20 ഫെബ്രുവരി 2012

മഅദനിയുടെ മക്കള്‍ക്കു പറയാനുള്ളത്




ആദ്യമായി മാന്യവായനക്കാരോട് പറയാനുള്ളത് ഈ ലേഖനം നിര്‍ബന്ധമായും  മുഴുവനും വായിക്കുക. 




ബാംഗ്ളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കാണാന്‍ പോയി വെളുപ്പിനു വന്നിട്ടേ ഉണ്ടായിരുന്നുള്ളു ഭാര്യ സൂഫിയാ മഅ്ദനിയും കുട്ടികളും. തുടര്‍ച്ചയായ യാത്രകളും മാനസികസംഘര്‍ഷങ്ങളും കൂടിയായപ്പോള്‍ നല്ല പനിയുമായാണ് അവര്‍ തിരിച്ചെത്തിയത്. വിശ്രമിക്കുന്ന ഉമ്മയ്ക്കു മരുന്നുനല്‍കാനൊരുങ്ങുകയാണ് ഇളയമകന്‍ സലാഹുദ്ദീന്‍ അയ്യൂബി. 
കലൂര്‍ ദേശാഭിമാനി റോഡിലുള്ള മഅ്ദനിയുടെ വീടായ 'അല്‍അബ്റാറി'ലേക്കു കയറിച്ചെല്ലുമ്പോള്‍ കാണുന്നത് ഇതാണ്. ആരവങ്ങളൊക്കെ കെട്ടടങ്ങി നിശ്ശബ്ദമായ വീട്. ഇപ്പോള്‍ നിരന്തരം ഫോണ്‍ ശബ്ദിക്കുന്നില്ല, തിരക്കുകളില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് 'എക്സ്ക്ളൂസീവുകള്‍' സൃഷ്ടിച്ച് റേറ്റിങ് കൂട്ടാനും നിറംപിടിപ്പിച്ച സെന്‍സേഷന്‍ സ്റോറികള്‍ എഴുതാനുമുള്ള ആയുധം അകത്താണല്ലോ. ആര്‍ക്കും ഉറക്കമൊഴിച്ച് കാത്തുകിടക്കേണ്ട. ഇന്ന് ആ ഉമ്മയും കുട്ടികളും തനിച്ച്. നേരത്തേ കാണാനുള്ള അനുവാദം വാങ്ങിച്ചിരുന്നെങ്കിലും പത്രത്തില്‍നിന്നു നിങ്ങളോടു സംസാരിക്കാനാണ് വന്നതെന്നു കൂടെയുണ്ടായിരുന്ന എ.എം. നദ്വി പരിചയപ്പെടുത്തിയപ്പോള്‍ മൂത്തമകന്‍ ഉമര്‍ മുഖ്താറും സലാഹുദ്ദീനും പരസ്പരം നോക്കുന്നുണ്ട്. അതുവേണോ എന്ന അര്‍ഥത്തില്‍. പത്രക്കാരെ ഇന്നവര്‍ക്കു പേടിയാണ്. എന്താണ് എഴുതിവിടുന്നതെന്ന് വാര്‍ത്ത വായിച്ച ശേഷമല്ലാതെ പറയാന്‍ കഴിയില്ല. 


പത്രപ്രവര്‍ത്തകരില്‍നിന്നു കൂടുതലും ദുരനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നു പറഞ്ഞുകൊണ്ടാണ് ഉമര്‍ സംസാരം തുടങ്ങിയത്. ഇത്തവണ ജയിലില്‍ വാപ്പച്ചിയെ കാണാന്‍ പോയപ്പോഴും പല പത്രപ്രവര്‍ത്തകരും ഇന്റര്‍വ്യൂ ആവശ്യപ്പെട്ടു വന്നിരുന്നു. കൂട്ടത്തില്‍ എത്തിയ പ്രമുഖ ആംഗലേയ പത്രത്തിന്റെ മലയാളിയായ റിപോര്‍ട്ടര്‍ക്ക് കാര്യമായി അറിയേണ്ടിയിരുന്നത് മഅ്ദനിയുടെ മക്കളായി ജനിച്ചതില്‍ ദുഃഖമുണ്േടാ എന്നു മാത്രമായിരുന്നു.'' ഇപ്പോഴും മഅ്ദനിയെ സന്ദര്‍ശിക്കാന്‍ രാജ്യദ്രോഹികളായ പലരും എത്തുന്നുണ്ട്. അവരെ പൊതുസമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടേണ്ടതു ഞങ്ങളുടെ ബാധ്യതയാണ്'' -പത്രപ്രവര്‍ത്തനത്തിനൊപ്പം പോലിസിന്റെ പണികൂടിയുണ്െടന്ന രീതിയിലായിരുന്നു ലേഖകന്റെ സംസാരം. മഅ്ദനിക്കു സുപ്രിംകോടതി ജാമ്യം നിഷേധിച്ച വിവരം അന്വേഷിക്കാനെത്തി ജാമ്യം കിട്ടാത്തതില്‍ ഖേദപ്രകടനം നടത്തി തിരിച്ചുപോയതായിരുന്നു ജയില്‍ ഉദ്യോഗസ്ഥരില്‍ പ്രമുഖനായ ഒരാള്‍. പിറ്റേദിവസം ഒരു ഇംഗ്ളീഷ് പത്രത്തിന്റെ ബാംഗ്ളൂര്‍ എഡിഷനില്‍ വന്ന വാര്‍ത്ത അദ്ഭുതമുളവാക്കുന്നതായിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട വിവരം അറിഞ്ഞ് മഅ്ദനി ജയില്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും സാധനങ്ങള്‍ വലിച്ചെറിഞ്ഞു ബഹളമുണ്ടാക്കുകയും ചെയ്തുവത്രേ! ഇങ്ങനെ നിരന്തരം അപവാദങ്ങള്‍ പ്രചരിപ്പിച്ചു മറ്റുള്ളവര്‍ക്കിടയില്‍ ഭീകരമുദ്രചാര്‍ത്തി ഈ മനുഷ്യനെ വേട്ടയാടാന്‍ ബോധപൂര്‍വം ആരോ ശ്രമിക്കുന്നതുപോലെയാണ് പല ദേശീയപത്രങ്ങളിലും മഅ്ദനിയെക്കുറിച്ചു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.


1998 മാര്‍ച്ച് 31ന് എറണാകുളത്തെ വസതിയില്‍നിന്ന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പോലിസ് മഅ്ദനിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മൂത്ത മകന്‍ ഉമര്‍മുഖ്താറിനു നാലുവയസ്സ്. കുട്ടിക്കാലത്ത് എപ്പോഴും ഭക്ഷണംകഴിക്കാന്‍ ടേബിളിന്റെ മുകളില്‍ കയറി ഇരിക്കാറായിരുന്നു പതിവ്. അങ്ങനെ വാപ്പച്ചിയോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലിസെത്തുന്നത്. അനുജന്‍ സലാഹുദ്ദീന്‍ ആറുമാസം പ്രായമുള്ള കുട്ടി. തൊട്ടിലില്‍ ഉറങ്ങുകയായിരുന്നു. വാപ്പച്ചിയെ കൊണ്ടുപോവുമ്പോള്‍ വാവിട്ടു കരഞ്ഞ ഉമ്മച്ചിയുടെയും സലാഹുദ്ദീന്റെയും മുഖം ഇപ്പോഴും ഉമറിനു മറക്കാനാവുന്നില്ല. കുട്ടികള്‍ക്കു വാപ്പച്ചിയെക്കുറിച്ചുള്ള ഓര്‍മകള്‍ തുടങ്ങുന്നത് കോയമ്പത്തൂര്‍ ജയിലില്‍ നിന്നാണ്. വാപ്പച്ചിയുടെ വ്യക്തതയുള്ള മുഖവും സംസാരങ്ങളുമൊക്കെ ആദ്യം കാണുന്നതും കേള്‍ക്കുന്നതും ഇരിമ്പഴികള്‍ക്കിപ്പുറത്തു നിന്നുകൊണ്ടാണ്. തെക്കന്‍കേരളത്തിലെ മിക്ക മുസ്ലിംകുടുംബങ്ങളിലും നിധിപോലെ ഒരുകാലത്തു സൂക്ഷിച്ചുവച്ചിരുന്ന വാപ്പച്ചിയുടെ പ്രസംഗങ്ങളുടെ കാസറ്റ് ഞങ്ങള്‍ ആദ്യം കേള്‍ക്കുന്നതും വാപ്പച്ചി ജയിലിലായിരിക്കെയാണ്- സലാഹുദ്ദീന്‍ പറഞ്ഞു.


അബ്ദുന്നാസിര്‍ മഅ്ദനിയുടെ മക്കളാണെന്നു മറ്റുള്ളവരോടു പരിചയപ്പെടുത്തുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത ഈ കുരുന്നുകളെ പലരും നോക്കുന്നത് തീവ്രവാദികളെ നേരില്‍ക്കണ്ട നടുക്കത്തോടെയും ചിലര്‍ സഹതാപത്തോടെയുമാണ്. ഇത് വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കാന്‍ തുടങ്ങിയപ്പോള്‍ അറിയുന്നവരോടല്ലാതെ മഅ്ദനിയുടെ മകനാണെന്നു ബോധപൂര്‍വം പറഞ്ഞു പരിചയപ്പെടുത്താന്‍ ശ്രമിക്കാതായി.
അഞ്ചാംവയസ്സുമുതല്‍ ബോര്‍ഡിങ്ങില്‍നിന്നു പഠനം ആരംഭിച്ചവരാണു രണ്ടുപേരും. പലപ്പോഴും ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് ഓടി ഒളിക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. മൈസൂരില്‍ ഒരു ഇസ്ലാമികസ്ഥാപനത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഉമര്‍ മുഖ്താര്‍. അപ്പോഴാണ് മൈസൂരില്‍നിന്നു മലയാളിയായ 'പാക്പൌരന്‍' പോലിസ് പിടിയിലാവുന്നത്. പിന്നീട് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. അപവാദവ്യവസായം നടത്തി ജനങ്ങളെ ഭീതിയിലാക്കുന്ന മാധ്യമക്കണ്ണുകള്‍ തനിക്കുനേരെയും തിരിയാന്‍ സാധ്യതയുണ്െടന്നു മനസ്സിലാക്കി പഠനം ഉപേക്ഷിച്ചുപോരാന്‍ ഉപദേശിക്കുകയായിരുന്നു അഭ്യൂദയകാംക്ഷികള്‍. ഉമറിന്റെ പേഴ്സില്‍ ഒരിക്കല്‍ മഅ്ദനിയുടെ ഫോട്ടോ കണ്ട സഹപാഠികളിലൊരാള്‍ ചോദിച്ചു: 'ഇതുപോലുള്ള തീവ്രവാദികളുടെ ഫോട്ടോയാണോ സ്വന്തം പേഴ്സില്‍ കൊണ്ടുനടക്കുന്നത്' എന്നായിരുന്നു. സ്വന്തം പിതാവിനെക്കുറിച്ച ഇത്തരം കുത്തുവാക്കുകള്‍ക്കും അപവാദങ്ങള്‍ക്കും നിരവധി തവണ ഈ മക്കള്‍ക്കു ചെവികൊടുക്കേണ്ടിവന്നിട്ടുണ്ട്. ഒരിക്കല്‍ ശ്രീനാരായണ ഗുരുവിന്റെ മതേതര കാഴ്ചപ്പാട് ക്ളാസില്‍ അവതരിപ്പിച്ച അധ്യാപകന്‍ നാരായണഗുരുവിന്റെ തത്ത്വങ്ങളില്‍നിന്നു നേരെ എത്തിയത് ഇസ്ലാമിക തീവ്രവാദത്തിലേക്കാണ്. അതു പിന്നീട് 'കേരളം തീവ്രവാദികളുടെ നാട്' എന്നു പറഞ്ഞുപ്രചരിപ്പിച്ച നുണക്കഥകളിലേക്കും സ്വാഭാവികമായി മഅ്ദനിയിലേക്കുമെത്തി. അന്ന് ആ അധ്യാപകന്റെ മനസ്സും നേരിട്ടറിഞ്ഞു. 


തനിക്ക് ആറു വയസ്സുള്ളപ്പോള്‍ കോയമ്പത്തൂര്‍ ജയിലില്‍ വാപ്പച്ചിയെകാണാന്‍ പോയപ്പോഴുണ്ടായ ദുരനുഭവം സലാഹുദ്ദീനിപ്പോഴും ഓര്‍ക്കാന്‍ പേടിയാണ്.
സാധാരണ ജയിലില്‍ കാണാന്‍ പോവുമ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു സിംകാര്‍ഡ് ഊരിയെടുത്തശേഷം പോലിസുകാരുടെ കൈയില്‍ ഫോണ്‍ ഏല്‍പ്പിക്കാറാണു പതിവ്. പതിവുപോലെ അതു ചെയ്തെങ്കിലും അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ എന്ന പോലിസ് ഉദ്യോഗസ്ഥന്‍ സിംകാര്‍ഡും ഏല്‍പ്പിക്കണമെന്നു നിര്‍ബന്ധിച്ചു ബഹളമുണ്ടാക്കി. "സിംകാര്‍ഡ് ഏല്‍പ്പിക്കാന്‍ കഴിയില്ല. അതുനിങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ഞങ്ങള്‍ എങ്ങനെ അറിയാനാണ്''-സൂഫിയ പോലിസ് ഉദ്യോഗസ്ഥനോടു തിരിച്ചുചോദിച്ചു. ഉമ്മയോടൊപ്പം പോയി വാപ്പച്ചിയെ കണ്ടു മടങ്ങിവരുമ്പോള്‍ ഗേറ്റിനുമുന്നില്‍ വലിയ പോലിസ്പരിവാരം സൂഫിയയെയും കുട്ടികളെയും തടഞ്ഞു. കള്ളക്കേസ് ചുമത്തുമെന്നു ഭീഷണിപ്പെടുത്തി. പിടിവലിക്കിടയില്‍ ആറു വയസ്സുകാരന്‍ സലാഹുദ്ദീനെ പോലിസ് എടുത്തെറിഞ്ഞു. അവനു നെറ്റിയില്‍ മുറിവുപറ്റി. കൂടെയുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകരാരോ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മലയാളിപത്രപ്രവര്‍ത്തകര്‍ ഓടിയെത്തി കോയമ്പത്തൂര്‍ പ്രസ്ക്ളബില്‍ പത്രസമ്മേളനം നടത്താന്‍ സൌകര്യമൊരുക്കുകയായിരുന്നു. 


വാപ്പച്ചി കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലത്തു ബന്ധുക്കള്‍പോലും വീട്ടിലേക്കുവരുന്നതു വളരെ അപൂര്‍വമായിരുന്നു. എങ്ങനെ വരാനാണ്. തമിഴ്നാട് പോലിസ് വാഹനങ്ങളില്‍വന്നു പലപ്പോഴും എറണാകുളത്തെ വീടിനടുത്ത് ക്യാംപ് ചെയ്യുമായിരുന്നു. മഅ്ദനിയോടും കുടുംബത്തോടും പൊതുസമൂഹത്തിനു മാനസികമായ അകല്‍ച്ച സൃഷ്ടിക്കലായിരുന്നു ലക്ഷ്യം. 
ആയിരത്തി ഒരുനൂറ്റി പതിനൊന്നു ദിവസമാണ് വാപ്പച്ചി ജയില്‍മോചിതനായി കേരളത്തിലുണ്ടായിരുന്നതെന്നു സലാഹുദ്ദീന്‍ കൃത്യമായി എണ്ണിവച്ചിരിക്കുന്നു. സങ്കടവും കണ്ണീരും വിഹ്വലതയും കൊണ്ടലങ്കരിച്ച ജീവിതത്തില്‍ സ്വന്തം പിതാവിന്റെ ലാളനകള്‍ കിട്ടിയ ദിനങ്ങള്‍ എങ്ങനെ എണ്ണിത്തിട്ടപ്പെടുത്താതിരിക്കും! 
മഅ്ദനി വീണ്ടും ജയിലിലായത് തളര്‍ന്നുകിടക്കുന്ന മഅ്ദനിയുടെ ഉപ്പയെ അറിയിച്ചിരുന്നില്ല. പത്രവാര്‍ത്തകളിലൂടെ വിവരം അറിഞ്ഞപ്പോള്‍ ആ പിതാവിന് അതു താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. അവസാനം സുപ്രിംകോടതി ജാമ്യം നിഷേധിച്ച കാര്യം അറിയിക്കാതെ വാര്‍ത്ത വന്നദിവസങ്ങളിലെ പത്രങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. 


ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ടു വാപ്പച്ചിയുടെ കേസന്വേഷിക്കുന്ന പോലിസുദ്യോഗസ്ഥരിലൊരാള്‍ വാപ്പച്ചിയോടു നേരിട്ടുപറഞ്ഞു: "നിങ്ങള്‍ ഈ കേസില്‍ നിരപരാധിയാണെന്നു ഞങ്ങള്‍ക്കറിയാം. പക്ഷേ, ഞങ്ങള്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണ്. പൂര്‍വജന്മത്തില്‍ ഒരാള്‍ചെയ്ത പാപത്തിനുള്ള പ്രതിഫലം അടുത്തജന്മത്തിലാണ് അനുഭവിക്കുക. അതുപോലെ കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ ഞങ്ങള്‍ക്കെതിരേ നടത്തിയ പ്രസംഗങ്ങള്‍ക്കുള്ള ശിക്ഷയായി ഇതിനെ കണ്ടാല്‍ മതി.'' 
നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത് എന്ന കാര്യത്തില്‍ നമ്മുടെ നീതിന്യായവ്യവസ്ഥയുടെ സ്രഷ്ടാക്കള്‍ വളരെയധികം ശ്രദ്ധാലുക്കളായിരുന്നു. ശിക്ഷിക്കപ്പെടുന്നവര്‍ അപരാധിയോ നിരപരാധിയോ എന്നു നിര്‍ണയിക്കുന്നേടത്ത് അന്വേഷണോദ്യോഗസ്ഥര്‍ തികഞ്ഞ മുന്‍വിധികളോടെയും വംശീയവിരോധത്തോടെയും പ്രവര്‍ത്തിക്കുന്നുവെന്നാണ് മേലുദ്ധരിച്ച അനുഭവത്തില്‍നിന്നു നമുക്കു വായിക്കാന്‍ കഴിയുന്നത്. ഒന്‍പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ നരകയാതന അനുഭവിച്ച് നിരപരാധിയെന്നു കണ്ടു വിട്ടയക്കപ്പെട്ടയാളാണ് മഅ്ദനി. വീണ്ടും മറ്റൊരു ആരോപണത്തിന്റെ പേരില്‍ അന്യസംസ്ഥാനത്തു പീഡിപ്പിക്കപ്പെടുന്നു. പൌരന്മാരുടെ സരുക്ഷ ഭരണകൂടത്തിന്റെ പ്രഥമ കര്‍ത്തവ്യമായാണ് ഏതു നാഗരികതയും എക്കാലവും കണക്കാക്കിയത്. പക്ഷേ, ഭരണകൂടം തന്നെ അന്ധമായ വിദ്വേഷത്തിന്റെ പ്രകടിതരൂപമായി മാറുമ്പോള്‍ സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്.


ഒരു കുറ്റവാളിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അതില്‍ തിരുത്തലുകള്‍ വരുത്താന്‍ പാടില്ലെന്നാണു നിയമം. വാപ്പച്ചിയുടെ കാര്യത്തില്‍ ഓരോ പ്രാവശ്യവും കുറ്റപത്രത്തില്‍ തിരുത്തലുകള്‍ നടത്തിക്കൊണ്േടയിരിക്കുന്നു- ഉമര്‍ പറഞ്ഞു. എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ അത്യാസന്ന നിലയില്‍ കഴിഞ്ഞ ഒരാളാണ് ബാംഗ്ളൂരില്‍ ചെന്നു മഅ്ദനിക്കെതിരായി സാക്ഷിമൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ഓരോ പ്രാവശ്യവും ജാമ്യാപേക്ഷ കോടതിയിലെത്തുമ്പോഴും പുതിയ പുതിയ 'തെളിവുകളു'മായി പ്രോസിക്യൂഷനും മഅ്ദനിക്കെതിരേകോടതിയിലെത്തുന്നു. അടിയന്തരാവസ്ഥ അവസാനിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ജനങ്ങള്‍ അതു മറക്കുകയും ചെയ്തു. എന്നാല്‍, അടിയന്തരാവസ്ഥയുടെ പ്രേതങ്ങളിപ്പോഴും ജനാധിപത്യത്തിന്റെ ഇടനാഴികളില്‍ അലഞ്ഞുനടക്കുന്നുവെന്നുവേണം കരുതാന്‍. ഭരണകൂടങ്ങളൊരുക്കുന്ന കള്ളറകളിലാണ് അതു പത്തിതാഴ്ത്തി വിശ്രമിക്കുന്നത്. എപ്പോഴാണോ അവസരം കിട്ടുന്നത്, അപ്പോള്‍ അതു പുറത്തുചാടുന്നു. ഇത്തരം പരുഷമായ സത്യങ്ങള്‍ പൊതുസമൂഹത്തോടു വിളിച്ചു പറയാന്‍ ധൈര്യപ്പെടുന്നവര്‍ എന്നും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാവുകയുമാണ്.
തമിഴ്നാട് ബസ് കത്തിച്ചെന്ന കേസ് ചുമത്തി ഉമ്മച്ചിയെ പോലിസ് പിടിച്ചുകൊണ്ടുപോവുമ്പോള്‍ വാവിട്ടു നിലവിളിക്കാനല്ലാതെ ഈ കുരുന്നുകള്‍ക്കാവുമായിരുന്നില്ല. അതിജീവനത്തിന്റെ അഗ്നിപരീക്ഷകളില്‍ പിടിച്ചുനില്‍ക്കാനും ആവുംവിധം ചെറുത്തുനില്‍ക്കാനും ചങ്കൂറ്റത്തോടെ പഠിച്ചുതുടങ്ങിയിരിക്കുന്നു ഇപ്പോള്‍ ഇവരും; തിക്തമായ അനുഭവങ്ങളില്‍നിന്നു നേടിയെടുത്ത മനക്കരുത്തുമായി.
ഇപ്രാവശ്യം ജയിലില്‍ വാപ്പച്ചിയെ കാണാന്‍ പോയപ്പോള്‍ വാപ്പച്ചി അവസാനമായി പറഞ്ഞു: "എന്നെപ്പോലെ ആയിരത്തഞ്ഞൂറോളം മുസ്ലിംചെറുപ്പക്കാര്‍ തടവുകാരായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നുണ്ട്. അവര്‍ ചെയ്ത തെറ്റെന്തെന്ന് അവര്‍ക്കറിയില്ല. എന്നെക്കുറിച്ചന്വേഷിക്കാനും എന്റെ കേസ് നടത്താനും ഒരുപാട് നല്ല മനുഷ്യര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, അവര്‍ക്കതുപോലും ലഭിക്കുന്നില്ല. അതുകൊണ്ട് എന്റെ കാര്യത്തില്‍ വിഷമിക്കരുത്.''


'ഇതുപോലെ ഭരണകൂടം അപരാധമുദ്രചാര്‍ത്തി ജയിലിലടച്ച പച്ചമനുഷ്യരുടെ കേസ് വാദിക്കാനായി നല്ലൊരു വക്കീലാവാനാണ് ആഗ്രഹം'- ഉമര്‍ പറഞ്ഞുനിര്‍ത്തി. പോയകാലങ്ങളിലെ ഇരുളില്‍നിന്ന് അവര്‍ കൊരുത്തെടുത്ത നിശ്ചയദാര്‍ഢ്യം വരുംകാലത്തിനു നിറവെളിച്ചമാവട്ടെ എന്നു മനസ്സാ ആശംസിച്ചുകൊണ്ട് ഞങ്ങളെഴുന്നേറ്റു.
ഈ മക്കള്‍ക്കു നമ്മുടെ രാജ്യവും പൊതുസമൂഹത്തിന്റെ നിസ്സംഗതയും ഒത്തുചേര്‍ന്നു നല്‍കിയ അനാഥത്വത്തിന്റെ അറ്റമില്ലാത്ത വേദനകള്‍ ഇനിയുമാഘോഷിച്ചു മതിവരാത്തവര്‍ക്കായി അവരുടെ ജീവിതം ഇനിയും നമുക്കു കരുതിവയ്ക്കാം.

7 അഭിപ്രായങ്ങൾ:

  1. ഇവിടെ എന്ത് അഭിപ്രായം പറയണമെന്ന് അറിയില്ല മജീദുഭായ്

    മറുപടിഇല്ലാതാക്കൂ
  2. ഇനി ഒരു മഅദനി ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ഥിക്കാം.

    മറുപടിഇല്ലാതാക്കൂ
  3. തമിഴ്നാട് ജയിൽവാസം കഴിഞ്ഞുവന്ന മദനി തീവ്രദാദം നന്നല്ലെന്ന് തന്റെ അനുഭവങ്ങളിലൂടെ പഠിച്ചുവെന്നും ഇനി അത്തരം ചിന്തകളിലേയ്ക്കോ പ്രവൃത്തികളിലേയ്ക്കോ തിരിച്ചുപോകില്ലെന്നും എല്ലാവരും സമാധാനത്തോടെ വർത്തിക്കണമെന്നും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തിരുവനന്തപുരം ജില്ലയിൽ ഒരിടത്ത് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മുൻ കാലത്ത് ആശയപരവും വിശ്വാസപരവുമായി താൻ ചെയ്തുവെന്നു സ്വയം കരുതുന്ന തെറ്റുകൾക്കൊരു പ്രായച്ഛിത്തം എന്ന നിലയിൽ കുറച്ചുകാലം തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു നടക്കാനെങ്കിലുമുള്ള അവസരം ഇവിടുത്തെ നീതിപീഠങ്ങൾ നിരന്തരം മദനിയ്ക്ക് നിഷേധിക്കുകയാണ്. അഥവാ താൻ എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷകൾ മാനസികമായും ശാരീരികമായും മദനിയും കുടുംബവും അനുഭവിച്ചുകഴിഞ്ഞു. എന്നിട്ടും മദനിയ്ക്ക് നീതി നിഷേഷിക്കുന്നതിനെതിരെ ശബ്ദിക്കാൻ അത്ര ആൾബലമൊന്നുമില്ലാത്ത ചില മനിഷ്യവകാശ കൂട്ടയ്മകൾ മാത്രമേ ഇപ്പോൾ തയാറാകുന്നുള്ളൂ. മുസ്ലിങ്ങളുടെ മൊത്തംൻ സംരക്ഷകരെന്നു സ്വയം അവകാശപ്പെട്ടു നടക്കുന്ന മുസ്ലിം സംഘടനകളോന്നും മദനിയുടെ മോചനത്തിനായി ഇന്ന് ഒരു തുള്ളി വിയർപ്പും ഒഴുക്കുന്നുമില്ല, ഒരു വാക്കുപോലും മിണ്ടുന്നുമില്ല. ഇവിടെ നിരീശ്വരവാദികളടകമുള്ള ഏതാനും മനുഷ്യാവകാശപ്രവർത്തകർ മാത്രം മദനിയ്ക്കെതിരെയുള്ള നിതി നിഷേധത്തിനെതിരെ ദുർബലമായ ശബ്ദമെങ്കിലും മുഴക്കുന്നുള്ളൂ. എല്ലാ മതസ്ഥരും അംഗങ്ങളും നേതാക്കളുമായുള്ള മദനിയുടെ പാർട്ടിയായ പി.ഡി.പി ഇന്നു ദിർബലമെങ്കിലും മദനിയെ സ്നേഹിക്കുന്ന സധാരണക്കാരായ മുസ്ലിങ്ങളുടെ സംഖ്യ അത്ര ചെറുതല്ലെന്ന് യാഥാർത്ഥ്യം ആരും കാണാതെ പോകരുത്. ഇത് ഈയുള്ളവൻ കേവലമൊരു മദനി വിഷയമായി മാത്രം കാണുന്നില്ല. ഇന്നു മദനി, നാളെ മറ്റൊരാൾ! കേരളത്തിലെ പ്രബല രാഷ്ട്രീയപാർട്ടികൾക്ക് ഇക്കാര്യത്തിൽ ചില പരിമിതികൾ ഉണ്ടെന്ന് മനസിലാക്കി ഈ വിഷയം ഏറ്റെടുത്ത് സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ മദനിയുടെ മോചനത്തിനായുള്ള പരിശ്രമം ആരിൽ നിന്നെങ്കിലുമൊക്കെ ഉണ്ടാകണം. മദനിയിലെ തെറ്റും ശരിയുമൊക്കെ അദ്ദേഹം ജയിൽമോചിതനാക്കിയ ശേഷവും ചർച്ച ചെയ്യാവുന്നതാണ്. ഇത്രയും മദനിയെ അനുകൂലിച്ചെഴുതിയ ഞാൻ ഒരു പി.ഡി.പിക്കരനോ മതഭക്തനോ മദനിഭക്തനോ ഒന്നുമാണെന്ന് ഒരു തെറ്റിദ്ധാരണയും ആർക്കും വേണ്ട. അസ്ഥിയിൽ പിടിച്ച മാർക്സിസ്റ്റ് എന്നൊക്കെ പറയില്ലേ? അതുതന്നെ ഞാൻ. തനി മാർക്സിസ്റ്റുകാരൻ! (ഇതിനുമുമ്പും മദനി വിഷയത്തിൽ ഈയുള്ളവന്റെ അഭിപ്രയം പലയിടത്തും രേഖപ്പെടുത്തിയിട്ടുള്ളതാണ്)

    മറുപടിഇല്ലാതാക്കൂ
  4. "തെക്കന്‍കേരളത്തിലെ മിക്ക മുസ്ലിംകുടുംബങ്ങളിലും നിധിപോലെ ഒരുകാലത്തു സൂക്ഷിച്ചുവച്ചിരുന്ന വാപ്പച്ചിയുടെ പ്രസംഗങ്ങളുടെ കാസറ്റ്"

    വിഷഗര്‍ഭം പേറുന്ന ഒരു അസാദാരണ നികൃഷ്ട ജന്തുവാണ് അയാള്‍. അയാളന്ന് ബീജാവാപം ചെയ്ത അണ്ഡങ്ങള്‍ പൊട്ടിവിടര്‍ന്നാണ് നസീറും,സര്‍ഫരാസും കാശ്മീരില്‍ ചത്ത വിഷജന്തുക്കളുമടക്കം സകലയെണ്ണവും ജന്മമെടുത്തത്. എങ്കിലും മനുഷ്യനായി പരിവര്‍ത്തനം ചെയ്യപ്പെടാന്‍ അയാള്‍ക്ക് അല്പംകൂടി സാവകാശം ഭരണകൂടവും നീതിന്യായവ്യവസ്ഥിതിയും കൊടുക്കണം എന്ന് എനിക്ക് തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍12:46 PM, മാർച്ച് 16, 2012

    ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നവനാണ്‌ .. ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇങ്ങനെ ജയിലില്‍ ഇടാന്‍ കഴിയുമോ ?? എനിക്കങ്ങനെ തോന്നുനില്ല ! .. ഒരു കാലത്ത് അയാള്‍ വളര്‍ത്താന്‍ ശ്രമിച്ച അല്ലെങ്കില്‍ വളര്‍ത്തിയ ഭീകരവാദം ഇന്ന് അയാളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവധിക്കുനില്ല എന്ന് വേണം പറയാന്‍ ..

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍10:55 AM, ഏപ്രിൽ 21, 2012

    rabbane ellathinteyummukalil allahu kakkum

    മറുപടിഇല്ലാതാക്കൂ
  7. ബാബരി മസ്ജിദ്‌ തകര്‍ത്തവര്‍ മലേഗാവില്‍ സ്പോടനം നടത്തിയവര്‍ ഗുജറാത്തില്‍ അഴിനടിയവര്‍ ഇവരൊന്നു ഇത് വരെ ഒന്ന് ശിക്ഷിക്കാന്‍ കഴിയാതടതോളം കാലം അയാള്‍ ജയിലില്‍ കിടക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല ഭരണകൂട ഭീകരതയുടെ ഒരു വലിയ ഇര യാണ് അയാള്‍ .................

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial