29 ജൂൺ 2012

ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!


അസമിന്റെ ഹൃദയത്തെ കീറിമുറിച്ച് ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഇരുകരയിലും വഴിയരികിലുമായി കഴിഞ്ഞിരുന്ന ആയിരക്കണക്കിനു നിരാലംബരായ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു. പ്ളാസ്റിക് ചാക്കുകളും ഓലക്കീറുകളും കൊണ്ടുണ്ടാക്കിയ അവരുടെ ചെറുകുടിലുകളിലേക്കു മഴയും വെയിലും യഥേഷ്ടം കടന്നുവന്നു. അപൂര്‍വമായി മാത്രം ലഭിക്കുന്ന കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം കൊണ്ടു ജീവന്‍ നിലനിര്‍ത്തിയിരുന്ന ഈ പാവങ്ങള്‍ക്കു കേറിക്കിടക്കാനൊരു കൂര സ്വപ്നം മാത്രമായിരുന്നു. ഒപ്പം സര്‍ക്കാരിന്റെ നിസ്സംഗതയും കൂടിചേര്‍ന്നപ്പോള്‍ ദുരിതത്തിന്റെ ആഴം വര്‍ധിച്ചു. സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ നഷ്ടപരിഹാരം നല്‍കാനോ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട ബോഡോ വിഭാഗത്തിന്റെ ഹിംസാത്മകസമരത്തിലാണ് ആയിരക്കണക്കിനു മുസ്ലിം കുടുംബങ്ങള്‍ക്കു സ്വന്തം വീടും  കൃഷിയിടവും കന്നുകാലികളെയും ഉപേക്ഷിച്ചു ജീവനും കൊണ്ടു പലായനം ചെയ്യേണ്ടി വന്നത്. 

അസം സംസ്ഥാനത്തില്‍ നിന്നു വേര്‍പ്പെടുത്തി ബോഡോ ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി ബോഡോ വിഭാഗം രംഗത്തെത്തിയതോടെയാണു പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ജനസംഖ്യയുടെ 50 ശതമാനം ഉണ്ടങ്കില്‍ ആവശ്യം അംഗീകരിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, നാലു ശതമാനം മാത്രമുണ്ടായിരുന്ന ബോഡോ വിഭാഗം ഭൂരിപക്ഷം തികയ്ക്കുന്നതിനു മുസ്ലിംകള്‍ക്കു നേരെ അക്രമമഴിച്ചുവിടുകയായിരുന്നു. ഇതേ തുടര്‍ന്ന് 1994ല്‍ പ്രദേശത്തു നിന്ന് ആയിരക്കണക്കിനു മുസ്ലിംകള്‍ ആട്ടിയോടിക്കപ്പെട്ടു. അവരുടെ വീടും സ്വത്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ബ്രഹ്മപുത്രയുടെ തീരത്തും വഴിയരികിലും ജീവിതം തളച്ചിടപ്പെട്ട മുസ്ലിംകള്‍ നദി നിറഞ്ഞൊഴുകുമ്പോള്‍ നിസ്സഹായതയുടെ തുരുത്തില്‍ അകപ്പെടുകയായിരുന്നു പതിവ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഭയാര്‍ഥികളായ ഈ വിഭാഗത്തെ തിരിഞ്ഞുനോക്കിയില്ല.

പ്രത്യാശയുടെ തിരിവെട്ടം
വെള്ളപ്പൊക്കബാധിതര്‍ക്കു ദുരിതാശ്വാസവുമായി അസമില്‍ എത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആട്ടിയോടിക്കപ്പെട്ട മുസ്ലിം കുടുംബങ്ങളുടെ ദയനീയസ്ഥിതി മനസ്സിലാക്കുന്നത്. ചളിക്കുഴിയിലാണ്ട ഈ വിഭാഗത്തിനു നേരെ സഹായഹസ്തം നീട്ടാന്‍ സര്‍ക്കാരോ മറ്റുള്ളവരോ  ശ്രമിച്ചിരുന്നില്ല.  വിഷയം ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഹാബ്് ഇന്ത്യ ഫൌണ്േടഷന്‍ എന്ന സന്നദ്ധ സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ എട്ട് അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 6,018 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തി. 24,613 പേരാണ് അഭയാര്‍ഥികളായി ഇവിടങ്ങളില്‍ കഴിഞ്ഞിരുന്നത്. സ്ഥിരം ജോലിയോ ഉപജീവനത്തിനു മറ്റു മാര്‍ഗമോ ഇല്ലാത്ത അഭയാര്‍ഥികളായ കുടുംബങ്ങള്‍ക്കു മാസംതോറും സര്‍ക്കാര്‍ നല്‍കുന്ന ഏതാനും കിലോഗ്രാം അരിയായിരുന്നു ഏക സഹായം.
അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കു വേണ്ടി റിഹാബ്് പുനരധിവാസ പദ്ധതി തുടങ്ങി. ആദ്യപടിയായി ബൊങ്കായിഗോണ്‍ ജില്ലയിലെ ഹപസര പഞ്ചായത്തില്‍ 2008 ഡിസംബറിലും 2010 മാര്‍ച്ചിലുമായി രണ്ടു പ്ളോട്ടുകളായി ഏഴ് ഏക്കര്‍ ഭൂമി വാങ്ങി. അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി അഭയാര്‍ഥികളില്‍ നിന്നുള്ള പ്രതിനിധികളുമായും പ്രാദേശിക ഭരണകൂടവുമായും ചര്‍ച്ചകള്‍ നടത്തുകയായിരുന്നു പിന്നീട് ചെയ്തത്.
2009 നവംബര്‍ ഏഴിന് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് സെക്രട്ടറിയായിരുന്ന മൌലാനാ സയ്യിദ് മുഹമ്മദ് വലി റഹ്മാനിയാണു പദ്ധതിക്കു തറക്കല്ലിട്ടത്. അഭയാര്‍ഥികളാക്കപ്പെട്ട 1000 കുടുംബങ്ങള്‍ക്കു വീട് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതി റിഹാബ്് ചെയര്‍മാന്‍ ഇ. അബൂബക്കര്‍ ചടങ്ങില്‍വച്ചു പ്രഖ്യാപിച്ചു.
എം.എല്‍.എമാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. അധികം വൈകാതെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കു 50,000 രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബോഡോ വിഭാഗത്തിന്റെ ആക്രമണത്തിനിരയായ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നാമമാത്രസഹായമായ 10,000 രൂപ നല്‍കിയിരുന്നു. അഭയാര്‍ഥി ക്യാംപില്‍ കഴിയാനുള്ള അവകാശം നഷ്ടപ്പെട്ടതോടെ 50,000 രൂപ കൈപ്പറ്റിയ കുടുംബങ്ങള്‍ വീണ്ടും തെരുവുകളിലേക്കിറങ്ങി.

പദ്ധതിയുടെ ആദ്യഘട്ടം നടപ്പാവുന്നു

അഭയാര്‍ഥി ക്യാംപുകളില്‍ സര്‍വേ നടത്തിയാണു പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ആദ്യഘട്ടമായി 200 വീടുകള്‍ നിര്‍മിക്കാനാണു തീരുമാനിച്ചത്. 252 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിനു രണ്ടു മുറികളും ഒരു അടുക്കളയും കുളിമുറിയും വരാന്തയുമുണ്ട്.
വിധവകളുടെ കുടുംബത്തെയും അംഗവൈകല്യമുള്ളവരെയുമാണ് മുന്‍ഗണനാക്രമത്തില്‍ പദ്ധതിയിലേക്കു തിരഞ്ഞെടുത്തത്. ആദ്യപ്ളോട്ടില്‍ നിര്‍മാണം പൂര്‍ത്തിയായ 51 വീടുകളുടെ താക്കോല്‍ദാനം 2011 മെയ് 29നു റിഹാബ്് ചെയര്‍മാന്‍ ഇ. അബൂബക്കര്‍ നിര്‍വഹിച്ചു. അഡീഷനല്‍ ജില്ലാ കലക്ടര്‍ അബ്ദുല്‍ റഹീം ഷെയ്ഖ്  ചടങ്ങില്‍ സന്നിഹിതനായിരുന്നു.
മാതൃകാഗ്രാമത്തിലെ വീടുകളില്‍ താമസം തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പഠനസൌകര്യമൊരുക്കുന്നതിനു റിഹാബ്് ഒരു കമ്മ്യൂണിറ്റി സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി സെന്ററില്‍ നിയമിച്ച അധ്യാപകനാണു കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നത്. വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ ഇമാമിനെ സഹായിക്കാന്‍ രംഗത്തുണ്ട്. ഒന്നു മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള 100 കുട്ടികളും ഏഴിനും 18നും ഇടയില്‍ പ്രായമുള്ള 20 ഓളം പേരുമാണ് റിഹാബ്് കൈമാറിയ വീടുകളിലെ അന്തേവാസികളില്‍ ഉള്‍പ്പെടുന്നവര്‍. ഇവരെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി കുടില്‍വ്യവസായപദ്ധതികള്‍ തുടങ്ങാനുള്ള ശ്രമത്തിലാണു റിഹാബ്് ഇപ്പോള്‍.

പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ

മാതൃകാഗ്രാമത്തിലെ കുടുംബങ്ങള്‍ക്കു വികസനത്തിന്റെ തിരിനാളം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. തലചായ്ക്കാന്‍ ഒരു കൂരയും പുതിയ ചര്യകളും സ്വായത്തമാക്കിയ അവര്‍ പുതിയ പ്രഭാതത്തിനായി പ്രതീക്ഷയോടെ ഉറങ്ങുന്നു. നാളെകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ നെയ്യാനാണ് അവരിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ഭയരഹിതവും ഐശ്വര്യദായകവുമായ നല്ല നാളകളെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ...       


റിഹാബ് ഫൌണ്ടേഷന്‍

സന്നദ്ധസംഘടനയായി രജിസ്റ്റര്‍ ചെയ്ത റിഹാബ് ഇന്ത്യ ഫൌണ്ടേഷന്‍ ന്യൂഡല്‍ഹി ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെ ഇരകള്‍ക്കു സഹായമെത്തിക്കുക, സ്വയം തൊഴില്‍ പദ്ധതികള്‍ക്കു പലിശരഹിത വായ്പ നല്‍കുക, മാതൃകാ ഗ്രാമങ്ങള്‍ കെട്ടിപ്പടുക്കുക, ചേരിനിവാസികളുടെ ഉന്നമനം, തെരുവ് കുട്ടികളുടെ പുനരധിവാസം, പഠന സഹായം തുടങ്ങി റിഹാബ്ിന്റെ പ്രവര്‍ത്തന മേഖലകള്‍ വിപുലമാണ്. ഇ. അബൂബക്കര്‍ (ചെയര്‍മാന്‍), പ്രഫ. സുലൈമാന്‍, അഡ്വ. കെ.എം. അഷറഫ്, (വൈസ് ചെയര്‍മാന്‍), ഒ.എം.എ. സലാം (ജനറല്‍ സെക്രട്ടറി) അഡ്വ. ഹാഫിസ് റഷീദ് അഹമ്മദ് ചൌധരി (സെക്രട്ടറി), എ. സഈദ്, എം.കെ. ഫൈസി, എ.എം.എം. ഷാഫി, ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ എന്നിവരാണു റിഹാബ്ിന്റെ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്നത്. സ്പോണ്‍സര്‍മാരെ കിട്ടുന്ന മുറയ്ക്ക്, ആകെ ആയിരം വീടുകളാണു റിഹാബ്് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കുഴല്‍ക്കിണറുകളും സ്കൂളുകളും കമ്മ്യൂണിറ്റി സെന്ററുകളും പള്ളികളും ചികില്‍സാ സൌകര്യവും അടങ്ങുന്ന ബൃഹത് പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കാനാണു തീരുമാനം. കേരളത്തില്‍ നിന്നുള്ള അഡ്വ. കെ.എം. അഷറഫാണ് പദ്ധതി നടത്തിപ്പിനു മേല്‍നോട്ടം വഹിച്ചത്. 
പശ്ചിമബംഗാളിലും ന്യൂഡല്‍ഹിയിലും കര്‍ണാടകയിലും തമിഴ്്നാട്ടിലും റിഹാബ്ിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഡല്‍ഹിയിലെ ഒഖ്ലയില്‍ നടപ്പാക്കിയ സ്വയംതൊഴില്‍ പദ്ധതിയില്‍ നൂറിലധികം ഗുണഭോക്താക്കളുണ്ട്. ഏഴായിരം രൂപ വരെയാണ് ഇവര്‍ക്കു വായ്പ നല്‍കിയത്. പുതുജീവിതം കെട്ടിപ്പടുക്കാന്‍ പദ്ധതി ഉപയോഗപ്പെടുത്തിയവര്‍ വായ്പയുടെ 70% വരെ തിരിച്ചടച്ചു കഴിഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളുടെ കുടുംബങ്ങളിലെയും അല്ലാത്തതുമായ കുട്ടികള്‍ക്കു സൌജന്യ വിദ്യാഭ്യാസം നല്‍കുന്നതിനു ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ സ്വയം തൊഴില്‍, ക്ളിനിക് വിദ്യാഭ്യാസ സൌകര്യം എന്നിവ റിഹാബ്് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി ട്രോളിവാന്‍ വാങ്ങുന്നതിന് 27 പേര്‍ക്കു ധനസഹായം നല്‍കി. മാസത്തില്‍ രണ്ടുതവണ സൌജന്യ മെഡിക്കല്‍ സൌകര്യവും നല്‍കിവരുന്നു. കമ്മ്യൂണിറ്റി സെന്ററില്‍ നാലാം ക്ളാസ് പഠനസൌകര്യമേര്‍പ്പെടുത്തിയിരിക്കുന്നു.
രിഹാബ്‌ ഇന്ത്യ ഫൌണ്ടേഷനെ ക്കുറിച്ചുള്ള വീഡിയോ 
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)

0 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial