13 ഡിസംബർ 2011

മരണ ഡാം ???മരണ ഡാം ???

"ഇതിനൊരു പരിഹാരം കണ്േട തീരൂ. ഇനിയും ഇങ്ങനെ പേടിച്ചു കഴിയാനാവില്ല.'' 2001 ഫെബ്രുവരി 25ന് തന്റെ ആറാം വയസ്സില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം തേടി ചുട്ടുപൊള്ളുന്ന വെയിലില്‍ ടാര്‍ റോഡിലൂടെ വണ്ടിപ്പെരിയാര്‍ ടൌണില്‍ ശയനപ്രദക്ഷിണം നടത്തി താഴ്്വരയുടെ സമരത്തില്‍ പങ്കാളിയായ രേവതിയുടെ വാക്കുകള്‍ക്ക് ഇന്നു മൂര്‍ച്ചയേറുകയാണ്. ഇന്നവള്‍ക്കു 16 വയസ്സ്.
രേവതിയും      കാര്‍ത്തികയും 
 മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെ താഴ്വാരത്ത് വള്ളക്കടവ് കുരിശുമൂട്ടില്‍ പെരിയാര്‍ നദിക്കരയിലെ വീട്ടില്‍ ഭയാശങ്കകളോടെയാണ് പ്ളസ്ടുവിദ്യാര്‍ഥിയായ രേവതിയും ആറാം ക്ളാസില്‍ പഠിക്കുന്ന സഹോദരി കാര്‍ത്തികയും കഴിയുന്നത്. അച്ഛനെയും അമ്മയെയും തനിച്ചാക്കി സ്കൂളില്‍ പോവാന്‍ ഇവര്‍ മടിക്കുകയാണ്. 2006ല്‍ ജലനിരപ്പ് ഉയര്‍ന്നുനിന്ന സമയത്ത് മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന് സഹപാഠികള്‍ പറഞ്ഞതു കേട്ട് രേവതി ബോധം കെട്ടു വീണു.
രേവതിയും കാര്‍ത്തികയും മുല്ലപ്പെരിയാര്‍ താഴ്വരയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് കുരുന്നുകളുടെ പ്രതീകങ്ങള്‍ മാത്രമാണ്.
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ആദ്യം ഒലിച്ച് പോകുന്നത് ഈ ഗ്രാമമായിരിക്കും 

ആദ്യം ഒലിച്ചുപോവുന്നത് തമിഴ്കുടുംബം
2000ലാണ് സേവ് മുല്ലപ്പെരിയാര്‍വാലി ആക്ഷന്‍ കൌണ്‍സില്‍ പിറവിയെടുത്തത്. പിന്നീടങ്ങോട്ട് അതിജീവനത്തിനായി പ്രക്ഷോഭങ്ങളുടെ നിരവധി മുന്നേറ്റങ്ങള്‍ക്ക് ഈ സമിതി നേതൃത്വം കൊടുത്തു. ഒടുവില്‍ എങ്ങുമെത്താതെ ആ സമരങ്ങള്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍, ഇത്തവണ അതുണ്ടാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പുതിയ സമരസമിതി. മുല്ലപ്പെരിയാര്‍ ഡാം കേരളം ഉന്നയിക്കുന്നതു പോലെ അപകടത്തിലല്ല. സുരക്ഷിതമാണെന്ന വാദവുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും തമിഴ്നാട്ടിലെ രാഷ്ട്ട്രീയഉദ്യോഗസ്ഥവൃന്ദങ്ങളും വാദിക്കുമ്പോഴും അണക്കെട്ട് തകര്‍ന്നാല്‍ ഒലിച്ചുപോവുന്നവരില്‍ ആദ്യത്തെ കുടുംബം തമിഴ്നാട്ടില്‍ നിന്നു കുടിയേറിയ രാമയ്യ-മരിയപുഷ്പം ദമ്പതികളാവാം.
പോസ്റ്റല്‍ വകുപ്പില്‍നിന്നു പെന്‍ഷനായ രാമയ്യയുടെ ഒരു മകനും മകളും തമിഴ്നാട്ടിലെ തിരുനല്‍വേലിയിലും രാജപാളയത്തുമാണു കഴിയുന്നത്. മറ്റൊരു മകള്‍ കരടിക്കുഴിയിലും. മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥ സംബന്ധിച്ച് പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വീടു പൂട്ടി തമിഴ്നാട്ടിലേക്കു വരാന്‍ രാമയ്യയെ മക്കള്‍ നിര്‍ബന്ധിക്കുകയാണ്. പക്ഷേ, വര്‍ഷങ്ങളായി ജീവിച്ച നാടും നാട്ടാരെയും വിട്ടു പോവാന്‍ രാമയ്യക്കു മനസ്സില്ല. മരിക്കുകയാണെങ്കില്‍ ഈ നാട്ടുകാരോടൊത്ത് അത് ആവാം എന്നു രാമയ്യയും ഭാര്യയും തീരുമാനിച്ചു കഴിഞ്ഞു.


ജോലിയും വിവാഹവും മുടങ്ങുന്നു
'പേടിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. പക്ഷേ, ഞങ്ങളുടെ ഭയപ്പാടും വികാരവും ജയലളിതയ്ക്കോ തമിഴ്വികാരം ഉയര്‍ത്തുന്ന വൈക്കോയ്ക്കോ അറിയില്ല' -മരിയപുഷ്പം പറയുന്നു. വംശീയപോരാട്ടം അരങ്ങു തകര്‍ത്ത ശ്രീലങ്കയില്‍ നിന്നു പലായനം ചെയ്ത് വള്ളക്കടവിലെ വനംവകുപ്പ് ചെക്ക്പോസ്റ്റിന് സമീപം കുടിയേറി പാര്‍ക്കുന്ന പൊന്‍നഗര്‍ കോളനിയിലെ മുരുകമ്മയ്ക്കും പറയാനുള്ളത് ഇതുതന്നെ. ഡാം പൊട്ടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയതോടെ കോളനിയിലെ പുരുഷന്‍മാര്‍ ആരും തന്നെ ജോലിക്കോ പുറത്തോ പോവാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. മക്കളെയും ഭാര്യയെയും മാതാപിതാക്കളെയും തനിച്ചാക്കി പോവാന്‍ മനസ്സു വരുന്നില്ല. അതോടെ പല കുടുംബങ്ങളിലും തീ പുകയുന്നത് വല്ലപ്പോഴുമായി മാറി.
"ആര് അണൈ കെട്ട്ണാലും പെറവായില്ലൈ, പുതിയ അണൈ എപ്പോഴത് വരുമെന്ററ് കാത്തിരിക്ക മുടിയാത്. അണയൈ പൊളിച്ച്  എങ്കള്‍ ഭയത്തൈ നിക്ക വേണ്ടും.'' മുരുകമ്മയുള്‍പ്പെടെയുള്ള കോളനി നിവാസികള്‍ക്ക് ആവശ്യപ്പെടാനുള്ളത് ഈ ഒറ്റ കാര്യം മാത്രമാണ്.
ഭയത്തിനു മുന്നില്‍ ഇവിടെ തമിഴനും മലയാളിയുമെന്ന വ്യത്യാസമില്ല. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുക്കും. അതു വരെ അണക്കെട്ടിലെ ജലനിരപ്പ് 110 അടിക്കു താഴെ നിര്‍ത്തുക. ഇതിനൊന്നും കഴിയില്ലെങ്കില്‍ ഡാം പൊളിച്ചു കളയണം- ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി പ്രവര്‍ത്തകനും തീരദേശത്തെ താമസക്കാരനുമായ പി.എന്‍ സെബാസ്റ്യന്‍ പറയുന്നു. ഇതു തന്നെയാണ് വള്ളക്കടവിലെ സമരസമിതി ചെയര്‍മാന്‍ കെ.കെ. തങ്കച്ചനും കണ്‍വീനര്‍ റെജിമാത്യുവിനും പറയാനുള്ളത്. ഉറക്കം നഷ്ടമായ തീരവാസികളുടെ ഭയപ്പാടില്ലാത്ത ജീവിതത്തിനായുള്ള സമരത്തില്‍ നിന്ന് ഇനി ഒരടി പിന്നോട്ടില്ലെന്ന് വണ്ടിപ്പെരിയാര്‍ പൌരസമിതിക്ക് നേതൃത്വം നല്‍കുന്ന ഹാജി നൌഷാദ് വാരിക്കാട്ട് ഉറപ്പിച്ചുകഴിഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുമെന്ന ആശങ്ക വര്‍ധിച്ചതോടെ താഴ്വരയില്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹങ്ങള്‍ പോലും മുടങ്ങുകയാണെന്ന് വള്ളക്കടവ് നിവാസിയും സമരത്തില്‍ സജീവമായി നില്‍ക്കുന്ന ഷാജി കുരിശുംമൂട് പറയുന്നു.


1804 ദിവസം പിന്നിട്ട് സമരം...
ഉപ്പുതറയ്ക്കു സമീപം കുട്ടിക്കാനം - കട്ടപ്പന സംസ്ഥാനപാതയ്ക്കരികില്‍ പെരിയാറിന്റെ തീരത്ത് 2006 ഡിസംബര്‍ 25ന് ഒരു സമരപ്പന്തലുയര്‍ന്നു- ഭയപ്പാടില്ലാതെ ജീവിക്കാന്‍ പുതിയ ഡാമെന്ന ആവശ്യവുമായി. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ഇപ്പോള്‍ അഞ്ചാണ്ട് തികയുകയാണ്. പുതിയ ഡാം പണിതുയര്‍ത്തിയ ശേഷമേ സമരപ്പന്തല്‍ പൊളിക്കൂവെന്ന നിശ്ചയത്തിലാണ് സമരസമിതി നേതാക്കളായ പ്രഫ. സി.പി റോയിയും ഫാ. ജോയി നിരപ്പോലും സാബു വേങ്ങവേലിയും. എല്ലാ ദിവസവും സമരപ്പന്തലില്‍ ഉപവാസമിരിക്കാന്‍ ആളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ ഇടുക്കിയും മുല്ലപ്പെരിയാറും കുലുങ്ങി വിറച്ചതോടെ ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ അനിശ്ചിതകാല നിരാഹാരസമരത്തിലാണ്. ജനങ്ങളുടെ വികാരം ഏറ്റെടുത്ത് ജനപ്രതിനിധി ഇ.എസ് ബിജിമോള്‍ എം.എല്‍.എയും സമരപ്പന്തലില്‍ നിരാഹാര സമരത്തിലാണ്. 'ഞങ്ങള്‍ സമരം നടത്തുന്നത് ആരെയും തോല്‍പ്പിക്കാനല്ല. 35 ലക്ഷം ജനങ്ങളുടെ ജീവനു വേണ്ടിയുള്ള സമരമാണിത്. ലക്ഷ്യം കണ്േട ഇത് അവസാനിക്കൂ'.
കാലഹരണപ്പെട്ട ഒരു കരാറിന്റെ പുറത്ത് ദുരന്തം ചുമക്കുകയാണ് നാമിന്ന്. 1872ലെ ഇന്ത്യന്‍ കോണ്‍ട്രാക്റ്റ് ആക്റ്റ്് അനുസരിച്ച് പെരിയാര്‍ പാട്ടക്കരാര്‍ ഒരു കരാര്‍ ഉടമ്പടിയേയല്ല. ഭീഷണിക്കു വഴങ്ങി ഒപ്പിട്ട രേഖ മാത്രമാണ്. താഴ്വരയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം സി. അച്യുതമേനോനും അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണെന്ന് ചരിത്രം ചികഞ്ഞാല്‍ മനസ്സിലാവും. 1970 മെയ് 29ന് അച്യുതമേനോന്‍ സര്‍ക്കാര്‍ തമിഴ്നാടുമായി ഒപ്പിട്ട കരാറിന്റെ ബലത്തിലാണ് തമിഴ്നാട് പിടിമുറുക്കുന്നത്. പക്ഷേ, ഇച്ഛാശക്തിയും നട്ടെല്ലുമുള്ള ഒരു സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ ഈ കരാര്‍ അപ്രസക്തമാവുമായിരുന്നു. 1956ലെ സംസ്ഥാന പുനസ്സംഘടന നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് 1957 നവംബറിന് മുമ്പ് കരാറുകള്‍ പുതുക്കിയിരിക്കണം. കൂടാതെ അത്തരത്തില്‍ ഉണ്ടാക്കുന്ന കരാറുകള്‍ക്ക് നിയമനിര്‍മാണ സഭയുടെ അംഗീകാരവും നേടിയിരിക്കണം. നമ്മുടെ നിയമസഭ 1970ലെ കരാറിന് ഇന്നു വരെ അംഗീകാരം നല്‍കിയിട്ടില്ലെന്നതാണ് സത്യം. അതു കൊണ്ട് തന്നെ അച്യുതമേനോന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. പക്ഷേ, തമിഴ്നാടിനെ വരുതിക്ക് കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ നിയമം ഉപയോഗിക്കാമെന്നിരിക്കെ കേരളം മാറി മാറി ഭരിച്ച ഒരു മന്ത്രിസഭയും അതിന് തയ്യാറായിട്ടില്ല.

ഭ്രംശമേഖലയില്‍ മര്‍ദ്ദം കൂടുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ കൂടുതല്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യത വര്‍ധിച്ചതായി തിരുവനന്തപുരം ഭൌമശാസ്ത്ര പഠനകേന്ദ്രം തലവന്‍ ഡോ. ജോണ്‍മത്തായി പറയുന്നു. ഭൌമാന്തര്‍ഭാഗത്ത്് സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തുകൂടി കടന്നുപോവുന്ന കടൈയനല്ലൂര്‍ - തേക്കടി വിള്ളലുകളില്‍ ചലനങ്ങള്‍ സജീവമായി നില്‍ക്കുന്നു. ഇതുവഴി ശക്തമായ ഭൂകമ്പങ്ങള്‍ക്ക് സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇതു ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ഡോ. ജോണ്‍മത്തായി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ ചെറുതും വലുതുമായ 28 ഭൂകമ്പങ്ങളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ഭ്രംശമേഖലയിലുമായി സംഭവിച്ചത്. അഞ്ചു തീവ്രതയ്ക്കു മുകളില്‍ ഒരു ഭൂകമ്പം ഉണ്ടായാല്‍ പിന്നീട് ലോകം വലിയൊരു ദുരന്തത്തിനു സാക്ഷിയാകേണ്ടിവരും.  
1200 അടി നീളവും 155 അടി ഉയരവുമുള്ള 115 വര്‍ഷം പിന്നിടുന്ന അണക്കെട്ട് കാലപ്പഴക്കം മൂലം നിര്‍മാണവസ്തുക്കള്‍ ഒലിച്ചുപോയി മൃതുപ്രായനായി കഴിയുകയാണ്. അടിത്തട്ടിന്റെ സ്ഥിതി 136 അടി സംഭരണ ശേഷി നിശ്ചയിച്ചിട്ടുള്ള ഡാമില്‍ വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. നിലവില്‍ അണക്കെട്ടിന്റെ അവസ്ഥ എന്തെന്ന് ആര്‍ക്കുമറിയില്ല. 1200 അടി നീളത്തില്‍ വിള്ളലുണ്െടന്ന സി.എം.ആര്‍.എസ് മുന്‍ ചീഫ് എന്‍ജിനീയര്‍ എസ്. ശശിധരന്റെ റിപോര്‍ട്ട് മാത്രമാണ് നമുക്കു മുന്നിലുള്ളത്.
അണക്കെട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ അടി ഭാഗത്തെ പാളികളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം മൂലം നേരിയ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം ഭൂചലനങ്ങള്‍ കണ്െടത്താന്‍ അണക്കെട്ടിനു ചുറ്റും ഭൂകമ്പമാപിനികള്‍ സ്ഥാപിച്ച് നിരീക്ഷിക്കണം. കൂടാതെ അണക്കെട്ടിലെ മര്‍ദ്ദവ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ പല ഉപകരണങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍, അത്തരം സംവിധാനങ്ങളൊന്നും തന്നെ മുല്ലപ്പെരിയാറിലില്ല. ഇനി ഇവ സ്ഥാപിച്ചാലും നമുക്കിത് നേരിട്ടു പരിശോധിക്കാനാവില്ല. തമിഴ്നാട് തരുന്ന വിവരങ്ങള്‍ അതേപടി വിഴുങ്ങുകയേ മാര്‍ഗമുള്ളൂ. വര്‍ഷങ്ങളായി അണക്കെട്ടില്‍ നിന്ന് ചോരുന്ന വെള്ളത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പോലും കേരളത്തിനു ലഭ്യമല്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ ചോര്‍ച്ച കണ്ടിരുന്നു. 1896 ഫെബ്രുവരി മാസം പണി പൂര്‍ത്തിയാക്കി അണക്കെട്ടിലെ ജലനിരപ്പ് 116 അടിയായപ്പോള്‍ 0.18 ക്യുബിക്ക്/ സെക്കന്റ് ചോര്‍ച്ച ഉണ്ടായിരുന്നു. ജലനിരപ്പ് 142 അടി ആയപ്പോള്‍ ഇത് നാലിരട്ടിയായി വര്‍ധിച്ചു. നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കി മിശ്രിതത്തിലെ ചുണ്ണാമ്പ് വെള്ളവുമായി അലിഞ്ഞുണ്ടായ ഒലിച്ചിറങ്ങലുകളാണ് ചോര്‍ച്ചയ്ക്കു കാരണം. മുല്ലപ്പെരിയാര്‍ ഡാമില്‍ ചൂഴ്ന്നിറങ്ങുന്ന വെള്ളത്തില്‍ 40% ത്തിലേറെ ചുണ്ണാമ്പ് കണ്െടത്തിയിട്ടുണ്ട്. 50 വര്‍ഷത്തനിടയില്‍ നടത്തിയ കണക്കെടുപ്പില്‍ 1500 ടണ്‍ മിശ്രിതം ഒലിച്ചുപോയതായി കണ്െടത്തി. എന്നാല്‍, ബലപ്പെടുത്തലിന്റെ ഭാഗമായി നടത്തിയ ഗ്രൌട്ടിങില്‍ 500 ടണ്‍ ഗ്രൌട്ട് മാത്രമേ കയറ്റാന്‍ കഴിഞ്ഞിട്ടുള്ളൂ. അണക്കെട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗം ഇപ്പോള്‍ വെറും കല്ലടുക്കുകള്‍ മാത്രമാണ്. ഇപ്പോഴും വിള്ളലുകളിലൂടെ സുര്‍ക്കി മിശ്രിതം ഗണ്യമായി തന്നെ ഒലിച്ചിറങ്ങി നഷ്ടപ്പെടുന്നുണ്ട്. അണക്കെട്ട് പരിസരത്ത് പെട്ടെന്നുണ്ടാവുന്ന ഉരുള്‍പ്പൊട്ടല്‍ കാരണം കനത്ത മഴയില്‍ ജലനിരപ്പ് ഒറ്റ രാത്രി കൊണ്ട് 10 അടിവരെ ഉയര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രതിഭാസം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്െടന്നാണ് മുന്‍ കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍ എം.കെ പരമേശ്വരന്‍ നായര്‍ പറയുന്നത്.
240 അടി നീളവും 56 അടി ഉയരവുമുള്ള ബേബിഡാമും വലിയൊരു ഭീഷണിയിലാണ്. അടിത്തട്ടിലൂടെ ശക്തമായ ചോര്‍ച്ച തുടരുന്നു. ഭ്രംശമേഖലയില്‍ നില്‍ക്കുന്ന ബേബിഡാം ദുര്‍ബലമാണെന്ന് തമിഴ്നാട് തന്നെ സമ്മതിച്ചതാണ്. മുല്ലപ്പെരിയാറിനോളം പഴക്കമുള്ള ബേബിഡാം ജലവിതാനം 115 അടിക്കു മുകളിലെത്തുന്നതിനെ തടഞ്ഞുനിര്‍ത്താനാണ് നിര്‍മിച്ചത്. നിലവിലെ സ്ഥിതിയില്‍ പെട്ടെന്നുള്ള വെള്ളത്തിന്റെ തള്ളിച്ചയില്‍ ബേബി ഡാം തകരാന്‍ സാധ്യതയുണ്ട്. ബേബി ഡാമിന്റെ അടിയില്‍ നിന്ന് ഊറിവരുന്ന ജലത്തിന്റെ ശക്തിയും അളവും പഠനത്തിന് വിധേയമാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2001ല്‍ നടത്തിയ പഠനത്തില്‍ കണ്െടത്തിയതിനെക്കാള്‍ കൂടുതലാണ് നിലവിലെ ചോര്‍ച്ചയുടെ സ്ഥിതി.
ഇടുക്കിക്ക് പുറമെ എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളും ദുരന്തത്തിന്റെ പരിധിക്ക് അകത്താണ്. പക്ഷേ, താഴ്വരയിലെ ആദ്യഗ്രാമമായ വള്ളക്കടവ് മുതല്‍ ഉപ്പുതറവരെയുള്ള പ്രദേശത്ത് മാത്രമേ പ്രതിഷേധത്തിന്റെ ശക്തമായ അലയടികള്‍ ഉയരുന്നുള്ളൂ. മറ്റു ജില്ലകളിലെ ജനങ്ങള്‍ക്ക് ഇതിലൊന്നും താല്‍പ്പര്യമില്ല. മുല്ലപ്പെരിയാറിന്റെ തകര്‍ച്ച ഇടുക്കി അണക്കെട്ടിന്റെ കൂടി തകര്‍ച്ചയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോലും ഒന്നിച്ചുനില്‍ക്കാന്‍ നമ്മുടെ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനാവുന്നില്ല. നാം നാടുകടത്തിയ ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ മുല്ലപ്പെരിയാര്‍ വീണ്െടടുക്കാനായി കാട്ടിയ ആര്‍ജവം പോലും നമ്മുടെ ജനകീയ സര്‍ക്കാരുകള്‍ക്കില്ല. ജീവന്‍മരണ പോരാട്ടമാണ് ഇന്നു താഴ്വരയില്‍ നടക്കുന്നത്. എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ച് കേരളം ഉണര്‍ന്നാല്‍ 35 ലക്ഷം മനുഷ്യജീവിതങ്ങളെ ബാധിക്കുന്ന ഒരു ദുരന്തത്തെ തടഞ്ഞുനിര്‍ത്താനാവും.  
0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial