08 സെപ്റ്റംബർ 2011

പ്രലോഭനങ്ങളെ അതിജയിച്ച മഹാന്‍...............



പ്രലോഭനങ്ങളെ അതിജയിച്ച മഹാന്‍



"നീ ഇഷ്ടപ്പെടുന്ന നില അല്ലാഹു നിനക്കു നിലനിര്‍ത്തണമെന്ന ഉദ്ദേശ്യമുണ്െടങ്കില്‍  അവന്‍ ഇഷ്ടപ്പെടുന്നവിധം നീ ആവണമെന്ന്'' അഹ്മദ് ഇബ്നു ഹംബല്‍ ഉദ്ബോധിപ്പിക്കാറുണ്ടായിരുന്നു. ഖുര്‍ആനില്‍ നിന്നോ പ്രവാചകനില്‍ നിന്നോ ഒരു തെളിവും ലഭ്യമല്ലാത്ത കാര്യത്തില്‍ തനിക്കെങ്ങനെ സ്വാഭീഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാവും? ലൌകികചിന്തയില്‍ അഭിരമിക്കുന്നവന് എങ്ങനെ അല്ലാഹു ഇഷ്ടപ്പെടുന്ന വിധം ജീവിക്കാനാവും? അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവനുള്ള അവന്റെ വാഗ്ദാനമാണ് ശത്രുവും പീഡനവുമെന്നും അതു വിശ്വാസിയുടെ ഈമാനിനെ പോഷിപ്പിക്കുകയല്ലാതെ ക്ഷീണിപ്പിക്കുകയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. പ്രവാചകന്‍ ഇബ്റാഹീമിന്റെയും ഖബ്ബാബ് (റ)വിന്റെയും ജീവിതമുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ സദാ നിറഞ്ഞുനില്‍ക്കുകയും ധൈര്യം പകരുകയും ചെയ്തു. ഇമാം അഹ്മദ് പറഞ്ഞു: "അല്ലാഹുവല്ലാതെ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് 'തവക്കുല്‍.' ശത്രുക്കള്‍ ഇബ്റാഹീം പ്രവാചകനെ അഗ്നികുണ്ഡത്തിലെറിഞ്ഞപ്പോള്‍ അദ്ദേഹത്തോടു മലക്ക് ജിബ്രീല്‍ ചോദിച്ചു: 'എന്നില്‍ നിന്ന് എന്തെങ്കിലും സഹായം വേണമെങ്കില്‍ പറയണം.' 'താങ്കളില്‍ നിന്ന് ഒന്നും ആവശ്യമില്ല.' 'എങ്കില്‍ അല്ലാഹുവിന്റെ സഹായം തേടാമല്ലോ.' 'ഏതു കാര്യത്തിലും അല്ലാഹുവിന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം.''
കൈകാലുകളെ പരസ്പരം ബന്ധിച്ച ചങ്ങലയുടെ ഭാരവും പേറി ഇമാം അഹ്മദും ശിഷ്യന്‍ മുഹമ്മദും ഒരേ ഒട്ടകപ്പുറത്തിരുന്നു താര്‍സൂസിലേക്കു യാത്ര തിരിച്ചു; ഖലീഫയുടെ തിരുമുമ്പിലേക്ക്. വഴിയിലുടനീളം ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. യാത്രാമധ്യേ ഒരാള്‍ അദ്ദേഹത്തോടു ചോദിച്ചു: 'വാളിനു മുമ്പില്‍ നിര്‍ത്തിയാല്‍ അങ്ങ് വഴങ്ങുമോ?' ഇമാമിന്റെ നിഷേധാര്‍ഥത്തിലുള്ള മറുപടി കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു: 'അല്ലാഹു അക്ബര്‍! അങ്ങ് ഇമാം അഹ്മദ് തന്നെ!' ഏതൊരു പീഡനത്തിനു മുന്നിലും പതറാതെ സ്ഥിരചിത്തനായി ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം മനസ്സിനെ പതപ്പെടുത്തിയിരുന്നു. 'രഖ്വ'യിലെത്തിയപ്പോള്‍ മഅ്മൂന്‍ മരിച്ചെന്ന വാര്‍ത്തയറിഞ്ഞ് ഇരുവരെയും ബഗ്ദാദിലേക്കു തിരിച്ചയച്ചു. ദുരിതപൂര്‍ണമായ യാത്രയും ബന്ധനവുമേല്‍പ്പിച്ച ആഘാതവും യാത്രാമധ്യേ മുഹമ്മദിനെ രക്തസാക്ഷിയാക്കി.


മഅ്മൂന്റെ മരണത്തെ തുടര്‍ന്ന് ഖലീഫയായി മുഅ്തസിം അധികാരമേറ്റു. 'നവീന പുരോഗമനചിന്ത'യുടെ സംരക്ഷണത്തിനും വ്യാപനത്തിനും മഅ്മൂന്‍ തുടങ്ങിവച്ച നടപടികളും മര്‍ദ്ദനങ്ങളും ഖിലാഫത്തിനൊപ്പം മുഅ്തസിം ഏറ്റെടുത്തു. ഇബ്നു അബിദുവാദ് തന്റെ പഴയ ലാവണങ്ങള്‍ നിലനിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു.
'രഖ്വ'യില്‍ നിന്നു ബഗ്ദാദിലേക്കു കൊണ്ടുവരുമ്പോള്‍ ഇമാം അഹ്മദിന്റെ കാലുകള്‍ നാല് ഇരുമ്പുചങ്ങലകളില്‍ ബന്ധിതമായിരുന്നു. ബാബുല്‍ ബുസ്താനിലെത്തിയപ്പോള്‍ ഒരുക്കിനിര്‍ത്തിയിരുന്ന ഒരു കുതിരപ്പുറത്തേറാന്‍ കല്‍പ്പിക്കപ്പെട്ടു. കയറാന്‍ ആരും സഹായിച്ചില്ല. ചങ്ങലയിട്ട കാലുകളുമായി നിരവധി ശ്രമങ്ങള്‍ക്കൊടുവില്‍ വളരെ ക്ളേശിച്ചു കുതിരപ്പുറത്തു കയറി. മുഅ്തസിലിമിന്റെ കൊട്ടാരത്തിലേക്കായിരുന്നു യാത്ര. കൊട്ടാരത്തിലെത്തിയ ഉടനെ വെളിച്ചം പ്രവേശിക്കാത്ത ഒരു കൊച്ചു മുറിയിലേക്ക് അദ്ദേഹത്തെ തള്ളി. പിന്നീടുള്ള മൂന്നു ദിവസങ്ങള്‍ രാജദര്‍ബാറില്‍ വച്ചു മുഅ്തസിലി ചിന്തയുടെ വക്താക്കളുമായി സംവാദം നടത്താനും അദ്ദേഹത്തെക്കൊണ്ട് അവരുടെ വാദങ്ങള്‍ അംഗീകരിപ്പിക്കാനും ശ്രമങ്ങള്‍ നടത്തുകയുണ്ടായി. സംവാദത്തില്‍ അദ്ദേഹത്തിനു മുമ്പിലവര്‍ മുട്ടുമടക്കി. ഒരിക്കല്‍ ഖലീഫ ഇപ്രകാരം പറഞ്ഞു: "അഹ്മദ്, ഞാന്‍ നിങ്ങളുടെ അഭ്യുദയകാംക്ഷിയാണ്. നിങ്ങളെ എന്റെ മകന്‍ ഹാറൂനെ സ്നേഹിക്കുന്നതു പോലെ സ്നേഹിക്കുകയും ചെയ്യുന്നു. അതിനാല്‍, ഞാന്‍ പറയുന്നത് അനുസരിക്കുക.'' ഇമാം അഹ്മദിന്റെ മറുപടി ഇപ്രകാരമായിരുന്നു: "അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നോ പ്രവാചകവചനങ്ങളില്‍ നിന്നോ താങ്കളുടെ വാദത്തെ പിന്താങ്ങുന്ന വല്ലതും കൊണ്ടുവരൂ, ഞാനത് അംഗീകരിക്കാം.'' ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് അംഗീകരിക്കാന്‍ ഭരണാധികാരി ആവര്‍ത്തിച്ചാവശ്യപ്പെട്ടപ്പോഴെല്ലാം അദ്ദേഹം ഇതേ മറുപടി നല്‍കി.


ഇമാം അഹ്മദ് അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ഏതാനും ആളുകള്‍ ആഗ്രഹിച്ചു. അബുല്‍ അബ്ബാസുല്‍ അര്‍റഖ്വി പറയുന്നു: "അവര്‍ തടവറയില്‍ ചെല്ലുകയും നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ അനുവാദം നല്‍കപ്പെട്ടിട്ടുണ്ട് എന്നതിനു തെളിവായി ഒരു ഹദീസ് ഉദ്ധരിക്കുകയും ചെയ്തു.'' ഇമാം അഹ്മദിന്റെ പ്രതികരണം അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യത്തെയും വിശ്വാസിയുടെ വഴിയില്‍ മര്‍ദ്ദനങ്ങളും തടവറയും അവമതിയുടെ അടയാളമല്ല. മറിച്ച്, അല്ലാഹുവിന്റെ സവിധത്തില്‍ കൂടുതല്‍ പ്രതിഫലം ലഭ്യമാക്കുന്നതിനുള്ള ഉപാധിയാണെന്ന വസ്തുതയെയും അനാവരണം ചെയ്യുന്നു. "ഈര്‍ച്ചവാളിനാല്‍ ശരീരം രണ്ടായി പിളര്‍ത്തപ്പെട്ടിട്ടും മുന്‍കാല വിശ്വാസികള്‍ അവരുടെ വിശ്വാസമുപേക്ഷിക്കാന്‍ തയ്യാറായില്ല എന്ന ഖബ്ബാബ് (റ) നിവേദനം ചെയ്യുന്ന ഹദീസിനെപ്പറ്റി നിങ്ങള്‍ എന്തു പറയുന്നു'' എന്ന അദ്ദേഹത്തിന്റെ ചോദ്യം അവരെ നിരാശരാക്കി. സത്യവിശ്വാസത്തിന്റെ സംരക്ഷണം ക്ഷിപ്രസാധ്യമല്ലെന്നും അതിനു സര്‍വവിധ പരീക്ഷണങ്ങളും സഹിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണെന്നും തന്റെ ജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം.
തടവറയിലെത്തി നാലാം ദിവസവും ഇമാം അഹ്മദിനെ ഗവര്‍ണര്‍ക്കു മുമ്പാകെ ഹാജരാക്കപ്പെട്ടു. ഗവര്‍ണര്‍ അദ്ദേഹത്തോടു മുഅ്തസിലി ആശയം അംഗീകരിക്കാന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന്, അദ്ദേഹത്തെ വധിച്ചുകളയാതെ ക്രൂരമായി ചമ്മട്ടികൊണ്ടടിക്കാനും വെളിച്ചം കടക്കാത്ത തടവറയില്‍ തള്ളാനും ഖലീഫ പ്രതിജ്ഞ ചെയ്തിരിക്കുന്നുവെന്നറിയിച്ചു. ഭീഷണിക്കു മുമ്പില്‍ അദ്ദേഹം ചകിതനായില്ല. "ജയില്‍ എനിക്കു സാരമില്ല. അതും എന്റെ വീടും ഒന്നാണ്'' എന്നതാണല്ലോ അദ്ദേഹത്തിന്റെ സമീപനം. ജിബ്രീലിന്റെ സഹായം നിരസിച്ച ഇബ്റാഹീമിന്റെ മനസ്ഥൈര്യമുള്ളവര്‍ക്കു തന്റെ നാഥന്റെ മുമ്പിലല്ലാതെ കീഴടങ്ങാനാവില്ലല്ലോ. ഗവര്‍ണറുടെ ഊഴം കഴിഞ്ഞപ്പോള്‍ ഇമാമിനെ ഖലീഫ മുഅ്തസിം മുമ്പാകെ കൊണ്ടുവന്നു. പതിവു സംവാദം നടന്നുവെങ്കിലും അതിന്റെ പര്യവസാനം മുഅ്തസിലിന്റെ ഇംഗിതങ്ങളെ തൃപ്തിപ്പെടുത്തിയില്ല. ക്ഷമനശിച്ച ഖലീഫ ഇമാം അഹ്മദിന്റെ "ഇരുകൈകളും അവയുടെ സന്ധിയില്‍ നിന്നു വേര്‍പെടും വരെ വലിച്ചുപിരിക്കാന്‍ കല്‍പ്പിച്ചു.'' തുടര്‍ന്ന്, ചാട്ടവാറുകൊണ്ടടിക്കാനും ഉത്തരവിട്ടു. അടിയുടെ ശക്തി കുറയാതിരിക്കാന്‍ ഈരണ്ടു പ്രഹരത്തിനുശേഷം അടിക്കുന്ന ആളുകളെ മാറ്റിക്കൊണ്ടിരുന്നു. ഇതു കണ്ടുനിന്നൊരാള്‍ പറഞ്ഞു: "ഒരാനയെ അലറിക്കരയിക്കാന്‍ മാത്രം ശക്തിയുള്ളതായിരുന്നു ഓരോ പ്രഹരവും.'' 19 അടിക്കുശേഷം ഖലീഫ ചോദിച്ചു: "അഹ്മദ്, എന്തിനിങ്ങനെ ജീവിതം നശിപ്പിക്കുന്നു? ഞാന്‍ പറയുന്നത് അംഗീകരിച്ചു കൂടേ?'' അദ്ദേഹത്തിനു മുന്‍ മറുപടിയല്ലാതെ പുതുതായൊന്നും പറയാനുണ്ടായിരുന്നില്ല. പ്രഹരം തുടരാന്‍ കല്‍പ്പനയായി. അദ്ദേഹത്തിന്റെ മേനിയില്‍ ചമ്മട്ടികള്‍ ആഞ്ഞുപതിച്ചു - 34 പ്രാവശ്യം. അപ്പോഴേക്കും അദ്ദേഹം ബോധരഹിതനായിരുന്നു.


ചമ്മട്ടിപ്രഹരത്തിനു ദൃക്സാക്ഷിയായൊരാള്‍ അദ്ദേഹത്തോടു പറഞ്ഞു: "ജീവന്‍ രക്ഷിക്കാന്‍ ഖലീഫയുടെ വാദം അംഗീകരിക്കാന്‍ ശരിഅത്ത് താങ്കള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍, ഇമാം അഹ്മദ് അതു ഗൌനിച്ചതേയില്ല. അന്ന് അദ്ദേഹം നോമ്പെടുത്തിട്ടുണ്ടായിരുന്നു. കടുത്ത ദാഹം അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം എന്നോടു വെള്ളം ചോദിച്ചു. ഞാന്‍ ഒരു ഗ്ളാസ് തണുത്ത വെള്ളം നല്‍കി. അദ്ദേഹമതു വാങ്ങി. ഉടനെത്തന്നെ കുടിക്കാതെ അതു തിരിച്ചു നല്‍കി.''


നീണ്ട 28 മാസം, അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളില്‍ പൂട്ടിയിട്ടു. ചമ്മട്ടിപ്രഹരം, ബോധം നശിക്കുമ്പോള്‍ കഠാരമുന കൊണ്ടു കുത്തി മുറിപ്പെടുത്തല്‍, തടവറയിലെ പടുകുഴിയിലേക്ക് എടുത്തെറിയല്‍ തുടങ്ങി കിരാതമര്‍ദ്ദനങ്ങള്‍ അദ്ദേഹം ഇക്കാലയളവില്‍ സഹിച്ചു. പിന്നീട് ഏകാന്തതടവിലാക്കുന്നതുവരെ ജയിലിലെ സഹതടവുകാര്‍ക്കു വിജ്ഞാനം പകര്‍ന്നും തടവറയില്‍ ബാങ്കുവിളിച്ചും നമസ്കാരത്തിനു നേതൃത്വം നല്‍കിയും 'മദ്രസതു യൂസുഫിലെ' പഠനകാലം അദ്ദേഹം ചെലവഴിച്ചു.


കാരാഗൃഹവും മര്‍ദ്ദനങ്ങളും പറുദീസയിലേക്കുള്ള വഴിയിലെ സോപാനങ്ങളാണെന്നും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും പ്രതീക്ഷയുമാണ് അവ ചവിട്ടിക്കയറാനുള്ള ഋജുമാര്‍ഗമെന്നും ഇമാം അഹ്മദ് ജനങ്ങളെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ ധീരതയും വിശ്വാസദാര്‍ഢ്യവും മുഅ്തസിലി ചിന്തയുടെതന്നെ അടിവേരറുത്തു. വിശ്വാസം പരീക്ഷിക്കപ്പെട്ടപ്പോള്‍, വിജ്ഞാനത്തിന്റെ നിധികുംഭങ്ങളായി നിറഞ്ഞുനിന്ന മഹാപണ്ഡിതന്മാര്‍ 'കൊട്ടാര വാദങ്ങള്‍'ക്കു മുമ്പില്‍ കൈ കൂപ്പിനിന്നു സ്വയം നിന്ദ്യരും അപമാനിതരുമായി. ജനം തങ്ങളുടെ നെഞ്ചകത്തു നിന്നവരെ ഇറക്കിവിട്ടു. ഇമാം അഹ്മദ് അവരുടെ മനസ്സുകളില്‍ മധ്യാഹ്നസൂര്യനായി ജ്വലിച്ചുനിന്നു.


ഇബ്നു ഖുതൈബ പറയുന്നു: "ഇമാം അഹ്മദിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെ കണ്ടാല്‍, മനസ്സിലാക്കുക, അവരാണ് നബി (സ)ചര്യയെ അനുധാവനം ചെയ്യുന്നവര്‍.'' "ഇമാം അഹ്മദ്ബ്നു ഹംബലിനോട് അനാദരവു കാണിക്കുന്നവരുടെ വിശ്വാസത്തില്‍ സംശയിക്കണം'' എന്നാണ് അഹ്മദ്ബിന്‍ ഇബ്റാഹീം അദ്ദൌറഖിയുടെ പക്ഷം. അഹ്മദ്ബിന്‍ ഹംബലിന്റെ സമകാലികനും ഹദീസ് പണ്ഡിതനുമായിരുന്ന അലി ബിന്‍ അല്‍മദയ്നി പ്രസ്താവിച്ചതത്രേ സത്യം: "അനുകരിക്കാനാവാത്ത രണ്ടു മഹദ്വ്യക്തിത്വങ്ങളെയാണ് ഇസ്ലാമികവിശ്വാസത്തിന്റെ ചെറുത്തുനില്‍പ്പിനായി സര്‍വശക്തനായ അല്ലാഹു നിയോഗിച്ചത്; മതനിരാസത്തിന്റെ സന്ദര്‍ഭത്തില്‍ അബൂബക്കര്‍ സിദ്ദീഖി (റ)നെയും 'ഖുര്‍ആന്‍ സൃഷ്ടിവാദ'സമയത്ത് അഹ്മദ്ബ്നു ഹംബലിനെയും.''

ഈ പോസ്റ്റിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം താഴെ കോളത്തില്‍ എഴുതുമല്ലോ.

4 അഭിപ്രായങ്ങൾ:

  1. വായിക്കപ്പെടേണ്ട ഒരു പോസ്റ്റ്. അചഞ്ചലമായ വിശ്വാസത്തിന്നുടമകളായവർ അവരുടെ ജീവിതത്തിലൂടെ നല്കുന്ന സന്ദേശങ്ങൾ ഖുർ ആനിക വചനങ്ങൾ തന്നെയാണന്ന്തിനു സംശയത്തിനിടം നല്കാത്ത ജീവിത ചരിത്രം. മാശാ അല്ലാഹ് അവതരണവും നന്നായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  2. ഇമാമുസ്സുന്ന അഹ്മദ്‌ ബ്നു ഹമ്പല്‍(റ) യുടെ ത്യാഗവും ധീരതയും വിവരിക്കുന്ന പോസ്റ്റ്. ഖുര്‍ആന്‍ സൃഷ്ടിവാദ ത്തിന്‍റെ അടിത്തറ മാന്തിയ മഹാനവര്കള്‍ വിജ്ഞാനത്തിന്‍റെ മഹാമേരുവായിരുന്നു. മഹാനവര്കളുടെ 'മുസ്നദ്‌' മുപ്പതിനായിരത്തോളം ഹദീസ്‌ ഉള്‍ക്കൊള്ളുന്നു. ഇമാം ശാഫി(റ) അദ്ദേഹത്തില്‍ നിന്ന് ഹദീസ്‌ പഠിച്ചിരുന്നു. ഇമാം അഹ്മദ്‌(റ) ഇമാം ശാഫിയില്‍ നിന്നും ഫിഖ്ഹും പഠിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. എനിവേ....ഗുഡ്‌ പോസ്റ്റ്‌. അല്ലാഹു പ്രതിഫലം നല്‍കട്ടെ ആമീന്‍.

    മറുപടിഇല്ലാതാക്കൂ
  3. ചരിത്രത്തില്‍ നിന്നുള്ള പ്രകാശം വര്‍ത്ത്മാനത്തിലേക്ക് വഴി കാട്ടുന്നു..!

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial