04 ജൂൺ 2012

പുണ്ണ്യമാസം വരവായ്‌.. റമദാന് സ്വാഗതം..




ഒരു റമദാന്‍ കൂടി നമ്മോട്‌ അടുത്തിരിക്കുന്നു  വ്യക്തിക്കെന്ന പോലെ സമൂഹത്തിനും ശുദ്ധീകരണത്തിന്റെ നാളുകളാണ് റമദാന്റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്നത്. അല്ലാഹുവോടു കൂടുതല്‍ അടുക്കാനും ദുനിയാവില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളിലും  വിശ്വാസിസമൂഹത്തെ ജാഗ്രവത്താക്കാനും പരിശീലിപ്പിക്കുന്ന മാസമാണ് റമദാന്‍. ഖുര്‍ആനും പ്രവാചകചര്യയുമാണ് ഈ പരിശീലനത്തിന് മാര്‍ഗദര്‍ശനമാകേണ്ടത്. ഭൌതികമോഹങ്ങളും പ്രലോഭനങ്ങളും അതിജീവിച്ച് തങ്ങളുടെ നിലപാടുകള്‍ക്കു വിശുദ്ധഖുര്‍ആന്റെയും തിരുനബിയുടെയും യഥാര്‍ഥ പാഠങ്ങളെ അവലംബമാക്കാനുള്ള സന്ദേശവുമായാണ് റമദാന്‍ വന്നുചേരുന്നത് എന്നു പറയാം.


പകല്‍നേരങ്ങളില്‍ പട്ടിണികിടന്നും രാത്രികാലങ്ങളില്‍ സുജൂദില്‍വീണും ഓരോ മുസ്ലിമും അല്ലാഹുവുമായുള്ള ബന്ധം പുതുക്കുന്നതോടൊപ്പം മുസ്ലിംസമൂഹത്തിന്റെ കെട്ടുറപ്പിനെക്കുറിച്ച ബോധവും ഇസ്ലാമിന്റെ ശത്രുക്കളെക്കുറിച്ചുള്ള ജാഗ്രതയും സ്വന്തം ദൌത്യത്തെ കുറിച്ച തിരിച്ചറിവും മുസ്ലിംനേതൃത്വത്തിനും സമൂഹത്തിനും ഈ റമദാന്‍ പകര്‍ന്നുതരണം.


വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും  മുസ്ലിംസമൂഹത്തെയും കുറിച്ച് അങ്ങേയറ്റം മലീമസമായ രീതിയില്‍ ചിന്തകള്‍ പേറിനടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അതേ ഭാഷയില്‍ മുസ്ലിംസമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കു നേരെ സംസാരിക്കുന്നതില്‍നിന്നു നാവിനെ തടയാന്‍ നേതാക്കള്‍ക്ക് ഈ റമദാന്‍ പ്രചോദനമാവേണ്ടതുണ്ട്, മുസ്ലിംയുവതയുടെ ചൈതന്യത്തെയും മുസ്ലിംസമൂഹത്തിലെ സര്‍വതോമുഖ ഉണര്‍വിനെയും തല്ലിക്കെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ ഓരം ചേര്‍ന്നു നടക്കുന്നവര്‍ വിശുദ്ധഖുര്‍ആനിലെ പാഠങ്ങളിലൂടെ ഈ റമദാനില്‍ ഒറ്റയ്ക്കൊരു സഞ്ചാരം നടത്തട്ടെ.


ഭീകരതാ വിരുദ്ധ യുദ്ധമെന്ന പേരില്‍ ഇസ്ലാമിന്റെ  ശത്രുക്കള്‍  നടത്തിക്കൊണ്ടിരിക്കുന്ന പൈശാചിക നീക്കങ്ങള്‍ക്കു ലോകത്തിന്റെ ഓരോ മുക്കുമൂലയിലും നിരവധി മുസ്ലിംകള്‍ ഇരകളായിക്കൊണ്ടിരിക്കുകയാണ്. "തീര്‍ച്ചയായും സത്യനിഷേധികള്‍; അവര്‍ക്കു നീ മുന്നറിയിപ്പു നല്‍കിയാലും ഇല്ലെങ്കിലും അവര്‍ വിശ്വസിക്കില്ല'' എന്ന ഖുര്‍ആന്‍വചനം സൂചിപ്പിക്കുന്നതു പോലെ യാ ഥാര്‍ഥ്യങ്ങകളുടെ നേരെ കണ്ണടച്ചു മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളെ ചെറുക്കാനും അവഹേളനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്ന മുസ്ലിംയുവതയോടു നീതി ചെയ്യുന്ന മനസ്സു പാകപ്പെടുത്തിയെടുക്കാനും അവര്‍ക്കാവണം.


കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹികാന്തരീക്ഷത്തില്‍ മുസ്ലിംകളെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളിലും ചര്‍ച്ചകളിലും വിവിധ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന സമീപനങ്ങള്‍ ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളുടെ നേര്‍വിപരീതമാണ്. "ഒരു ജനവിഭാഗത്തോടുള്ള വിദ്വേഷം അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ'' എന്ന ഇസ്ലാമിന്റെ നീതി പാഠം അപ്പാടെ കാറ്റില്‍പ്പറത്തിയാണ് ഒരവസരം കിട്ടുമ്പോഴേക്ക് മുസ്ലിംസംഘടനകള്‍ പരസ്പരം ചളിവാരിയെറിയുന്നതും അപായപ്പെടുത്താന്‍ ആയുധമെടുത്തുകൊടുക്കുന്നതും. ഇസ്ലാമിനെ നെഞ്ചോടടുക്കിയതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ചവരും ജയിലറ പൂകിയവരുമായ ചരിത്രത്തിലെ നിരവധി മഹാന്മാരെ ഈ പുകിലിനിടയില്‍ അവമതിക്കാനും അവര്‍ ധൃഷ്ടരാവുന്നു.


ഇസ്ലാമികസമൂഹം കൈവരിക്കേണ്ട ആര്‍ജവത്തിന്റെ ധീരപാഠങ്ങളുമായി റമദാനില്‍ നടന്ന ബദ്ര്‍ മുസ്ലിംനേതൃത്വത്തിന്റെ ചരിത്രബോധത്തെ ജീവസ്സുറ്റതാക്കേണ്ടതുണ്ട്. കെട്ടിയെഴുന്നള്ളിക്കപ്പെടുന്ന നോമ്പുതുറ മാമാങ്കങ്ങളേക്കാളും സമൂഹനേതൃത്വം ശ്രദ്ധകൊടുക്കേണ്ടത് അധസ്ഥിതരോടും മര്‍ദ്ദിതരോടും ഐക്യപ്പെടാനുള്ള ആര്‍ജവം നേടിയെടുക്കുന്നതിലായിരിക്കണം. സ്വയം വിചാരണചെയ്തും മുപ്പതു ജുസുഅ് ഓതിയും തറാവീഹ് നമസ്കരിച്ചും ദാനം ചെയ്തും മനസ്സു നിര്‍മലമാക്കിയെടുക്കാന്‍ വിശ്വാസികള്‍ക്കു റമദാന്‍സന്ദേശം പകരുന്ന നേതൃത്വം, തങ്ങളെക്കുറിച്ചു തന്നെ കടുത്ത വിചാരണ നടത്താനും ഈ മാസം പ്രയോജനപ്പെടുത്തണം.
ആത്മസംസ്കരണത്തിന്റെ  ഉണര്‍ത്തുസന്ദേശവുമായി വരുന്ന റമദാന്‍ നമ്മുടെ വിശ്വാസത്തെ കൂടുതല്‍ ദൃഢപ്പെടുത്തട്ടെ.



1 അഭിപ്രായം:

  1. റമദാന്‍ വരവേല്‍ക്കാന്‍ മനസ്സും ശരീരവും ഉണരട്ടെ ,നല്ല പോസ്റ്റ്‌ ഒപ്പം റമദാന്‍ ആശംസകളും

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial