21 ഓഗസ്റ്റ് 2011

അനുഭവങ്ങള്‍ അനുഗ്രഹങ്ങള്‍


അനുഭവങ്ങള്‍ അനുഗ്രഹങ്ങള്‍

കൊടുംവേനലിന്റെ  കടുത്ത  വെയിലില്‍  ചുട്ടു പഴുത്ത  മണലാരണ്യത്തില്‍  നഗ്നനായി മലര്‍ത്തിക്കിടത്തി നെഞ്ചത്തു പൊള്ളുന്ന പാറക്കല്ലുവച്ചു കാലുകളിലും കൈകളിലും കഴുത്തിലും കയര്‍കെട്ടി അങ്ങോട്ടും ഇങ്ങോട്ടും വലിച്ച് അവര്‍ ബിലാലിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഖുറൈശി കുലദൈവങ്ങളെ ഉപേക്ഷിച്ചു മുഹമ്മദ് നബി(സ) പറഞ്ഞുകൊടുത്ത യഥാര്‍ഥ ദൈവത്തില്‍ വിശ്വസിച്ചു എന്നതായിരുന്നു ആ മര്‍ദ്ദകര്‍ക്കു ബിലാലിനെതിരേ ആരോപിക്കാനുണ്ടായിരുന്ന അപരാധം.

ലോകചരിത്രത്തില്‍ ഒരു മഹാവിസ്മയമായിത്തീര്‍ന്ന ബിലാലുബ്നു റബാഹ് ഒരു അബ്സീനിയക്കാരനായാണു ജനിച്ചത്; കറുത്ത വര്‍ഗത്തില്‍പ്പെട്ട ഒരു ആഫ്രിക്കന്‍ നീഗ്രോ. ആരോ പിടിച്ചുകൊണ്ടുവന്ന് അറബി പ്രമാണിമാര്‍ക്കു വിറ്റ അടിമകളുടെ കൂട്ടത്തില്‍പ്പെട്ടതായിരുന്നു ബിലാലിന്റെ മാതാവ്. മക്കയിലെ പ്രമുഖമായ ജുമുഹ് ഗോത്രക്കാരായിരുന്നു ബിലാലിന്റെയും മാതാവിന്റെയും മുതലാളിമാര്‍. യാതൊരു മനുഷ്യാവകാശവും ദാസന്മാര്‍ക്ക് അനുവദിച്ചു കൊടുക്കാത്ത ഉമയ്യത്തുബ്നു ഖലഫ് ആയിരുന്നു ഗോത്രനേതാവ്. അയാളുടെ കീഴില്‍ മൃഗങ്ങളേക്കാള്‍ കഷ്ടമായ രീതിയില്‍ പീഡിതജീവിതം നയിച്ചുകൊണ്ടിരിക്കേയാണു മുഹമ്മദ് എന്ന പ്രവാചകനെക്കുറിച്ചു ബിലാല്‍ അറിയാനിടയായത്.

പ്രവാചകനെക്കുറിച്ചു കിട്ടാവുന്ന വിവരങ്ങളെല്ലാം  ബിലാല്‍ സൂക്ഷ്മമായി ശേഖരിച്ചിരുന്നു.  ഗോത്രയജമാനന്മാരും കൂട്ടുകാരും അവരുടെ സന്ദര്‍ശകരും മുഹമ്മദ് നബി (സ)യെക്കുറിച്ചു വെറുപ്പും വിദ്വേഷവും കലര്‍ന്ന സ്വരത്തില്‍ സംസാരിക്കുന്നതു ബിലാല്‍ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.  അതിനിടയിലും അവര്‍ നബി (സ)യുടെ സത്യസന്ധത, സല്‍സ്വഭാവം, വിവേകം തുടങ്ങിയവയെക്കുറിച്ചു പുകഴ്ത്തിപ്പറഞ്ഞതു ബിലാലിനെ അതിശയിപ്പിച്ചു.

ഒടുവില്‍ ഒരുദിനം മുഹമ്മദ്നബി(സ)യെ നേരിട്ടു കാണാന്‍തന്നെ തീരുമാനിച്ച ബിലാല്‍ പ്രവാചകസന്നിധിയിലെത്തി. പ്രവാചകന്‍ പറഞ്ഞതെല്ലാം ബോധ്യംവന്ന ബിലാല്‍ ഉടന്‍തന്നെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. വിഷയം നാട്ടില്‍ പാട്ടാവാന്‍ ഏറെ നാളൊന്നും വേണ്ടിവന്നില്ല. ധനത്തിന്റെയും ആഭിജാത്യത്തിന്റെയും പേരില്‍ പൊങ്ങച്ചം നിനച്ചു നടന്നിരുന്ന ജുമുഹ് ഗോത്ര മേലാളന്മാര്‍ക്കു ബിലാലിന്റെ ഇസ്ലാംസ്വീകരണം സഹിക്കാവുന്നതിനപ്പുറമായിരുന്നു. അവര്‍ മുഹമ്മദിനെ എല്ലാ നിലയ്ക്കും എതിര്‍ക്കുമ്പോള്‍ അവരുടെ ഒരു ദാസന്‍ മുഹമ്മദിന്റെ അനുയായിയാവുക, ആ അപമാനത്തില്‍നിന്നു മോചനം ലഭിക്കാന്‍ ബിലാലിനെ പിന്തിരിപ്പിച്ചേ തീരൂ. അതിനു കഴിയില്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ ക്രൂരമായ മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ടു. പകല്‍ മുഴുവന്‍ മരുഭൂമിയിലെ ചുട്ടുപഴുത്ത മണലില്‍, രാത്രിയായാല്‍ കഴുത്തില്‍ കയറുകെട്ടി കുട്ടികളെക്കൊണ്ടു തെരുവീഥിയിലൂടെ വലിച്ചിഴപ്പിക്കും. അപ്പോഴൊക്കെ ബിലാല്‍ "അഹദ്, അഹദ്'' (അല്ലാഹു ഏകന്‍) എന്നു മാത്രം ഉരുവിട്ടുകൊണ്ടിരുന്നു. മര്‍ദ്ദകര്‍ക്കു മടുക്കുമ്പോള്‍ അവര്‍ ബിലാലിനോടു പറയും: "എന്റെ റബ്ബ് ലാത്തയും ഉസ്സയുമാണെന്നു പറഞ്ഞാല്‍, ബിലാല്‍, ഞങ്ങള്‍ താങ്കളെ വിട്ടയയ്ക്കാം.'' പക്ഷേ, "അഹദ്'' എന്നതായിരുന്നു അപ്പോഴും ബിലാലിന്റെ മറുപടി. ഒരിക്കല്‍, ഉമയ്യത്തു ബിന്‍ ഖലഫിന്റെ മുന്നില്‍വച്ചു മര്‍ദ്ദകരുടെ ആവശ്യം ബിലാല്‍ ശക്തമായി നിഷേധിച്ചുകൊണ്ട് അഹദ് എന്ന് ഉച്ചത്തില്‍ രണ്ടുമൂന്നു പ്രാവശ്യം വിളിച്ചപ്പോള്‍ അയാള്‍ ബിലാലിനെ ആഞ്ഞുചവിട്ടി, എന്നിട്ട് അലറിക്കൊണ്ടു പറഞ്ഞു:

"ഈ നശിച്ച അടിമ നമ്മളെ വല്ലാത്ത അപകടത്തിലാണു വീഴ്ത്തിയത്. ലാത്തയും ഉസ്സയുംതന്നെ സത്യം, ഇവനെ ഞാന്‍ അടിമകള്‍ക്കും ഉടമകള്‍ക്കും ഒരു പാഠമാക്കുകതന്നെ ചെയ്യും.'' അതിനു ബിലാല്‍ "അഹദ്'' എന്നുതന്നെ മറുപടി പറഞ്ഞു.

ഇടതടവില്ലാതെ അങ്ങനെ മര്‍ദ്ദനം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അതുകാണാനിടയായ അബൂബക്കര്‍ ബിലാലിനെ യജമാനനായ ഉമയ്യത്ത്ബ്നു ഖലഫില്‍നിന്നു പണം കൊടുത്തു മോചിപ്പിക്കാന്‍ തയ്യാറായി. ബിലാലിന്റെ കാര്യത്തില്‍ ഏറെ വിഷമിച്ചുനിന്ന ഉമയ്യത്തിന് അബൂബക്കറിന്റെ നിര്‍ദേശം സ്വീകാര്യമായി. സ്വര്‍ണനാണയങ്ങള്‍ കൊടുത്ത് അബൂബക്കര്‍ ബിലാലുമായി തിരിക്കുമ്പോള്‍ ഉമയ്യത്ത് പറഞ്ഞു: "ഒരു സ്വര്‍ണനാണയമേ തരൂ എന്നു താങ്കള്‍ ശഠിച്ചിരുന്നെങ്കില്‍പ്പോലും ഞാനവനെ താങ്കള്‍ക്കു വില്‍ക്കാതിരിക്കുമായിരുന്നില്ല.'' ആ പരാമര്‍ശത്തില്‍ ബിലാലിന്റെ അന്തസ്സിനെ കുത്തുന്ന ദുസ്സൂചനകള്‍ ഉണ്െടന്നു തോന്നിയ അബൂബക്കര്‍ തിരിച്ചടിച്ചു: "നിങ്ങള്‍ നൂറു സ്വര്‍ണനാണയങ്ങള്‍ വേണമെന്നു ശഠിച്ചിരുന്നെങ്കില്‍ ഞാനതു നല്‍കുമായിരുന്നു.''
അങ്ങനെ കഷ്ടപ്പാടുകള്‍ക്കു ശേഷം ബിലാല്‍ സ്വതന്ത്രനായ മുസ്ലിമായി. പ്രവാചകന്റെ അടുത്ത അനുയായികളിലൊരാളായി. മദീനയില്‍ കാലുറപ്പിച്ച നവമുസ്ലിം സമൂഹത്തിന്റെ നമസ്കാരത്തിനു ബാങ്ക് നിയമമായപ്പോള്‍ ഇസ്ലാമിലെ ആദ്യത്തെ മുഅദ്ദിനായി പ്രവാചകന്‍ നിയമിച്ചതു ബിലാലിനെയായിരുന്നു. കര്‍ണാനന്ദകരമായ ബിലാലിന്റെ ബാങ്കൊലികള്‍ സത്യവിശ്വാസികളെ കുറച്ചൊന്നുമല്ല ആവേശഭരിതരാക്കിയത്. ബിലാല്‍ ആദ്യമായി ഉയര്‍ത്തിയ അഹദ് എന്ന വാക്യമായിരുന്നു ബദ്ര്‍ യുദ്ധക്കളത്തിലെ മുദ്രാവാക്യമായി പ്രവാചകന്‍ തിരഞ്ഞെടുത്തത്.

ഖുറൈശികളും മുസ്ലിംകളും ബദ്റില്‍ ഏറ്റുമുട്ടുമ്പോള്‍ മുസ്ലിം ഭാഗത്തുനിന്ന് അഹദ്, അഹദ് എന്ന് ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഖുറൈശിപ്പടയില്‍ ബിലാലിന്റെ പഴയ മുതലാളി ഉമയ്യത്ത് ഉണ്ടായിരുന്നു. മക്കയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ താന്‍ ശ്രമിച്ച ആ ആപ്തവാക്യം ഇന്ന് ഒരു സമൂഹത്തിന്റെ മുഴുവന്‍ മുദ്രാവാക്യമായി മാറിയിരിക്കുന്നുവെന്നുകണ്ട ഉമയ്യത്ത് അതിലൂടെ തന്റെ അന്ത്യവും ഭയപ്പെട്ടിരുന്നു. ഉമയ്യത്ത് ഭയപ്പെട്ടതുപോലെത്തന്നെ സംഭവിച്ചു. ഖുറൈശിപ്രമുഖര്‍ ഓരോന്നായി പോര്‍ക്കളത്തില്‍ കാലിടറി വീണുകൊണ്േടയിരുന്നു. ഉമയ്യത്തിന്റെ ഊഴം എത്തിയപ്പോള്‍ അയാള്‍ അഭയംതേടി അബ്ദുറഹ്മാന്‍ ബിന്‍ ഔഫിനെ സമീപിച്ചു. പക്ഷേ, അതൊരു വിഫലശ്രമമായിരുന്നു. ബിലാലിന്റെ ശക്തമായ ഇടപെടലും ആഹ്വാനവും ഉണ്ടായപ്പോള്‍ ഒരു സംഘം മുസ്ലിം പടയാളികള്‍ ഓടിയെത്തി. ഉമയ്യത്തും അയാളുടെ മകനും വാളുകള്‍ക്കിരയായി. അപ്പോഴും ബദ്റിന്റെ താഴ്വരയില്‍ അഹദ് എന്ന് ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
കാലം മുന്നോട്ടുനീങ്ങി. അങ്ങനെ, മക്കാ വിമോചന ദിനം വന്നു. അതും ഒരു റമദാനിലായിരുന്നു. പ്രവാചകനും പതിനായിരത്തിലധികം വരുന്ന അനുയായികളും ജേതാക്കളായി പരിശുദ്ധ മക്കയില്‍ പ്രവേശിച്ചു. കഅ്ബയിലേക്കു കടക്കാന്‍ പ്രവാചകനോടൊപ്പം ബിലാലുമുണ്ടായിരുന്നു. അവിടെയുള്ള ശിലാവിഗ്രഹങ്ങളും ചിത്രീകരണങ്ങളും പുറത്തേക്കെറിയാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു. പ്രവാചകന്‍ ബിലാലിന്റെ നേരെ നോക്കി. കഅ്ബയുടെ മുകളില്‍ക്കയറി ബാങ്ക് വിളിക്കാന്‍ ബിലാലിനോടു നിര്‍ദേശിച്ചു. ശ്രുതിമധുരമായ ആ ബാങ്കുവിളികേട്ട പരസഹസ്രം അതേറ്റുപറഞ്ഞു. പ്രവാചകന്‍ അന്നു ബിലാലിനു നല്‍കിയ ആ പദവി ഇസ്ലാമിക മാനവിക സങ്കല്‍പ്പത്തിലെ സമത്വ വിഭാവനയുടെ മഹാപ്രകടനമായിരുന്നു.

പ്രവാചകന്റെകൂടെ എല്ലാ യുദ്ധങ്ങളിലും ബിലാല്‍ പങ്കെടുത്തിരുന്നു. അവസാനംവരെ അല്ലാഹുവിന്റെ മാര്‍ഗത്തിലെ ഒരു സജീവ മുജാഹിദായിരിക്കാനാണു ബിലാല്‍ ആഗ്രഹിച്ചത്. പ്രവാചകന്റെ വിയോഗാനന്തരം ഖലീഫാ അബൂബക്കറിനോടു ബിലാല്‍ അനുവാദം വാങ്ങി സിറിയയിലേക്കു പോയെന്നാണു പ്രബലമായ അഭിപ്രായം. പ്രവാചകന്റെ വിയോഗാനന്തരം മദീനയില്‍നിന്നു ബാങ്കുവിളിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ബാങ്കില്‍ പ്രവാചകന്റെ പേരുപറയുമ്പോള്‍ ബിലാലിന്റെ കണ്ഠം ഇടറുകയും കണ്ണുകള്‍ നിറയുകയും ശബ്ദം നിലച്ചുപോവുകയും ചെയ്യുമായിരുന്നു എന്നു റിപോര്‍ട്ടുകള്‍ പറയുന്നു. ഖലീഫാ ഉമറിന്റെ സിറിയന്‍ സന്ദര്‍ശനകാലത്ത് അദ്ദേഹത്തിന്റെ അഭ്യര്‍ഥന മാനിച്ചു ബിലാല്‍ ഒരിക്കല്‍കൂടി ബാങ്കുവിളിച്ചപ്പോള്‍ എല്ലാവരും കരഞ്ഞു. കൂടുതല്‍ കരഞ്ഞതു ഖലീഫയായിരുന്നു.

അന്ത്യശ്വാസംവരെ ധീരയോദ്ധാവായിരുന്ന ബിലാലിനോട് ഒരിക്കല്‍ പ്രവാചകന്‍(സ) പറയുകയുണ്ടായി, "ബിലാലേ, താങ്കളുടെ കാലൊച്ച ഞാന്‍ സ്വര്‍ഗത്തില്‍ നിന്നു ശ്രവിച്ചു'' എന്ന്. ആ വാക്ക് ബിലാലിനുള്ള സ്വര്‍ഗവാഗ്ദാനമായിരുന്നു. എല്ലാ മനുഷ്യര്‍ക്കും എല്ലാ അനുഭവങ്ങളും അനുഗ്രഹങ്ങളായിരിക്കില്ല. പക്ഷേ, സത്യവിശ്വാസിക്ക് എല്ലാ അനുഭവങ്ങളും ഒടുവില്‍ അനുഗ്രഹങ്ങളായിരിക്കും എന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. അതിനാലാണു നന്മയില്‍ നന്ദി കാണിക്കുകയും തിന്മയില്‍ ക്ഷമ പാലിക്കുകയും ചെയ്യാന്‍ പ്രവാചകന്‍ പഠിപ്പിച്ചത്. ബിലാലിനെപ്പോലെ ധാരാളം പീഡനങ്ങളും തിക്താനുഭവങ്ങളും ജീവിതത്തിലുണ്ടായ അനുഗൃഹീത പുണ്യാത്മാക്കളുടെ കഥകള്‍ ഖുര്‍ആനിലും അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അല്ലാഹുവില്‍ വിശ്വസിച്ചും അവന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നും പ്രതിബന്ധങ്ങളെ അതിജയിക്കാന്‍ ശ്രമിക്കുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് അനുഭവങ്ങളെല്ലാം അനുഗ്രഹങ്ങളാകുന്നത് അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ്. സത്യവിശ്വാസവീഥിയിലെ വിഷമങ്ങള്‍ വേഷംമാറി വരുന്ന അനുഗ്രഹങ്ങളാണെന്നു ശഹീദ് സയ്യിദ് ഖുതുബ് ഒരിക്കല്‍ പറയുകയുണ്ടായി. അതു തിരിച്ചറിയാന്‍ കഴിയുക എന്നതാണു ശാന്തമായ ജീവിതത്തിനു മാറ്റു കൂട്ടുന്നത്.

7 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial