06 ഫെബ്രുവരി 2012

സത്യവിശ്വാസിനിയുടെ സഹനശീലം..





തന്‍റെ ജീവിതത്തില്‍ ഇരുട്ട് പോലെ മൂടുമ്പോഴും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും പ്രതിസന്ധികളും നാലുപാടുനിന്നാക്രമിക്കുമ്പോഴും സത്യവിശ്വാസിനിയുടെ നില ധീരമായിരിക്കും. ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പ് സഹോദരന്‍ ‘സഖര്‍’ ന്‍റെ വേര്‍പാടില്‍ തപ്തമനസ്കയായ് വിലപിടിച്ചു പാടിനടന്ന കവയത്രി ഖന്‍സ(റ) ഇസ്‌ലാമിന്‍റെ സുഗന്ധവും ഈമാനിന്‍റെ സ്ഥൈര്യവും മനസ്സില്‍ ചേക്കേറിയപ്പോള്‍ അവരുടെ മുന്നവസ്ഥയില്‍ അത്ഭുതകരമായ മാറ്റമുണ്ടായി. ക്ഷമ, തികഞ്ഞ ക്ഷമയിലേക്കവര്‍ മാറി. എത്രവരെ, ഐഹിക വിഭവങ്ങളിലുത്തമമായ തന്‍റെ നാലുമക്കള്‍ ഖാദിസിയ്യ: രണാങ്കണത്തില്‍ രക്തസാക്ഷികളായി വീണപ്പോള്‍ ആ മഹതി അസാമാന്യമായ ധൈര്യമാണ് കാട്ടിയത്.


തന്‍റെ നാലു കരള്‍കഷ്ണങ്ങള്‍! ജീവിതത്തിനെ ആലംബങ്ങള്‍! മുമ്പ് ‘സഖ്ര്‍’നെ കുറിച്ചോര്‍ത്തു കരഞ്ഞ കണ്ണുകള്‍ അപ്പോഴുമവര്‍ക്കുണ്ട്: പക്ഷെ അവര്‍ കരഞ്ഞില്ല പ്രാര്‍ത്ഥിച്ചു:“മക്കളുടെ രക്തസാക്ഷിത്വത്തിലൂടെ എനിക്കു മാന്യത നല്‍കിയ നാഥാ, നിനക്ക് സ്തുതി, ഇനിയെന്‍റെ ആഗ്രഹം നാളെ സ്വര്‍ഗത്തില്‍ നീന്‍റെയനുഗ്രഹത്തിന്‍ കീഴില്‍ ഞങ്ങളെ നീ ഒരുമിച്ചുകൂട്ടുക മാത്രം!”സഹനത്തിന്‍റെ മറ്റൊരുമാതൃകയാണ് ഉമ്മുസുലൈം(റ). അബുത്വല്‍ഹ(റ) യുടെ ഭാര്യ. ഭര്‍ത്താവ് വീട്ടിലില്ലാത്ത പോയ സമയത്താണ് അവരുടെ കുഞ്ഞിനെ അല്ലാഹു തിരിച്ചെടുത്തത്. ഒരു മാതാവിന്‍റെ സര്‍വ്വ നിയന്ത്രണങ്ങളും വിട്ടുപോവുന്ന അവസ്ഥ. പക്ഷെ അവര്‍ അബലയായില്ല. മാറത്തടിച്ചു നിലവിളിച്ചതുമില്ല. 


മരിച്ച കുഞ്ഞിന്‍റെ ജനാസ അവര്‍ തന്നെ കുളിപ്പിച്ച് ഒരു മുറിയില്‍ കിടത്തി.അബുത്വല്‍ഹ:(റ) തിരിച്ചുവന്നു.കുളിച്ചൊരുങ്ങി, നല്ല വസ്ത്രങ്ങളണിഞ്ഞു തന്നെയാണ് ഉമ്മു സുലൈം(റ) ഭര്‍ത്താവിനെ എതിരേറ്റത്. തങ്ങളുടെ പോന്നോമനയുടെ മരണവാര്‍ത്ത അവരദ്ദേഹത്തെ അറിയിച്ചില്ല. മകനെ ചോദിച്ചപ്പോള്‍ ഉറങ്ങുന്നു എന്ന് മാത്രം പറഞ്ഞു. ആ രാത്രി നന്നായി തന്നെ കഴിച്ചു കൂട്ടി. രാവിനൊടുവില്‍ ഭര്‍ത്താവിനോട് ഉമ്മു സുലൈം (റ) ചോദിച്ചു: “അല്ല, ഇന്ന കുടുംബത്തിന്‍റെ കഥയറിഞ്ഞോ? ഒരു വസ്തു അവര്‍ കടം വാങ്ങി. അതിന്‍റെയുടമ അത് തിരിച്ചുചോദിക്കുമ്പോള്‍ കൊടുക്കുന്നില്ല.”“ഛെ അത് നീതിയല്ലല്ലോ” അബു ത്വല്‍ഹാ പ്രതിവചിച്ചു. എങ്കില്‍ നമ്മളും അല്ലാഹുവില്‍ നിന്നൊരു കടം വാങ്ങിയിട്ടുണ്ടല്ലോ, നമ്മുടെ മോന്‍.അവനതു തിരിച്ചു വാങ്ങിയിരിക്കുന്നു.” ഉമ്മു സുലൈം(റ) സംഭവം വിവരിച്ചു.ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊന്‍” അദ്ദേഹം ‘ഇസ്തിര്‍ജാഅ’ ചൊല്ലികൊണ്ട്‌ പറഞ്ഞു: “ക്ഷമയില്‍ നീ എന്നെയും കവച്ചു വെച്ചു.മകന്‍റെ കബറടക്കം കഴിഞ്ഞെത്തിയ അബു ത്വല്‍ഹയോട് പ്രവാചകന്‍(റ) പറഞ്ഞു:”അബു ത്വല്‍ഹാ:”നിങ്ങളുടെ കഴിഞ്ഞ രാത്രി എത്ര അനുഗ്രഹീതമായ്തീ ര്‍ന്നിരിക്കുന്നു.”പ്രസ്തുത സംഭവം പ്രവാചകന്‍ (സ) വഹ്യിലൂടെ അറിയിക്കുകയായിരുന്നു.ആ രാത്രിയാണ് ഉമ്മു സുലൈം (റ) അബ്ദുല്ലയെ ഗര്‍ഭം ധരിച്ചത്. 


അന്‍സാറുകളില്‍ അതിശ്രേഷ്ഠനായി വളര്‍ന്നു വന്നു ആ യുവാവ്. അദ്ദേഹത്തിന്‍റെ പില്‍കാലത്ത് പത്തു മക്കളുണ്ടായിരുന്നു. ഖുര്‍ആന്‍ മനപാഠംആക്കിയ പത്തു മക്കള്‍!(ബുഖാരി,മുസ്ലിം)സഹോദരികളെ ഇതു ക്ഷമയാണ്. യഥാര്‍ത്ഥ സഹനം. വിപത്ഘട്ടങ്ങളില്‍ എങ്ങനെ ക്ഷമിക്കാന്‍ ഉമ്മു സുലൈമിനെപോലുള്ള വിശ്വസിനികള്‍ക്കെ, കഴിയൂ. അവരെക്കുറിച്ച് പ്രവാചകന്‍ (റ) പറഞ്ഞു: “ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. എനിക്ക് മുമ്പിലൊരു കാല്പെരുമാറ്റ ശബ്ദം. അത്ഉമ്മുസുലൈമിന്‍റെതായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ ‘അസദുല്ലാഹി’ ഹംസ(റ) വധിക്കപ്പെട്ടു. ശത്രുക്കള്‍ അദ്ദേഹത്തിന്‍റെ മൃതശരീരത്തെ അറുത്തു വികൃതമാക്കി. കരള്‍ പറിച്ചെടുത്തു ചവച്ചു തുപ്പി. പ്രവാചകനെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു അത്.ആ സമയം സ്വസഹോദരന്‍റെ മൃതശരീരം ഒരു നോക്ക് കാണാന്‍ റസൂലിന്‍റെ അമ്മായി സഫിയ്യ(റ) അങ്ങോട്ട്‌ വന്നു. കരള്‍ തകര്‍ക്കുന്ന ആ രംഗം കാണാതിരിക്കാന്‍ അവരുടെ മകന്‍ സുബൈര്‍ ഉമ്മയെ തടഞ്ഞു നിര്‍ത്തി. അവര്‍ പറഞ്ഞു:”നിങ്ങളെന്നെ തടയുന്നതെന്തിന് ? എന്‍റെ സഹോദരനെ അവര്‍ വെട്ടി വികൃതമാക്കിയിട്ടുണ്ട് എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ മാര്‍ഗത്തിലാണതു. പിന്നെന്തുകൊണ്ട് എനിക്കത് ക്ഷമിച്ചു കൂടാ? ഇന്‍ശാ അല്ലാഹ്, എനിക്ക് വിലപിക്കാനാവില്ല”. തുടര്‍ന്ന് അവര്‍ ഹംസ(റ) മുഖം കണ്ടു. അദ്ദേഹത്തിനു വേണ്ടി നമസ്കരിച്ചു. പാപമോചനത്തിനായി മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു.


പിടിച്ചു നില്‍ക്കാനവില്ലെന്നു കരുതുന്ന സന്നിഗ്ദ ഘട്ടങ്ങളില്‍ സ്വയം സഹനകളായിത്തീര്‍ന്ന എത്രെയോ മഹാതികളുണ്ട് ഇനിയും ചരിത്രത്തില്‍. ഇതു സ്വിലത് ഉശൈമിന്‍റെ ഭാര്യ മുആദ: അല്‍ അദ്വിയ്യ(റ) . ഐഹിക വിരക്തിയും,ആരാധന നിമഗ്നയുമായിരുന്ന വിശ്വാസിനി. ഒരു യുദ്ധത്തില്‍ തന്‍റെ ഭര്‍ത്താവും മകനും രക്തസാക്ഷികളായിതീര്‍ന്നു. വാര്‍ത്തയറിഞ്ഞു തന്നെ ആശ്വസിപ്പിക്കാനെത്തിയ കൂട്ടുകാരികളോട് മുആദ: പറഞ്ഞു:”എന്നെ അഭിനന്ദിക്കാനാണ് വരുന്നതെങ്കില്‍ കൂട്ടുകാരികളെ നിങ്ങള്‍ക്ക് സ്വാഗതം. ആശ്വസിപ്പിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചു പോകാം!”പ്രിയ ഭര്‍ത്താവിന്‍റെയും പൊന്നുപുത്രന്‍റെയും മരണത്തില്‍ മാറത്തടിച്ചു നിലവിളിക്കാതെ, ഹൃദയ നൊമ്പരത്താല്‍ അട്ടഹസിക്കാതെ അവരുടെ രക്തസാക്ഷിത്വത്തില്‍ സന്തോഷം കൊണ്ട മുആദാ…നിങ്ങലെപോലുള്ള സ്ത്രീ രത്നങ്ങളാലാണ് മുസ്ലിം ഉമ്മത്തിന്‍റെ ഉയര്‍‍ച്ചയും, ആഭിജാത്യവും.മരണപെട്ട ഭര്‍ത്താവിനെ സ്വന്തം കൈകൊണ്ട് കുളിപ്പിച്ച്, കഫന്‍ ചെയ്തു കബറടക്കാന്‍ കൊടുത്തയച്ച, അബ്ദുല്ലഹിബ്നു ഫറജ്(റ)ന്‍റെ ഭാര്യയും ചരിത്രത്തില്‍ നിറഞ്ഞു നില്‍പ്പുണ്ട്. അങ്ങനെ ദൈവമാര്‍ഗത്തില്‍ ക്ഷമ കൈകൊണ്ടവര്‍ എത്രയാണ് .ഈമാനിന്‍റെ നിറകുടങ്ങള്‍! ഏതു പരീക്ഷണങ്ങളെയും നേരിടാന്‍ കരളുറപ്പ് നേടിയ വിശ്വാസിനികള്‍!! അവരില്‍ അല്ലാഹുവിന്‍റെ കരുണയുണ്ടാവട്ടെ.

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial