24 ജനുവരി 2013

ഹിന്ദുത്വഭീകരവാദികളെ ഒറ്റപ്പെടുത്തിയാലേ രാജ്യത്തെ രക്ഷിക്കാനാവൂ.രാഷ്ട്രത്തെ നടുക്കിയ നിരവധി സ്ഫോടനപരമ്പരകള്‍ക്കു പിന്നില്‍ ഹിന്ദുത്വ ഭീകരസംഘങ്ങളാണെന്നു നാഷനല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി കണ്െടത്തിയിട്ട് നാളുകള്‍ ഏറെയായി. മലേഗാവ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമന്ത് കര്‍ക്കരെയാണ് മുന്‍ധാരണകള്‍ പൊളിച്ചെഴുതി, മുസ്ലിംസമുദായത്തില്‍പ്പെട്ടവരല്ല, ഹിന്ദുത്വരാണ് ഉത്തരവാദികളെന്ന് ആദ്യമായി വെളിപ്പെടുത്തിയത്. കര്‍ക്കരെ ദുരൂഹസാഹചര്യത്തില്‍ വധിക്കപ്പെട്ടുവെങ്കിലും അദ്ദേഹം തുറന്നുവച്ച കുടത്തിലെ ഭൂതം ആര്‍.എസ്.എസ് നേതാക്കളെ വരെ വിഴുങ്ങുന്ന അവസ്ഥയിലേക്കാണു നീങ്ങിയത്. മലേഗാവില്‍ നടന്ന രണ്ടു സ്ഫോടനങ്ങള്‍ക്കു പുറമെ മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് തുടങ്ങി ഒരു ഡസനിലധികം ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്‍.ഐ.എയുടെ വലയില്‍ കുടുങ്ങി.

അന്വേഷണങ്ങള്‍ നേരായ ദിശയില്‍ മുന്നേറുന്ന മുറയ്ക്ക് സംഘികള്‍ മാത്രമല്ല പ്രതിക്കൂട്ടിലാവുന്നത്. സ്ഫോടനങ്ങള്‍ നടന്നയുടന്‍ അസാമാന്യ മിടുക്കുകാട്ടി നിരപരാധികളായ മുസ്ലിംചെറുപ്പക്കാരെ യു.എ.പി.എ തുടങ്ങിയ ഭീകരവകുപ്പുകള്‍ ചാര്‍ത്തി ജയിലിലടച്ച അന്വേഷണ ഉദ്യോഗസ്ഥരും 'മുസ്ലിം ഭീകരത' ആഘോഷിച്ച കുത്തകമാധ്യമങ്ങളും പ്രതിക്കൂട്ടിലാണ്. യഥാര്‍ഥ കുറ്റവാളികള്‍ പിടിക്കപ്പെട്ടശേഷവും നിരപരാധികള്‍ ജയിലില്‍ കഴിയുന്നുവെന്നതും വിട്ടയക്കപ്പെട്ടവര്‍ക്കു നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നതും നിയമം ദുരുപയോഗം ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയില്ലെന്നതും രാജ്യത്തു തുടരുന്ന ഇരട്ടനീതിയുടെ സാക്ഷ്യങ്ങളാണ്. 

ഇന്റലിജന്‍സ് സംവിധാനത്തെ കണ്ണടച്ചുവിശ്വസിക്കുകയും ഉന്നത പോലിസ് ഉദ്യോഗസ്ഥരെ കയറൂരിവിടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടും ഭീകരസംഘങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ചട്ടുകങ്ങളായി വര്‍ത്തിക്കുന്ന ഇന്റലിജന്‍സ്-പോലിസ് ലോബികളെ തളയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനോ വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കോ കഴിയുന്നില്ല. അത്തരമൊരു ഇച്ഛാശക്തി തീരെ അസ്തമിച്ചുപോയിട്ടില്ലെന്നു തെളിയിക്കുന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ജയ്പൂരിലെ കോണ്‍ഗ്രസ് ശിബിരത്തില്‍ നടത്തിയ പ്രസംഗം. ആര്‍.എസ്.എസും ബി.ജെ.പിയും ഭീകരപരിശീലന ക്യാംപുകള്‍ നടത്തുന്നുവെന്ന ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തലിന് ഫലപ്രദമായ തുടര്‍നടപടികള്‍ വേണം. കുറ്റക്കാരായ ആര്‍.എസ്.എസ് നേതാക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഭീകരപരിശീലന ക്യാംപുകള്‍ അടച്ചുപൂട്ടാനും മുസ്ലിംവിരുദ്ധ ഭീകരവേട്ടകള്‍ അവസാനിപ്പിക്കാനും സര്‍ക്കാരിനു കഴിയണം. 

ആഭ്യന്തരമന്ത്രിക്കെതിരേ ആര്‍.എസ്.എസും ബി.ജെ.പിയും ഉറഞ്ഞുതുള്ളുന്നതില്‍ അദ്ഭുതമില്ല. പ്രതികാരത്തിന്റെ പ്രത്യയശാസ്ത്രം പ്രാവര്‍ത്തികമാക്കാന്‍ പ്രതിജ്ഞാബദ്ധരാണവര്‍. ആഭ്യന്തരമന്ത്രി ചിദംബരം കാവിഭീകരതയെക്കുറിച്ച് ഒന്നുരിയാടിയപ്പോള്‍, സംഘപരിവാരം അദ്ദേഹത്തിനെതിരേ കരുക്കള്‍ നീക്കിയതു നാം കണ്ടതാണ്. ഇപ്പോള്‍ ഷിന്‍ഡെയുടെ ഊഴമാണ്. ഹിന്ദുത്വകക്ഷികള്‍ ദേശീയപ്രക്ഷോഭത്തിന് അങ്കംകുറിച്ചുകഴിഞ്ഞു. കേസുകള്‍ നിയമപരമായി നേരിടുന്നതിനു പകരം ഭീഷണിപ്പെടുത്തിയും കടന്നാക്രമിച്ചും സര്‍ക്കാരിനെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തിയാലേ രാജ്യത്തെ രക്ഷിക്കാനാവൂ.

3 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial