22 ഒക്‌ടോബർ 2011

ഖദ്ദാഫിയുടെ പതനം


ഖദ്ദാഫിയുടെ പതനം

മുഅമ്മര്‍ ഖദ്ദാഫിയുടെ ദാരുണമായ അന്ത്യം അപ്രതീക്ഷിതമല്ലെങ്കിലും പശ്ചിമേഷ്യന്‍ ചരിത്രത്തിലെ ഒരു അനിവാര്യ ദുരന്തമാണ്. 42 കൊല്ലം ഖദ്ദാഫി ലിബിയയുടെ ഭരണാധികാരിയായിരുന്നു. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച അറബ് നേതാവാണദ്ദേഹം. ഒരുകാലത്തു ലിബിയയിലെന്നല്ല, അതിവിദൂരമായ കേരളത്തില്‍പ്പോലും യുവാക്കളെ ത്രസിപ്പിക്കുകയും അവരുടെ ആരാധനാമൂര്‍ത്തിയാവുകയും ചെയ്ത ഖദ്ദാഫിയുടെ പതനം തുണീസ്യയിലും ഈജിപ്തിലും പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടര്‍ച്ചയാണ്. ഒരു വ്യത്യാസമുണ്െടന്നു മാത്രം- ഖദ്ദാഫി പിടിച്ചുനില്‍ക്കാന്‍ ആവോളം ശ്രമിച്ചു; അതുകൊണ്ടു രക്തച്ചൊരിച്ചിലില്‍ മാത്രമേ പോരാട്ടം അവസാനിച്ചുള്ളൂ. 


അറബ്ലോകത്ത് ഉയര്‍ന്നുവരുന്ന ജനാധിപത്യസമരങ്ങള്‍ വിജയം കണ്െടത്തുന്നു എന്നു പറഞ്ഞുകൊണ്ട് ഖദ്ദാഫിയുടെ പതനത്തെ പലരും ആഘോഷിക്കുന്നുണ്ട്. എന്നാല്‍, ലിബിയ മറ്റൊരു ചരിത്രപാഠമാവുകയാണോ എന്നു തീര്‍ച്ചയായും സംശയിക്കണം. ഈജിപ്തിലെപ്പോലെ നാട്ടുകാര്‍ക്ക് ഒറ്റയ്ക്കു ഖദ്ദാഫിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം ദേശമായ സിര്‍ത്തിലുള്‍പ്പെടെ ലിബിയയില്‍ പലയിടങ്ങളിലും അദ്ദേഹത്തിനു സാമാന്യം നല്ല ജനപിന്തുണയുണ്ടായിരുന്നു. അതുകൊണ്ട് ലിബിയന്‍ ജനതയുടെ സമരത്തില്‍നിന്നു രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് അവസരം ലഭിച്ചു. അമേരിക്കന്‍ മുന്‍കൈയോടെ നാറ്റോ ആണ് ലിബിയയിലെ ഖദ്ദാഫിവിരുദ്ധര്‍ക്കു സൈനികസഹായം നല്‍കിയത്. തുണീസ്യയിലും ഈജിപ്തിലും തദ്ദേശീയരായ ആളുകള്‍ സാമ്രാജ്യത്വശക്തികള്‍ക്കു തങ്ങളുടെ ജനാധിപത്യദൌത്യത്തില്‍ യാതൊരു അവസരവും നല്‍കാതിരുന്നപ്പോള്‍, അറബ്ലോകത്തു തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുള്ള അവസരം പാശ്ചാത്യ കൊളോണിയല്‍ശക്തികള്‍ക്കു ലിബിയയില്‍ ലഭിച്ചു. ഒരു പരിധിവരെ അഫ്ഗാനിസ്താനിലും ഇറാഖിലും മറ്റും തങ്ങളുടെ സാമ്രാജ്യത്വലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അമേരിക്കയും പാശ്ചാത്യശക്തികളും നടത്തിയ ശ്രമത്തെയാണു ലിബിയയിലെ സംഭവവികാസങ്ങള്‍ അനുസ്മരിപ്പിക്കുന്നത്. ഇതു പല വിഹ്വലതകള്‍ക്കും വഴിവയ്ക്കുന്നു. ലിബിയയിലെ ഖദ്ദാഫിയുഗം അവസാനിക്കുമ്പോള്‍ ജനാധിപത്യവാദികളില്‍ ഉണരുന്ന പ്രത്യാശകള്‍ക്കൊപ്പം, അത് എത്തിച്ചേര്‍ന്നേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചും നാം ഓര്‍ക്കേണ്ടതുണ്ട്. എല്ലാ വിപ്ളവങ്ങളും ബോണപ്പാര്‍ട്ടിലാണ് അവസാനിക്കുന്നത് എന്നൊരു പ്രശസ്ത വചനമുണ്ടല്ലോ. യഥാര്‍ഥ വിപ്ളവങ്ങള്‍പോലും ഇങ്ങനെ അലസിപ്പോവുമ്പോള്‍ പടിഞ്ഞാറന്‍ സൈനികശക്തിയോടെ നടന്ന ഒരു സമരം എങ്ങനെയൊക്കെ അവസാനിക്കുകയില്ലെന്ന് ആരുകണ്ടു! 


ഒട്ടേറെ പ്രത്യാശകള്‍ക്കു വകവച്ചുകൊണ്ടാണ് ഖദ്ദാഫി അറബ്രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. അധികാരം ദുഷിപ്പിക്കുകയും പരമമായ അധികാരം പരമമായി ദുഷിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയവ്യവസ്ഥയില്‍ ഖദ്ദാഫിക്കും കാലിടറി. അദ്ദേഹത്തിന്റെ പതനം നമ്മോട് പറയുന്നത്, ജനാധിപത്യത്തിന് എന്നുമൊരു ചാന്‍സുണ്െടന്നാണ്. കഴുമരത്തിലാണെങ്കിലും അതു സിംഹാസനങ്ങളെ വിറപ്പിച്ചുകൊണ്േടയിരിക്കും. സാമ്രാജ്യത്വശക്തികള്‍ ഇതോര്‍ത്താല്‍ മതി.


ഖദ്ദാഫിയുടെ മരണത്തിനു തൊട്ടു മുമ്പ് ഉള്ള വീഡിയോ.. 
video


Previous Post
Next Post
Related Posts

5 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial