11 മേയ് 2012

വ്യാജപരസ്യം : പ്രമുഖ കമ്പനികള്‍ക്കെതിരേ കേസ്

 ഉപഭോക്താക്കളെ കബളിപ്പിക്കുംവിധം പരസ്യം നല്‍കി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച പ്രമുഖ സൌന്ദര്യവര്‍ധക, കേശസംരക്ഷണ നിര്‍മാതാക്കള്‍ക്കെതിരേ കേസ്. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം തുടങ്ങിയ കമ്പനികള്‍ക്കെതിരേയാണു നടപടി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡില്‍ 52 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രഗ്സ് കണ്‍ട്രോളര്‍ സതീശന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന് തുടര്‍ച്ചയായി അതതു ജില്ലകളിലെ ചീഫ് മജിസ്ട്രേറ്റ് കോടതികളില്‍ കമ്പനികള്‍ക്കെതിരേ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.


ആരോഗ്യവകുപ്പിന് ലഭിച്ച പരാതികളെ തുടര്‍ന്നാണു റെയ്ഡ് നടന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ഇന്ദുലേഖ ഫാക്ടറിയില്‍നിന്ന് 46 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എറണാകുളത്ത് ധാത്രി ഫാക്ടറിയിലും വിതരണശൃംഖലകളുടെ ഗോഡൌണുകളിലും റെയ്ഡ് നടന്നു. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ജില്ലാതല മേധാവികളായ രജതന്‍ (കൊല്ലം), പ്രദീപ് (എറണാകുളം), രഘുനാഥന്‍ (കണ്ണൂര്‍), പി എം ജയന്‍ (കോഴിക്കോട്), പ്രകാശ്ബാബു (തൃശൂര്‍) എന്നിവര്‍ നേതൃത്വം നല്‍കി.


ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍, ധാത്രി ഫെയര്‍ ക്രീം, ധാത്രി ഹെയര്‍ ഓയില്‍ എന്നീ പ്രമുഖ ഉല്‍പ്പന്നങ്ങള്‍ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു.


ഡ്രഗ്സ് ആന്റ് മാജിക്കല്‍ റെമഡീസ് ആക്റ്റ് പ്രകാരം വ്യാജ പരസ്യം നല്‍കിയതിനും മിസ് ബ്രാന്റിങ് നടത്തിയതിനും ഉപഭോക്താക്കളെ വഞ്ചിച്ചതിനുമാണ് നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തത്. മുടികൊഴിച്ചില്‍ തടയുന്നു, മുടി വളര്‍ത്തുന്നു, തടി കുറയ്ക്കുന്നു എന്നിങ്ങനെ ഈ കമ്പനികള്‍ നല്‍കിയ പരസ്യങ്ങള്‍ നിയമവിരുദ്ധമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.


പരസ്യത്തിലൂടെ തെറ്റായ അവകാശവാദം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് ഡ്രഗ്സ് ആന്റ് മാജിക്കല്‍ റെമഡീസ് ആക്റ്റ് പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സ് ലഭിച്ച ഉല്‍പ്പന്നങ്ങളല്ലാതെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയില്‍ എത്തിച്ചതിനു മിസ് ബ്രാന്റിങ്ങിനും കേസെടുത്തിട്ടുണ്ട്.


ജില്ലാകേന്ദ്രങ്ങളില്‍നിന്നു പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കുമെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും ഡ്രഗ്സ് കണ്‍ട്രോളറുടെ ഓഫിസ് അറിയിച്ചു.
Previous Post
Next Post
Related Posts

2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial