19 മാർച്ച് 2012

കള്ളുഷാപ്പിലെ ക്യൂവും സ്ത്രീകളും. സദാചാര പോലീസും
കേരളത്തിലെ മദ്യശാലകളില്‍ സ്ത്രീകള്‍ക്കു വിലക്കില്ല. സ്ത്രീകള്‍ മദ്യം വാങ്ങി കഴിക്കരുതെന്ന് കേരളത്തില്‍ ഒരു നിയമവുമില്ല. പിന്നെയെന്തിനു പരപ്പനങ്ങാടി ബിവറേജസ് കോര്‍പറേഷന്റെ മുന്നിലെ ക്യൂവിലെത്തിയ സ്ത്രീയെ, അടുത്തകാലത്തായി മലയാളികള്‍ കേട്ടുവരുന്ന 'സദാചാര' പോലിസുകാര്‍ കൈകാര്യം ചെയ്തുവെന്നതാണ് ചിലരുടെ ചോദ്യം. സ്ത്രീപുരുഷസമത്വം ബിവറേജസിനു മുന്നിലും വേണമെന്നാണ് ഇവര്‍ വാദിക്കുന്നത്.

 സ്ത്രീകള്‍ക്കു സിനിമാ തിയേറ്ററിലെപ്പോലെ പ്രത്യേക ക്യൂ ബിവറേജസിനു മുന്നില്‍ എന്തുകൊണ്ട് ഉണ്ടാക്കിക്കൂടായെന്നും  ഇവര്‍ ചോദിക്കുന്നു.
ഈ സംഭവത്തെച്ചൊല്ലി പലവിധ ചര്‍ച്ചകളാണു സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ ഉള്‍പ്പെടെ നടക്കുന്നത്. പെണ്‍കുട്ടിയും പണക്കാരനായ ഭര്‍ത്താവും കൂടി കാറില്‍ യാത്ര ചെയ്യവേ ബിവറേജസ് കോര്‍പറേഷനു മുന്നില്‍ നീണ്ട ക്യൂ. മദ്യം കഴിക്കണമെന്നു തോന്നിയ ഭര്‍ത്താവ് ഭാര്യയെ ക്യൂവില്‍ മുന്നില്‍ നിറുത്തി. സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ ഉണ്െടന്നു പറഞ്ഞാണ് ഭാര്യയെ പറഞ്ഞയച്ചതെന്നും ഭര്‍ത്താവ് സിഗരറ്റ് വാങ്ങാന്‍ പോയതിനാല്‍ ഭാര്യയെ നിറുത്തുകയായിരുന്നുവെന്നും അതുമല്ല ഭര്‍ത്താവിനു നില്‍ക്കാന്‍ പറ്റാത്തതിനാല്‍ ഭാര്യയെ ക്യൂവില്‍ നിറുത്തുകയായിരുന്നുവെന്നുമുള്ള സംസാരങ്ങളാണു പരക്കുന്നത്. സത്യം എന്തുതന്നെയായാലും ഒന്നുറപ്പാണ്, ഭര്‍ത്താവിനു മദ്യം സേവിക്കാനാണ് ഈ പെണ്‍കുട്ടി കുടിയന്‍മാരുടെ മുന്നിലെത്തിയത്. അല്ലാതെ പെണ്‍കുട്ടിക്കു മദ്യം വാങ്ങി കുടിക്കാനല്ല. 

അതുകൊണ്ടു തന്നെ സ്ത്രീസ്വാതന്ത്യ്രത്തിന്റെ പേരുപറയുന്നവര്‍ ആദ്യം പറയേണ്ടത് അടിമത്വത്തിന്റെ മറ്റൊരു മുഖമാണു ബിവറേജസിനു മുന്നില്‍ കണ്ടതെന്നാണ്. മദ്യശാലകളിലും വേശ്യാലയങ്ങളിലും ഭര്‍ത്താവിന്റെ ഭീഷണിക്കു വഴങ്ങി എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ എത്രയോ പേരുണ്ട്. ഇവരെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ബിവറേജസിനു മുന്നില്‍ സ്ത്രീസ്വാതന്ത്യ്രം വേണമെന്നു വാദിക്കുന്നതില്‍ എന്തര്‍ഥം. ഈ പെണ്‍കുട്ടിയോട് നാളെ അവളുടെ ഭര്‍ത്താവിന്റെ രഹസ്യവേഴ്ചകള്‍ക്കു കാവലിരിക്കാന്‍ പറഞ്ഞാലും അവളതു ചെയ്യും. കാരണം, പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു വിഭാഗം ഭാര്യമാര്‍ നമുക്കിടയിലുണ്ട്. ഭാര്യയെ കുറിച്ചുള്ള ശീലാവതി സങ്കല്‍പ്പം ഇന്നും കേരളത്തിലുണ്ടല്ലോ. ഇതില്‍ മാറ്റം വരാത്തിടത്തോളം ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരുടെ പേക്കൂത്തുകളുടെ കാവല്‍ക്കാരായി തന്നെ ജീവിക്കും.

 ഇത്തരത്തിലുള്ള ഭര്‍ത്താക്കന്‍മാരുള്ള ഭാര്യമാര്‍ക്കു മുന്നില്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ ഭര്‍ത്താവിനെ ധിക്കരിച്ച് സ്വന്തം തീരുമാനത്തിലെത്തുക, അല്ലെങ്കില്‍ അനുസരണാശീലമുള്ള നല്ല ഭാര്യയാവുക. ബിവറേജസിനു മുന്നില്‍ ക്യൂ നിന്ന ഭാര്യയെ 'ശീലാവതി' സങ്കല്‍പ്പത്തില്‍ നിന്നു ചിന്തിക്കുന്നവര്‍ക്ക് ബഹുമാനിക്കാം. അവള്‍ ഭര്‍ത്താവിനെ അനുസരിക്കുക മാത്രമാണല്ലോ ചെയ്തത്.  സ്വയം പര്യാപ്തരല്ലാത്ത നമ്മുടെ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ ഈ അനുസരണ മാത്രമല്ലേ മാര്‍ഗമുള്ളൂ.

സാധാരണയായി കേരളത്തിലെ ബിവറേജസ് കോര്‍പറേഷനു മുന്നില്‍ നാം സ്ത്രീകളെ കാണാറില്ല. സ്ത്രീകള്‍ക്കിടയില്‍ മദ്യപാനം വര്‍ധിക്കുന്നുണ്െടന്നു പറയപ്പെടുന്നുവെങ്കിലും പരസ്യമായി മദ്യക്കുപ്പികളുമായി പോവുന്ന മലയാളി വനിതകള്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ മദ്യശാലയ്ക്കു മുന്നില്‍ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ജനം അത് ചോദ്യം ചെയ്യുമെന്നുറപ്പ്. തന്നെയുമല്ല, മദ്യം നിഷിദ്ധമാക്കിയ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി തലയില്‍ തട്ടമിട്ടു മദ്യശാലയ്ക്കു മുന്നിലെ ക്യൂവിലെത്തിയാല്‍ പരപ്പനങ്ങാടി പോലുള്ളൊരു സ്ഥലത്ത് പ്രതികരണമുണ്ടാവുക സ്വാഭാവികമാണ്.

 മുസ്ലിംസമുദായത്തില്‍പ്പെട്ട വ്യക്തി മദ്യപാനിയാണെങ്കിലും അവര്‍ സമുദായത്തിനുള്ളിലുള്ളയാളാണെന്ന് പുറത്തു പ്രകടിപ്പിക്കാന്‍ പൊതുവെ മടി കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ മതചിഹ്നങ്ങളൊക്കെ ഒഴിവാക്കിയേ ഇത്തരം ക്യൂവില്‍ അവര്‍ എത്താറുമുള്ളൂ. എന്നാല്‍, തലയില്‍ തട്ടമിട്ട ഒരു മുസ്ലിംപെണ്‍കുട്ടി മദ്യശാലയ്ക്കു മുന്നിലെത്തുമ്പോഴുണ്ടാവുന്ന പൊരുത്തക്കേടുകളേ പരപ്പനങ്ങാടിയിലെ മദ്യശാലയിലും സംഭവിച്ചിട്ടുള്ളൂ. 'സദാചാര പോലിസ്' എന്നു പറയുന്ന കള്ളുകുടിയന്‍മാര്‍ക്കിടയിലും ഇതിനെതിരേ പ്രതികരിക്കത്തക്ക ധാര്‍മികമൂല്യം വളര്‍ന്നുവെന്നത് ഒരുതരത്തില്‍ സന്തോഷകരമാണ്.

ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഭംഗി ആസ്വദിച്ച് അവളെ മുട്ടിയുരുമ്മി നിന്ന് മദ്യം വാങ്ങിക്കേണ്ടതിനു പകരം കുടിയന്‍മാര്‍ അവളുടെ ഭര്‍ത്താവിനെ തല്ലി അവിടുന്ന് പറഞ്ഞയച്ചത് മോശമായി എന്നാണു ചിലരുടെ വാദം.  കാണാത്തതു കാണുകയും ചെയ്യാത്തതു ചെയ്യുകയും ചെയ്യുമ്പോള്‍ ധാര്‍മികമൂല്യമുള്ള മനുഷ്യര്‍ പ്രതികരിക്കുന്നതു സ്വാഭാവികമാണ്. തീവണ്ടിയില്‍ സൌമ്യ ആക്രമണത്തിനിരയായപ്പോള്‍ പ്രതികരിക്കാതിരുന്നവരെ ക്രൂശിക്കുകയും മലയാളിക്കു ധാര്‍മികമൂല്യങ്ങള്‍ നഷ്ടപ്പെട്ടുവെന്നു വിലപിക്കുകയും ചെയ്തവര്‍ ബിവറേജസിനു മുന്നില്‍ ഒരു പെണ്‍കുട്ടിയെ കൊണ്ടുചെന്നു നിറുത്തിയപ്പോള്‍ പ്രതികരിച്ചവര്‍ക്കെതിരേ വാളെടുക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. ബിവറേജസിനു മുന്നിലെത്തിയ സ്ത്രീക്ക് കൂടുതല്‍ സൌകര്യം ചെയ്തു കൊടുക്കണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളതെന്ന് ഇപ്പോഴും വ്യക്തമല്ല.  ഒരു ഭാര്യയായി പോയതിനാല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട ഒരു പെണ്‍കുട്ടിക്കു വേണ്ടി പ്രതികരിച്ച പാവം കുടിയന്‍മാരെയെന്തിനു 'പോലിസാക്കണം'.  സ്ത്രീകള്‍ക്കും മദ്യശാലയില്‍ പ്രത്യേക ക്യൂ വേണമെന്ന ബില്ല് പാസാക്കിക്കിട്ടാന്‍ സമരം നടത്തുന്നവര്‍ മലയാളിയുടെ സദാചാരമൂല്യങ്ങള്‍ മറക്കുകയാണോ? അതോ പ്രതികരിക്കുന്നവരെയെല്ലാം സദാചാര പോലിസെന്ന മനോഹരവാക്കില്‍ ആക്ഷേപിക്കുകയാണോ?    


പരപ്പനങ്ങാടി ബാറില്‍ ക്യുനിന്ന സ്ത്രീയെയും ഭര്‍ത്താവിനെയും കയ്യേറ്റം ചെയ്യുന്ന ദൃശ്യം 


ഈ പോസ്റ്റ്‌ താങ്കള്‍ക്കു ഇഷ്ടപ്പെട്ടങ്കില്‍ താഴെ ഒരു Like ചെയ്യുക 

2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial