15 നവംബർ 2011

അല്ലാഹുവിലേക്കൊരു സ്നേഹസഞ്ചാരംഅല്ലാഹുവിലേക്കൊരു സ്നേഹസഞ്ചാരം


ഹജ്ജ് അനുഭവം എന്താണു തന്നെ പഠിപ്പിക്കേണ്ടതെന്ന് എല്ലാവരും അവരവരോടുതന്നെ ചോദിക്കേണ്ടതാണ്. ആദ്യമവര്‍ ചോദിക്കേണ്ടത് എന്താണു ഹജ്ജിന്റെ അര്‍ഥമെന്നതാണ്.  അല്ലാഹുവിങ്കലേക്കുള്ള മനുഷ്യന്റെ പരിണാമമാണു ഹജ്ജ്. ആദമിനെ സൃഷ്ടിച്ചതിനെ സംബന്ധിച്ച തത്വത്തിന്റെ പ്രതീകാത്മകമായ ചരിത്ര പ്രകടനം, ഐക്യപ്രകടനം. ഇതു കൂടുതല്‍ വിശദീകരിക്കുകയാണെങ്കില്‍ ഹജ്ജ് നിര്‍വഹണമെന്നാല്‍, ഒരേ സമയം പല കാര്യങ്ങളുടെ പ്രദര്‍ശനമാണ്. സൃഷ്ടിയുടെയും ചരിത്രത്തിന്റെയും പ്രകടനമാണത്. അതുപോലെ, ഐക്യത്തിന്റെയും ഇസ്ലാമിക ദര്‍ശനത്തിന്റെയും ഉമ്മത്തിന്റെയും പ്രകടനവുമാണ്.


അല്ലാഹുവാണിവിടത്തെ രംഗനിയന്താവ്. ആദം, ഇബ്റാഹീം, ഹാജറ, പിശാച് എന്നിവരാണു മുഖ്യ കഥാപാത്രങ്ങള്‍. മസ്ജിദുല്‍ ഹറാം, ഹറം മേഖല, അറഫാത്,  മശ്ഹറുകള്‍, മിന എന്നിവയാണു വേദികള്‍. കഅ്ബ, സഫാ, മര്‍വാ, പകല്‍, രാത്രി, സൂര്യവെളിച്ചം, അസ്തമയം, വിഗ്രഹങ്ങള്‍, ബലികര്‍മങ്ങള്‍ എന്നിവ പ്രധാന പ്രതീകങ്ങളും. വേഷമോ ഇഹ്റാം, മുടി മുണ്ഡനവും മുറിക്കലും. ആണെന്നോ പെണ്ണെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വൃദ്ധനെന്നോ പരിഗണന കൂടാതെ നിങ്ങളാണതിലെ മുഖ്യകഥാപാത്രം. അല്ലാഹുവിനും പിശാചിനുമിടയിലെ സംഘര്‍ഷത്തില്‍ ആദം, ഇബ്റാഹീം, ഹാജര്‍ എന്നിവരുടെ പങ്ക് നിങ്ങളാണു നിര്‍വഹിക്കുന്നത്. ഇതുകാരണം നിങ്ങള്‍ തന്നെയാണു വൈയക്തികമായി ഇതിലെ നായകന്‍.
ഈ മഹാപ്രദര്‍ശനത്തിനായി ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ ഈ വേദിയിലേക്കു വരാന്‍ ഓരോ വര്‍ഷവും പ്രോല്‍സാഹിപ്പിക്കപ്പെടുന്നു. ഏവരും ഇവിടെ സമന്മാരായി ഗണിക്കപ്പെടുന്നു. വര്‍ഗം,  ലിംഗം, സാമൂഹികപദവി എന്നിവയുടെ അടിസ്ഥാനത്തിലിവിടെ വിവേചനം കല്‍പ്പിക്കുന്നില്ല. ഇസ്ലാമിക പാഠപ്രകാരം എല്ലാവരും ഒന്നാണ്. ഒരുവനോ എല്ലാവരുമാണ്.


ഹജ്ജ്കര്‍മം ചെയ്യുന്നതിന്റെ കവാടത്തിലാണു നാം. അതിനാല്‍, അതിന്റെ ദൈവശാസ്ത്രപരവും ആത്മീയവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വശങ്ങള്‍ പരിഗണിക്കുന്നത് അത്യാവശ്യമാണ്. വിസ്മയാവഹമായ ഈ ആചാരത്തില്‍ ദൈവശാസ്ത്രപരവും ആത്മീയവുമായ സൂചനകളടങ്ങിയിരിക്കുന്നു. തങ്ങളുടെ ഉള്‍ക്കാഴ്ചയിലൂടെ അല്ലാഹുവിന്റെ വിളി ദര്‍ശിക്കുന്നവര്‍ക്കു മാത്രമേ ആവര്‍ത്തിച്ചുരുവിടുന്ന തല്‍ബിയപോലുള്ള കാര്യങ്ങള്‍ വാസ്തവമായി കാണാനാവുകയുള്ളൂ. അവര്‍ സമഗ്രമായിത്തന്നെ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം ചെയ്യുന്നു. യഥാര്‍ഥ പ്രശ്നം അല്ലാഹുവിനു മുമ്പിലെ നമ്മുടെ സാന്നിധ്യമാണ്. അവന്റെ പ്രിയ കീര്‍ത്തിയെ സംബന്ധിച്ച ധ്യാനമാണ്. അതു വിളിച്ചുപറയുന്നവന്‍ അഗാധമായ അനുഭൂതിയിലേക്കാനയിക്കപ്പെടുന്നു. അതിനാല്‍, അവന്‍ ആ ദിവ്യവിളിക്കുള്ള പ്രതികരണം ആവര്‍ത്തിക്കുന്നു. പരിശുദ്ധഹൃദയരായ വിശ്വാസികള്‍ക്കു സുപരിചിതമായ രൂപത്തില്‍ അല്ലാഹുവിനു പങ്കുകാരാരോപിക്കുന്നതിനെ നിഷേധിക്കുന്നു. ഈ പ്രപഞ്ചനിഷേധമുള്‍പ്പെടെ എന്നത് എല്ലാ തലത്തിലുമുള്ള ഏതുതരം പങ്കുകാരെയും നിഷേധിക്കുന്നതു തന്നെയാണെങ്കിലും, തല്‍ഫലമായി അവന്‍ പരിപൂര്‍ണാര്‍ഥത്തില്‍ തന്നെ വിഗ്രഹാരാധനയെ നിരാകരിക്കുന്നു.


'നിനക്കു സ്തുതി, നിന്റേതല്ലോ സകല നന്മകളും'...എന്നിങ്ങനെ. പരമോന്നതമായ ഉണ്മയ്ക്കാണു സ്തുതിയും വാഴ്വുകളും. അവനുണ്െടന്നു ചിലര്‍ ആരോപിക്കുന്ന എല്ലാ പങ്കുകാരെയും നിരാകരിക്കുകയും ചെയ്യുന്നു. ഇതാണ് അന്തിമമായ ഏകദൈവത്വം. ഈ ഉണ്മയുടെ ലോകത്തെ എല്ലാ സ്തുതികളും അനുഗ്രഹങ്ങളും അവനു മാത്രമാണ്. ഏതു തലത്തിലും നമ്മുടെ ഏതവസ്ഥയിലും അതാണു ശരി. ആന്തരികമായ അന്ധത വരുത്തുന്ന വിഗ്രഹാരാധനയ്ക്ക് എതിരാണത്.


അനശ്വര ജീവിതത്തിന്റെ ആസ്തികളായ ഏകദൈവവിശ്വാസത്തിന്റെ ചക്രവാളത്തോടടുത്ത ഈ ആത്മീയ പദവികള്‍ ഹജ്ജിന്റെ ആചാരാനുഷ്ഠാനങ്ങള്‍ യഥാവിധി നിര്‍വഹിച്ചാലല്ലാതെ ലഭിക്കുകയില്ല.
മതപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചാലല്ലാതെ ആത്മീയവും രാഷ്ട്രീയവുമായ ഹജ്ജിന്റെ ലക്ഷ്യങ്ങള്‍ പ്രാപ്തമാവുകയില്ല. അല്ലാഹുവിന്റെ വിളിക്കുള്ള യഥാര്‍ഥമായ ഉത്തരം നല്‍കലാണു നിന്റെ ലബ്ബൈക്. പരമശക്തനായ അല്ലാഹുവിന്റെ കവാടത്തിലേക്കു പ്രവേശനം ലഭിക്കാന്‍ ഇഹ്റാം ധരിക്കുക. ലബ്ബൈക് ആവര്‍ത്തിച്ച് അല്ലാഹുവിനു പങ്കുകാരുണ്െടന്ന വാദത്തെ നിരാകരിക്കുക. അഹംഭാവത്തില്‍നിന്നു പിരിഞ്ഞുപോരുക. കാരണം, അതത്രേ വിഗ്രഹാരാധനയുടെയും ബഹുദൈവാരാധനയുടെയും ഏറ്റവും വലിയ ഉറവിടം. അല്ലാഹുവിലേക്കു പ്രത്യാശാപൂര്‍വം പ്രയാണം ചെയ്യുക. ഈ യാത്ര പ്രാപ്തമാവുകയും അല്ലാഹുവിങ്കല്‍നിന്ന് അവര്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം നേടുകയും ചെയ്ത ശേഷമാവും ഈ പദവിയന്വേഷിക്കുന്നവരുടെ അന്ത്യം. എന്നാല്‍, ഈ ആത്മീയവശങ്ങള്‍ അവഗണിച്ചാല്‍, നിന്റെ അഹത്തിന്റെ ദോഷകരമായ ഇച്ഛകളില്‍നിന്നു നിനക്കു മുക്തനാവുക സാധ്യമല്ലാതാവും. നിന്റെ അഹവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന കാലത്തോളം അല്ലാഹുവിന്റെ കാര്യങ്ങള്‍ക്കുവേണ്ടി, സംരക്ഷിത പ്രദേശത്തിനുവേണ്ടി, ഹറമിനുവേണ്ടി നിനക്കു പോരാടാന്‍ കഴിയില്ല. അല്ലാഹുവിന്റെ പവിത്ര സ്ഥാനത്തെ പ്രതിരോധിക്കാനും കഴിയില്ല.


ദിവ്യമായ മീഖാതുകളിലുടനീളവും മറ്റു വിശുദ്ധസ്ഥലികളിലും അല്ലാഹുവിന്റെ അനുഗൃഹീത മന്ദിരത്തിലും അല്ലാഹുവിന്റെ പരിപാവനമായ സാന്നിധ്യത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുക. അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളില്‍നിന്നും ശക്തികളില്‍നിന്നുമുള്ള ഏതു ബന്ധത്തില്‍നിന്നും ഹൃദയത്തെ മുക്തമാക്കുക. ആ ഒരു സുഹൃത്തല്ലാത്തവരെയെല്ലാം ഹൃദയത്തില്‍നിന്നു പുറത്താക്കുക. എന്നിട്ട് ആകാശലോകത്തിന്റെ രശ്മികളാല്‍ അവയെ ദീപ്തമാക്കുക. അപ്പോള്‍ അല്ലാഹുവിങ്കലേക്കുള്ള കാലടികളാവുന്ന നിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അബ്രഹാമിക ഹജ്ജ് ദര്‍ശനങ്ങളാലും മുഹമ്മദീയ ഹജ്ജ് ദര്‍ശനങ്ങളാലും അലംകൃതമാവും. അല്ലാഹുവിനെ സംബന്ധിച്ച പരിപൂര്‍ണജ്ഞാനത്താലും പ്രിയങ്കരനോടുള്ള പ്രിയത്താലും നിര്‍ഭരമായി, നശിച്ചുപോവുന്ന ഭൌതികവസ്തുക്കള്‍ക്കു പകരം നിന്റെ കൈകള്‍ മുഴുവന്‍ അനശ്വര സ്മരണികകളുമായി മാതൃഭൂമിയിലേക്കു തിരിച്ചു പോരുകയും ചെയ്യുന്നു.


ഇബ്റാഹീം മുതല്‍ മുഹമ്മദ് വരെയുള്ള പ്രമുഖരായ പ്രവാചകന്മാര്‍ നിലകൊണ്ട ആദര്‍ശങ്ങളില്‍നിന്നുള്ള ഈ ഇസ്ലാമിക മൂല്യങ്ങളുടെ പൂര്‍ണമായ കൈകളുമായി നിങ്ങളുടെ രക്തസാക്ഷിത്വമഭിലഷിക്കുന്ന സഹോദരന്മാരുമായി ചേരുക. ഈ മൂല്യങ്ങളും ലക്ഷ്യങ്ങളും കൊണ്ടു മാത്രമേ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ബന്ധനത്തില്‍നിന്നും നികൃഷ്ടമായ ഹിംസയില്‍നിന്നും മനുഷ്യരെ വിമുക്തമാക്കാനും അവരെ കിഴക്കോ പടിഞ്ഞാറോ ഉള്ളതല്ലാത്ത അനുഗൃഹീത വൃക്ഷത്തിലേക്കു നയിക്കാനും കഴിയൂ.
ഭക്തിയധിഷ്ഠിതമായ എല്ലാ പ്രവര്‍ത്തനങ്ങളും സ്വീകാര്യമാവുന്നതിനുള്ള സുപ്രാധാന നിബന്ധനകളില്‍പ്പെട്ടതാണ് കര്‍മങ്ങളിലെ ആത്മാര്‍ഥത. ലോക മാന്യതയ്ക്കുവേണ്ടി ചെയ്യുന്ന, പ്രദര്‍ശനപരമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികള്‍ നിരാകരിക്കപ്പെടും. അല്ലാഹുവല്ലാത്ത ആരെയും പ്രീതിപ്പെടുത്താന്‍ ഹാജിമാര്‍ ശ്രമിക്കരുത്. ഹജ്ജിന്റെ ആത്മീയ വശങ്ങള്‍ അനേകമാണ്. എവിടെയ്ക്കാണു പോവുന്നത്, ആരുടെ വിളിക്കാണ് ഉത്തരം ചെയ്യുന്നത്, ആരുടെ അതിഥിയായാണു നിങ്ങള്‍ പോവുന്നത്, ഈ വിരുന്നിന്റെ താല്‍പ്പര്യമെന്താണ് എന്നീ കാര്യങ്ങളെല്ലാം ഹാജി കണക്കിലെടുക്കണം. അഹംഭാവത്തിന്റെ ഓരോ സൂചനയും ഭക്തിവിരുദ്ധമാണെന്ന കാര്യത്തെക്കുറിച്ചു ജാഗ്രതവേണം.


മക്കയുടെ മഹത്ത്വം ഹറമിന്റെ പരിശുദ്ധിയും

പ്രവചാകന്മാരുടെ പ്രവര്‍ത്തനങ്ങളുടെയും അവര്‍ അല്ലാഹുവിന്റെ തീരുമാനത്തിനു വഴിപ്പെട്ടതിന്റെയും പ്രവാചക ദൌത്യത്തിന്റെയും പ്രോജ്വലമായ പ്രതിബിംബമാണു മക്കയും കഅ്ബയുമെന്നത്. ഇതിലെ ഓരോ പ്രദേശവും പ്രവാചകന്മാരുടെയും ജിബ്രീലൂല്‍ അമീനിന്റെയും അവതാര ഗേഹങ്ങളാണ്. ഇസ്ലാമിനും മാനവ സമൂഹത്തിനുംവേണ്ടി നമ്മുടെ പ്രവാചകന്‍ അനുഭവിച്ച ത്യാഗവേദനകളുടെ നിദര്‍ശനങ്ങളാണിവിടം. തിന്മകള്‍ക്കും മിഥ്യകള്‍ക്കുമെതിരേ അല്ലാഹുവിന്റെ മതത്തിന്റെ കാര്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട് അവരെവ്വിധം പ്രതിരോധം തീര്‍ത്തുവെന്നും ഇവ നമ്മെയോര്‍മിപ്പിക്കുന്നു. അബൂലഹബിന്റെയോ അബൂജഹ്ലിന്റെയോ ഉപരോധങ്ങളെയോ കുത്തുവാക്കുകളെയോ കുറ്റപ്പെടുത്തലുകളെയോ അവര്‍ ഭയപ്പെട്ടില്ല.
ശിഅ്ബ് അബീത്വാലിബില്‍നിന്നോ ഹിജ്റയില്‍നിന്നോ ബദ്റില്‍നിന്നോ അവരാരും ഒളിച്ചോടിയില്ല, ശത്രുക്കള്‍ക്കു കീഴടങ്ങിയതുമില്ല. ആയിരക്കണക്കിനു  ഗൂഢാലോചനകള്‍ക്കും അട്ടിമറികള്‍ക്കുമെതിരേ സമമല്ലാത്ത ശക്തികളോട് അവര്‍ക്കു നിരന്തരം പോരാട്ടങ്ങള്‍  നടത്തേണ്ടിവന്നു. ജനങ്ങളെ മുന്നോട്ടു നയിക്കാനുള്ള പ്രയത്നങ്ങളിലവരേര്‍പ്പെട്ടു. എത്രത്തോളമെന്നാല്‍, പാറകളുടെയും കല്ലുകളുടെയും മരുഭൂമികളുടെയും പര്‍വതങ്ങളുടെയും മക്കയിലെയും മദീനയിലെയും തെരുവുകളുടെയും ബസാറുകളുടെയും ഹൃദയങ്ങള്‍ പ്രാവാചികമായ മാര്‍ഗദര്‍ശനങ്ങളുടെ ഘോഷങ്ങളാല്‍ നിര്‍ഭരമായി. അവര്‍ക്കൊക്കെയും ഇങ്ങനെ പറയാനാകുവോളം. 'നീ കല്‍പ്പിക്കപ്പെട്ടതുപോലെ നേരെ മുന്നോട്ടുപോവുക' എന്ന്.  ഈ സന്ദേശവും മാര്‍ഗദര്‍ശനവും നമുക്കെത്തിച്ചുതരാന്‍ പ്രവാചകന്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്നും അവിടുത്തെ അനുയായികളുടെ ഉത്തരവാദിത്തം എത്രയാണെന്നും ഇതു നമ്മെ ഉണര്‍ത്തുന്നു.
വിഗ്രഹങ്ങളെ പിഴുതെറിയുന്നതിന്റെ കേന്ദ്രം പരിശുദ്ധ കഅ്ബയാണ്. തുടക്കത്തില്‍ ഇബ്റാഹീം നബിയും (ഖലീലുല്ലാഹ്) പിന്നീടു മുഹമ്മദ് നബിയും (ഹബീബുല്ലാഹ്) അവിടെ ഏകദൈവത്വം കൊണ്ടുവന്നു. അല്ലാഹു ഇബ്റാഹീമിനോടു പറഞ്ഞു: "മനുഷ്യര്‍ക്കിടയില്‍ ഹജ്ജിനായി വിളംബരം ചെയ്യുക...''
അല്ലാഹു തുടര്‍ന്നു പറയുന്നു:
"ബഹുദൈവത്വത്തില്‍നിന്നും വിഗ്രഹാരാധനയില്‍നിന്നും കഅ്ബയും പരിസരവും വൃത്തിയാക്കണ''മെന്ന്. സൂറതുത്തൌബയുടെ തുടക്കത്തില്‍ ഇതേക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്(അത്തൌബ: 8).
ഈ പരിപാവന ഭവനമാണു മനുഷ്യര്‍ക്കായി ആദ്യം നിര്‍മിച്ച ആരാധനാ ഗേഹം. അതു ജനങ്ങളുടെ ഗേഹമാണ്. ഏതെങ്കിലും വ്യക്തിക്കോ ഗോത്രത്തിനോ ഭരണകൂടത്തിനോ അതിനുമേല്‍ പ്രത്യേകാധികാരമില്ല.
മരുഭൂമിയില്‍ താമസിക്കുന്നവര്‍ക്കും നഗരവാസിക്കും വിദേശിക്കും വീടില്ലാത്തവര്‍ക്കും ഭരണാധികാരിക്കും അതില്‍ തുല്യാവകാശമാണുള്ളത്. മുസ്ലിംകളുടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന കൂടിയാലോചനാ കേന്ദ്രവുമാണത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെടുകയും പരിഹാരം കാണുകയും വേണം. ഈ ആദരണീയമന്ദിരം ജനത്തിനവകാശപ്പെട്ടതാണ്.


ഹജ്ജ് ആചാരങ്ങളുടെ തത്ത്വശാസ്ത്രം

കഅ്ബയെ ചുറ്റുക എന്നതുകൊണ്ടു നാം അല്ലാഹുവിലേക്കല്ലാതെ ആകര്‍ഷിക്കപ്പെടരുത് എന്ന വസ്തുതയെയാണു കുറിക്കുന്നത്. അഖബകളിലെ കല്ലേറ് നമ്മെ ബോധ്യപ്പെടുത്തുന്നത് ജിന്നുകളിലെയും മനുഷ്യരിലെയും പിശാചുക്കളെ കല്ലെറിയണമെന്നാണ്. കറുത്ത കല്ല് (ഹജറുല്‍ അസ്വദ്) നാം അല്ലാഹുവിന്റെ ശത്രുക്കളുടെ ശത്രുക്കളാണെന്നതിന്റെ പ്രതീകമാണ്. സഫയ്ക്കും മര്‍വയ്ക്കുമിടയില്‍ മാറിമാറി ഓടുന്നതിലൂടെ നമുക്കേറ്റവും പ്രിയങ്കരനായ, അല്ലാഹുവിനെ നേടാനാണു നമ്മെ പ്രേരിപ്പിക്കുന്നത്. അവനെ നേടുന്നതിലൂടെ ഐഹികമായ എല്ലാ വലകളും തകര്‍ക്കപ്പെടുന്നു. നീചമായ എല്ലാ സംശയങ്ങളും അവിശ്വാസങ്ങളും ഇല്ലാതാവുന്നു. നിന്ദ്യമായ എല്ലാ ഇച്ഛകളും അഭിലാഷങ്ങളും നശിക്കുന്നു. എല്ലാവിധ മാനസികാടിമത്തങ്ങളും അടിമേല്‍മറിയുന്നു. സ്വാതന്ത്യ്രം അഭിവൃദ്ധിപ്പെടുന്നു. എല്ലാ ചെകുത്താന്മാരും സ്വേച്ഛാധികാരികളുമായുള്ള കെട്ടുബന്ധം അറ്റുപോകുന്നു.
ഗ്രാഹ്യതയോടെയും ആത്മീയമായ അറിവോടെയും മശ്ഹറുല്‍ ഹറാമിലേക്കും അറഫാത്തിലേക്കും പോവൂ. അര്‍ഹമായ അവകാശങ്ങളില്‍നിന്നു തടയപ്പെട്ടവരുടെ രാജ്യം വരുന്നതിനെ സംബന്ധിച്ച ദൈവിക വാഗ്ദാനം യാഥാര്‍ഥ്യമാകുന്നതിനെക്കുറിച്ചുള്ള എല്ലാ ആത്മവിശ്വാസവും നിങ്ങള്‍ക്കുണ്ടാവും. നിശ്ശബ്ദമായും ഗൌരവത്തോടെയും ദിവ്യാടയാളങ്ങളെ ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യൂ. നല്ല വിചാരങ്ങളുമായി തുടര്‍ന്നു മിനായിലേക്കു പോവുക. അതായത്, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവ പരമമായി നിങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവനുവേണ്ടി ബലിനല്‍കുക. പ്രിയങ്കരമായ ഈ വസ്തുക്കള്‍ നിങ്ങളുപേക്ഷിക്കുന്നില്ലെങ്കില്‍, അതിലേറ്റവും മുകളിലുള്ളതു നിങ്ങളുടെ സ്വേച്ഛകളാണ്. നിങ്ങള്‍ക്കു നിങ്ങളുടെ ഏറ്റവും പ്രിയങ്കരനായവനെ നേടാനാവില്ല. ഈ അവസ്ഥയിലാണ്  നിങ്ങള്‍ നിര്‍ബന്ധമായും പിശാചിനെ തള്ളിക്കളഞ്ഞ് അവനെ പിന്തിരിപ്പിക്കുന്നത്. ദൈവികമായ ശാസനകള്‍ അനുസരിച്ചുകൊണ്ട് അവനെയും അവന്റെ കൂട്ടുകുടുംബങ്ങളെയും കൂട്ടാളികളെയും നിരാകരിക്കുന്നതു തുടരുക, അവരെ പിന്തിരിപ്പിക്കുക.
ഈ സ്വര്‍ഗീയ യാത്രയില്‍ നിങ്ങള്‍ ഇനി പിശാചിനെ കല്ലെറിയാന്‍ പോവുകയാണ്. ദൈവം വിലക്കിയില്ലായിരുന്നെങ്കില്‍ നിങ്ങളും അവന്റെ കൂട്ടത്തിലൊരാളാവുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ കല്ലെറിയുകയാവും.  ആദരണീയസ്ഥലികളില്‍ നിങ്ങള്‍ നിലകൊള്ളുക.ആദരണീയസ്ഥലികളില്‍ നിങ്ങളുടെ ഈ  നിലകൊള്ളല്‍ പാപബാധിതമാവാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ഇസ്ലാമിന്റെ സല്‍പ്പേര് നിലകൊള്ളുന്നത്. ഈ ആദരണീയസ്ഥലികളിലേക്കു തീര്‍ഥയാത്ര ചെയ്യുന്ന നിങ്ങളെ ലോകം മുഴുവന്‍ വീക്ഷിക്കുന്നു. മറ്റു ദേശങ്ങളിലെ മുസ്ലിംകളും നിങ്ങളെ വീക്ഷിക്കുകയും നിരീക്ഷിക്കുകയും നിങ്ങളുമായി കണ്ടുമുട്ടുകയും ചെയ്യുന്നുണ്െടന്നോര്‍ക്കുക. 
0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial