09 ജൂലൈ 2012

റയ്യാന്‍ തുറക്കപ്പെട്ടിരിക്കുന്നു നോമ്പുകാരനെ കാത്ത്..

സഹ്ല് ബിനു സഅദില്‍ (റ)നിന്നു നിവേദനം: "നബി (സ)പ്രഖ്യാപിച്ചു: റയ്യാന്‍ എന്നുപേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അന്ത്യദിനത്തില്‍ നോമ്പുകാരാണ് അതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അല്ലാത്ത മറ്റാര്‍ക്കും അതിലൂടെ പ്രവേശനമില്ല. തല്‍സമയം ചോദിക്കപ്പെടും: 'നോമ്പുകാരെവിടെ?' ഉടനെ അവരെഴുന്നേറ്റ് അതിലൂടെ പ്രവേശിക്കും. മററുള്ളവരാരും അതിലൂടെ പ്രവേശിക്കുകയില്ല. അങ്ങനെ അവരെല്ലാം പ്രവേശിച്ചു കഴിഞ്ഞാല്‍  ആ വാതില്‍ അടയ്ക്കപ്പെടും. പിന്നീട് ആര്‍ക്കും അതിലൂടെ പ്രവേശനം ലഭിക്കുകയില്ല'' (ബുഖാരി, മുസ്്ലിം).

ആരംഭിച്ചാല്‍ അവസാനിക്കാത്ത മഹാപ്രയാണമായ ജീവിതത്തിന്റെ ഭൌതിക ഭാഗത്തുകൂടിയാണ് ഇന്നു നമ്മുടെ ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നത്. ഓരോ നിമിഷവും പരലോകത്തെ ലക്ഷ്യമാക്കിയാണ് ഈ ഊക്കുള്ള ഒഴുക്കു നീങ്ങുന്നത്. പരലോകജീവിതം എന്നു പറയുമ്പോള്‍ അങ്ങകലെ എവിടെയോ എന്നോ സംഭവിക്കാനുള്ള ഒരു കാര്യമായി കണക്കാക്കരുത്.
എത്രനാള്‍ ഇവിടെ ജീവിക്കുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല. മരണം ഏതുനേരത്തും ആരെയും വന്നു പിടികൂടും. അതിനാല്‍ പരലോകജീവിതത്തിന് ഏറെ അടുത്താണു ഭൂമിയില്‍ ജീവിക്കുന്ന എല്ലാവരും അനുദിനം കഴിഞ്ഞുകൂടുന്നത്. മരണമെന്ന തിരശ്ശീലയ്ക്കപ്പുറം പ്രവര്‍ത്തനസ്വാതന്ത്യ്രമുള്ള ലോകമല്ല. ഈ ലോകത്തു വിശ്വസിച്ചതിന്റെയും പ്രവര്‍ത്തിച്ചതിന്റെയും ഫലം കൊയ്യുന്ന ഇടമാണത്.

സത്യത്തില്‍ വിശ്വസിച്ചു സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചവര്‍ക്കു നിത്യാനന്ദത്തിന്റെ സ്വര്‍ഗാരാമത്തില്‍ ശാന്തജീവിതവും നിഷേധിച്ചു തോന്ന്യാസം ജീവിച്ചവര്‍ക്കു നിത്യനാശത്തിന്റെ നരകീയജീവിതവുമാണ് അല്ലാഹു വ്യവസ്ഥ ചെയ്തിട്ടുള്ളത്.
സ്വര്‍ഗത്തിലോ നരകത്തിലോ എവിടെയാണ് എത്തേണ്ടതെന്നു തീരുമാനിക്കാന്‍ വ്യക്തിസ്വാതന്ത്യ്രം നല്‍കപ്പെട്ടിട്ടുണ്ട്. ഈ ഭൌതിക ജീവിതഘട്ടത്തില്‍ എല്ലാവരെയും സ്വര്‍ഗത്തിലേക്കാണ് അല്ലാഹു വിളിക്കുന്നത്. അതുവഴി നീങ്ങാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും അല്ലാഹു നേരിട്ടും പ്രവാചകന്മാര്‍വഴിയും ധാരാളമായി നല്‍കിയിട്ടുണ്ട്.
ഇസ്്ലാമിലെ മറ്റുപല നിയമങ്ങളെയുംപോലെ വ്രതം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമവും പടിപടിയായാണു നടപ്പില്‍വരുത്തിയത്. മാസത്തില്‍ മൂന്നു നോമ്പ് വീതം അനുഷ്ഠിക്കാന്‍ പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രവാചകന്‍(സ) അനുയായികളോടു പറഞ്ഞിരുന്നു. അതു നിര്‍ബന്ധമായിരുന്നില്ല. ഹിജ്റ രണ്ടാം വര്‍ഷത്തില്‍ ബദ്ര്‍യുദ്ധത്തിനു തൊട്ടുമുമ്പാണ് റമദാന്‍മാസത്തിലെ നിര്‍ബന്ധ നോമ്പിനുള്ള വിധിവന്നത്. നോമ്പെടുക്കാന്‍ കഴിവുള്ളതോടൊപ്പം അതെടുക്കാത്തവന്‍ ഒരു ദരിദ്രന് ആഹാരം നല്‍കിയാല്‍ മതി എന്ന ഒരിളവ് അന്നുണ്ടായുന്നു. ആ വിധിയെ ദുര്‍ബലപ്പെടുത്തിക്കൊണ്ടു കഴിവുള്ള എല്ലാവരും നോമ്പനുഷ്ഠിക്കണം എന്നു കല്‍പ്പിച്ചതു പിറ്റേക്കൊല്ലമായിരുന്നു. അവിടെയും രോഗി, യാത്രക്കാരന്‍, ഗര്‍ഭിണി, മുലകൊടുക്കുന്ന സ്ത്രീ, യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ എന്നിവര്‍ക്ക് ഇളവു നല്‍കപ്പെട്ടിരുന്നു. അത്തരക്കാര്‍ റമദാനില്‍ ഒഴിവാക്കിയ നോമ്പു നോറ്റുവീട്ടണമെന്നു കല്‍പ്പിക്കപ്പെടുകയും ചെയ്തു.

യാത്രയില്‍ നോമ്പ് എടുക്കാതിരിക്കുന്നതിന് എത്ര ദൂരംവരെയുള്ള യാത്ര എന്ന കാര്യത്തില്‍ പ്രവാചകനില്‍നിന്നു കൃത്യമായ നിര്‍ദേശങ്ങള്‍ ഒന്നും നിവേദനം ചെയ്യപ്പെട്ടിട്ടില്ല. യാത്രയില്‍ നോമ്പ് അനുഷ്ഠിക്കുന്നതും വിടുന്നതും മനുഷ്യന്റെ സ്വാതന്ത്യ്രത്തിനുവിട്ട കാര്യമാണ്. നബിയും സഹാബത്തും യാത്രയില്‍ നോമ്പ് അനുഷ്ഠിക്കുകയും അനുഷ്ഠിക്കാതിരിക്കുകയും ചെയ്തതായി നിവേദനങ്ങളുണ്ട്. ഒരു യാത്രയില്‍ നബി(സ)യുടെ സംഘത്തിലുണ്ടായിരുന്ന ഒരു സഹാബി നോമ്പെടുത്ത് അവശനായി തളര്‍ന്നുവീണു. ആളുകള്‍ ചുറ്റും കൂടി. അയാളെ പരിചരിക്കാനൊരുങ്ങുമ്പോള്‍ നബി കാര്യം തിരക്കി. നോമ്പുകാരണം തളര്‍ന്നതാണെന്ന് അനുചരന്മാര്‍ പറഞ്ഞപ്പോള്‍ 'ഇതു പുണ്യമല്ല' എന്നു പ്രവാചകന്‍ പ്രതികരിക്കുകയുണ്ടായി.
ഉമര്‍ (റ) പറഞ്ഞു: "ഞങ്ങള്‍ നബി(സ) ഒന്നിച്ചു രണ്ടുതവണ റമദാന്‍ മാസത്തില്‍ യുദ്ധം ചെയ്തിട്ടുണ്ട്്- ബദ്ര്‍യുദ്ധത്തിലും മക്കാവിജയത്തിലും. രണ്ടുതവണയും ഞങ്ങള്‍ നോമ്പ് വിടുകയുണ്ടായി.'' അബ്ദുല്ലാഹ് ബിന്‍ ഉമറില്‍നിന്നു മറ്റൊരു നിവേദനം ഇങ്ങനെ കാണാം: "മക്കാവിജയ യുദ്ധഘട്ടത്തില്‍ പ്രവാചകന്‍ പറഞ്ഞു: 'ഇതു യുദ്ധദിവസമാണ്. അതിനാല്‍ നോമ്പ് മുറിച്ചുകൊള്ളുക' എന്ന്.'' നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ട്  അവതരിപ്പിച്ച സൂക്തത്തില്‍ (2:183) മുഹമ്മദ് നബി (സ)യുടെ മുന്‍ പ്രവാചകന്മാരുടെ അനുയായികള്‍ക്കും ഇതുപോലെ വ്രതം നിര്‍ബന്ധമാക്കിയിരുന്നു എന്നു പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ അവതരിപ്പിച്ചതു റമദാനിലാണ്. ഈ റമദാന്‍ മാസം തന്നെയാണു മറ്റുപല സമുദായങ്ങള്‍ക്കു മാര്‍ഗദര്‍ശനമായി വേദഗ്രന്ഥങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത്. തൌറാത്ത് മൂസാനബിക്കു റമദാന്‍ ആദ്യവാരത്തിലും സബൂര്‍ ദാവൂദ് നബിക്കു റമദാന്‍ രണ്ടാംവാരത്തിലും ഇന്‍ജീല്‍ ഈസാ നബിക്കു റമദാന്‍ മൂന്നാംവാരത്തിലും ഖുര്‍ആന്‍ മുഹമ്മദ് നബി (സ)ക്കു റമദാന്‍ അന്ത്യവാരത്തിലും അവതരിപ്പിച്ചുകൊടുത്തുവെന്ന് ഇബ്നു കസീര്‍ രേഖപ്പെടുത്തുന്നു.

വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യവും പ്രതിഫലങ്ങളും വിശദമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും ധാരാളം ഹദീസുകളുമുണ്ട്. മനുഷ്യമനസ്സുകളെ ഭക്തി, വിശുദ്ധി, ചുമതലാബോധം, നിശ്ചയദാര്‍ഢ്യം, ദൈവഭയം തുടങ്ങിയവയ്്ക്കായി സജ്ജമാക്കി ജീവിതവിജയത്തിലെത്തിക്കുക എന്നതാണതിന്റ ചുരുക്കം.
പ്രത്യക്ഷത്തില്‍ ശരീരത്തിനും മനസ്സിനും പ്രയാസകരമെന്നു തോന്നുന്ന ഈ നിര്‍ബന്ധാനുഷ്ഠാനത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. ഉദാത്തമായ ലക്ഷ്യങ്ങളിലേക്കു നീങ്ങുന്നവര്‍ക്കു കാര്യങ്ങള്‍ അനായാസേന കൈകാര്യം ചെയ്യാനുതകുന്ന പരിശീലനം ആവശ്യമാണ്. ഇസ്്ലാമിക ശിക്ഷണവ്യവസ്ഥയുടെ ലക്ഷ്യം ഇതിലൂടെ വെളിവാകുന്നുണ്ട്.

ഈ സമുദായത്തിന്റെ മഹത്തായ നിയോഗലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഓരോ അംഗവും അടിപതറാത്ത മുജാഹിദായിരിക്കണം. അതിന് ഏതുതരം പരിശീലനം വേണമെന്നു സര്‍വജ്ഞനായ രാജതമ്പുരാനറിയാം. അതാണ് എല്ലാ പരിശീലനകേന്ദ്രങ്ങളിലും വ്യവസ്ഥയിലും നടപടിക്രമങ്ങളിലും നാം കാണുന്നത്. അനുഷ്ഠിക്കാനാരംഭിച്ചാല്‍ അതൊക്കെ അനായാസമാക്കുന്നത് ഒരു ദൈവികാനുഗ്രഹമാണ്.
അതിനാല്‍, വ്രതാനുഷ്ഠാനവുമായി ഉന്നതമായ പ്രതീക്ഷകള്‍ ബന്ധിപ്പിക്കാവുന്ന ആത്മബലം നല്‍കുന്ന പ്രതിഫല വാഗ്ദാനങ്ങള്‍ ഏറെ നല്‍കപ്പെട്ടിട്ടുണ്ട്. അബൂഹുറയ്റ പ്രവാചകനില്‍ നിന്നു നിവേദനം ചെയ്യുന്നു: "വിശ്വാസദാര്‍ഢ്യത്തോടും പ്രതിഫലേച്ഛയോടും വല്ലവനും റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും'' (ബുഖാരി, മുസ്്ലിം).
അദ്ദേഹത്തില്‍ നിന്നുതന്നെ മറ്റൊരു നിവേദനം: "റസൂല്‍(സ) പറഞ്ഞു: 'അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്, നോമ്പൊഴിച്ചുള്ള  മറ്റെല്ലാ കര്‍മങ്ങളും അവനവനുതന്നെയുള്ളതാണ്; നോമ്പ് എനിക്കും. ഞാനാണ് അതിനു പ്രതിഫലം നല്‍കുക. തെറ്റുകള്‍ തടുക്കാനുള്ള ഒരു പരിചയാണു നോമ്പ്. നിങ്ങളില്‍ ആരെങ്കിലും നോമ്പ് ദിവസമായാല്‍ തെറ്റു പ്രവര്‍ത്തിക്കാതിരിക്കുകയും ബഹളമുണ്ടാക്കാതിരിക്കുകയും ചെയ്യട്ടെ. ഇനി വല്ലവനും അവനെ വഴക്കുപറയുകയോ അവനോടു ശണ്ഠകൂടുകയോ ചെയ്യുന്നപക്ഷം ഞാന്‍ നോമ്പുകാരനാണെന്ന് അവന്‍ പറയട്ടെ. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിക്കുന്നവനെക്കൊണ്ടു സത്യം, നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. നോമ്പുകാരന് രണ്ട് ആനന്ദമാണുള്ളത്. ഒന്ന് നോമ്പ് മുറിക്കുമ്പോഴും മറ്റൊന്നു തന്റെ നാഥനെ കണ്ടുമുട്ടുമ്പോഴും. നോമ്പിന്റെ പേരില്‍ അവന്‍ സന്തുഷ്ടനായിത്തീരും'' (ബുഖാരി, മുസ്്ലിം).

നരകവാതിലുകള്‍ അടയ്ക്കപ്പെടുകയും പിശാചിന്റെ കുതന്ത്രങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയും സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുകയും ചെയ്യുന്ന റമദാന്‍മാസത്തിലെ നോമ്പ് സത്യവിശ്വാസികള്‍  തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ സന്‍മാര്‍ഗത്തിന്റെ വിലയറിഞ്ഞു നടത്തുന്ന ഒരു നന്ദിപ്രകടനം കൂടിയാണ്. മറ്റേതൊരു സന്ദര്‍ഭത്തേക്കാളും ഉപവാസകാലത്താണു മനുഷ്യബുദ്ധിയില്‍ ഈ ബോധം സജീവമായി നിലനിര്‍ത്താന്‍ കഴിയുന്നത്. നോമ്പിനെക്കുറിച്ചു നമുക്കൊക്കെ ഏറെ അറിയാമെങ്കിലും ഓരോ പുനര്‍വായനയും പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണെന്നതു മറക്കാതിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.       
ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക്‌ ഇഷ്ടമായെങ്കില്‍ താഴെ ഒരു ലൈകും കമന്റും നല്‍കാന്‍ മറക്കില്ലല്ലോ...:)
                        

2 അഭിപ്രായങ്ങൾ:

  1. നല്ല പോസ്റ്റ്‌ ..ഇതേപോലെ മറ്റുള്ളവര്‍ക്ക്‌ അറിവ് നല്‍കുന്ന കരിയങ്ങള്‍ ഇനിയും ഇതിലൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ....ഇതെല്ലാം എയുതി തയ്യാര്‍ ആക്കിയ ഒലിവിനെ അല്ലഹ് അന്ഗ്രഹിക്കുമാരകട്ടെ ആമീന്‍

    മറുപടിഇല്ലാതാക്കൂ
  2. വളരെ നല്ല ഒരു പോസ്റ്റ്‌ ആണ് ... ഇനിയും ഇതുപോലെ ഉള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു .. അല്ലഹ് അര്‍ഹമായ പ്രതിഫലം നല്കുമാരകട്ടെ ..ആമീന്‍

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial