08 ഡിസംബർ 2011

ഒരു ഉമ്മയുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍


ഒരു ഉമ്മയുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍


കണ്ണൂര്‍ മൈതാനപിള്ളില്‍ വീടിന്റെ ഉമ്മറത്ത് കണ്ണീര്‍ തോരാത്ത ഒരു ഉമ്മയുണ്ട് .നമുക്കറിയാം നാലുപേര്‍ കാശ്മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റ്‌ മരിച്ചു എന്ന് പറയപ്പെടുംബോഴും ഉത്തരം കിട്ടാത്ത കുറെ ചോദ്യമുണ്ട് ..!! 
മകന്റെ മയ്യിത്ത് കാണേണ്ടന്നു പറഞ്ഞതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു ഉമ്മ. ഒരിക്കല്‍ ഈ ഉമ്മയുടെ ചിത്രം കേരളത്തിന്റെ ചുവരുകളില്‍ നിറഞ്ഞിരുന്നു 'ഇതു തീവ്രവാദികളുടെ നാടല്ല. രാജ്യദ്രോഹിയായ മകനെ കാണേണ്ടന്നു പറഞ്ഞ ഉമ്മയുടെ നാടാണിത്' എന്ന അടിക്കുറിപ്പോടെ. കശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ചതായി പറയപ്പെടുന്ന ഫയാസിന്റെ മാതാവ് സഫിയയാണ് ആ ഉമ്മ. നൊന്തുപെറ്റ മകന്റെ മൃതദേഹം പോലും കാണേണ്െടന്ന് ഈ മാതാവിനെക്കൊണ്ട് പറയിച്ചതെന്തായിരിക്കും? നെഞ്ചിലെരിയുന്ന നോവിന്റെ കനലിനെ കണ്ണീര്‍ കൊണ്ട് കെടുത്താന്‍ കഴിയാതെ ആ ഉമ്മ മനസ്സുതുറക്കുന്നു.



'എന്‍റെ മോനെ രാജ്യദ്രോഹിയാക്കിയതാര്?'

'എന്റെ മകന്‍ രാജ്യദ്രോഹിയാണെങ്കില്‍ എനിക്കവനെ കാണേണ്ട. അല്ലെങ്കില്‍ എനിക്കവനെ വേണം. എല്ലാവരും തീവ്രവാദിയെന്ന് ആണയിട്ടപ്പോള്‍ ഞാനും അവന്റെ മയ്യിത്ത് കാണേണ്ടന്നു പറഞ്ഞുവെന്നത് നേരാണ്. തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട ഒരു ചെറുപ്പക്കാരന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവരുമ്പോള്‍ നാട്ടിലുണ്ടായേക്കാവുന്ന അസ്വസ്ഥതകള്‍. പലരില്‍ നിന്ന് ഇതിന്റെ പേരിലുണ്ടായ സമ്മര്‍ദ്ദം. എന്റെ മകന്റെ മയ്യിത്ത് പോലും നാട്ടിലെ മുസ്ലിംകള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചിലരെന്നെ ഭയപ്പെടുത്തി. അങ്ങനെ ഉണ്ടാവരുതെന്ന് എനിക്കു നിര്‍ബന്ധമായിരുന്നു. അതുകൊണ്ടുമാത്രം അവനെ അവസാനമായി ഒരുനോക്കു കാണേണ്െടന്ന് ഉള്ളുരുകിക്കൊണ്ട് ഞാന്‍ തീരുമാനിച്ചു.''
പക്ഷേ, ഈ ഉമ്മമനസ്സില്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ട്. ഒരിക്കലും ഉത്തരം കിട്ടരുതെന്ന് ആരോ വാശിപിടിക്കുന്ന ചില ചോദ്യങ്ങള്‍:


മതവുമായി വലിയ ബന്ധമൊന്നുമില്ലാത്ത സാധാരണക്കാരനായൊരു ചെറുപ്പക്കാരന് മുസ്ലിം തീവ്രവാദിയും രാജ്യദ്രോഹിയുമാവാന്‍ 22 ദിവസത്തെ സമയം മതിയോ, എനിക്കറിയില്ല. 21 വയസ്സു വരെ അവനെ വളര്‍ത്തിവലുതാക്കി. പഠിക്കാനും ജോലിക്കുമൊന്നും അവനു താല്‍പ്പര്യമില്ലായിരുന്നു. ഒന്നിനും നിര്‍ബന്ധിച്ചിട്ടുമില്ല. ആരും അതുവരെ ഒരാക്ഷേപവും പറയാത്ത എന്റെ മോന്‍ ഒരുദിവസം കള്ളനായി ഒരു മാലമോഷണക്കേസില്‍. ചക്കരക്കല്ല് പോലിസ് രജിസ്റര്‍ ചെയ്ത കേസില്‍ അവനും കൂട്ടുകാരനും പിടിയിലായി. കൂട്ടുകാരനെക്കുറിച്ച് നാട്ടില്‍ വലിയ അഭിപ്രായമില്ലായിരുന്നുവെങ്കിലും ഫയാസിനെ ആരും മോഷ്ടാവെന്നു വിളിച്ചില്ല. എന്നിട്ടും അവന്‍ രണ്ടുമാസം ജയിലില്‍ കിടന്നു. 
പിന്നീടൊരു ദിവസം ഫൈസല്‍ എന്ന കൂട്ടുകാരന്‍ ഒരിടം വരെ പോവാനെന്നു പറഞ്ഞ് അവനെ വന്നു വിളിച്ചു. ആര് എവിടെ വിളിച്ചാലും അവരുടെയൊക്കെ കൂടെ ഫയാസ് പോവും. അതുപോലെ ഫൈസലിന്റെ ഒപ്പവും പോയി. പിന്നീടൊരു വിവരവുമില്ല. ഏക പെങ്ങള്‍ എന്നും അനുജനെ വിളിക്കും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്. 



 വേദനയേക്കാള്‍ വലിയ പേടി
അവന്‍ പോയി 22ാം നാള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പോലിസും ബോംബ് സ്ക്വാഡും വീടിനുള്ളിലേക്കു പാഞ്ഞുകയറി. അടുക്കളയിലും മുറികളിലുമെല്ലാം പരിശോധന നടത്തി. തുണികളും അലമാരയിലിരുന്ന സകലതും അവര്‍ വലിച്ചുവാരിയിട്ട് അരിച്ചുപെറുക്കി. ഇവിടെ നിന്ന് ഒന്നും കിട്ടിയില്ല. കാര്യമന്വേഷിച്ചപ്പോള്‍ മകന്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നു പറഞ്ഞു. പിന്നീടു ടി.വിയില്‍ കാണുന്നത് എടക്കാട് റിക്രൂട്ട്മെന്റ് കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ മൈതാനപിള്ളില്‍ ഫയാസ് ഉള്‍പ്പെടെ നാലുപേര്‍ കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന അമ്പരപ്പിച്ച വാര്‍ത്തയാണ്. 
'മകന്റെ മരണത്തില്‍ വേദനയേക്കാള്‍ എനിക്കു പേടിയാണുണ്ടായത്. രാജ്യദ്രോഹീന്റെ ഉമ്മാന്ന് കേള്‍ക്കുന്നത് വലിയ സങ്കടല്ലേ? നാട്ടുകാരും ടി.വിക്കാരും പത്രക്കാരുമൊക്കെ തീവ്രവാദിയുടെ ഉമ്മയെ കാണാനെത്തി. മകന്റെ മയ്യിത്ത് കാണണോയെന്നായി ചോദ്യം. പേടിക്കേണ്െടന്നും എല്ലാ സഹായവും ചെയ്യാമെന്നും പോലിസ് പറഞ്ഞു. എന്നാലും എന്റെ മകന്റെ മയ്യിത്ത് കണ്ട് നാട്ടിലെ മുസ്ലിംകള്‍ക്കൊരു അപകടോം ഉണ്ടാവരുതെന്ന് എനിക്കു തോന്നി. ശരിയാണ്; രാജ്യദ്രോഹിയാണെങ്കില്‍ മകന്റെ മയ്യിത്ത് കാണേണ്െടന്ന് ഞാന്‍ നെഞ്ചുപൊട്ടി പറഞ്ഞു. പിന്നെ അതായി വാര്‍ത്ത.'' 
പിന്നീടിവിടെ നടന്നതെന്താണ്? എന്റെ വലിയ ഫോട്ടോ നാടായ നാടാകെ ഒട്ടിച്ചു. 'ഇതു തീവ്രവാദികളുടെ നാടല്ല. രാജ്യദ്രോഹിയായ മകനെ കാണേണ്ടന്നു പറഞ്ഞ ഉമ്മയുടെ നാടാണിത്' ഇങ്ങനെ ഓരോ വാചകങ്ങള്‍ തിരഞ്ഞെടുപ്പിന്റെ സമയത്തൊക്കെ എഴുതിവച്ചു. ഈ തീവ്രവാദിയെന്നു പറഞ്ഞാല്‍ എന്താണെന്ന് ഇതുവരെ എനിക്ക് അറിയില്ല സഫിയ ഉമ്മ നെഞ്ചില്‍ കൈവച്ചു പറയുന്നു.
ഒരു ഉമ്മയുടെ നെഞ്ചിലെരിയുന്ന കനലുകളായ ഈ വാചകങ്ങള്‍ തിരഞ്ഞെടുപ്പുചര്‍ച്ചകളില്‍ ചൂടേറി. മുസ്ലിം സമുദായത്തിന്റെ ശബ്ദമാണ് ഉമ്മയുടെ വാക്കുകളെന്ന് മുസ്ലിംലീഗിന്റെ സമുന്നതനായ നേതാവ് വരെ ആവര്‍ത്തിച്ചു. ആറ്റുനോറ്റുണ്ടായ മകന്റെ മയ്യിത്ത് പോലും കാണേണ്െടന്നു ഭയന്നുവിറച്ച് പറയുന്ന ഈ ഉമ്മയുടെ വാക്കുകളോ മുസ്ലിം സമുദായത്തിന്റെ ശബ്ദമെന്ന സന്ദേഹം പലരിലുമുയര്‍ന്നെങ്കിലും എല്ലാവരും ഈ ഉമ്മയ്ക്കുവേണ്ടി നിശ്ശബ്ദത പാലിച്ചു. 

മരണ സര്‍ട്ടിഫിക്കറ്റ് എവിടെ?
'ഇപ്പൊ കേസന്വേഷണമൊക്കെ നടക്കുന്നുണ്ട്. ഇതുവരെ അവന്റെ മരണ സര്‍ട്ടിഫിക്കറ്റ് എനിക്കു കിട്ടിയിട്ടില്ല. ഡല്‍ഹീന്ന് വന്ന പോലിസിനോടു ചോദിച്ചപ്പോ കശ്മീരിലങ്ങനെ ഒരുപാട് പേരു മരിക്കുന്നുണ്െടന്നും സര്‍ട്ടിഫിക്കറ്റൊന്നും കിട്ടില്ലെന്നും പറഞ്ഞു. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലേ പഴയ മാലമോഷണക്കേസില്‍ ഫയാസിനെ ജാമ്യത്തിലറക്കാന്‍ കെട്ടിവച്ച 10,000 രൂപ എനിക്കു തിരിച്ചു കിട്ടൂ. കടം മേടിച്ചാണ് അന്നു ഞാനാ പണമുണ്ടാക്കിയത്. അതെനിക്കു തിരിച്ചുകിട്ടാന്‍ നിങ്ങള്‍ പത്രത്തിലൊന്ന് എഴുതാമോ?'' നിഷ്കളങ്കയായ ആ ഉമ്മയുടെ ചോദ്യം.
പത്രങ്ങളില്‍ വന്ന വിവരങ്ങളൊഴിച്ചാല്‍ ഈ ഉമ്മയ്ക്കു മറ്റൊന്നും മകനെക്കുറിച്ചറിയില്ല. 2008 ഒക്ടോബര്‍ 17നു കശ്മീരിലെ കുപ്വാരയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ഫയാസ്, തായത്തെരു ഫായിസ്, പരപ്പനങ്ങാടി അബ്ദുല്‍ റഹീം, വെണ്ണല മുഹമ്മദ് യാസീന്‍ എന്നിവര്‍ യഥാക്രമം ഏഴു മുതല്‍ 10 വരെയുള്ള പ്രതികളാണെന്നാണ് വാര്‍ത്ത വന്നത്. 


എന്‍.ഐ.എ. കുറ്റപത്രം പറയുന്നത്

2008 സപ്തംബര്‍ 14നു കണ്ണൂര്‍ നീര്‍ച്ചാലില്‍ കൂടിയ അവസാനത്തെ യോഗത്തിലാണ് ലശ്കറെ ത്വയ്യിബയുടെ പരിശീലനം നേടുന്നതിനു അഞ്ചുപേരെ കശ്മീരിലേക്ക് അയക്കുന്നതിനു തീരുമാനിച്ചതെന്ന് കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ കുറ്റപത്രത്തില്‍ എന്‍.ഐ.എ. പറയുന്നു. ഫയാസ്, ഫായിസ്, അബ്ദുല്‍ റഹീം, മുഹമ്മദ് യാസീന്‍, 15ാം പ്രതി തെയ്യാട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ സംഘടിപ്പിച്ച് കശ്മീരിലേക്കു കടന്നുവെന്നും ഇവരില്‍ നാലുപേര്‍ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും അബ്ദുല്‍ ജബ്ബാര്‍ രക്ഷപ്പെടുകയും ചെയ്തുവെന്നുമാണ് എന്‍.ഐ.എയുടെ ആരോപണം. 
തടിയന്റവിട നസീര്‍, മുഹമ്മദ് സാബിര്‍, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ റഹീം, കറുകപ്പള്ളി ബദറുദ്ദീന്‍, ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ ഗൂഢാലോചനയുടെ ഭാഗമായി 2008 സപ്തംബര്‍ 31നു ഹൈദരാബാദിലെത്തി. ഹൈദരാബാദിലെ ജാമിഅ നൂരിഷ ദര്‍ഗയില്‍ വച്ചാണ് ജമ്മുകശ്മീരിലേക്കു പോവുന്നതിനുള്ള ഗൂഢാലോചന നടത്തിയത്. ഏഴു മുതല്‍ 10 വരെയുള്ള പ്രതികളും 15ാം പ്രതിയും കശ്മീരിലെത്തുകയും ലശ്കറെ ത്വയ്യിബയില്‍ അംഗമാവുകയും ചെയ്തു. തുടര്‍ന്ന് ആയുധങ്ങള്‍ ലഭിച്ചു. ഇന്ത്യക്കെതിരേ യുദ്ധം ചെയ്യാന്‍ ആരംഭിച്ചപ്പോഴാണ് ഇന്ത്യന്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മലയാളികള്‍ കൊല്ലപ്പെട്ടത്. കശ്മീരിലെത്തിയ ഇവര്‍ ഒന്നാംപ്രതി അബ്ദുല്‍ ജലീലിനെ മൊബൈല്‍ ഫോണില്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് വിളിച്ചിരുന്നു. ഈ ഫോണ്‍ കാളുകള്‍ ചോര്‍ത്തിയെടുത്താണ് പിന്നീട് അബ്ദുല്‍ ജലീലിനെ അറസ്റ് ചെയ്യുന്നത്. 15ാം പ്രതി അബ്ദുല്‍ ജബ്ബാര്‍ കശ്മീരില്‍ നിന്നു രക്ഷപ്പെട്ടശേഷം പെരുമ്പാവൂരിലുള്ള വാദിയാത്ത് ആശുപത്രിയില്‍ അനൂപ് എന്ന പേരില്‍ ചികില്‍സയ്ക്കെത്തി. കേസിലെ 21ാം പ്രതി സൈനുദ്ദീന്‍ സ്ഫോടകവസ്തു നിര്‍മാണത്തില്‍ വിദഗ്ധനാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. ബാംഗ്ളൂരില്‍ നടന്ന സ്ഫോടനത്തില്‍ സ്ഫോടകവസ്തുക്കള്‍ നല്‍കിയതും സൈനുദ്ദീനാണത്രേ! കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹീമിന്റെ മരുമകനാണ് ഇയാളെന്നും എന്‍.ഐ.എ. പറയുന്നു. 
രാജ്യത്ത് കലാപങ്ങളുണ്ടാക്കുന്ന പാകിസ്താന്‍കാരനായ വാലിയുമായി കൂടിച്ചേര്‍ന്നു പ്രതികള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് എന്‍.ഐ.എയുടെ മറ്റൊരു കണ്െടത്തല്‍. അഞ്ചുപേരെ കശ്മീരിലേക്ക് അയക്കുന്നതിനുള്ള ചെലവു വഹിച്ചതും അയാള്‍ തന്നെ. ഇന്ത്യന്‍ പീനല്‍ കോഡിലെ 120 ബി, 121, 121 എ, 122, 124, 212, 465, 471, 34 എന്നിവയ്ക്കു പുറമെ യു.എ.പി.എ. ആക്റ്റ് വകുപ്പ് മൂന്ന്, 13(2), 16, 18, 19, 38, 39, 40 എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. 18 രേഖകളെക്കുറിച്ചും 43 സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങളും കുറ്റപത്രത്തിലുണ്ട്.


'പെറ്റമ്മയായി എന്നെയാരും കണ്ടില്ല'
'വലിയ പൈസയൊക്കെ ഈ തീവ്രവാദികള്‍ക്ക് കിട്ടുമെന്നാണ് പേപ്പറുകാരൊക്കെ പറയണത്. എന്റെ മോന്റെ കൈയില്‍ ഒരു നയാപൈസ ഞാന്‍ കണ്ടിട്ടില്ല. അവനെ ജാമ്യത്തിലിറക്കാന്‍ കൊടുത്ത 10,000 രൂപ എനിക്കിപ്പോ തിരിച്ചുകിട്ടിയെങ്കി എന്റെ കടം വീട്ടായിരുന്നു. എല്ലാ ഉമ്മമാരെയും പോലെ ഞാനും അവനെ വലിയ പ്രതീക്ഷയിലൊക്കെയാണ് വളര്‍ത്തിയത്. എന്റെ ഏകമകനാണവന്‍. അവന്റെ മയ്യിത്ത് പോലുമെനിക്ക് കാണേണ്െടന്നു ചങ്കുപൊട്ടിയാണ് ഞാന്‍ പറഞ്ഞതെന്ന് അറിയോ? അന്നെനിക്ക് പിന്തുണ നല്‍കുന്ന ആരുമുണ്ടായിരുന്നില്ല. എല്ലാവരും തീവ്രവാദിയുടെ ഉമ്മയായിട്ടാണ് എന്നെ കണ്ടത്. ഒരു പെറ്റമ്മയായി ആരുമെന്നെ കണ്ടില്ല'' സഫിയ ഉമ്മ തുടര്‍ന്നു.
'എന്റെ മോന്‍ മരിച്ചെന്നതിനു തെളിവായി പോലിസ് എന്നെ കാണിച്ചത് അവന്റെ ഒരു ഫോട്ടോയാണ്. അവന്‍ 22 ദിവസം മുമ്പു വീട്ടില്‍ നിന്നു പോവുമ്പോഴുള്ള രൂപത്തിലായിരുന്നില്ല അത്. കശ്മീരില്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ചുകിടക്കുന്നതെന്നു പറഞ്ഞാണ് ഫോട്ടോ കാണിച്ചത്. ഈ പാകിസ്താനിലെ ആളുകള്‍ ധരിക്കുന്നമാതിരിയുള്ള നീണ്ട ഉടുപ്പാണ് വസ്ത്രം. കൈയില്‍ ഒരു തോക്കുമായിട്ടാണ് മരിച്ചുകിടക്കുന്നത്. മുഖത്ത് മാത്രം രക്തം ഒലിച്ചിറങ്ങിയ പാടുണ്ട്. ഫോട്ടോ അവന്റെയാണെന്ന് വ്യക്തമാണ്. ഈ തോക്കുകൊണ്ട് പട്ടാളക്കാരെ വെടിവയ്ക്കാനൊക്കെ 22 ദിവസം കൊണ്ട് എന്റെ മോന്‍ പഠിച്ചോ? എന്തായിരിക്കും അവനു പറ്റിയത്. ഫയാസിനെ ഇവിടുന്ന് കൊണ്ടുപോയത് ഫൈസലാണ്. 
അവനോടു ചോദിച്ചാലറിയാലോ എങ്ങോട്ടാ പോയതെന്ന്. ഇവരുടെ കൂടെ കശ്മീരില്‍ വച്ച് പട്ടാളക്കാരോട് ഏറ്റുമുട്ടിയിട്ട് രക്ഷപ്പെട്ടുവെന്ന് പോലിസ് പറയുന്ന ജബ്ബാര്‍ പറയുന്നതെന്താണാവോ? ജബ്ബാറിനറിയാലോ എന്റെ മോന്‍ വല്ല കെണിയിലും പെട്ടതാണോയെന്ന്. അവന്റെ മാതിരി ഒത്തിരി മക്കളിങ്ങനെ മരിക്കണൊണ്േടാ? ഉണ്ടങ്കി എല്ലാ ഉമ്മമാരും എന്നെപ്പോലെ തീ തിന്നാവും ജീവിക്കണത്. അതോ എന്റെ മോന്‍ മരിച്ചിട്ടില്ലായിരിക്കോ? ഈ ലോകത്ത് അവനെവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്‍? എനിക്കിപ്പൊ ഒരു മോളു മാത്രമാണുള്ളത്. മക്കടെ ഉപ്പയും പോയി.'' 
സഫിയയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്േടാ? ഈ രാജ്യത്ത് എത്ര സഫിയമാര്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടാവാം. അവര്‍ക്കൊക്കെ വേണ്ടി ആര്‍ക്കാണ് സഫിയ സങ്കടഹരജി നല്‍കേണ്ടത്?

നന്ദി.. ഈ പോസ്റ്റ്‌ വായിച്ചതിനു ശേഷം താഴെ കാണുന്ന അഭിപ്രായ കോളത്തില്‍ നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാന്‍ മറക്കരുത്..





4 അഭിപ്രായങ്ങൾ:

  1. മലെഗവ് സ്ഫോടനത്തില്‍ പിടിക്കപെട്ട പ്രഗ്യ സിങ്ങിനിന്റെ പിതാവ് പറഞ്ഞത് ഞാന്‍ എന്റെ മകളില്‍ അഭിമാനം കൊള്ളുന്നു എന്നാണ് .......മകള്‍ ബീകരവാദി ആയതില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ അച്ഛനെ ക്കുറിച്ച് ഒരു മുത്തശി പത്രവും നവനക്കിയില്ല

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടെ മനോരമാ അടക്കമുള്ള മുത്തക്ഷി പത്രങ്ങള്‍ ഒന്നും അത് കാണുകയില്ല. എവിടെ നിരപരാതിയെ വേട്ടയാടാന്‍ പറ്റുമോ എന്ന് നോക്കി നടക്കുന്ന കഴുകന്മാര്‍ ആണ്

    മറുപടിഇല്ലാതാക്കൂ
  3. സഫിയയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്േടാ? ഈ രാജ്യത്ത് എത്ര സഫിയമാര്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടാവാം. അവര്‍ക്കൊക്കെ വേണ്ടി ആര്‍ക്കാണ് സഫിയ സങ്കടഹരജി നല്‍കേണ്ടത്?
    തികച്ചും ന്യായമായ ചോദ്യങ്ങള്‍.. എല്ലാവര്ക്കും തുല്യ നീതി എന്നാ ഭരണഘടനാവകാശം നിഷേധിക്കപ്പെടുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നുവെങ്കില്‍ അതിനു കാരണക്കാര്‍ ഇവിടെ ഭരിക്കുന്ന മേലാളന്മാര്തന്നെ..

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2:18 PM, ഡിസംബർ 11, 2011

    ponnumma,umma paranjille "ee theevravaadhi ennu paranjaal enthennariyillennu.ee irachu kayarunna police emanmarkko avarude melalanmarkko polum ariyilla,theevravaadham enthanennu.lokam muzhuvan theevravaadhathinu muslim ennaanennu judhanmar lokathe padippichu kazhinju.athettu padan muslim perulla kurachu judhanmar vereyum.muslimayathu kondanu theevravaadhi ennu parayunnathengil,alla,egadhaiva vshwasamaanu theevravaadhamengil,umma yude makaneppole oraayiram makkal iniyum thayyaranu theevravaadhiyakaan.umma vshamikkenda.shaheedinte prathifalam theerchayayum swargam mathramanathre.

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial