20 നവംബർ 2012

ബാല്‍ താക്കറെ ബാക്കിവെച്ചത്....!!!ശിവസേനാ നേതാവ് ബാല്‍ താക്കറെക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണു മുംബൈയിലെ ശിവജി പാര്‍ക്കില്‍ എത്തിച്ചേര്‍ന്നത്. ആചാരവെടിയും മറ്റു ബഹുമതികളുമൊക്കെ ഉണ്ടായിരുന്നു. വ്യവസായപ്രമുഖരും രാഷ്ട്രീയനേതാക്കളുമൊക്കെ അദ്ദേഹത്തിനു യാത്രാമൊഴി നല്‍കാന്‍ എത്തിച്ചേരുകയും ചെയ്തു. 

എന്നാല്‍ എന്താണു ബാല്‍ താക്കറെ ഇവിടെ അവശേഷിപ്പിച്ചുപോവുന്നത്? 46 വര്‍ഷം മുമ്പ് കാര്‍ട്ടൂണിന്റെ തട്ടകം വിട്ടു ശിവസേന രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ച മുഹൂര്‍ത്തം മുതല്‍ അന്ത്യനിമിഷം വരെ ഏതുതരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്? ഇന്ത്യയെ സംബന്ധിച്ചു താക്കറെയുടെ പൈതൃകം ഏതുതരത്തിലുള്ളതാണ്? 

നിസ്സംശയം പറയാം, വെറുപ്പിന്റെയും ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവും സംസ്കാരവുമാണ് അദ്ദേഹമിവിടെ അവശേഷിപ്പിച്ചുപോവുന്നത്. മുംബൈയിലെ യുവജനങ്ങളുടെ അസംതൃപ്തിയും തൊഴിലില്ലായ്മയും മൂലധനമാക്കി, അതിന്റെ കാരണക്കാരായി കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമൊക്കെ കുടിയേറിയ പാവപ്പെട്ട മനുഷ്യരെ ചൂണ്ടിക്കാട്ടി അവരുടെ മേല്‍ ആക്രമണം നടത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ അശ്വമേധം തുടങ്ങിയത്. ആ കലാപങ്ങളില്‍ എത്രയോ കുടുംബങ്ങള്‍ അനാഥരായി. ഇതേ ഫാഷിസ്റ് നയം പിന്നീട് ഗുജറാത്തികളുടെ നേരെയും സമീപകാലത്തു ബിഹാറില്‍നിന്നും മറ്റും വന്ന ഹിന്ദിക്കാരുടെ നേരെയും അദ്ദേഹവും അനുയായികളും പ്രയോഗിച്ചു. സത്യസന്ധതയോ രാഷ്ട്രീയമായ പക്വതയോ ദേശീയബോധമോ തരിമ്പുമില്ലാത്ത  സമീപനമാണ് അതില്‍ മുഴച്ചുനിന്നത്. അക്രമംകൊണ്ട് എന്തും നേടിയെടുക്കാമെന്ന ബോധമാണ് അതിനു രാസത്വരകമായി ഭവിച്ചത്. 

അസംതൃപ്തിയും പട്ടിണിയും അസമത്ത്വങ്ങളും മുംബൈയുടെ മാത്രം പ്രത്യേകതയായിരുന്നില്ല. രാജ്യമൊട്ടുക്കും അതുതന്നെയായിരുന്നു അവസ്ഥ; ഇപ്പോഴും അതുതന്നെയാണു സ്ഥിതിയും. സമ്പത്തും ഭൂമിയും വിഭവങ്ങളും ഒരുപറ്റം ആളുകള്‍ കൈക്കലാക്കിവയ്ക്കുന്നത് നിലനില്‍ക്കുവോളം ആ ദുസ്ഥിതി തുടരുകയും ചെയ്യും. അതിനെതിരേ വിശാലമായ ജനകീയ ഐക്യമാണ് ഉയരേണ്ടത്. എന്നാല്‍, ആരാണോ ഈ ദുരവസ്ഥയ്ക്കു കാരണഭൂതര്‍, ആ വരേണ്യവര്‍ഗത്തിന്റെ കോടാലിക്കൈ ആയാണു താക്കറെ തന്റെ പൊതുജീവിതം മുഴുക്കെ നിറഞ്ഞാടിയത്. 

മുസ്ലിം സമുദായവും അദ്ദേഹത്തിന്റെ കണ്ണിലെ കരടായിരുന്നു. മുംബൈ കലാപം സംബന്ധിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ റിപോര്‍ട്ടില്‍ പേരെടുത്തു കുറ്റപ്പെടുത്തുന്ന ഒരു വ്യക്തിയാണു ബാല്‍ താക്കറെ. പക്ഷേ, അദ്ദേഹത്തിനെതിരേ നീങ്ങാന്‍, കൊള്ളയും കൊള്ളിവയ്പും കൊലയും നേരിട്ട അരക്ഷിതരായ ന്യൂനപക്ഷങ്ങള്‍ക്കു നീതി ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ ഭയപ്പെട്ടു. ഒരു ചെറുവിരല്‍ പോലും അവര്‍ അനക്കിയില്ല. താക്കറെ അതേസമയം, ക്രിക്കറ്റ് കളിക്കാന്‍ നഗരത്തിലെത്തുന്ന പാക് കളിക്കാരെ ഭീഷണിപ്പെടുത്തിയും സാംസ്കാരികപ്രവര്‍ത്തകര്‍ക്കു നേരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടും ഏകാധിപതിയെപ്പോലെ വാണു. അദ്ദേഹത്തിന്റെ കാലശേഷമെങ്കിലും, അനുയായികള്‍ തങ്ങളുടെ നിലപാടുകള്‍ പുനപ്പരിശോധിക്കുമോ എന്നു കണ്ടറിയണം. അതിനുള്ള സാധ്യത പക്ഷേ, വിരളമാണ്. സ്വയംവിമര്‍ശന സ്വഭാവം ഫാഷിസ്റിന്റെ രക്തത്തിലുള്ളതല്ല.

5 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial