദിയിലെ പരിപാടികള്‍ തുടങ്ങി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയാണ് പ്രാര്‍ത്ഥനാസമ്മേളനം നിയന്ത്രിച്ചത്.  നാരിയത്ത്സ്വലാത്തിനും നസ്വീഹത്തിനും ദുആക്കും അദ്ദേഹം നേതൃത്വം നല്‍കി.

അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മാലി അംബാസിഡര്‍ ഉസ്മാന്‍ താന്‍ഡിയ, ശൈഖ് സുല്‍ത്താന്‍, ശൈഖ് അലി, ശൈഖ് സായിദ് (യുഎഇ) എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഭീകരതക്കെതിരെയും ലഹരി വിപത്തിനെതിരെയുമുളള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ത്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.  

രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി അവര്‍ ഏറ്റുചൊല്ലി. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരിക്കലും ഉപയോഗിക്കില്ലെന്ന നിശ്ചയവുമായാണ് ഭൂരിപക്ഷവും യുവാക്കള്‍ ഉള്‍ക്കൊന്ന ജനസാഗരം പിരിഞ്ഞു പോയത്. പാപമോചന പ്രാര്‍ത്ഥനക്കു മുന്നെയുള്ള ഉദ്ബോധനം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വ്വഹിച്ചു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടുള്ള പ്രാര്‍ത്ഥനയും വിശ്വാസികള്‍ക്ക് അനിര്‍വചനീയമായ ആത്മീയ വിരുന്നായി.

കരുണയ്ക്കൊരു കാരണം സി.ഡിയും  സ്നേഹ സാഗരത്തോട്  എന്ന പേരിലുള്ള ഖലീലുല്‍ ബുഖാരി തങ്ങളുടെ പ്രാര്‍ത്ഥനാ സമ്മേളന സന്ദേശവും വേദിയില്‍ പുറത്തിറക്കി.എ. പി അബ്ദുല്‍ കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ എന്നിവര്‍ ഏറ്റു വാങ്ങി.  ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാസമ്മേളന പരിപാടികള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു.  പത്തോളം ഗ്രൌണ്ടുകളില്‍ ശബ്ദ, വെളിച്ച സൌകര്യങ്ങളും സ്ക്രീനുകളും സ്ഥാപിച്ചിരുന്നു.

ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാനും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനും വിവിധ ചാനലുകളില്‍ തല്‍സമയ സംപ്രേക്ഷണം മുഖേനയും വെബ്ഹബ് വഴിയും സൌകര്യമൊരുക്കിയിരിക്കുന്നു. സ്വലാത്ത് നഗറിലെത്തിയ വിശ്വാസികളെപ്പോലെ അവരും കുടുംബ സമേതം ഈ ആത്മീയ സംഗമത്തിലെ കണ്ണികളായി. 

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്ലിയാര്‍ എന്നിവര്‍ വിവിധ ദൂആകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്,  പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, വയനാട് ഹസന്‍ മുസ്ലിയാര്‍, തരുവണ അബ്ദുല്ല മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങി പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിര തന്നെ പ്രാര്‍ത്ഥനാസംഗമത്തിന് അനുഗ്രഹസാന്നിദ്ധ്യമായി.


പ്രാമുഖ്യം വേണ്ടത് മനസ്സുകളുടെ വികാസത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക്: സയ്യിദ് ഖലീലുല്‍ ബുഖാരി

മലപ്പുറം - മനുഷ്യ മനസ്സുകളുടെ വികാസത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കാണ് പൊതു സമൂഹത്തില്‍ കൂടുല്‍ പ്രാധാന്യം ഉണ്ടാവേണ്ടതെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭിപ്രായപ്പെട്ടു. മലപ്പുറം സ്വലാത്ത് നഗറിലെ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ഭീകരതക്കും മദ്യവിപത്തിനുമെതിരെയുമുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊച്ചു ഗ്രാമങ്ങള്‍ മുതല്‍ അന്താരാഷ്ട്ര തലംവരെ ഇന്ന് വികസനം തീ പിടിച്ച ചര്‍ച്ചാ വിഷയമാണ്. നഗരവികസനം, ഗ്രാമ വികസനം, ഐ.ടി ഡവലപ്പ്മെന്റ്, വ്യവസായിക വികസനം തുടങ്ങിയ വികസനവുമായി ബന്ധപ്പെട്ട പദങ്ങള്‍ പോലും സമൂഹം ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഈ വികസനങ്ങളുടെയെല്ലാം അടിസ്ഥാനമായ മനുഷ്യ മനസ്സുകളുടെ വികസനത്തെക്കുറിച്ച് പലപ്പോഴും ചിന്തിക്കുന്നില്ല.

ലോകത്തെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യവും അഴിമതിയടക്കമുള്ള തിന്മകളും നിഷ്കാസനം ചെയ്യുന്നതിന് ധാര്‍മികതയിലൂന്നിയ ചെറുത്തു നില്‍പ്പാണ് വേണ്ടത്. ഓരോ മനസ്സിലേക്കും ഇറങ്ങിച്ചെല്ലുന്ന വിധം, ഇതിനെതിരെയുള്ള പ്രചാരണത്തിന് രാഷ്ട്രീയ നേതൃത്വവും മത-സാമൂഹിക സംവിധാനങ്ങളും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വരുന്ന ജനാധിപത്യ മുന്നേറ്റങ്ങളും പ്രക്ഷോഭങ്ങളും എല്ലാ സാമൂഹ്യ സംവിധാനങ്ങളുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. എന്നാല്‍, പ്രക്ഷേഭങ്ങള്‍ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ സംവിധാനത്തെ തകര്‍ത്തു കൊണ്ടാവരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഅദിന്‍ ഗ്രാന്‍ഡ്‌ മസ്ജിദ്‌


വിശോസികള്‍ പ്രാര്‍ത്ഥനയില്‍ 

പ്രവേശന കവാടം നോമ്പ് തുറക്കുന്നു 


ഖലീല്‍ തങ്ങളുടെ പ്രഭാഷണം 

3 അഭിപ്രായങ്ങൾ:

 1. പള്ളിയില്‍ ഇഹ്തികാഫ്‌ ഇരിക്കുന്നത് സുന്നത്തായ സമയത്ത് മൈദാനത്തില്‍, മൈദാനത്തില്‍ നിസ്കരിക്കുന്നത് സുന്നത്തായ സമയത്ത് മൈദാനം പാടില്ല എന്ന്..!! പ്രവാചക മതത്തിന്റെ നേര്‍ വിപരീതമായി പുരോഹിത മതം.

  മറുപടിഇല്ലാതാക്കൂ
 2. സ്വലാത്ത് നഗർ : മുട്ടിപ്പടി പെട്ടിപ്പടിയകുമ്പോൾ.. - ഇതും വായിക്കുമല്ലോ..

  റമദാനിന്റെ അവസാനത്തെ പത്തിൽ പള്ളിയിൽ ഇഅതികാഫ് ഇരിക്കാനാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്.. എന്നാൽ ആ ചര്യയെ പാടത്ത് വെച്ച് ചവിട്ടിത്തേക്കുന്നത് ഇസ്ലാമിന്റെ പേരിൽ വരവ് ചെയ്യരുത് പ്ലീസ്..

  മറുപടിഇല്ലാതാക്കൂ
 3. ജന ലക്ഷങ്ങള്‍ വിശ്വസിക്കുന്നു , ചെയ്യുന്നു, മത പുരോഹിതരെന്ന ചൂഷണ വര്‍ഗ്ഗം നേതൃത്വം കൊടുക്കുന്നു എന്ന ഒറ്റ കാരണത്താല്‍ മാത്രം ഒരു കാര്യം ശരിയാണെന്ന്‌ പറയാന്‍ കഴിയുമോ ?? ഇസ്ലാമില്‍, അതിന്‍റെ വിശ്വാസ, കര്‍മ്മ കാര്യങ്ങളില്‍
  വ്യക്തമായ തെളിവുകള്‍ ഖുര്‍'ആനില്‍ നിന്നോ,മുഹമ്മദ്‌ നബി (സ)യുടെ പ്രവര്‍ത്തന,നിര്‍ദ്ദേശങ്ങളില്‍ നിന്നോ കിട്ടേണ്ടതുണ്ട്.
  നിര്‍ഭാഗ്യമെന്നു പറയട്ടെ.പള്ളിയില്‍ ഇഹ്തികാഫ്‌ ഇരിക്കേണ്ട റമദാനിലെ അവസാനത്തെ പത്തിൽ വയലില്‍ കൊണ്ടുപോയി പുതിയ ആരാധന മുറകള്‍ ചെയ്യുകയും,ചെയ്യിക്കുകയും ചെയ്യുമ്പോള്‍, ദയവ് ചെയ്തു അതെല്ലാം ഇസ്ലാമിന്‍റെ പേരില്‍ വെച്ച് കെട്ടരുത്. നിങ്ങള്‍ ആ പാടത്ത്‌ കണ്ടത്‌ പുതിയ ഒരു മതത്തിന്‍റെ ആരാധന കര്‍മ്മങ്ങളാണു. അല്ലാഹു അല്ലാത്ത പലരെയും വിളിച്ചുപ്രാര്‍ഥിക്കുന്നതാണ് കാര്യം നേടാന്‍ നല്ലത് എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന- ശിയ വിശ്വാസത്തോട് അടുപ്പമുള്ള-പുതിയ ഒരു മതത്തിന്‍റെ അനുയായികള്‍

  മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial