16 ഓഗസ്റ്റ് 2012

ഖമറുന്നീസാ ബീവിയെ വെടിവച്ചുകൊന്നത് പോലിസോ??

മലപ്പുറം  ചോക്കാട് പെടയന്താള്‍ സ്വദേശിനി ഖമറുന്നീസാ ബീവി വെടിയേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും സ്വതന്ത്ര ഏജന്‍സി പുനരന്വേഷണം നടത്തണമെന്നുമുള്ള പിതാവിന്റെ ആവശ്യം ചൂടേറിയ ചര്‍ച്ചയിലേക്ക്. 2010 സപ്തംബര്‍ 13നാണു കാളികാവ് സ്റേഷനിലെ ഗ്രൈഡ് എസ്.ഐ പി പി വിജയകൃഷ്ണനെ വെടിവച്ചുകൊന്ന കേസിലെ പ്രതി ചോക്കാട് പെടയന്താള്‍ ആറങ്ങോടന്‍ മുജീബ്റഹ്മാനെ(35)യും ഭാര്യ ഖമറുന്നീസാ ബീവി(27)യെയും വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ച നിലയില്‍ കാണപ്പെട്ടത്. എസ്.ഐയെ വെടിവച്ചുകൊന്ന് കാട്ടിലേക്കു രക്ഷപ്പെട്ട മുജീബ്റഹ്മാനും ഭാര്യ ഖമറുന്നീസാ ബീവിയും പിറ്റേന്നു സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് വെളിപ്പെടുത്തിയത്.

 എന്നാല്‍, പ്രദേശത്തു പോലിസ് അരിച്ചുപെറുക്കി തിരച്ചില്‍ നടത്തികൊണ്ടിരിക്കേ ഇരുവരുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്െടത്തിയതില്‍ ദുരൂഹതയുണ്െടന്നും ഇരുവരെയും പോലിസ് പിടികൂടി വെടിവച്ചു കൊല്ലുകയോ കീഴടങ്ങിയശേഷം വെടിവച്ചു കൊല്ലുകയോ ചെയ്തതാവാമെന്നുമുള്ള സംശയമാണ് ഖമറുന്നീസാ ബീവിയുടെ പിതാവ് ചെമ്പ്രശ്ശേരി മുഹമ്മദ്കോയ തങ്ങള്‍ ഉന്നയിക്കുന്നത്. സംഭവം നടന്നു രണ്ടുവര്‍ഷത്തിനുശേഷമാണ് പോലിസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ വെളിപ്പെടുത്തലുകള്‍. മലപ്പുറം കുടുംബകോടതിയുടെ വാറന്റില്‍ 2010 സപ്തംബര്‍ 12നു ഉച്ചയ്ക്ക് മുജീബ്റഹ്മാനെ അറസ്റ്റ് ചെയ്യാന്‍ ചെന്ന എസ്.ഐ പി പി വിജയകൃഷ്ണന്‍ വെടിയേറ്റു മരിച്ച തിന്റെപിറ്റേന്ന് രാവിലെ 6.30 ഓടെ മുജീബിനെയും ഭാര്യ ഖമറുന്നീസാ ബീവിയെയും വീടിനടുത്തുള്ള എ.കെ.ടി.കെ.എം റബര്‍ എസ്റ്റേറ്റില്‍ വെടിയേറ്റു കൊല്ലപ്പെട്ടനിലയില്‍ കാണപ്പെടുകയായിരുന്നു. 

പോലിസ് ഓഫിസറെ വെടിവച്ചതിനുശേഷം മുജീബും ഭാര്യയും 10 ഉം നാലും വയസ്സു പ്രായമുള്ള രണ്ടു മക്കളേയും കൂട്ടി കാട്ടിലേക്കു രക്ഷപ്പെട്ടെന്നായിരുന്നു വാര്‍ത്ത. പിറ്റേന്നു രാവിലെ ഇരുവരും തോട്ടത്തിലൂടെ നടന്നുപോവുന്നത് ടാപ്പിങ് തൊഴിലാളി കണ്ടതായും 10 മിനിറ്റിനുശേഷം വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് തിരഞ്ഞപ്പോള്‍ രണ്ടുപേരുടേയും മൃതശരീരങ്ങള്‍ കാണപ്പെട്ടുവെന്നുമാണു പോലിസ് പ്രചരിപ്പിച്ചിരുന്നത്. മൃതശരീരത്തിന്റെ അടുത്തു രണ്ടുതോക്കുകള്‍ ഉണ്ടായിരുന്നുവെന്നും മുജീബിന്റെ കുട്ടികള്‍ പരിസരത്തുനിന്നു കരയുകയായിരുന്നുവെന്നുമാണ് പോലിസിന്റെ ആദ്യവിവര റിപോര്‍ട്ടിലുള്ളത്.

വന്‍ പോലിസ് സന്നാഹവും നാട്ടുകാരും ചോക്കാട് പെടയന്താള്‍ പ്രദേശത്ത് അരിച്ചുപെറുക്കിയിട്ടും കണ്െടത്താത്ത മുജീബിനെയും ഭാര്യയേയും പിറ്റേന്നു വീട്ടിനടുത്തു മരിച്ചുകിടക്കുന്നതു കണ്ടുവെന്നത് പോലിസ് സൃഷ്ടിച്ച കഥയാണെന്നാണു പിതാവ് പറയുന്നത്. മുജീബും കുടുംബവും പോലിസ് പിടിയില്‍ അകപ്പെടുകയോ കീഴടങ്ങുകയോ ചെയ്തിരിക്കാമെന്നും പ്രതികാരം തീര്‍ക്കാന്‍ ഇരുവരെയും വെടിവച്ചുകൊല്ലുകയും എസ്റേറ്റില്‍ കൊണ്ടുവന്നു കിടത്തുകയും ചെയ്തതാവാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.സംഭവത്തില്‍ ഒന്നാം സാക്ഷിയായി പോലിസ് അവതരിപ്പിച്ച രവി എന്ന ഉണ്ണി ഇതിനുമുമ്പും പലകേസുകളിലും സാക്ഷിയായി നിന്ന ആളാണെന്നാണു സൂചന. ഇയാള്‍ പോലിസിന്റെ സൃഷ്ടിയാണെന്ന സംശയവും ബലപ്പെടുന്നു. സംഭവദിവസം രാത്രി 25 ഓളം പോലിസുകാര്‍ മുഹമ്മദ്കോയ തങ്ങളുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങളിലൊരാളെ നിങ്ങളുടെ മകളും മരുമകനും കൊന്നിട്ടുണ്െടന്നും അതിനു പകരം ചെയ്യുമെന്നും പറഞ്ഞിരുന്നു. 

ഖമറുന്നീസയുടെ സഹോദരന്‍ ശിഹാബിനെ പോലിസ് കൂട്ടികൊണ്ടുപോവുകയും ചെയ്തിരുന്നു. വെടിവയ്ക്കാനുള്ള തോക്കും തിരകളും കാണിച്ചു മകളെ എവിടെ കണ്ടാലും വെടിവയ്ക്കാനുള്ളതാണിതെന്നു മുഹമ്മദ്കോയ തങ്ങളോട് പോലിസ് മുന്നറിയിപ്പും നല്‍കിയിരുന്നു. വീട്ടിലേക്കുള്ള ടെലിഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കുകയും മൂന്നു മൊബൈല്‍ ഫോണുകള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. കൊല്ലപ്പെടുന്നതിന്റെ തലേന്ന് സ്റ്റേഷനില്‍ മുജീബിന്റെ രണ്ടു മക്കളേയും കണ്ടതായും പറയപ്പെടുന്നുണ്ട്. കുട്ടികളെ പിന്നീട് അനാഥാലയത്തിലാക്കിയത് ഒരു പോലിസുകാരന്‍ തന്നെ മുന്‍കൈയെടുത്തായിരുന്നു.

 സംഭവദിവസം രാവിലെ കുട്ടികള്‍ രണ്ടുപേരേയും മുജീബും ഭാര്യയും വീട്ടിലേക്കു പറഞ്ഞയച്ചുവെന്നും വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ആളുകള്‍ കൂടി നിന്നതുകൊണ്ട് തിരിച്ചുപോന്നുവെന്നുമാണ് പോലിസ് റിപോര്‍ട്ടിലുള്ളത്. ജനക്കൂട്ടത്തിനിടയില്‍നിന്നും ഈ കുട്ടികള്‍ ആരുടെയും ശ്രദ്ധയില്‍പെട്ടില്ല എന്നതു അവിശ്വസനീയമാണ്. മുജീബ് മരിക്കുന്നതിനുമുമ്പ് ജ്യേഷ്ഠന്‍ അബ്ദുറഹിമാന് ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ടു അവ്യക്തവും പരസ്പരവിരുദ്ധവുമായ പോലിസ് റിപോര്‍ട്ടാണുള്ളത്. മുജീബിനെതിരേ കാളികാവ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. 

പരിശോധന നടത്തിയ ഫോറന്‍സിക് ഓഫിസര്‍ സംഭവസ്ഥലത്തുവച്ചു തന്നെ ഫലം സംബന്ധിച്ചു വാര്‍ത്താലേഖകരോട് വെളിപ്പെടുത്തിയതും ദുരൂഹമാണ്. ആരോഗ്യവാന്മാരായ മുജീബും ഖമറുന്നീസയും സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാണെങ്കില്‍ മൃതദേഹത്തിനു ചുറ്റും രക്തം കാണേണ്ടതായിരുന്നുവെങ്കിലും സമീപപ്രദേശത്തെ പുല്ലുകളില്‍ പോലും ചോര കണ്ടിരുന്നില്ല. പ്രതികാരം തീര്‍ക്കാന്‍ മുജീബിനെ വകവരുത്തിയ പോലിസ് തെളിവുനശിപ്പിക്കാന്‍ ഖമറുന്നീസാ ബീവിയെക്കൂടി കൊല്ലുകയായിരുന്നുവെന്ന സംശയമാണ് പിതാവ് ഉന്നയിച്ചിരിക്കുന്നത്

1 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial