24 മേയ് 2012

ഫസല്‍ , ശുക്കൂര്‍ , ചന്ദ്രശേഖരന്‍ , നാളെ ഒരു പക്ഷെ ഞാനായിരിക്കാം.അല്ലങ്കില്‍ നമ്മള്‍.!!





അല്ല സര്‍, ഈ തീവ്രവാദം, തീവ്രവാദം എന്നാല്‍ എന്താണ് ഈ വീഡിയോകാണുക. അതില്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്..നിങ്ങള്ക്ക് അറിയാമോ അതിന്റെ ഉത്തരം?


"അല്ല സര്‍, ഈ തീവ്രവാദം, തീവ്രവാദം എന്നാല്‍ എന്താണ്?''- 
ഗുലുമാല്‍ എന്ന ചലച്ചിത്രത്തില്‍ തീവ്രവാദവേട്ട നടത്തുന്ന പോലിസ് ഉദ്യോഗസ്ഥനായി വേഷമിട്ട സുരാജ് വെഞ്ഞാറമൂടിനോടുള്ള ഒരു സാദാ പോലിസുകാരന്റെ ചോദ്യം."അത് ഞാന്‍ ഡെറാഡൂണില്‍ ട്രെയ്നിങ് നടത്തുമ്പോഴും ഒരാള്‍ ഇങ്ങനെ ചോദിക്കുകയുണ്ടായി'' എന്നാണു മറുപടി.


ഇതു കേവലം ചലച്ചിത്ര ഡയലോഗല്ല. എന്താണു തീവ്രവാദമെന്നും ഭീകരവാദമെന്നും ചോദിച്ചാല്‍ ഒട്ടുമുക്കാല്‍ സാംസ്കാരികനായകന്മാരും പോലിസ് ഏമാന്മാരും കുരുങ്ങിപ്പോവും. കൃത്യമായി നിര്‍വചിക്കപ്പെടാത്ത ഒരു സാധനമെന്ന നിലയ്ക്ക് ആരും കുഴങ്ങിപ്പോവുക തന്നെ ചെയ്യും. ഒരുപക്ഷേ, അമേരിക്കക്കാരന്‍ കുഴങ്ങില്ല. കാരണം, ഇത്തരം പദപ്രയോഗങ്ങളിലൂടെ ഒരു സമൂഹത്തെ ആകമാനം എങ്ങനെ അവമതിച്ചു ചവിട്ടിമെതിക്കാമെന്ന് നന്നായി വിദ്യാഭ്യാസം ചെയ്തവരാണവര്‍. സായ്പുമാരുടെ ഇത്തരം വായ്ത്താരികള്‍ അപ്പാടെ വെട്ടിവിഴുങ്ങി ഏമ്പക്കം വിടുന്ന നമുക്കാവട്ടെ, 'തീവ്രവാദം' വീണുകിട്ടിയ ചാകരയായിരുന്നു. ഇഷ്ടമില്ലാത്ത എല്ലാ അച്ചിക്കുമേലും നാം ചാര്‍ത്തിക്കൊടുത്തു തീവ്രവാദമുദ്ര. 


 മലേഗാവിലും മക്കാ മസ്ജിദിലും സംജോതാ എക്സ്പ്രസിലും അജ്മീരിലും എന്നുവേണ്ട, എവിടെയൊക്കെ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയോ അവിടെയെല്ലാം ഖുര്‍ആന്‍ പേജുകളും അറബി ലിപികളെഴുതിയ കടലാസും അറബിയില്‍ ജിഹാദ് സംഘടനാപ്പേരുകളെഴുതിയ തൊപ്പികളും ഉപേക്ഷിച്ചുപോവാന്‍ മടിച്ചില്ല. അന്വേഷണങ്ങളത്രയും നിരപരാധികളായ മുസ്ലിം യുവാക്കളിലേക്കു കേന്ദ്രീകരിക്കപ്പെടുകയും ഇന്നും ഇപ്പോഴും പരസഹസ്രം മുസ്ലിം യുവാക്കള്‍ കാരാഗൃഹവാസം അനുഭവിക്കുകയും ചെയ്യുന്നു.


സമീപകാലത്തു മാത്രമാണ് ഇന്ത്യന്‍ ജനതയും ഭരണകൂടവും ഈ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞത്. പന്നിമാംസം പള്ളിക്കു മുമ്പിലും ഗോമാംസം ക്ഷേത്രവളപ്പിലും കൊണ്ടിട്ട് വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിക്കുന്ന ഹിന്ദുത്വത്തിന്റെ പഴയ രീതിയുടെ മറ്റൊരു മുഖമായിരുന്നു ഇത്. വടക്കേ ഇന്ത്യയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ പയറ്റിത്തോറ്റ ഈ നെറികേട് കേരളത്തില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് സി.പി.എം ആണെന്നറിയുമ്പോള്‍ മലയാളിസമൂഹം മൂക്കത്ത് വിരല്‍വച്ചുപോവുക സ്വാഭാവികം.


ഹിന്ദുത്വഭീകരതകളെ വടക്ക് ചെറുക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍, വിശേഷിച്ച് സി.പി.എം, കേരളത്തിന്റെ വടക്കോട്ടെത്തുമ്പോള്‍ തനി വര്‍ഗീയവാദികളായി മാറുന്നത് മുമ്പും കണ്ടതാണ്. നാദാപുരം മാത്രമല്ല, കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് പോലുള്ള പ്രദേശങ്ങളും മുസ്ലിംവീടുകള്‍ നിരന്തരമായി കൊള്ളയടിക്കപ്പെടുന്നതിന്റെ കഥ പറയുന്നു. നാദാപുരം സംഘര്‍ഷങ്ങള്‍ക്ക് എത്ര വര്‍ഗപരമായ മാനം നല്‍കാന്‍ ശ്രമിച്ചാലും വര്‍ഗീയത തന്നെയാണ് ഒടുവില്‍ തികട്ടി പുറത്തുവരുക. വടക്കന്‍കേരളത്തില്‍ ചെങ്കാവി അഴിഞ്ഞാടുമ്പോഴും സി.പി.എം നേതാക്കള്‍ തീവ്രവാദവിരോധത്തിന്റെ വൈകാരികമൂര്‍ത്തതയില്‍ അഭിരമിക്കാറാണു പതിവ്. പക്ഷേ, അതില്‍നിന്നുപോലും വ്യത്യസ്തമായിരുന്നു സി.പി.എം ഒഞ്ചിയത്ത് നടത്തിയ ഓപറേഷന്‍- ടി പി ചന്ദ്രശേഖരന്‍ വധത്തിനായി ഉപയോഗിച്ച ഇന്നോവ കാറിന്റെ പിറകില്‍ അറബി പദാവലികളടങ്ങിയ സ്റിക്കര്‍ പതിച്ചതും ഗുജറാത്തിലും മഹാരാഷ്ട്രയിലെ മലേഗാവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഖുര്‍ആന്‍ ഏടുകള്‍ സ്ഫോടനസ്ഥലത്ത് ഉപേക്ഷിച്ചുപോവുന്നതും തമ്മില്‍ വ്യത്യാസമെന്ത്? ടി പി വധാനന്തരം ഉപേക്ഷിച്ച കാറിന് പിറകില്‍ പുലരുംമുമ്പേ ഒരു 'മാശാ അല്ലാഹ്' എന്ന അക്ഷരമാല കൊണ്ടുവന്ന് ഒട്ടിച്ചതും പിറ്റേന്ന് പ്രഭാതം തൊട്ട് പാര്‍ട്ടി ചാനല്‍ അതുതന്നെ ഫോക്കസ് ചെയ്തുകൊണ്ടിരുന്നതും സി.പി.എം പ്രവര്‍ത്തകരുടെ മനോവൈകൃതങ്ങള്‍ക്കു തെളിവാണ്. തൊട്ടുപിന്നാലെ പിണറായി ഉള്‍പ്പെടെയുള്ളവരുടെ നാവില്‍നിന്നു നിര്‍ഗളിക്കുന്നത് ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന പുതുമൊഴികളായിരുന്നു. ഇത് ഏറ്റുപിടിച്ച പാര്‍ട്ടി ചാനല്‍ ഒട്ടുവളരെ ശ്രമങ്ങള്‍ നടത്തിനോക്കി, ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ തീവ്രവാദികളാണ് എന്നു വരുത്താന്‍. കാറിനു പിന്നിലെ മാശാ അല്ലാഹ് സ്റിക്കര്‍ അനേകായിരം തവണ ദൃശ്യവല്‍ക്കരിച്ചുകൊണ്ടവര്‍ തീവ്രവാദത്തിന് അടിവരയിടാന്‍ മഹായജ്ഞം തന്നെ നടത്തി. തീവ്രവാദം എന്നാല്‍ മുസ്ലിം തീവ്രവാദം എന്നു പര്യായം. പക്ഷേ, പതിവിനു വിപരീതമായി കേരള മനസ്സാക്ഷി അത്രയ്ക്കങ്ങു വിഴുങ്ങാന്‍ കൂട്ടാക്കിയില്ല- സി.പി.എമ്മിനോടും പിണറായിയോടും കേരളം അത്രമേല്‍ കോപിച്ചുനില്‍ക്കുന്നതുകൊണ്ടാവണമിത്. തീവ്രവാദ ആരോപണം ബൂമറാങായി സി.പി.എമ്മിനു മേല്‍ വീണുപതിച്ചതിന്റെ ആഘാതത്തില്‍നിന്ന് ഇപ്പോഴുമവര്‍ക്ക് എഴുന്നേല്‍ക്കാനായിട്ടില്ല. ടി പി വധത്തിനു പിന്നില്‍ സി.പി.എം ക്വട്ടേഷന്‍സംഘമെന്നു തെളിഞ്ഞതില്‍ ഞെരിപിരികൊള്ളുന്നതിന്റെ അമര്‍ഷത്തിനിടയിലാണ് ഫസല്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ പങ്ക് പുറത്തുവന്നത്. ടി പി വധ ഗൂഢാലോചനയ്ക്കു പിന്നില്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഫസല്‍-ഷുക്കൂര്‍ വധങ്ങള്‍ക്കു പിന്നില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും അണിനിരന്നു എന്നതിനര്‍ഥം, പാര്‍ട്ടിയുടെ മേലേതട്ടില്‍ ഗൂഢാലോചന നടന്നുവെന്നല്ലാതെ മറ്റെന്താണ്? രാഷ്ട്രീയപ്പാര്‍ട്ടികളാണെങ്കില്‍ ആളുകളെ കൊല്ലുന്നതില്‍ തെറ്റില്ല എന്നും മതകീയമുഖമുള്ള സംഘടനകളാണെങ്കില്‍ കൊടുംതീവ്രവാദവും എന്നതായിരുന്നു സാംസ്കാരിക കേരളം നവീകരിച്ചെടുത്ത പരസ്പരധാരണ.


എന്നാലിപ്പോള്‍ സി.പി.എമ്മിന് ഒരു രക്ഷയുമുണ്ടായില്ല. മൂന്നു കൊലകള്‍; രണ്ട് കണ്ണൂരിലും ഒന്ന് കണ്ണൂര്‍ അതിര്‍ത്തിയിലും. ഫസലും ഷുക്കൂറും കണ്ണൂര്‍ ജില്ലയില്‍; ടി പി ഒഞ്ചിയത്ത്. മൂന്നിലുമുള്ള പാര്‍ട്ടി പങ്ക് വെളിച്ചത്താവുമ്പോള്‍ സാംസ്കാരികനായകരും എഴുത്തുകാരും ഇത് തീവ്രവാദമല്ലെന്നു വിധിയെഴുതാന്‍ ലജ്ജിക്കുകയാണ്. കൊല മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും തീവ്രവാദം തീവ്രവാദം തന്നെയാണ്. തീവ്രവാദി എന്നു വിളികേട്ടപ്പോള്‍ എന്താണ് പിണറായി വിജയന്റെ മുഖം ചുവന്നത്? ഒരുപാട് നിരപരാധികളെ തീവ്രവാദികളെന്നു വിളിച്ച് തഴമ്പിച്ച പിണറായിക്ക് എന്താണിപ്പോള്‍ ഹാലിളകാന്‍ കാരണം?


മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ കോളജ് അധ്യാപകന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അധികാരത്തിലിരുന്ന വി എസും കോടിയേരിയും പിണറായി വിജയനും ചേര്‍ന്ന് എത്രയെത്ര നിരപരാധികളുടെ വീടുകളില്‍ ബൂട്ട്സിട്ട് കയറി; എത്രപേരെ അറസ്റ് ചെയ്തു? എത്രപേരുടെ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ തകര്‍ത്തു; എത്ര കുടുംബങ്ങള്‍ കുളംതോണ്ടി; എത്ര നിരപരാധികളെ മാധ്യമങ്ങള്‍ വഴി തീവ്രവാദികളാക്കി? അതിഭയങ്കര ആഘോഷമാക്കി മാറ്റി തീവ്രവാദികളുടെ കഥകഴിക്കുകയായിരുന്നല്ലോ സി.പി.എമ്മും സി.പി.എമ്മിനുള്ളിലെ ചെങ്കാവിക്കൂട്ടങ്ങളും.


ഒരര്‍ഥത്തില്‍ മറ്റൊരു ബൂമറാങ് പിണറായിയുടെ നെറ്റിത്തടത്തില്‍ ഇടിത്തീയായി വന്നുവീണിരിക്കുന്നു. ഇതു യാദൃച്ഛികമല്ല; അസ്വാഭാവികവുമല്ല- ഉപ്പ് തിന്നവന്റെ വെള്ളംകുടി. സി.പി.എം എന്ന പാവപ്പെട്ടവന്റെ പാര്‍ട്ടിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്; സി.പി.എം എന്ന ബൂര്‍ഷ്വാ പാര്‍ട്ടിക്ക് എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ളത്.


നാദാപുരത്തുനിന്ന് എ കണാരന്‍ കൊളുത്തിവച്ച വര്‍ഗീയ വര്‍ഗസിദ്ധാന്തത്തിന്റെ അലയൊലികള്‍ കണ്ണൂരിലൂടെ അലഞ്ഞലഞ്ഞ് സ്വയം കുലംകുത്തികളായിത്തീരുന്നതിന്റെ നിര്‍ദയത്വം. ഒരുഭാഗത്ത് വെകിളിപിടിച്ച ആര്‍.എസ്.എസിന്റെ അക്രമ-ഉന്മൂലന വെട്ടുംകുത്തും തടയുന്നതിന്റെ ഗുണങ്ങള്‍ മുഴുവന്‍ ചോര്‍ത്തിക്കളയുന്ന കൊള്ളയും കവര്‍ച്ചയും മാനഭംഗങ്ങളും; മറുവശത്ത് വര്‍ഗീയവൈരം ആളിക്കത്തിക്കാനുള്ള നികൃഷ്ട ചെയ്തികളും. ടി പി വധത്തില്‍ കാറിനു പിന്നിലെ സ്റിക്കറോ പാര്‍ട്ടി ചാനലിന്റെ അന്തസ്സുകെട്ട കുരുട്ടുബുദ്ധികളോ മാത്രമല്ല, ഫസല്‍ വധം നടന്ന ഉടനെ ആര്‍.എസ്.എസിലേക്കു വിരല്‍ചൂണ്ടി നടത്തിയ പ്രചാരണങ്ങളും സി.പി.എമ്മിന്റെ വിലകെടുത്തിയിരിക്കുന്നു. വി എസ് അച്യുതാനന്ദന്‍ എത്രതന്നെ വിമതാഭിപ്രായം വിളിച്ചുകൂവിയാലും ഫലമില്ലാത്തവിധമതു തഴച്ചുവളര്‍ന്നുപോയിരിക്കുന്നു. ഈ വര്‍ഗീയതയ്ക്കു വളംവച്ചുകൊടുത്തതില്‍ വി എസിന്റെ വിവരംകെട്ട പ്രസ്താവനകള്‍ക്കും പങ്കുണ്ടന്ന കാര്യം വിസ്മരിച്ചുകൂടാ.


മാധ്യമങ്ങളെ പഴിച്ച് തടിയൂരും മുമ്പ് സി.പി.എം സമ്പൂര്‍ണ ശുദ്ധീകരണത്തിനു മുതിരുകയാണ് അഭികാമ്യം. തീര്‍ച്ചയായും ഇതേ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടായിരുന്നു സി.പി.എം ചില സംഘടനകളെ തീവ്രവാദ ചാപ്പ കുത്തി ചാണകാഭിഷേകത്തിലൂടെ ഉന്മൂലനം ചെയ്തുകളയാമെന്ന് വ്യാമോഹിച്ചത്. അതു സാധിച്ചില്ലെന്ന് മാത്രമല്ല, അതേ ദുര്‍വിധി ഒടുവില്‍ സി.പി.എമ്മിനെ തേടിവരുകയും ചെയ്തിരിക്കുന്നു. സാമ്രാജ്യത്വ-മുതലാളിത്ത-ഹിന്ദുത്വ കൂട്ടുകെട്ടിനെതിരേ ഒന്നിച്ചുനിന്നു പോരാടേണ്ട മുസ്ലിം പുരോഗമന നവസാമൂഹിക പ്രസ്ഥാനങ്ങളെ കൂട്ടുപിടിക്കുന്നതിന് പകരം ഒറ്റുകൊടുക്കാനാണ് സി.പി.എമ്മിലെ ഒരു വിഭാഗം ധൃഷ്ടരായത്. ഇത്രകാലവും എപ്രകാരം ദലിതുകളെ ഒറ്റുകൊടുത്തുവോ അതേ മട്ടിലാണ് സി.പി.എമ്മിലെ സവര്‍ണവിഭാഗമായ സ്വത്വവിരോധികള്‍ പാര്‍ട്ടിയുടെ അടിവേര് തോണ്ടുന്നത്. പശ്ചിമബംഗാളില്‍ മുസ്ലിംകള്‍ സി.പി.എമ്മിനെ തോല്‍പ്പിച്ചതും കേരളത്തില്‍ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നതും ഒരു പാഠമായി ഏറ്റെടുക്കുന്നതിന് പകരം, വലതുപക്ഷ ഹിന്ദുത്വ സൂത്രശാലികളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് ശക്തിപ്പെടാന്‍ അവസരമൊരുക്കുകയാണ് സി.പി.എമ്മിനകത്തെ ചെങ്കാവി പുതച്ച കുറുമുന്നണി. ഇത്തിക്കണ്ണികളായ ഈ കുറുമുന്നണിയുടെ നിഗൂഢ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ സി.പി.എം ചരിത്രപുസ്തകത്തിലേക്ക് ഒതുങ്ങിക്കൂടെന്നില്ല. അഥവാ, വടക്കന്‍കേരളത്തില്‍ സി.പി.എമ്മിന്റെ ക്വട്ടേഷന്‍ ടീമുകള്‍ തന്നെയാണ് ആര്‍.എസ്.എസിന്റെയും ക്വട്ടേഷന്‍ ഏറ്റെടുക്കുന്നതെന്ന വിരോധാഭാസം കണ്ണുള്ളവര്‍ കാണാതിരിക്കില്ലെന്ന തിരിച്ചറിവ് പിണറായി വിജയന് ഉണ്ടാകുമാറാവട്ടെയെന്ന് പ്രാര്‍ഥിച്ചുകൊള്ളുന്നു.

3 അഭിപ്രായങ്ങൾ:

  1. ചോരകള്‍ പടരട്ടെ മനുഷ്യത്യം മരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  2. മുസ്ലിംലീഗില്‍ തീവ്രവാദികള്‍ നുയ്ഞ്ഞുകായറുന്നു എന്ന് മുന്‍കൂര്‍ തട്ടി വിട്ടിട്ട് ലീഗാഫിസിന്റെ മുന്‍പില്‍ കാര്‍ കൊണ്ടിട്ട് നാടകം കളിച്ചത് പോളിഞ്ഞില്ലേ ..?????? ജീവിക്കാന്‍ അനുവദിക്കില്ല എന്ന് വീമ്പിളക്കിയ വമ്പന്മാര്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി നെട്ടോട്ടം ഓടുകയാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനെ എത്ര നാടകം.. മാലേഗാവ്‌ സ്ഫോടനത്തില്‍ ഹിന്തുത്വര്‍ ഉപയോഗിച്ച ബൈക്കിന്റെ പിന്നില്‍ 786 എന്ന് എഴുതി. കാരണം അന്വേഷണം വഴിതിരിച്ചു വിട്ടു മുസ്ലിംകളെ പേരില്‍ ആക്കി ഒരു വര്‍ഗീയകലാപം ആയിരുന്നു ലക്‌ഷ്യം. . ഇപ്പൊ ചന്ദ്രശേഖരന്‍ വധത്തില്‍ ഉപയോഗിച്ച കാറിനു പിന്നില്‍ മാഷാഅല്ലാഹ് എന്ന് എഴുതി ഹിന്തുത്വഅജണ്ടയായ വര്‍ഗീയകലാപം ശ്രിഷ്ടിക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ മാര്‍ക്കിസ്ട്ടിന്റെ ഒരു മുഖമാണ് അഴിഞ്ഞു വീണത്‌.

      ഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial