03 ഫെബ്രുവരി 2014

മുസ്ലിം ലീഗിനെ വിലയിരുത്തുമ്പോള്‍.......


മുസ്ലിം സമുദായത്തിനു ലീഗ് ചെയ്ത സംഭാവനകളെകുറിച്ച് വിവരിക്കുമ്പോള്‍ "ഉപ്പുപ്പാക്ക് ആനയുണ്ടായിരുന്ന കാലത്തെ"കുറിച്ച് വീമ്പു പറയലാണ് ഇപ്പോഴും ലീഗുകാരുടെ പണി. പത്ത് ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞിട്ടും പഴയ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പും അറബി മുന്‍ഷിമാരെ വിരിയിപ്പിച്ച് എടുത്ത കഥയും തന്നെ പറയാനുള്ളൂ.
സി.എച്ചും സീതി സാഹിബും കഴിഞ്ഞു വന്നവര്‍ സ്വന്തക്കാരെ 'വഴിവിട്ടു" സഹായിക്കുന്ന സമയം സമുധയതിനെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ സമുദായായ പുരോഗതിക്ക് വേറെ വഴിതേടേണ്ട ഗതികെട് ആര്‍ക്കും ഉണ്ടാവുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുമായി ചേര്‍ന്ന് ഭരിച്ച കാലത്ത്‌ നേടിയ നേട്ടങ്ങളില്‍ ഊറ്റം കൊണ്ടിരിക്കാന്‍ അല്ലാതെ അഭിനവ ലീഗിന്‍റെ നേട്ടങ്ങളെ കേരള കോണ്‍ഗ്രസ്‌ സ്വന്തം സമുദായത്തിനു വേണ്ടി നേടി എടുത്തത്തിന്‍റെ നാലയലത്ത് വരുമോ. വിദ്യാഭ്യാസ സൌകര്യത്തിലും ആരോഗ്യ മേഖലയിലും അടക്കം എല്ലാ മേഖലയിലും ഉള്ള സൌകര്യങ്ങളുടെ ലിസ്റ്റ് ജില്ല അടിസ്ഥാനത്തില്‍ എടുത്ത് ലിസ്റ്റ് തല തിരിച്ചു പിടിച്ചാല്‍ മുകളില്‍ തന്നെ മലപ്പുറം കാണാം എന്നതാണ് ലീഗ് "സേവന"ത്തിന്‍റെ ബാക്കി പത്രം.

തെക്കന്‍ ജില്ലകളില്‍ ഉടനീളം പ്ലസ്‌ ടു സീറ്റ്‌ ഒഴിഞ്ഞു കിടക്കുമ്പോള്‍ പാരലല്‍ കോളേജില്‍ ഇല്ലാത്ത കാശ് ഉണ്ടാക്കി പഠിക്കുകയോ അല്ലെങ്കില്‍ റോഡിലിറങ്ങി തേരാ പാരാ നടക്കുകയോ ചെയ്യേണ്ട അവസ്ഥയിലേക്ക് തെക്കന്‍ കേരളത്തില്‍ എവിടെയും ഇല്ലാത്ത വിധം മലബാറിലെ കുട്ടികളെ തെണ്ടാന്‍ വിട്ടതാണ് ഇവരുടെ മികച്ച ഒരു നേട്ടം. വ്യവസായവും വിദ്യാഭ്യാസവും തങ്ങളുടെ മന്ത്രിമാര്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലും സമുദായത്തിനു സ്വാഹ.

സുല്ലമുസ്സലമും, നജത്തും അടക്കം രണ്ടു മൂന്നു അറബിക് കോളേജുകള്‍ ഐഡഡ ആക്കാന്‍ ഒരു സംസ്കൃത യൂണിവെഴ്സിറ്റി ഉണ്ടാക്കി ലോകത്ത്‌ എവിടെയും മനുഷ്യന്‍ ഇന്ന് സംസാരിക്കാത്ത ഒരു ഭാഷക്ക് വേണ്ടി സംഘ പരിവാരത്തിന്‍റെ ഗുഡ് സെര്ടിഫികാറ്റിന് വേണ്ടി തെണ്ടി നടന്നവര്‍ ആണ് ഇവര്‍. ബ്രിട്ടീഷകാര്‍ ഉണ്ടാക്കിയതിനു പുറമേ ഒരു മീറ്റര്‍ റെയില്‍ മലബാറില്‍ നേടിയെടുക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. അമ്പതു കോടിയില്‍ അധികം മുതല്‍ മുടക്ക് ഉള്ള ഒറ്റ വ്യവസായവും മലപ്പുറത്ത്‌ ഇല്ല. അലിഗഡ്‌ കാമ്പസ്‌ ഇവിടെ നടക്കാന്‍ പോലും സി.പി.എമ്മിനെ തല്ലി പഴുപ്പിക്കാന്‍ സമുദായം മുഴുവന്‍ മുന്നിട്ടു ഇറങ്ങേണ്ടി വന്നു.

അകെ കൂടി നേടിയതു സീറ്റ്‌ കച്ചവടത്തിനു വേണ്ടി ഐഡഡ മേഖലയില്‍ കുറച് സ്ക്കൂളുകള്‍. അതില്‍ സ്വന്തം വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മഹാന്‍റെ നിയന്ത്രത്തില്‍ ഉള്ളസ്കൂളില്‍ പോലും നിയമിച്ച തോണ്ണൂര്‍ ഓളം അധ്യാപകരില്‍ പതിനന്ചിനു താഴെ മുസ്ലിംകള്‍. കാശ് കൊടുത്താലും സമുദായക്കാരനെ വേണ്ട പോലും. കാരണം തെക്കന്‍ ജില്ലക്കാരെ കാശ് വാങ്ങി നിയമിച്ചാല്‍ രണ്ടു മൂന്നു വര്ഷം കൊണ്ട് അവന്‍ പി.എസ്.സി എഴുതിഎടുത്ത് പോയ്ക്കോളും. വീണ്ടും കച്ചവടം നടത്താം. സമുദായക്കാരന്‍ ആണെങ്കില്‍ കാശ് തന്നു കയറിയാല്‍ പിന്നെ പി.എസ്.സി ഒന്നും എഴുതാതെ ആ പോസ്റ്റില്‍ തന്നെ പെറ്റു കിടക്കും പോലും.

ഏറ്റവും അവസാനം ഉള്ള രാജ്യ സഭ സീറ്റ്‌ അടക്കം ഓരോന്നില്‍ നിന്ന് പിടിച്ചു ഏഴുനെല്‍പ്പിച്ചു കഴുത്തിനു പിടിച്ചു തള്ളി കോണ്‍ഗ്രസ്‌കാരന്‍ അവിടെ കേറി ഇരിക്കുന്നു. അവസാനം തങ്ങളെ കൊണ്ട് വരെ അഞ്ചാം മന്ത്രി സ്ഥാനം പ്രഖ്യാപിപ്പിച്ചു സമുദായത്തിന്‍റെ മൊത്തം ഇസ്സത്ത്‌ കളഞ്ഞു കുളിച്ചിരിക്കുന്നു. വാണിഭ കേസ് ഒതുക്കിയത്തിന്‍റെ നാറിയ കഥകളും സി.എച്ച് ന്‍റെ പേര് നാറ്റിച്ച മകന്‍റെ വണ്ടി ചെക്ക്/ അഴിമതി കേസുകളും, കൊള്ളാം, ഇനിയും നിങ്ങള്‍ നന്നവുന്നതും കോഴിക്ക്‌ മുലവരുന്നതും കാത്ത്‌ സമുദായം നില്‍ക്കണം എന്നോ? സമുദായം പുതിയ വഴിത്താരകള്‍ വെട്ടി തെളിച്ചു കൊണ്ടിരിക്കുന്നു.

സമുദായം ഒന്നടങ്കം ലീഗിനെ ആട്ടിയറ്റിയപ്പോഴും പോപ്പുലര്‍ ഫ്രണ്ട് സംഘടന പ്രവര്‍ത്തനത്തിനു പരമാവധി മാര്‍ഗ തടസ്സങ്ങള്‍ പല ലീഗ് കുബുദ്ധികലും ഉണ്ടാക്കിയിട്ടും അഴിമതിയുടെയും മൂല്യ ശോഷണത്തിന്റെയും ചിതല്‍ കയറിയ ആല്‍മരം ആണ് ലീഗ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അത് തകര്‍ന്നു വീണാല്‍ അവിടെ മുളപൊട്ടുന്ന മുസ്ലിം വിരുദ്ധ ഇടതു പക്ഷ വലതു പക്ഷ സവര്‍ണ രാഷ്ട്രീയത്തിന് ഇടം കൊടുക്കാതിരിക്കാന്‍ ലീഗിനെ തന്നെ താങ്ങി പിടിച്ചു കൊടുക്കാന്‍ വൈകാരികമായ വിക്ഷോഭങ്ങള്‍ മാറ്റി വെച്ച് ഓരോ ഫ്രണ്ട് പ്രവര്‍ത്തകനും മുമ്പ് മുന്നോട്ട് വന്നിട്ടുണ്ട്. ലീഗിന്‍റെ സ്വന്തം അണികള്‍ പോലും പിന്‍ വാങ്ങിയ മഞ്ചേരിയില്‍ കെ.പി.എ മജീദ്‌ നെ പോലെയുള്വര്‍ക്ക് വേണ്ടി കപ്പല്‍ മുങ്ങികൊണ്ടിരിക്കുന്നു എന്ന് മനസസ്സിലയിട്ടു പോലും അവസാനം വരെ കൂടെ നിന്നത് മുസ്ലിം രാഷ്ട്രീയത്തിലേക്ക്‌ ചെന്നായകള്‍ ആട്ടിന്‍ തോലിട്ടു കടന്നു കയറുന്നത് തടയാനായിരുന്നു.

എസ്.ഡി.പി.ഐ യുടെ രാഷ്ട്രീയം ഇന്ത്യയെ മൊത്തം മുന്നില്‍ കണ്ടു കൊണ്ടാണ്. കേരളത്തില്‍ ഒരു മൂല മലപ്പുറം ജില്ലയില്‍ ലീഗ് നില നില്‍ക്കുന്നത് കൊണ്ടോ മന്ത്രി സഭയില്‍ പ്രാതിനിധ്യം ഉള്ളത് കൊണ്ടോ എസ്.ഡി.പി.ഐ ക്ക് പ്രതേകിച്ചു അസ്വസ്ഥത ഒന്നും ഇല്ല. ഉള്ള സ്വാധീനം നേര്‍ വഴിക്ക്‌ ഉപയോഗിക്കാനുള്ള സാമൂഹിക സമ്മര്‍ദം ലീഗിന് മേല്‍ എസ്.ഡി.പി.ഐ ഉണ്ടാക്കി കൊണ്ടിരിക്കുക തന്നെ ചെയ്യും. അത് ഒട്ടും വിരോധം കൊണ്ടല്ല, പിന്നോക്ക സമുദായങ്ങലോടുള്ള ആത്മാര്‍ത്ഥതകൊണ്ടാണ് എന്ന് തിരിച്ചറിയാന്‍ ലീഗുകര്‍ക്ക് കഴിയണം. എന്തൊക്കെ പറഞ്ഞാലും സിപിഎമ്മിനോടും കോണ്‍ഗ്രസ്‌നോടും ഉള്ളതിനേക്കാള്‍ സൌഹൃദത്തിന്‍റെ പൂച്ചെണ്ടുകള്‍ ലീഗിന് നീട്ടാന്‍ ആണ് എസ്.ഡി.പി.ഐ കൊതിക്കുന്നത്.