01 ജനുവരി 2012

കുരങ്ങന് പറ്റിയ അമളി.. ചതിയന്‍മാര്‍ സൂക്ഷിക്കുക...


കുരങ്ങന് പറ്റിയ അമളി.. ചതിയന്‍മാര്‍ സൂക്ഷിക്കുക...



കാട്ടിലെ കുറുക്കനു ചങ്ങാതിയായി കിട്ടിയത് ഒരു കുരങ്ങനെയായിരുന്നു. സ്വഭാവത്തിന്റെ കാര്യത്തില്‍ അവര്‍ തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നെങ്കിലും കൂട്ടുകൂടാന്‍ മറ്റാരെയും ലഭിക്കാത്തതിനാല്‍ ഇരുവരും ചങ്ങാതിമാരായിത്തന്നെ കഴിഞ്ഞു. 


ഒരു ദിവസം രാവിലെ കുരങ്ങനും  കുറുക്കനും ഭക്ഷിക്കാന്‍ വല്ലതും കിട്ടാനുണ്േടാ എന്നു തിരക്കി നടക്കുകയായിരുന്നു. അപ്പോഴതാ, ഒരു സംഘം ആളുകള്‍ അവര്‍ക്കു മുമ്പിലൂടെ കടന്നുപോവുന്നു. 
അവര്‍ ആരാണെന്നറിയാന്‍ കുറുക്കനും കുരങ്ങനും ആഗ്രഹമുണ്ടായി. അതാ ആളുകള്‍ക്കു മുന്നില്‍ ഒരു വധുവും വരനും. 
"ഇതേതോ കല്യാണമാണ്''- കുറുക്കന്‍ പറഞ്ഞു. 
കൌശലക്കാരനായ കുരങ്ങന്‍ പറഞ്ഞു: "നോക്കൂ ചങ്ങാതീ, അവരുടെ കൈവശം പലഹാരങ്ങളും കരിമ്പുമൊക്കെ ധാരാളമുണ്ട്. നമുക്കൊരു കാര്യം ചെയ്യാം: മറഞ്ഞുനിന്നു കടുവയുടെയും സിംഹത്തിന്റെയുമൊക്കെ ശബ്ദമുണ്ടാക്കി അവരെ പേടിപ്പിക്കാം. അപ്പോള്‍ കൈയിലുള്ള വസ്തുക്കള്‍ ഉപേക്ഷിച്ച് അവര്‍ ഓടിപ്പോയ്ക്കൊള്ളും. പിന്നീടു നമുക്കവ എടുത്തു ഭക്ഷിക്കാം.''
"അതു വേണോ?'' കുറുക്കന്‍ ചോദിച്ചു. പിന്നെ സുഹൃത്തായ കുരങ്ങനെ പിണക്കേണ്െടന്നു കരുതി സമ്മതിക്കുകയും ചെയ്തു. 
കല്യാണക്കാര്‍ അടുത്തെത്തി. കുറുക്കനും കുരങ്ങനും ഒരു പാറയ്ക്കു പിന്നില്‍ മറഞ്ഞുനിന്നു സിംഹത്തിന്റെയും കടുവയുടെയുമൊക്കെ ശബ്ദങ്ങളുണ്ടാക്കി. അവര്‍ പ്രതീക്ഷിച്ചതുപോലെത്തന്നെ സംഭവിച്ചു. കൈയിലുള്ള സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു കല്യാണക്കാര്‍ ഓടടാ ഓട്ടം. വധുവും വരനുമൊക്കെ രണ്ടുവഴിയെയാണ് ഓടിയത്. ആ കാഴ്ച കണ്ടു കുരങ്ങന്‍ തലതല്ലിച്ചിരിച്ചു. 
അവര്‍ പോയശേഷം രണ്ടുപേരും ഇറങ്ങിവന്ന് ഉപേക്ഷിച്ച സാധനങ്ങളെല്ലാം പെറുക്കിക്കൂട്ടി, പാറയ്ക്കു പിന്നില്‍ കൊണ്ടുവച്ചു. 


കുരങ്ങന്‍ അത്യാഗ്രഹിയായിരുന്നല്ലോ. കുരങ്ങന്‍ ആലോചിച്ചു: എന്റെ ബുദ്ധിയാണല്ലോ ഇതിനു പിന്നില്‍. അപ്പോള്‍ മുഴുവനും എനിക്കവകാശപ്പെട്ടതാണ്. പഴവും കരിമ്പും പലഹാരങ്ങളുമൊക്കെ താന്‍ തന്നെ ശാപ്പിടും. അതിനായി കുരങ്ങന്‍ പണിയൊപ്പിച്ചു. 
കുരങ്ങന്‍ കുറുക്കനോടു പറഞ്ഞു: "ചങ്ങാതീ, ഇതെല്ലാം ഇവിടെത്തന്നെ വച്ചിരുന്നാല്‍ ആളുകളെ കൂട്ടിവന്ന് ഓടിപ്പോയവര്‍ ഇവിടെ അന്വേഷിക്കും.'' 
"പിന്നെ എന്തു ചെയ്യും?'' നിഷ്കളങ്കനായ കുറുക്കന്‍ ചോദിച്ചു.
കുരങ്ങന്‍ പറഞ്ഞു: "അതാ, ആ കാണുന്ന വലിയ മരമില്ലേ, നമുക്ക് ഇതെല്ലാം അതിന്റെ മുകളില്‍ കയറ്റിവയ്ക്കാം. എന്നിട്ടു ഞാനതിന്റെ മുകളില്‍ കയറി രണ്ടു വീതം വച്ചു നിന്റെ ഓഹരി താഴേക്കു തരാം.'' 
പരിപാടി കൊള്ളാമെന്നു കുറുക്കനും തോന്നി. 


കുറുക്കന്‍ പഴങ്ങളും കരിമ്പും മധുരപലഹാരങ്ങളുമൊക്കെ മരത്തിനു മുകളിലേക്കു കയറ്റാന്‍ കുരങ്ങനെ സഹായിച്ചു. ഉച്ചയായപ്പോഴേക്കും അവര്‍ സാധനങ്ങളെല്ലാം മരത്തിനു മുകളിലെത്തിച്ചു. 
മരത്തിനു മുകളിലിരുന്നു കുരങ്ങന്‍ പഴക്കുലയില്‍ നിന്നു പഴം  ഓരോന്നായി ഉരിഞ്ഞെടുത്തു തൊലി നീക്കി ഭക്ഷിക്കാന്‍ തുടങ്ങി. പിന്നെ "ഇതാ നിന്റെ പങ്ക്'' എന്നു പറഞ്ഞു തൊലി കുറുക്കന് എറിഞ്ഞുകൊടുക്കും. പഴത്തൊലി കുറുക്കന്‍ എന്തു ചെയ്യാന്‍? ഒരു കുല പഴം മുഴുവന്‍ കുരങ്ങന്‍ അകത്താക്കി. 
കുറേക്കഴിഞ്ഞു കുരങ്ങന്‍ കരിമ്പ് ഓരോന്നായെടുത്തു ചവച്ചുതിന്നാന്‍ തുടങ്ങി. ബാക്കിയായ ചണ്ടി താഴേക്കിട്ട് "ഇതാ നിന്റെ പങ്ക്'' എന്നു പറഞ്ഞു. മധുരപലഹാരങ്ങളും അതുപോലെത്തന്നെ. ഒടുവില്‍ മരത്തിന്റെ മുകളില്‍ ചാരിക്കിടന്ന്  ഉറങ്ങാന്‍ തുടങ്ങി. 


കുറുക്കനു വല്ലാത്ത വിഷമം തോന്നി; വിശപ്പും. താന്‍ അത്രയധികം വിശ്വസിച്ച ചങ്ങാതി ഇങ്ങനെ കബളിപ്പിക്കുമെന്ന് അവന്‍ സ്വപ്നേപി വിചാരിച്ചതല്ല.
ഏതായാലും കുറുക്കന്‍ തിന്നാന്‍ വല്ലതും ലഭിക്കുമോയെന്നു നോക്കി കാട്ടില്‍ നടന്നു. അങ്ങനെയിരിക്കെ കുറേക്കാലത്തിനുശേഷം ഒരു നാള്‍ കുറുക്കന്‍ കുരങ്ങനെ കണ്ടുമുട്ടി. അപ്പോള്‍ കുറുക്കന്‍ പെരുമ്പറയുടെ ആകൃതിയില്‍ രൂപപ്പെട്ട ഒരു കടന്നല്‍ക്കൂടിനു സമീപം നില്‍ക്കുകയായിരുന്നു.
കുരങ്ങന്‍ ചങ്ങാത്തം നടിച്ചു കുറുക്കനോടു ചോദിച്ചു: "ഇതെന്താണ്?'' 
പെരുമ്പറയുടെ ആകൃതിയില്‍ രൂപപ്പെട്ട കടന്നല്‍ക്കൂടു കണ്ടു കുരങ്ങന്‍ ഇപ്രകാരം ചോദിച്ചപ്പോള്‍, അത്യാഗ്രഹിയും വഞ്ചകനുമായ കുരങ്ങനെ ഒന്നു കബളിപ്പിക്കണമെന്നു കുറുക്കന്‍ തീര്‍ച്ചപ്പെടുത്തി.
കുറുക്കന്‍ പറഞ്ഞു: "ചങ്ങാതീ, ഇതു രാജാവിന്റെ പെരുമ്പറയാണ്. ഞാനാണ് ഇപ്പോള്‍ ഇതിനു കാവല്‍നില്‍ക്കുന്നത്.''
പെരുമ്പറ കണ്ടപ്പോള്‍ കുരങ്ങന് അതിലൊന്നു കൊട്ടി ശബ്ദം കേള്‍ക്കാന്‍ അതിയായ ആഗ്രഹം തോന്നി. അവന്‍ ചോദിച്ചു: "രാജാവ് വരുംമുമ്പ് ഈ പെരുമ്പറയില്‍ ഞാനൊന്നു കൊട്ടിനോക്കട്ടേ?''
"തീര്‍ച്ചയായും. ഞാന്‍ എന്തെങ്കിലും കഴിച്ചിട്ടു വരുന്നതുവരെ നീ പെരുമ്പറയില്‍ കൊട്ടിക്കൊള്ളൂ!'' 
അത്രയും പറഞ്ഞു കുറുക്കന്‍ വേഗം സ്ഥലം വിട്ടു.
രണ്ടു മരത്തടികളെടുത്തു കുരങ്ങന്‍ പെരുമ്പറയാണെന്നു ധരിച്ചു കടന്നല്‍ക്കൂടില്‍ കൊട്ടിയതും കടന്നലുകള്‍ ഒന്നിച്ചിളകി അവനെ കുത്താന്‍ തുടങ്ങി. കുരങ്ങന്‍ എത്ര അലറിക്കരഞ്ഞിട്ടും കുറുക്കന്‍ അവിടേക്കു വന്നതേയില്ല. 




മറ്റൊരിക്കല്‍ നായ്ക്കരിമ്പ് ഒന്നാംതരം കരിമ്പാണെന്നു പറഞ്ഞും കുറുക്കന്‍ കുരങ്ങനെ പറ്റിച്ചു പകരം വീട്ടി. 
ഇനി ഏതായാലും കുറുക്കന്റെ വലയില്‍ വീഴില്ലെന്നും തരംകിട്ടിയാല്‍ അവനെ അപായപ്പെടുത്തണമെന്നും നിശ്ചയിച്ചു കുരങ്ങന്‍ നടക്കുകയായിരുന്നു. അപ്പോഴതാ ഒരു കിണറിനു മുകളില്‍ കെട്ടിയ വലിയ ചിലന്തിവലയില്‍ നോക്കിക്കൊണ്ടു കുറുക്കനിരിക്കുന്നു. കുരങ്ങന്‍ ലോഹ്യം നടിച്ചുകൊണ്ടു ചോദിച്ചു: "അല്ല ചങ്ങാതീ, നീ എന്താണ് ഈ കിണറ്റിനരികിലിരിക്കുന്നത്?''
കുറുക്കന്‍ പറഞ്ഞു: "നീ കണ്ടില്ലേ? രാജാവിന്റെ ഓമനയായ രാജകുമാരിക്ക് ആടിത്തിമര്‍ക്കാനുള്ള ആട്ടുകട്ടിലാണിത്. അതില്‍ മറ്റാരും കേറി ആടാതിരിക്കാന്‍ എന്നെ കാവല്‍ നിര്‍ത്തിയതാണ്. ഇതില്‍ കയറി ആടുന്നയാള്‍ കാട്ടിലെ രാജാവായിത്തീരുമെന്നാണു പഴമക്കാര്‍ പറയുന്നത്.'' 
"അങ്ങനെയോ!'' കുരങ്ങനു വലിയ താല്‍പ്പര്യമായി. 
"എങ്കിലൊന്ന് ഈ ആട്ടുകട്ടിലില്‍ കയറി ആടാന്‍ നീ എന്നെ അനുവദിക്കൂ''- കുരങ്ങന്‍ യാചിച്ചു.
കുറുക്കന്‍ പറഞ്ഞു: "അയ്യോ! അതു പറ്റില്ല. രാജാവ് അറിഞ്ഞാല്‍ എന്റെ തല പോയതുതന്നെ.''
രാജാവ് അറിയാന്‍ പോകുന്നില്ലെന്നും തന്നെ സഹായിക്കണമെന്നും കുറുക്കനോട് കുരങ്ങന്‍ കേണപേക്ഷിച്ചു. ഒടുവില്‍ കുറുക്കന്‍ സമ്മതിച്ചു. 


സമ്മതം കിട്ടിയതോടെ കുരങ്ങന്‍ കിണറിനു മീതെ വിരിച്ച 'ആട്ടുകട്ടിലി'ലേക്ക് ഒരു ചാട്ടം!
പിന്നെ എന്തു സംഭവിച്ചുവെന്നോ? ചിലന്തിവല ആട്ടുകട്ടിലാണെന്നു വിചാരിച്ചു ചാടിയ മണ്ടന്‍ കുരങ്ങന്‍ കിണറ്റില്‍ വീണു ചത്തു. 
കൂട്ടുകാരേ, എല്ലാവരെയും ചതിക്കുന്നവനെ വീഴ്ത്താന്‍ ഒരാള്‍ക്കെങ്കിലുമാവും. ആലോചിക്കാതെ പ്രവര്‍ത്തിക്കരുതെന്നു സാരം.
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

6 അഭിപ്രായങ്ങൾ:

  1. ഈ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഇതൊരു ഗുണപാഠമാണ്,,ബിനുമോന്‍ (s/o ameer vadakara)

    മറുപടിഇല്ലാതാക്കൂ
  2. ഇഷ്ടപ്പെട്ടു ഈ കുട്ടിക്കഥ...

    മറുപടിഇല്ലാതാക്കൂ
  3. കുട്ടി കഥ കൊള്ളാം....ഗുണപാഠമുള്ള കഥ... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  4. ഗുണപാഠം ഉള്ള കുട്ടിക്കഥ വളരെ ഇഷ്ടപ്പെട്ടു. താങ്കള്‍ക്ക് ഈ രംഗത്ത്‌ തിളങ്ങാം എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial