28 ഓഗസ്റ്റ് 2011

നമ്മുടെ ഇന്ത്യ



നമ്മുടെ ഇന്ത്യ 



കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്താനുമായി പലതവണ യുദ്ധങ്ങള്‍ നടന്നു. 1965ലും 1971ലും 1999ലും പരസ്പരം ഏറ്റുമുട്ടി. കശ്മീരിലെ കാര്‍ഗിലിലേക്കു തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിനെത്തുടര്‍ന്നാണ് അവസാനമായി 1999ല്‍ ഇന്ത്യ-പാക് യുദ്ധം നടന്നത്. ഇന്നും പരസ്പരം വാക്യുദ്ധങ്ങള്‍ നടന്നുവരുന്നു. അവസാനം ബോംബെ നരിമാന്‍ പോയിന്റിലും താജ് ഹോട്ടലിലും ഉണ്ടായ ആക്രമണത്തിനു പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ ഗവണ്‍മെന്റ് ഉറച്ചു വിശ്വസിക്കുന്നു. അമേരിക്കയിലേക്കും ഇസ്രായേല്‍ ചാരസംഘടന മൊസാദിലേക്കും സംശയത്തിന്റെ മുന നീളുന്നുണ്െടങ്കിലും അത്തരമൊരു അന്വേഷണത്തിനു മുതിരാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഐക്യപ്പെടാന്‍ സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുന്നുമില്ല.    


ഇന്ത്യ- ചൈന യുദ്ധങ്ങള്‍
പഞ്ചശീലതത്ത്വങ്ങള്‍ ഒപ്പുവച്ചുകൊണ്ട് 1954 മുതല്‍ ഇന്ത്യയും ചൈനയും നല്ല ബന്ധത്തിലായിരുന്നു. 1959ല്‍ ചൈനയുമായി ശത്രുതയിലായിരുന്ന തിബത്തിലെ ആത്മീയനേതാവ് ദലൈലാമയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്‍കിയതോടെ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു പല സ്ഥലങ്ങളും കീഴ്പ്പെടുത്തി.


ബാബരിമസ്ജിദ് തകര്‍ച്ച
ഹിന്ദു-മുസ്ലിം ഐക്യത്തിനു പോറലേല്‍പ്പിച്ച വലിയ സംഭവമായിരുന്നു 1992 ഡിസംബര്‍ ആറിനുണ്ടായ ബാബരിമസ്ജിദിന്റെ തകര്‍ച്ച. വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റെയും പതിനായിരക്കണക്കിനു കര്‍സേവകരാണു നൂറ്റാണ്ടുകളോളം മുസ്ലിംകള്‍ ആരാധിച്ചുവന്ന ബാബരിമസ്ജിദ് തകര്‍ത്തത്. ഇന്ത്യയുടെ മനസ്സാക്ഷിക്കേറ്റ ഏറ്റവും വലിയ മുറിവായിരുന്നു ഇത്. 1993ല്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും മാറിമാറി വന്ന ഭരണക്കാര്‍ പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയും ചെയ്തു. പക്ഷേ, ഇന്നുവരെ പ്രശ്നത്തിനു പരിഹാരം കണ്െടത്താനായില്ല. അലഹാബാദ് ഹൈക്കോടതി  കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വിധി പറഞ്ഞെങ്കിലും  ഉള്‍പ്പെട്ട കക്ഷികള്‍ക്കാര്‍ക്കും വിധി തൃപ്തികരമല്ല എന്നതിനാല്‍ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.


സിഖ് വിരുദ്ധ കലാപം
1984 ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകനായ സിഖ് ഭടന്റെ വെടിയേറ്റു കൊല്ലപ്പെട്ടതോടെയാണു സിഖ് കൂട്ടക്കുരുതിക്കു തുടക്കം കുറിച്ചത്. വോട്ടേഴ്സ് ലിസ്റ്റ് നോക്കി സിഖ് കുടുംബങ്ങളെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. ഭരണകൂടം നോക്കുകുത്തിയായി നില്‍ക്കെ നേതാക്കളുടെ അറിവോടെയും പിന്തുണയോടെയും നടന്ന കലാപത്തില്‍ മൂവായിരത്തോളം സിഖുകാരാണു ക്രൂരമായി കൊലചെയ്യപ്പെട്ടത്.


ദുരന്തങ്ങള്‍ 
ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു 1984 ഡിസംബറില്‍ ഭോപാലിലുണ്ടായ വിഷവാതക ദുരന്തം. അമേരിക്കന്‍ കമ്പനിയായ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്നു വന്‍തോതില്‍ മീഥൈല്‍ ഐസോസയനേറ്റ് എന്ന വിഷവാതകം ചോര്‍ന്നതിനെത്തുടര്‍ന്നാണു ദുരന്തമുണ്ടായത്. നൂറുകണക്കിനു ജീവനുകള്‍ അപഹരിക്കാനും ആറുലക്ഷത്തോളം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും ദുരന്തം ഇടയാക്കി. കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ഇതുവരെ തയ്യാറാവാത്തത് രാഷ്ട്രീയനേതാക്കളുടെ ഒത്തുകളിയാണെന്ന വസ്തുത പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോടതികള്‍ പോലും ഇരയുടെ പക്ഷത്തു നില്‍ക്കാത്ത ഒരു ദുരന്ത പര്യവസാനമാണു ഭോപാല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


ലാത്തൂര്‍ ഭൂകമ്പം
25 ഗ്രാമങ്ങള്‍ നാമാവശേഷമാവുകയും അറുപതോളം ഗ്രാമങ്ങള്‍ ശ്മശാനസമാനമാവുകയും ചെയ്ത, ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂകമ്പമായിരുന്നു 1993 സപ്തംബര്‍ 30നുണ്ടായ ലാത്തൂര്‍ ഭൂകമ്പം. മഹാരാഷ്ട്രയിലെ ലാത്തൂര്‍, ഉസ്മാനാബാദ് ജില്ലകളിലാണ് ഇതു ബാധിച്ചത്. 30,000ലധികം വീടുകള്‍ തകരുകയും പതിനായിരം പേര്‍ മരിക്കുകയും ചെയ്ത ദുരന്തത്തില്‍ ഇരുപതിനായിരത്തിലധികം പേര്‍ക്കു പരിക്കു പറ്റുകയും ചെയ്തു. ലാത്തൂര്‍ ഇന്നും ഇന്ത്യയുടെ ദുഃഖമായി അവശേഷിക്കുന്നു.


അടിയന്തരാവസ്ഥ
ഇന്ത്യയുടെ കറുത്ത അധ്യായങ്ങളിലൊന്നാണ് അടിയന്തരാവസ്ഥാ കാലഘട്ടം. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സമ്പൂര്‍ണവിപ്ളവം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന കാരണത്താല്‍ 1975 ജൂണ്‍ 26നാണ് ഇന്ദിരാഗാന്ധിയുടെ നിര്‍ബന്ധപ്രകാരം രാഷ്ട്രപതി ഫഖ്റുദ്ദീന്‍ അലി അഹ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ധാരാളം സ്വാതന്ത്യ്രസമരസേനാനികളെയും രാഷ്ട്രീയനേതാക്കളെയും അറസ്റ്റ് ചെയ്തു. ധാരാളം നേതാക്കളാണ് ആ നാളുകളില്‍ കഠിനപീഡനത്തിനു വിധേയരായത്. ഡല്‍ഹിയില്‍ സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തില്‍ നിരവധി ഗല്ലികള്‍ തകര്‍ക്കുകയും പുരുഷന്മാരെ നിര്‍ബന്ധ വന്ധ്യംകരണത്തിനു വിധേയരാക്കുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 1977ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഒരു കോണ്‍ഗ്രസ്സിതര മന്ത്രിസഭ അധികാരമേറ്റു.


സ്വാതന്ത്യ്രസമര കാലഘട്ടത്തിലെ  പത്രങ്ങള്‍
ബ്രിട്ടിഷുകാരുടെ അതിക്രമങ്ങള്‍ തുറന്നുകാട്ടാനുള്ള ഏകമാര്‍ഗം പത്രങ്ങളായിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള ലേഖനങ്ങളും വാര്‍ത്തകളും പത്രങ്ങളിലൂടെ ജനങ്ങളിലെത്തി. സമരങ്ങള്‍ക്കുള്ള ആഹ്വാനങ്ങളും ദേശസ്നേഹം തുളുമ്പുന്ന കവിതകളും പത്രങ്ങളിലൂടെ പുറത്തുവന്നു. മിക്ക സ്വാതന്ത്യ്രസമരനായകരും പത്രങ്ങള്‍ നടത്തിയിരുന്നു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയുമെല്ലാം പത്രങ്ങള്‍ വളരെ പ്രശസ്തമാണ്.


പത്രം - സ്ഥാപകര്‍
മറാത്തുല്‍ അക്ബര്‍ - രാജാറാം മോഹന്‍ റായ്
ഇന്ത്യന്‍ മിറര്‍ - ദേവേന്ദ്രനാഥ് ടാഗോര്‍
ബംഗ ദര്‍ശന - ബങ്കിം ചന്ദ്ര ചാറ്റര്‍ജി
വന്ദേമാതരം - മാഡം ബിക്കാജികാമ
ലീഡര്‍ - മദന്‍മോഹന്‍ മാളവ്യ
ബഹിഷ്കൃത് ഭാരത് - ബി.ആര്‍. അംബേദ്കര്‍
ബന്ദിജീവന്‍ - സചീന്ദ്രനാഥ് സന്യാല്‍
യങ് ഇന്ത്യ, ഹരിജന്‍ - ഗാന്ധിജി
നേഷന്‍ - ഗോപാലകൃഷ്ണ ഗോഖലെ
മറാത്ത, കേസരി- ബാലഗംഗാധര തിലക്
കര്‍മയോഗി - അരബിന്ദോ ഘോഷ്
അല്‍ഹിലാല്‍ -അബുല്‍ കലാം ആസാദ്
പ്രഭുഭാരത,് ഉദ്ബോധകന്‍ -സ്വാമി വിവേകാനന്ദന്‍
അല്‍അമീന്‍- മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്
മാതൃഭൂമി- കെ.പി. കേശവമേനോന്‍
നാഷനല്‍ ഹെറാള്‍ഡ്- ജവഹര്‍ലാല്‍ നെഹ്റു
ന്യൂ ഇന്ത്യ - ആനിബസന്റ്
സ്വദേശാഭിമാനി - വക്കം അബ്ദുല്‍ ഖാദര്‍ മൌലവി
സഹോദരന്‍ -കെ. അയ്യപ്പന്‍


പ്രസ്ഥാനങ്ങള്‍ - സ്ഥാപകര്‍

കോണ്‍ഗ്രസ് - എ.ഒ. ഹ്യൂം
മുസ്ലിംലീഗ് - ആഗാഖാന്‍, നവാബ് സലീമുല്ല
ഖിലാഫത്ത്പ്രസ്ഥാനം - മുഹമ്മദലി, ഷൌക്കത്തലി
ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി
ബ്രഹ്മസമാജം - രാജാറാം മോഹന്‍ റായ്
സര്‍വോദയപ്രസ്ഥാനം - ജയപ്രകാശ് നാരായണ്‍
ഹോംറൂള്‍ പ്രസ്ഥാനം- ആനിബസന്റ്, തിലക്
ഗദ്ദര്‍ പാര്‍ട്ടി - ലാലാ ഹര്‍ദയാല്‍
ഖുദായ് ഖിദ്മത്ത്ഗാര്‍ - ഖാന്‍ അബ്ദുല്‍ ഗഫാര്‍ഖാന്‍
സെര്‍വന്റ് ഓഫ് സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ
ഇന്ത്യന്‍ അസോസിയേഷന്‍ - സുരേന്ദ്ര ബാനര്‍ജി
ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍ - ദാദാഭായ് 
നവറോജി
സ്വതന്ത്ര പാര്‍ട്ടി - സി. രാജഗോപാലാചാരി
സ്വരാജ് പാര്‍ട്ടി - സി.ആര്‍. ദാസ്, മോത്തിലാല്‍
 നെഹ്റു
ഫോര്‍വേഡ് ബ്ളോക്ക് - സുഭാഷ് ചന്ദ്രബോസ്
ഹിന്ദുസ്ഥാന്‍ റിപബ്ളിക്കന്‍ അസോസിയേഷന്‍ - 
        രാംപ്രസാദ് ബിസ്മിന്‍, ചന്ദ്രശേഖര്‍ ആസാദ്

മുദ്രാവാക്യങ്ങള്‍- ഉപജ്ഞാതാക്കള്‍

ഇന്‍ക്വിലാബ് സിന്ദാബാദ് - മുഹമ്മദ് ഇഖ്ബാല്‍
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക - ഗാന്ധിജി
ജയ്ഹിന്ദ്, ദില്ലി ചലോ - സുഭാഷ് ചന്ദ്രബോസ്
സ്വരാജ്യം എന്റെ ജന്മാവകാശമാണ് - ബാലഗംഗാ
ധര തിലക്
സത്യവും അഹിംസയുമാണ് എന്റെ മതം - ഗാന്ധിജി


കലാപങ്ങള്‍ 
സ്വതന്ത്ര ഇന്ത്യ ഇന്നും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വലിയ പ്രശ്നമാണു വര്‍ഗീയകലാപങ്ങള്‍. ഇന്ത്യയും പാകിസ്താനും വിഭജിച്ചതോടെ ഇല്ലാതായത് ഹിന്ദു-മുസ്ലിം ഐക്യമാണ്. ഹിന്ദുത്വ ഭീകരവാദികള്‍ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ തന്ത്രപൂര്‍വമായ ശ്രമങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്. ഭഗല്‍പൂരിലും ബോംബെയിലും ഗുജറാത്തിലുമുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ആയിരക്കണക്കിനു മുസ്ലിംകളാണു വധിക്കപ്പെട്ടത്.
വളരെ ചെറിയ ഒരു ശതമാനം പേര്‍ മാത്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷം വരുന്ന സഹോദര സമുദായാംഗങ്ങളും ഹിന്ദു-മുസ്ലിം മൈത്രി ആഗ്രഹിക്കുന്നു എന്നതാണു യാഥാര്‍ഥ്യം. ഹൈദരാബാദിലും മലേഗാവിലും സംജോത എക്സ്പ്രസിലും പൊട്ടിത്തെറിയുണ്ടാക്കി അതു മറ്റുള്ളവരില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ മുഖം   പുറത്തു വന്നുകൊണ്ടിരിക്കുന്നു. വര്‍ഗീയകലാപങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ ഇന്ത്യയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.


നാട്ടുരാജ്യ സംയോജനം
ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ 600ലധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. അവയെ സംയോജിപ്പിച്ച് ഒരൊറ്റ ഇന്ത്യയാക്കി മാറ്റുകയെന്നതു സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നമായിരുന്നു. കേരളീയനായ വി.പി. മേനോനെ സെക്രട്ടറിയാക്കി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ഒരു സ്റേറ്റ്സ് ഡിപാര്‍ട്ട്മെന്റ് രൂപീകരിച്ചു. നാട്ടുരാജ്യങ്ങള്‍ ഇന്ത്യയില്‍ ലയിപ്പിക്കുന്നതിനു പ്രജാസമ്മേളനം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ജുനഗഡും കശ്മീരും ഹൈദരാബാദും ഒഴിച്ചു ബാക്കിയെല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ യൂനിയനില്‍ ലയിച്ചു.
ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിലെ ഭരണാധികാരി നൈസാം ആയിരുന്നു. ഇന്ത്യന്‍ യൂനിയനില്‍ ലയിക്കാന്‍ വിസമ്മതിച്ച നൈസാമിനെതിരേ ഇന്ത്യന്‍ സൈന്യം പോരാടി. മൂന്നു ദിവസത്തെ ചെറുത്തുനില്‍പ്പിനു ശേഷം നൈസാം കീഴടങ്ങി. നൈസാമിനെ രാജപ്രമുഖ് ആയി ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചു.
സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ച കശ്മീര്‍ ഭരണാധികാരി ഹരിസിങ്, പാക് സൈന്യം കശ്മീരിലേക്കു കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിന്തുണ തേടി. 1947 ഒക്ടോബര്‍ 26നു കശ്മീരിനെ ഇന്ത്യയില്‍ ചേര്‍ത്തുകൊണ്ടുള്ള ഉടമ്പടിയില്‍ ഒപ്പു വച്ചു.
ജുനഗഡിനെ അവിടത്തെ ഭരണാധികാരിയായിരുന്ന നവാബ് പാകിസ്താനില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു.
ജനരോഷം ശക്തമായതോടെ നവാബ് പാകിസ്താനിലേക്കു പലായനം ചെയ്തു. അതോടെ ജുനഗഡ് ഇന്ത്യയുടെ ഭാഗമായിത്തീര്‍ന്നു.
ഗാന്ധിവധം


സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമാണു 1948 ജനുവരി 30. അന്നാണു രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വെടിയേറ്റു മരിച്ചത്. ബിര്‍ളാമന്ദിരത്തിലെ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സെ എന്ന ഹിന്ദുത്വ വര്‍ഗീയവാദി വെടിവയ്ക്കുകയായിരുന്നു. ഇന്ത്യന്‍ മതേതരത്വത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ഗാന്ധിവധം.


ഇന്ത്യ റിപബ്ളിക്കായി (1950) 
1950 ജനുവരി 26നു ഡോ. ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ സമിതി തയ്യാറാക്കിയ ഭരണഘടന നിലവില്‍വന്നതോടെ ഇന്ത്യ റിപബ്ളിക് ആയിത്തീര്‍ന്നു. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യയുടേത്.
ഇന്ത്യന്‍ റിപബ്ളിക്കിന്റെ പ്രഥമ രാഷ്ട്രപതി ഡോ. എസ്. രാജേന്ദ്രപ്രസാദാണ്.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial