05 സെപ്റ്റംബർ 2011

സങ്ങതി എവിടെയോ ലീക്കായി , വിക്കി ലീഗ്!



സങ്ങതി എവിടെയോ ലീക്കായി , വിക്കി ലീഗ്!

ലോകത്തു സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഖുര്‍ആനില്‍ പറയുന്നുണ്െടന്നു വാദിച്ച മൊല്ലാക്കയെ ഒന്നു കുടുക്കിക്കളയാന്‍ നമ്പൂതിരി ശ്രമിച്ച കഥയുണ്ട്. മൂരികളെപ്പറ്റി എന്തെങ്കിലുമുണ്േടാ എന്നു ചോദിച്ചപ്പോള്‍ ഉടന്‍ മറുപടി വന്നു: "വല്‍ മൂരിയാത്തി ഖദ്ഹാ...'' എന്നാപ്പിന്നെ ചെറിയ ജീവിയായ കീരിയെപ്പറ്റി? തദ്കീരി എന്ന് ഒരിടത്തു പറയുന്നത് ഇതേക്കുറിച്ചാണെന്നു പറഞ്ഞു മൊല്ലാക്ക. അക്കാലത്തു ബസ്സുകളില്ലാത്തതിനാല്‍ അതേപ്പറ്റി ഒന്നുമുണ്ടാവില്ലെന്നും ഇത്തവണയെങ്കിലും മൊല്ലാക്ക പെടുമെന്നുമായിരുന്നു പാവത്താന്‍ നമ്പൂതിരിയുടെ ചിന്ത. 


എന്നാല്‍, സാധാരണ ബസ്സുകളെപ്പറ്റി മാത്രമല്ല, എല്ലാതരത്തിലുള്ള പൊടിപടലമകുടകുടരങ്ങളെപ്പറ്റിയും പറയുന്നുണ്െടന്ന മറുപടി ഉടനടിയെത്തി. ബസ്സെന്‍ ബസ്സാ എന്ന് ഒരിടത്തു പറയുന്നത് ഡബിള്‍ ഡക്കര്‍ ബസ്സുകളെപ്പറ്റിയും മുന്‍ബസ്സാ എന്നത് എല്ലാ ബസ്സുകളുടെയും മുന്നില്‍ പായുന്ന സൂപ്പര്‍ ഫാസ്റ് ബസ്സുകളെക്കുറിച്ചാണെന്നും പറഞ്ഞു മൊല്ലാക്ക ഫോമിലായെന്നാണു കഥ. മന്‍ഖൂസ് മൌലീദിലെ 'അലാ സിഫാഇന്‍ കത്ത്' എന്ന പരാമര്‍ശം നമ്മുടെ നാട്ടിലെ ശിപായി(പോസ്റ്റ്മാന്‍)മാരെയും കത്തുകളെയും സംബന്ധിച്ചാണ് എന്ന് എന്തുകൊണ്ടാണു മൊല്ലാക്ക പറയാതിരുന്നത് എന്നു കണ്ണന് നന്നേ ബോധ്യമുണ്ട്. കാരണം, മൌലീദ് എല്ലാ സുന്നി ഉസ്താദുമാരുടെയും മൊല്ലമാരുടെയും പ്രധാന ഉപജീവനമാര്‍ഗമാണ്. ഒരു കാര്യം കൂടി പറയാം. മേല്‍പ്പറഞ്ഞ കഥയുടെ മേല്‍ ഈയുള്ളവന് യാതൊരു റൈറ്റുമില്ല. ഇപ്പോള്‍ സി.പി.എമ്മുകാരനായ ഒരു സഖാഫി പണ്ടു പ്രസംഗിച്ചതാണിത്. 


സൌദിരാജാവ് ഇറാനെപ്പറ്റി അതു പറഞ്ഞു, പി ചിദംബരം ഇങ്ങനെ ചെയ്തു, അസദുദ്ദീന്‍ ഉവൈസി ആള്‍ ഇന്ന ടൈപ്പാണ് എന്നൊക്കെ വെളിപ്പെടുത്തി ജൂലിയന്‍ അസാന്‍ജ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍ കണ്ണന്‍ ഒന്നുറപ്പിച്ചിരുന്നു. ആലംദുന്‍യാവില്‍ എവിടെയെങ്കിലും വച്ച് ആ ഹമുക്കിനെ കാണാന്‍ ചാന്‍സ് കിട്ടിയാല്‍, നമ്പൂതിരി ചോദിച്ചപോലെ, ഞങ്ങളുടെ നാട്ടിലെ പള്ളി ദര്‍സുകളെപ്പറ്റിയും മൈക്ക് സുന്നികളെക്കുറിച്ചുമെല്ലാം ചോര്‍ത്തിയ അമേരിക്കന്‍ കേബിളുകളില്‍ വല്ലതുമുണ്േടാ എന്നു ചോദിക്കണമെന്ന്. ഇനിയിപ്പോ എന്തിന് അസാന്‍ജിനോട് നേരിട്ടു ചോദിക്കണം? ദേ കെടക്കണ് എല്ലാം. സദ്ദാമിനെ തൂക്കിലേറ്റിയാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സില്‍വര്‍ സ്റാര്‍ വെള്ളില എന്ന ക്ളബ്ബ് മുന്നറിയിപ്പു നല്‍കിയതു മുതല്‍ സദ്ദാം ബീച്ചില്‍ നടക്കുന്ന അമേരിക്കന്‍വിരുദ്ധ ഗൂഢാലോചന വരെ എണ്ണിയെണ്ണി നിരത്തിയിട്ടുണ്ട് വിക്കിലീക്സ്. 


മുജാഹിദുകളിലും സുന്നികളിലും ഇ കെ, എ പി വിഭാഗങ്ങളുണ്െടന്ന് അമേരിക്ക പറഞ്ഞിട്ടുവേണ്ട നാട്ടുകാര്‍ക്കറിയാന്‍. പക്ഷേ, മുജാഹിദുകളും ജമാഅത്തുകാരുമെല്ലാം സുന്നികള്‍ തന്നെയാണെന്നു കേട്ടപ്പോള്‍ സാധാരണക്കാരായ പലരും താടി തടവി. ഇതെന്തു മറിമായം? സി.പി.എമ്മിനെ തകര്‍ക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്െടന്ന് വെട്ടുകൊണ്ട, വെടികൊണ്ട, വെറിപൂണ്ട ജയരാജന്‍മാര്‍ ഇടയ്ക്കിടെ പറയുന്നതിനെ പരിഹസിച്ചവരും മൊസാദിന്റെയും സി.ഐ.എയുടെയും ഇന്റലിജന്‍സിന്റെയും ചാരന്‍മാരെന്നു ചിലരെ പോപുലര്‍ ഫ്രണ്ടുകാര്‍ വിശേഷിപ്പിച്ചപ്പോള്‍ ഹാ ഹീ ഹൂ എന്ന് ആക്കിച്ചിരിച്ചവരും അമേരിക്കയ്ക്കു മാപ്പില്ലെന്ന് പോസ്റ്ററിറക്കിയ സോളിഡാരിറ്റിക്കാരെ, ഇത്ര സമ്പന്നരായിട്ടും ആ രാജ്യത്തിന് ഒരു മാപ്പുണ്ടാക്കാന്‍ കഴിഞ്ഞില്ലപോലും എന്നു പറഞ്ഞു കളിയാക്കിയവരും ഇപ്പോള്‍ മിണ്ടുന്നുണ്ടാവില്ലെന്നുറപ്പാണ്. എല്ലാം നാമറിയുന്നുണ്ട് മക്കളേ എന്നു വൈറ്റ് ഹൌസില്‍ മിഷേലിന്റെ മടിയില്‍ക്കിടന്ന് ഒബാമ പലവട്ടം പറഞ്ഞിട്ടുണ്ടാവണം.

മുസ്ലിംലീഗുകാരുടെ കാര്യമാണു കഷ്ടം. ചക്കക്കറ കൈയിലൊട്ടിയപോലെയാണു പാര്‍ട്ടിയുടെ അവസ്ഥ. ഉണ്ടാക്കിയ അന്നുമുതല്‍ തൊട്ടതിനും തടഞ്ഞതിനുമൊക്കെ ലീഗിന്റെ മേല്‍ കുതിരകയറാനാണ് എല്ലാവര്‍ക്കും ഇഷ്ടം. 20 സീറ്റ് കിട്ടിയപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ കഷ്ടകാലവും തുടങ്ങി. ഒരു പദവി രണ്ടാള്‍ക്ക്, മൂന്നാക്കി വകുപ്പുവിഭജനം, നാലാംവരവു വന്ന ഐസ്ക്രീം കേസ്, അഞ്ചാം മന്ത്രിസ്ഥാനം എന്നിങ്ങനെ തൊട്ടതെല്ലാം പിഴയ്ക്കുന്നു. ഓരോന്നോരോന്നായി ഊരിയൂരിവരുമ്പോഴാണ് ലീഗിനെ കൂടുതല്‍ വീക്കാക്കാന്‍ വേണ്ടിയൊരു വിക്കിലീക്സ് വെളിപ്പെടുത്തലും. സി.പി.എം നേതാക്കളുടെ അമേരിക്കന്‍ ബന്ധം ഉയര്‍ത്തിക്കാട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന തവനൂരും പൊന്നാനിയും കൂടി പിടിച്ചുകളയാമെന്ന മോഹമാണ് ബാത്വിലായിരിക്കുന്നത്. 

പി കെ കുഞ്ഞാലിക്കുട്ടിയാണ് എന്‍.ഡി.എഫിനെ സഹായിക്കുന്നതെന്നു പണ്േട അഭിപ്രായമുള്ളയാളാണ് എം കെ മുനീര്‍. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കു പങ്കുണ്െടന്നും പുള്ളി ഉറച്ചുവിശ്വസിക്കുന്നു. കുഞ്ഞാപ്പയെ പുകച്ചു പുറത്തുചാടിക്കാന്‍ പഠിച്ചപണി പതിനെട്ടും മുനീര്‍ സാഹിബ് പയറ്റിയതുമാണ്. അസാന്‍ജൊക്കെ ചിത്രത്തില്‍ വരുന്നതിന് എത്രയോ മുമ്പ്, തന്റെ ചാനലായ ഇന്ത്യാവിഷനിലൂടെ മുനീറാദികള്‍ പുറത്തുവിട്ട കുട്ടിലീക്സ് രേഖകള്‍ ബൂമറാങ് പോലെ തിരിച്ചടിച്ചപ്പോഴാണ് കൂനിന്മേല്‍ കുരുവായൊരു വിക്കിലീക്സ്. ശബ്ദം പോയ ഗായകന്റെ തൊണ്ടയില്‍ മുള്ളിരുന്ന അവസ്ഥ. ഇപ്പോള്‍ ഓരോ ദിവസവും പത്രക്കാരെ കണ്ടു കുഞ്ഞാലിക്കുട്ടിക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കലാണു മന്ത്രി മുനീറിന്റെ പണി.


ഏതായാലും കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ അധികച്ചുമതല കൂടി വഹിക്കുന്ന കെ എ റഊഫും ഔദ്യോഗിക പ്രതിപക്ഷനേതാവായ വി എസ് അച്യുതാനന്ദനും വണ്ടി വിളിച്ചു പിന്നാലെ കൂടിയ അവസ്ഥയില്‍ മുനീറിന്റെ വാക്കുകള്‍ കുഞ്ഞാലിക്കുട്ടിക്ക് ആശ്വാസം നല്‍കുന്നുണ്ടാവണം. അതു തന്നെക്കുറിച്ചു മുനീര്‍ നാലു നല്ല വര്‍ത്തമാനം പറയുന്നതിലല്ല. മറിച്ച്, തന്നെ നന്നാക്കുന്നതിലൂടെയും ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതിലൂടെയും ലീഗിനു പുറത്ത് മുനീറിനുള്ള ശേഷിക്കുന്ന വിശ്വാസ്യത കൂടി പോയിക്കിട്ടുന്നതിലാണ്. ഇത് ഏതാണ് ഇനമെന്നു ലീഗുകാര്‍ പണ്േട പഠിച്ചുവച്ചതിനാലാണ് സി മമ്മൂട്ടിയെ വയനാട്ടില്‍ നിന്നും അഹ്മദ് കബീറിനെ എറണാകുളത്തുനിന്നുമെല്ലാം ആനയിച്ചുകൊണ്ടുവന്ന് കാല്‍ലക്ഷത്തോളം വോട്ടിനു ജയിപ്പിച്ചുവിട്ട മലപ്പുറത്തുകാര്‍ അഭിവന്ദ്യനേതാവായിരുന്ന സി എച്ചിന്റെ പുന്നാരമോനെ രാമനാട്ടുകരയ്ക്ക് അപ്പുറത്തേക്കു കടത്താതിരുന്നത്.




അമേരിക്കയോടും കുഞ്ഞാലിക്കയോടുമുള്ള നിലപാടില്‍ തുടങ്ങി കേരള മുസ്ലിംകളെക്കുറിച്ച് ഒരാള്‍ മിനിമം അറിഞ്ഞിരിക്കേണ്ടതെല്ലാം വിക്കിലീക്സ് ചോര്‍ത്തിയ രേഖകളിലുണ്ട്. നോമ്പുകഞ്ഞി മെയ്ഡ് ഇന്‍ അമേരിക്കയുടെ ആള്‍ക്കാരായ മടവൂര്‍ വിഭാഗം മുജാഹിദുകളും ലീഗിലെ തീവ്ര(മതേതര)വാദിയായ എം കെ മുനീറും മലപ്പുറത്തെ ബാബുരാജ് എന്ന പത്രക്കാരനും നല്‍കിയ വിവരങ്ങളാണ് ഇതിലുള്ളത്. അല്‍ഖാഇദയെപ്പോലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ വിമാനമിടിച്ചുകയറ്റാനുള്ള ശേഷിയൊന്നും എന്‍.ഡി.എഫിനില്ലെങ്കിലും നാട്ടിന്‍പുറത്തെ പെട്ടിക്കടകള്‍ ഓട്ടോറിക്ഷയിടിച്ചു പൊടിപൊടിയാക്കാനുള്ള കരുത്ത് അവര്‍ക്കുണ്െടന്ന് മേല്‍പ്പറഞ്ഞവരില്‍നിന്ന് ഒബാമയ്ക്കും ബുഷിനുമൊക്കെ പിടികിട്ടിയിട്ടുണ്ട്. ജന്മനാ വിഭാഗീയനെന്നു വി എസിനെപ്പറ്റി അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ പ്രായമുള്ള ബ്രിട്ടാസും അമേരിക്കയ്ക്കു പറഞ്ഞുകൊടുത്തു.


ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം, എന്‍.ഡി.എഫിന്‍റെ  തേജസ്, എ.പി സുന്നികളുടെ സിറാജ്, മുജാഹിദുകളുടെ വര്‍ത്തമാനം, മുസ്ലിംലീഗിന്റെ ചന്ദ്രിക... ഹാ, എത്ര കൃത്യമായ വിവരങ്ങള്‍. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഫിസിക്സും പൊളിറ്റിക്സും പോലെ വിക്കിലീക്സ് എന്ന വിഷയം കൂടി ഉള്‍പ്പെടുത്തിയാല്‍ എത്രയെത്ര കാര്യങ്ങളാണു നമ്മുടെ കുട്ടികള്‍ക്കു പഠിക്കാന്‍ കഴിയുക. ലോകത്തിന്റെ, ഇന്ത്യയുടെ, കേരളത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങള്‍ ഇത്ര കൃത്യമായി അറിയാന്‍ ഇതിലും വലിയൊരു സോഴ്സ് ഇനി ഉണ്ടാവാനില്ല.


കേരളത്തിലെ ചില മുത്തശ്ശിപ്പത്രങ്ങളുടെ കാര്യമാണു കഷ്ടം. ലക്ഷക്കണക്കിനു കോപ്പികളും വായനക്കാരും ഉണ്ടായിട്ടെന്താ, അവരെപ്പറ്റിയൊന്നും ഒബാമയ്ക്കും ഹിലാരിക്കും അറിയേണ്ടപോലും. 








കുറേക്കാലമായില്ലേ ഈ ഏര്‍പ്പാട് തുടങ്ങിയിട്ട്? എന്നിട്ടോ? ഇന്നും ഇന്നലെയും പ്രസിദ്ധീകരണമാരംഭിച്ച പത്രങ്ങളാണു താരങ്ങള്‍. ഒരുപക്ഷേ, സിറാജും ചന്ദ്രികയുമൊക്കെ എന്നും രാവിലെ ഇരുന്ന് ഒബാമ വായിക്കുന്നുണ്ടാവണം. ഇത്രയൊക്കെ അറിയാവുന്ന ഒബാമയ്ക്കു മലയാളം വായിക്കാന്‍ അറിയില്ലെന്ന് ആരുകണ്ടു!~ചിലപ്പോള്‍ മിഷേലിനെയും പിള്ളാരെയും അടുത്തുവിളിച്ച്, 'ദേ ഇതു കണ്േടാടീ, സിറാജില്‍ പെണ്ണുങ്ങളുടെ ഫോട്ടോ വരാന്‍ തുടങ്ങി. ഇനി നമ്മള്‍ ഇന്ത്യയില്‍ പോയാല്‍ ഉസ്താദിന്റെ പത്രം മൈന്‍ഡ് ചെയ്യാതിരിക്കില്ല' എന്നുവരെ പറഞ്ഞിട്ടുണ്ടാവും. അതിവേഗത്തില്‍ എഡിഷനുകള്‍ തുടങ്ങുന്ന പത്രമെന്നു വിക്കിലീക്സില്‍ പറയുന്ന തേജസിന് ന്യൂയോര്‍ക്കിലും ഫ്ളോറിഡയിലുമൊക്കെ ഓരോ എഡിഷനുകള്‍ ആരംഭിക്കാനും സ്കോപ്പുണ്െടന്നു തോന്നുന്നു.


മുത്തശ്ശിപ്പത്രങ്ങള്‍ വായിക്കുന്നില്ലെങ്കില്‍ വേണ്ട. ഒബാമ എന്തായാലും ഒരു കാര്യം ചെയ്യണം. ഇത്തവണത്തെ മാതൃഭൂമി ഓണപ്പതിപ്പെടുത്തൊന്നു നോക്കണം. അതില്‍ മുപ്പതോളം പേജ് അവര്‍ നീക്കിവച്ചിരിക്കുന്നത് മാദകനടി ഷക്കീല ഉള്ളുതുറന്നെഴുതിയ സ്വന്തം കഥ കൊടുക്കാനാണ്. അമേരിക്കയെപ്പറ്റി മുസ്ലിംസമുദായത്തില്‍ പിറന്ന ഷക്കീല എന്തുപറയുന്നു എന്നുകൂടി കേള്‍ക്കേണ്ട? ഇതിവിടെ പറഞ്ഞാല്‍ എങ്ങനെ ഒബാമ അറിയുമെന്ന് (സാ)മാന്യവായനക്കാരനു സംശയം തോന്നുന്നുണ്ടാവണം. നിങ്ങള്‍ നോക്കിക്കോ. ഇന്നുതന്നെ ഇക്കാര്യങ്ങള്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വാഷിങ്ടണിലേക്ക് കൈമാറും. അതാണ് അമേരിക്ക. അമേരിക്ക...അമേരിക്ക.



3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍12:14 PM, ജനുവരി 02, 2012

    കലക്കിയിട്ടുണ്ട് ..കേട്ടോ ...

    മറുപടിഇല്ലാതാക്കൂ
  2. എൻ.ഡി.എഫ് നേതാവിന്റെ അമേരിക്കൻ ബന്ധം എന്തെ മാഞ്ഞുപോയോ??

    മറുപടിഇല്ലാതാക്കൂ
  3. @ബെഞ്ചാലി... എന്‍ ഡി എഫ് ആണോ എല്‍ ഡി എഫ് ആണോ നിങ്ങള്‍ ഉദ്ദേശിച്ചത് ആവോ?

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial